Sunday, December 27, 2009

പ്രലപനങ്ങള്‍ - ഉപ്പും മുളകും വാളന്‍പുളിയുമിട്ട് വരട്ടിയത്

നിലനില്‍ക്കുന്ന അവസ്ഥയില്‍നിന്നുള്ള ഒരു തരിവ്യത്യാസം പോലും ലോകാവസാനമായി അനുഭവപ്പെടുക. സ്ഥലപരം: വസ്തുക്കളുടെ സ്ഥലത്തിലെ നിലവിലുള്ള വിന്യാസം സാധ്യമായ അവസ്ഥകളില്‍ അന്തിമമാവുക. മറ്റൊരു ക്രമീകരണമെന്നത് എത്ര യുക്തിഭദ്രമായാലും, അതിനെക്കുറിച്ച് വിചിന്തനം നടത്താന്‍ മനസ്സ് തയ്യാറല്ലാതാവുക. നീ എനിക്കപ്പുറം ഒരു സോഫയില്‍ ഇരിക്കുന്നുവെങ്കില്‍, ഞാന്‍ നിനക്കെതിരെ ഒരു കസേരയില്‍ ഇരിക്കുന്നുവെങ്കില്‍, അത് ലോകാവസാനം വരെ തുടരണം. കാലപരം: ഒരേസമയം ഈ നിമിഷം പ്രദാനം ചെയ്യുന്ന അനുഭവത്തില്‍ രതിമൂര്‍ച്ഛാസമാനമായ ആനന്ദം അനുഭവിക്കുകയും, അതേസമയം അതില്‍ പരിപൂര്‍ണ്ണസംതൃപ്തി ഇല്ലാതിരിക്കയും ചെയ്യുക. ഭാവി ഇതിലും വലുതെന്തോ പേറുന്നുണ്ടാവാം എന്ന നിരന്തരമായ മനസ്സിന്റെ ഛിന്നംവിളിയും, അതില്‍ അനുപേക്ഷണീയമായ ശങ്കയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വൈരുദ്ധ്യത്തിന്റെ കാരാഗൃഹവാസം. ഇപ്പോള്‍ അവളുടെ കണ്ണില്‍ മുന്‍പുണ്ടായിരുന്നത്ര തിളക്കമില്ലെന്ന് തോന്നുക. ആ തോന്നല്‍ അനന്തമായി തുടരുകയെന്നാല്‍, നാളെ ‘ഇന്നലെ ഇതില്‍ക്കൂടുതലായിരുന്നു‘ എന്ന്, അങ്ങനെയങ്ങനെ. സാമീപ്യത്തിന്റെ ഹര്‍ഷം ഇത്തരം പ്രേതകല്‍പ്പനകളില്‍പ്പെട്ട് നരകസമാനമാവുക. ഒരോ ഭാവപ്രകടനങ്ങളുടെയും - പരിപൂര്‍ണ്ണമായും അപ്രധാനമായ - ഘടനാപരമായ തന്തുക്കളെ പിന്നിയെടുത്ത്, കീറിമുറിച്ച് ചികഞ്ഞു നോക്കുക. കല്പനകളില്‍ സൃഷ്ടിക്കപ്പെട്ട ഏതൊക്കെയോ എല്ലാംതികഞ്ഞ മാതൃകകളുമായി താരതമ്യം ചെയ്യുക. ലോകത്തുള്ള സചേതനവും അല്ലാത്തതുമായ എല്ലാത്തിനോടും അതീവവാത്സല്യം തോന്നുക. വേറൊരു വിധത്തില്‍പ്പറഞ്ഞാല്‍, മുന്‍പ് സഹജമായി വെറുത്തിരുന്ന പലതും ഒരു കുന്നിന്‍ചെരിവുപോലെ ചാരുതയുള്ളതാവുക. സാമാനീകരണം: പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അതിന്റെ നൈസര്‍ഗിഗസ്വഭാവവൈശിഷ്ഠ്യങ്ങള്‍ കൈവെടിഞ്ഞ് ഒരു കാഴ്ചബങ്ക്ലാവിലെ പ്രദര്‍ശനവസ്തുക്കളായി അനുഭവപ്പെടുക. അതുമല്ലെങ്കില്‍, തൊട്ടടുത്താണെങ്കിലും എനിക്കും കാഴ്ചയ്ക്കുമിടയില്‍, ഒരു ഗ്ലാസ് പാളിയുണ്ടെന്ന് തോന്നുക. വികാരതീവ്രത അളക്കാന്‍ ഉപകരണം കണ്ടുപിടിച്ച ശാസ്ത്രകാരനാണ് താന്‍ എന്ന മട്ടില്‍, നീ എന്നെ - ഞാന്‍ നിന്നെ എത്ര - അത്രയില്ല, ഇതാ, ആയിരാമത് ദശാംശം വരെ അളന്ന് കണ്ടെത്തിയിരിക്കുന്നു എന്ന നിരന്തരമായ പുലമ്പല്‍. ആത്മാഹുതിയെന്ന സംജ്ഞയെ, കാലങ്ങളോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയെ ഒരമ്മ എങ്ങനെ താലോലിക്കുമോ അതു പോലെ, പൊട്ട് തൊട്ട്, കണ്ണെഴുതി, പുതിയ ഉടുപ്പിടീച്ച്. രാപ്പകലില്ലാതെ. എല്ലാം സംഗീതത്മകമാവണെമെന്നതിനാല്‍ സാധ്യതകള്‍ അധികമില്ലാതാവുന്നുവെങ്കിലും. ഒന്നെങ്കില്‍, ഒരു ധമനി മുറിച്ച്...രക്തം ചോര്‍ന്ന് ചോര്‍ന്ന്..അപ്പോള്‍ ഇല്ലാതാവലിലേക്ക് പതിയെപ്പതിയെ തുഴഞ്ഞ് പോവാന്‍ പറ്റും എന്ന തോന്നല്‍. അല്ലെങ്കില്‍ ഒരു നീല ജലാശയത്തില്‍. അപ്പോള്‍, എനിക്ക് ആര്‍ക്കിമിഡീസിനെ കൊഞ്ഞനം കുത്താം. ആഴ്ന്നാന്ന് പോകുന്നതിലെ കാവ്യാത്മകതയും. ഒന്നിനെ മറ്റൊന്നില്‍നിന്ന് വ്യതിരിക്തമാക്കുന്ന അതിര്‍രേഖകളുളവാക്കുന്ന അസ്വസ്ഥത ഇവിടെയും. ജീവിതത്തിനും മരണത്തിനുമിടയില്‍ വ്യക്തമായ വ്യത്യാസങ്ങള്‍ പാടില്ല. സമഗ്രതയോടുള്ള ആഭിമുഖ്യം. നട്ടാല്‍ കിളിക്കാത്തയിനം തത്വദര്‍ശനങ്ങളില്‍ അനഘസൌന്ദര്യം ദൃശ്യമാത്രമാവുക. വിശേഷിച്ചും സമഗ്രസ്വഭാവമുള്ള ചിന്താപദ്ധതികളോട് അടക്കാനാവാത്ത അഭിനിവേശം. ഇതായിരുന്നുവല്ലോ ഞാന്‍ മുമ്പ് ചിരിച്ചുതള്ളിയതെന്ന് അത്ഭുതത്തോടെ ചിന്തിക്കുക. പ്രണയം എന്ന വികാരം പ്രണയിനിക്കുമുകളില്‍ വളരുക. വികാരം ഉല്പാദിപ്പിക്കുന്ന, നിലനിര്‍ത്തുന്ന പ്രണയവസ്തു പിന്നിലേക്ക് തള്ളിമാറ്റപ്പെടുകയും, ഉല്പാദിപ്പിക്കപ്പെട്ട വികാരം മുന്ഗണന നേടുകയും ചെയ്യുക. തുടര്‍ന്ന് പ്രണയമെന്ന ഭാവത്തിന് കൈവരുന്ന ദൈവികത. അപ്രമാദിത്വം. പുണ്യത്വം. പവിത്രത. ഇതിലെല്ലാത്തിലും അന്തര്‍ലീനമായ കീഴടങ്ങല്‍, ചോദ്യങ്ങളുടെ അഭാവം. അനുപല്ലവി: ഇത് പ്രണയവസ്തുവില്‍ ജനിപ്പിക്കാവുന്ന വൈകാരികസംഘര്‍ഷങ്ങള്‍. പ്രതികരണങ്ങള്‍. കാര്യകാരണങ്ങളുടെ മറ്റൊരു ചാക്രികത. പ്രണയമെന്നത് 33.33 ശതമാനം അസംബന്ധവും, 33.33 ശതമാനം സാംസ്കാരികനിര്‍മ്മിതിയുമാണെന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ...പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എനിക്ക് നിന്റെ കണ്ണിലേക്ക് നോക്കിയിരിക്കാനുള്ള ഇടമായെന്ന്...

Thursday, November 12, 2009

സമയവധം (ഏറ്റവും ബുദ്ധിമുട്ടുള്ള രീതിയില്‍, ഒരു പക്ഷെ)

1 § 1829 ഫെബ്രുവരി പന്ത്രണ്ടിന് ഗെഥ പറഞ്ഞതായി എക്കര്‍മാന്‍ രേഖപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. “മൊസാര്‍ട്ട് സംഗീതത്തിലാക്കണമായിരുന്നു, ഫോസ്റ്റ്.“ പക്ഷെ അതു നടന്നില്ല. തനിക്ക് പതിനാല് വയസും, മൊസാര്‍ട്ടിന്ന് ഏഴ് വയസുമായിരുന്നപ്പോള്‍, താന്‍ അയാളെ കണ്ടിട്ടുണ്ടെന്നും, പിന്നീടൊരിക്കല്‍, ഗെഥ പറയുന്നുണ്ട്. ഷില്ലര്‍ക്കെഴുതിയ കത്തില്‍ മൊസാര്‍ട്ടിന്റെ അകാലനിര്യാണം, നഷ്ടപ്പെടുത്തിയ സാധ്യകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്, ദുഃഖത്തോടെ?




2 § ഡോണ്‍ ജിയോവാനി എന്നത് മനുഷ്യസൃഷ്ടികളുടെ വൈശിഷ്ഠ്യത്തിന്റെ പാരമ്യതയില്‍ നില്‍ക്കുന്ന ഒന്നാണ്, ഡോണ്‍ ജിയോവാനിയുടെ കഥയല്ല, മൊസാര്‍ട്ടിന്റെ ഓപ്പറ. രണ്ടംഗങ്ങളില്‍, ദ പോണ്ടെയുടെ വരികള്‍ക്ക്, മൊസാര്‍ട്ട് മ്യൂസിക്ക് പകര്‍ന്നുണ്ടായതാണ്, ഡോണ്‍ ജിയൊവാനി ഓപ്പറ. ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ഒരു പക്ഷെ, ഇതിന്റെ നില താരതമ്യങ്ങളില്ലാത്ത വിധം അത്യുന്നതങ്ങളിലാണ്, അതുകൊണ്ടാണ്, ഇതിനെക്കുറിച്ചെഴുതിന്നടത്ത് ഒരു ലേഖകന്‍, ഇതിനെ പാദരക്ഷ ഊരിവെച്ച് സമീപിക്കേണ്ടതാണ് എന്ന് പറയുന്നത്. അടിസ്ഥാന കഥ ഡോണ്‍ ജുആന്റെതാണെങ്കിലും, മൊസാര്‍ട്ടിന്റെ കൈതൊട്ട്, മറ്റെന്തോ ആയി രൂപമാറ്റം വന്ന ഒന്ന്. അടിസ്ഥാന കഥ തന്നെ മൊസാര്‍ട്ടിനാല്‍ രൂപഭേദത്തിന് പാത്രമായി എന്ന് ഒരു തരത്തില്‍ പറയാം. (ഒരോ എഴുത്തുകാരനും [കലാകാരനും?] അയാളുടെ തന്നെ മുന്‍ഗാമികളെ സൃഷ്ടിക്കുന്നു എന്ന് ബോര്‍ഹേസ്.) ഷായുടെ മാന്‍ ആന്റ് സൂപ്പര്‍മാനും ഇതിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം.


Szenes aus Goethes Faust - 01 Overture - Schumann


3 § കീര്‍ക്കഗാഡിന്റെ എഴുത്തുകളുടെ പല പ്രത്യേകതകളിലൊന്ന്, ഒരു ഞാണിന്മേല്‍ക്കളി പോലെയാണ് ആ എഴുത്തിലെ വാദം നീങ്ങുക എന്നതാണ്. ഒരുപാട് ക്ഷമയും, ശ്രദ്ധയും വായനക്കാരനില്‍നിന്ന് ആവശ്യപ്പെടുന്നവ എന്ന് അദ്ദേഹത്തിന്റെ എഴുത്തുകളെക്കുറിച്ച് പൊതുവെ പറയുവാന്‍ ഒരു കാരണം ഇതാവും. വഴുതിപ്പോയാല്‍, നിലയില്ലാതായേക്കാവുന്ന നേര്‍ത്തവരകളിലൂടെയുള്ള വാദഗതികള്‍. അത്തരത്തിലൊന്ന്, ഒന്നെങ്കില്‍-അല്ലെങ്കില്‍(Either-Or)1 എന്ന പുസ്തകത്തിന്റെ തുടക്കത്തിലുണ്ട് - ഡോണ്‍ ജിയോവാനിയുടെ അപദാനങ്ങള്‍ പാടുന്ന ഒരു നീണ്ട അദ്ധ്യായമാണത്. ഇവിടെ കീര്‍ക്കഗാഡിന് തെളിയിക്കേണ്ട അല്ലെങ്കില്‍ പറഞ്ഞുവെക്കുന്ന കാര്യങ്ങള്‍ ഒരുപാടാണ്. 1. പരിപൂര്‍ണ്ണമായും സാക്ഷാല്‍ക്കരിക്കപ്പെട്ട ക്ലാസിക്കല്‍ കലാസൃഷ്ടിയുടെ പ്രത്യേകതയെന്നത് അതിന്റെ ശില്പഭംഗിയും ഉള്ളടക്കവും എത്രത്തോളം പരസ്പരസംബന്ധിയായി നില്‍ക്കുന്നു എന്നതിലാണ് (ഇത് കാലഘട്ടത്തിന്റെ സൌന്ദര്യശാസ്ത്രവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ്.) 2.സംഗീതത്തിന്റെ സത്ത എന്നത് അതിന്റെ പ്രത്യക്ഷഭാവവും, അതുവഴി അത് വിഷയബന്ധിതമായ ആനന്ദം പ്രദാനം ചെയ്യുന്നു എന്നതുമാണ്. 3. ഡോണ്‍ ജിയോവാനി അതുകൊണ്ട് ഒരു കലാസൃഷ്ടി എന്ന നിലയില്‍ താരതമ്യമില്ലാത്ത ഒന്നാണ്. അല്‍പ്പം വിശദീകരിച്ചു പറഞ്ഞാല്‍...
വിഷയാനുരാഗമെന്ന ആദിരൂപം മനുഷ്യരൂപമെടുത്തുണ്ടായതാണ്, ജിയൊവാനി. അവിടെ ചിന്തയില്ല. തീരുമാനിച്ചുറപ്പിക്കലുകളില്ല. കുറ്റബോധമെന്നതില്ല. ഒരു ഭാവം, ഒരേയൊരു ഭാവം, അതിന്റെ ആദിമനൈര്‍മ്മല്യമാര്‍ന്ന്, ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് - വിഷയത്തിന്റെ നീണ്ട ചരടുകളിലൂടെ. വേറൊരു വിധത്തില്‍പ്പറഞ്ഞാല്‍, പത്യക്ഷതയെന്നത്, പരകോടിയില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്ന അവസ്ഥ. ഇത്തരത്തില്‍ വിചിന്തനത്തിന്റെ പരിപൂര്‍ണ്ണമായ അഭാവമാണ്, ഡോണ്‍ ജിയോവാനിയെന്ന കഥാപാത്രത്തെ സംഗീതത്തിന്റെ സത്തയുമായി ബന്ധിപ്പിക്കുന്നത്. ഒരോ പ്രവൃത്തിക്കുമുമ്പുണ്ടാകാവുന്ന മനനവും, അതുനടപ്പിലാക്കുന്നതിനുള്ള പദ്ധതികളും ഉണര്‍ത്തുന്നതരത്തിലുള്ള ഒന്നല്ല, ജിയോവാനിയുടെ സത്തയുടെ ഘടന. കൃത്യത്തിന്റെ സാക്ഷാല്‍ക്കാരമോ, പരാജയമോ, അയാളുടെ ആന്തരലോകത്തിന് വിഷയീഭവിക്കുന്നില്ല തന്നെ. സാമാന്യകല്പനകളായ നിരാശ, പിന്‍ തിരിഞ്ഞുനോക്കല്‍, നഷ്ടബോധം, കുറ്റബോധം തുടങ്ങിയവ ഈ അവസ്ഥയില്‍ നിലനില്‍ക്കില്ല; അന്തഃകരണമെന്നത് ഇല്ലാതിരിക്കുന്നു എന്നതിലൂടെ.

ഈപ്പറഞ്ഞതിന്റെ മറുപുറമെന്ന നിലയില്‍ കീര്‍ക്കഗാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്ന അവസ്ഥയാണ്, ഫോസ്റ്റ് എന്ന സങ്കല്‍പ്പം. ജിയോവാനിയുമായി ധ്രുവവ്യത്യാസം പേറുന്നതാണ്, ഒരു പക്ഷെ ജിയോവാനിയുടെ ഒപ്പം തന്നെ പാശ്ചാത്യസാംസ്കാരികപരിസരത്തില്‍ വേരോടിയിട്ടുള്ള ഫോസ്റ്റിന്റെ ആദിരൂപം. ആദ്യത്തേതില്‍ പ്രത്യക്ഷത സത്താഗുണമെങ്കില്‍‍, ഇവിടെ അത് വിചിന്തനമാണ്. മുകളില്‍ പറയുന്ന വാദഗതികള്‍ വെച്ച് ഫോസ്റ്റിന്റെ സംഗീതരൂപമെന്താവും? വീണ്ടും ഗെഥയിലേക്ക് വന്നാല്‍, ഇതിനുള്ള മറുപടി എങ്ങനെയാവുമായിരുന്നു? ആവോ...

---

കുറിപ്പ്.

1. ഇംഗ്ലീഷ് തലക്കെട്ടിലെ Either/Or എന്നത് തെറ്റാണ്, ഡാനിഷ് തലക്കെട്ട് Enten ‒ Eller എന്നാണ്. വ്യത്യാസം വളരെ വലുതാണ്.

2.പദാവലി.
1. Sensuousness = ഇന്ദ്രിയപരത.
2. Immediacy = പ്രത്യക്ഷഭാവം.
3. Form = ശില്പഭംഗി.
4. Content = ഉള്ളടക്കം.
5. Reflection = വിചിന്തനം

Wednesday, November 4, 2009

ആനന്ദവര്‍ധനന്‍ മലയാളം ബ്ലോഗ് വായിക്കുന്നു, അഭിനവഗുപ്തനും

§ 1 ഇവര്‍ക്കുരണ്ടുപേര്‍ക്കും മോക്ഷം കിട്ടിയിട്ടുണ്ടാവില്ലെന്നും, പുനര്‍ജന്മമെടുത്ത് നമുക്കിടയില്‍ എവിടെയോ ഉണ്ടെന്നും വിചാരിക്കുക. [നിങ്ങള്‍ എന്നെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതനുസരിച്ചിരിക്കും പുനര്‍ജന്മസാധ്യതയൊക്കെ. സംശയങ്ങളുടെയും, സാദ്ധ്യതകളുടെയും വന്യത പോലും കണക്കിലെടുത്തു രൂപപ്പട്ടവയാണ്, നമ്മുടെ ദര്‍ശനങ്ങള്‍] സ്വാഭാവികമായും, ഖസാക്ക് എഴുതപ്പെട്ട ഭാഷ എന്ന നിലയിലെങ്കിലും അവര്‍ മലയാളം പഠിക്കാതിരിക്കില്ല.

§ 2 എലിയറ്റ്, ഫോര്‍ ക്വാര്‍ട്ടറ്റ്സ്, ചൂണ്ടുപലകകള്‍

'ഫോര്‍ ക്വാര്‍ട്ടറ്റ്സ്' എന്നത് പലപ്പോഴായി എഴുതിയ നാലു കവിതകള്‍ ഒന്നു ചേര്‍ന്നതാണ്, ചിലരെങ്കിലും അദ്ദേഹത്തിന്റെ മഹത്കൃതി എന്ന് വിശ്വസിക്കുന്നത്. എലിയറ്റിന്റെ സ്വയംക്രൈസ്തവവല്‍ക്കരണവും, മതപരതയും ആത്യന്തികസത്യവിചാരവുമൊക്കെ ചേര്‍ന്ന് 'പ്രില്യൂഡ്സ്' ഒക്കെ എഴുതിയ ആളേ അല്ല ഈ കവിതയെഴുതിയതെന്ന് തോന്നിക്കുന്നതരം വ്യത്യസ്തമാണ് ഈ കവിത. ഈ കവിതയെക്കുറിച്ച് ഒരു വിശദീകരണം എന്നത് ഈ കുറിപ്പിന്റെയും എന്റെയും പരിധിക്കുപുറത്താണ്.

നാല് കവിതകളിലൊന്നായ, 'ഈസ്റ്റ് കോക്കറിന്റെ രണ്ടാം പാദത്തില്‍ താഴെ എടുത്തെഴുതിയ വരികളുണ്ട്:

In that open field
If you do not come too close, if you do not come too close,
On a summer midnight, you can hear the music
Of the weak pipe and the little drum
And see them dancing around the bonfire
The association of man and woman
In daunsinge, signifying matrimonie-
A dignified and commodiois sacrament.
Two and two, necessarye coniunction,
Holding eche other by the hand or the arm
Whiche betokeneth concorde

1940-ല്‍ സ്റ്റോണിയര്‍ 'മി.എലിയറ്റ്'സ് ന്യൂ പോയെം' എന്ന പേരില്‍ 'ന്യൂ സ്റ്റേറ്റ്സ്മാനില്‍' ഒരു ആസ്വാദനക്കുറിപ്പെഴുതുന്നു, ഈസ്റ്റ് കോക്കറിനെപ്പറ്റി. പൊതുവെ വളരെയധികം പ്രകീര്‍ത്തിച്ചുകൊണ്ട് എഴുതപ്പെട്ട ഈ ലേഖനത്തില്‍, മുകളില്‍ കൊടുത്ത വരികളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് -

There the Elizabethan spelling imparts no flavour save perhaps one of pedantry; its only effect is to make us think, 'Well, I suppose Eliot, when he wrote that, was thinking of passages in Spenser's "Epithalamion".' Yet obviously to Eliot the whiff of the antique has an immediate, an emotional effect, like the reminiscences of Haydn in Profokiev's Classical Symphony. This is a purely literary failure and the more odd because of all poets Eliot is in certain directions the most precise in his effects. The drawbacks I have mentioned will not come as any surprise to Mr. Eliot's admirers.

(Emphasis added.)

അതായത് കവിതയില്‍നിന്ന് മുകളില്‍ എടുത്തെഴുതിയ വരികളിലെ സാഹിത്യപരമായ പരാജയത്തെക്കുറിച്ച് സംശയമേ ഇല്ല.

1941-ല്‍ 'സതേണ്‍ റിവ്യൂ'വില്‍ ജോണ്‍സണ്‍ സ്വീനി ഒരു ലേഖനം എഴുതുന്നു, 'ഈസ്റ്റ് കോക്കര്‍:എ റീഡിങ്ങ്' എന്ന പേരില്‍. സ്റ്റോണിയറുടെ കണ്ടെത്തലിനെയും, വിധിനിര്‍ണ്ണയത്തെയും പരാമര്‍ശിച്ചുകൊണ്ട്, സ്വീനി എന്തെഴുതുന്നു എന്നു നോക്കൂ...

[...]In Eliot's manner of doing it there is certainly no attempt at disguise or mystification. We are clearly invited to associate the lines with some specific feature of the literary past. And had Stonier seriously considered this point he would have had to look no further for a cue than the poem's title and the author's name. Coker is a small village near Yeovil on the borders of Dorsetshire and Somersetshire in England, reputedly the birthplace of Sir Thomas Elyot (?-1546), the author of 'The Boke named The Gouvernour' (1531). Chapter XXI of The Firste Boke is entitled 'Wherefore in the good ordre of daunsinge a man and a woman daunseth to gether.' And the opening paragraph of this chapter reads:

It is diligently to be noted that the associatinge of man and woman in daunsing, they bothe obseruinge one nombre and tyme in their meuynges, was not begonne without a speciall consideration, as well for the necessarye coniunction of those two persones, as for the intimation of sondry vertues, whiche be by them represented. And for as moche as by the association of a man and a woman in daunsinge may be signified matrimonie, I coulde in declarynge the dignitie and commoditie of that sacrament make intiere volumes…

തുടര്‍ന്നെഴുതുന്നത് ഇങ്ങനെ. "ദി ബുക്ക് നെയിംഡ് ദി ഗവേര്‍ണര്‍" എന്നത് ഇംഗ്ലീഷ് ഭാഷയിലെ ധാര്‍മികതയെ പ്രധാനവിഷയമാക്കുന്ന ആദ്യത്തെ പുസ്തകമാണ്. രണ്ടുപേരുടെയും - സര്‍ തോമസ് എലിയറ്റിന്റെയും, റ്റി.എസ്.എലിയറ്റിന്റെയും - ധാരണകളില്‍ വെറും സാമ്യമെന്നതിന്നപ്പുറത്ത് ദീപ്തമായ അന്തര്‍ദ്ധാരകളുണ്ടായിരുന്നു. വിശ്വാസമെന്നത് 'സാഹിത്യത്തില്‍ ക്ലാസിസിസം, രാഷ്ടീയത്തില്‍ രാജകീയത, മതത്തില്‍ ആംഗലക്രൈസ്തവത' എന്നു പറഞ്ഞ എലിയറ്റിന്റെ. ഫോര്‍ ക്വാര്‍ട്ടറ്റ്സിനെ ആപാദചൂഡം ചൂഴുന്ന ക്രൈസ്തവതയിലേക്ക്, നടന്നു കയറാന്‍ ഇതിലുമപ്പുറം ചുവപ്പുപരവതാനി വേണോ?

അല്ലെങ്കിലും, സ്റ്റോണിയര്‍ ഇതു വായിച്ചിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നേ ഇല്ല.

ആലോകാര്‍ത്ഥീ യഥാ ദീപശിഖായാം യത്നവാന്‍ ജന:
തതുപായതയാ തദ്വദര്‍ത്ഥെ വാക്യേ തദാദ്രിത:
അതായത് വാക്കുകളും, വാച്യാര്‍ത്ഥങ്ങളും മറ്റും സഹൃദയന്റെ കയ്യില്‍ നല്ല മാഗ് ലൈറ്റ് (ഗള്‍ഫ് രാജ്യങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക്, അല്ലേല്‍ വേണമെങ്കില്‍, ഫെനിക്സ് ടി.കെ 40-ഓ മറ്റോ) ഞെക്കുവിളക്കുപോലെയാണെന്ന്. ഞെക്കണം. അതാണ് പ്രശ്നം.

§ 3 ആനന്ദവര്‍ദ്ധനന് നിയന്ത്രണം നഷ്ടപ്പെടുന്നു?

ശബ്ദാര്‍ത്ഥശാസനജ്ഞാനമാത്രേണൈവ ന വിദേയതേ
വിദേയതേ സാ ഹി കാവ്യാര്‍ത്ഥതത്വജ്ഞാനൈരേവ കേവലം.

വ്യാകരണത്തിന്റെയും, അക്ഷരസമ്പത്തിന്റെയും ഭാണ്ഡം തോളില്‍ തൂക്കി നടന്നാല്‍ കൂടിവന്നാല്‍ തോളുളുക്കും, സാഹിത്യത്തിന്റെ ഉള്ളകം തൊടണമെങ്കില്‍, വേറെ എന്തോ ഒന്ന് വേണം - കവ്യാര്‍ത്ഥത്തിന്റെ സത്തയെന്തെന്ന അറിവ്.
ചുരുക്കിപ്പറഞ്ഞാല്‍, നേരെചൊവ്വേ പ്രസ്താവിച്ചാല്‍, കൂടി വന്നാല്‍ മനസിലെത്തും, ധിഷണവ്യായാമം നടക്കും.

§ 4 പരാവര്‍ത്തനം, മറിച്ചുചൊല്ല്, സത്യമൂല്യം.

ഏതെങ്കിലും ഒരു കാവ്യപ്രസ്താവനയെ പരാവര്‍ത്തനം ചെയ്ത് സാധാരണവാക്യരീതിയിലേക്ക് കൊണ്ടുവരാനാവില്ലെന്നതിന്, പല കാരണങ്ങളുണ്ട്. ധ്വനി പരാവത്തനം ചെയ്ത്, സാമാന്യഭാഷാരൂപമായ പ്രസ്താവനയിലേക്ക്(Proposition) കൊണ്ടുവരുമ്പോള്‍, അതിന്റെ സത്യമൂല്യം(Truth Value), നിലനില്‍ക്കാതാവും. 'ഗംഗാതീരത്തെ ഗ്രാമം' എന്നതില്‍നിന്ന് ആ ഗ്രാമത്തിന് കൈവരുന്ന 'ദൈവികത' അത്തരം അര്‍ത്ഥം ആരോപിക്കുന്ന പ്രസ്താവനയില്‍ നിലനില്‍ക്കില്ല. വീണ്ടും - എലിയറ്റിന്റെ 'ബേണ്‍ട്ട് നോര്‍ട്ടണ്‍' എന്നതിനെ പരാവര്‍ത്തനം നടത്താനാവില്ലെന്ന്, പീറ്റര്‍ അക്ക്രോയിഡ് പറയുന്നത് ഈ അര്‍ത്ഥത്തിലാവണമെന്നില്ല.

പ്രതീയമാനം പുനരന്യദേവ
വാസ്തവസ്തി വാണീഷു മഹാകവീണം
യത് തത് പ്രസിധാവയവാതിരിക്തം
വിഭാതി ലാവണ്യാമിവാംഗനാസുഃ
(മഹത്തുക്കളായ കവികളുടെ വാക്കുകളില്‍ അക്ഷരാര്‍ത്ഥത്തിനുമപ്പുറം ഒരര്‍ത്ഥമുണ്ട്. സുന്ദരികളായ സ്ത്രീകളുടെ സ്വന്ദര്യം ഏതുവിധം അവരുടെ ശരീരാംഗങ്ങളില്‍നിന്ന് വ്യതിരിക്തമായി തിളങ്ങുന്നുവോ അതുപോലെ.)

§ 5 ഇബിനു ഖാല്‍ദൂം, ഓസ് വാള്‍ഡ് സ്പെഗ്ലര്‍, ഒലക്കേടെ മൂഡ്.

മനുഷ്യന്റെ ചരിത്രം, - അതായത് മാനസികപുരോഗതിയുടെ, മനുഷ്യസമൂഹത്തിന്റെ ചരിത്രം, അല്ലാതെ ആടിന്റെയും പട്ടിയുടെയുമല്ല - ഒരു അവസാനിക്കാത്ത കോണിപ്പടികള്‍ കയറിക്കൊണ്ടിരിക്കയല്ല എന്ന് ഞാനെന്നോട് തന്നെയാണ് പറയുന്നത്. അല്ലെങ്കില്‍ ആയിരം വര്‍ഷം മുമ്പെഴുതിയ വാക്കുകള്‍ തപ്പിയെടുത്ത് ഉറക്കമില്ലാത്ത മണിക്കൂറുകളില്‍ കട്ടന്‍ കാപ്പിയാക്കേണ്ടി വരില്ല, എനിക്ക്.

§ 6 ഹിപ്പോക്രൈറ്റ് ലെക്റ്റ്യുര്‍, മോ ഫ്രെറെ...

നിനക്കുമുണ്ട് പങ്ക്, പ്രിയപ്പെട്ട വായനക്കാരാ... ബൌദ്ധികമണ്ഡലം മുഴുവന്‍ നിറം വറ്റിയ വാക്കുകളുടെ ശവപ്പറമ്പുകളായതില്‍. ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കാന്‍ നിനക്ക് അവകാശമില്ല തന്നെ. വാക്കുകള്‍ നിങ്ങളില്‍, ചേമ്പിലയില്‍ മഴത്തുള്ളി വീണതുപോലെ, നനവിന്റെ ഒരംശം പോലും അവശേഷിപ്പിക്കാതെ നഷ്ടപ്പെട്ടുപോകുന്നുവെങ്കില്‍, മൌനത്തിന്റെ സാന്ദ്രതയിലേക്ക് കുടിയേറുക, വാക്കുകളും അതുചേര്‍ന്നുണ്ടാകാവുന്ന അര്‍ത്ഥങ്ങളും പരിമിതമാണോ? ദ്യോതിപ്പിക്കാവുന്നവ അനന്തമാണോ?

Friday, October 23, 2009

Sunday, October 18, 2009

ഹനേകെ, വിന്റര്‍റൈസെ, ദുഃഖം.

ശൂന്യത ദുഖമായി രുപമെടുത്ത്, കണ്ണിലേക്ക്‌ തുറിച്ചു നോക്കുന്ന വൈകുന്നേരപ്പുഴ കടക്കാനുള്ള ഉപാധികളില്‍ പ്രധാനമായിരുന്നു, എനിക്ക് ഷൂബേര്ട്ടിന്റെ ആ ശോക ഗാനം. ഇനിയില്ല. ഇനിയില്ലേയില്ല. ഇനി ആ ഗാനങ്ങള്‍ക്കൊപ്പം, അവയിലോരോന്നിനുമൊപ്പം, മറ്റുപലതുമാണ്. അതിലൊന്ന്‍ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുന്ന ഹപ്പേര്ട്ട്. ഹനേകെ, താങ്കള്‍ പരിപൂര്ണ്ണമായും വിജയിച്ചു. സന്തോഷിച്ചോളൂ. പിന്നെ പിന്നെ, കാണികളെല്ലാം സിനിമ കണ്ട് മുങ്ങിമുങ്ങി താഴുന്നത് തിരിച്ചറിഞ്ഞ്, മാറി മറിയും. എല്ലാം പഴയതുപോലെ തന്നെ. നിന്തുന്ന മീനുകള്‍ നീന്തിത്തിമിര്‍ക്കും, കരയ്ക്ക്‌ ചാടിയവ കരയില്‍ കിടന്ന് പെടച്ചു പെടച്ചു ചാവും. അത്ര തന്നെ...

Monday, September 21, 2009

അലമുറ

എന്നുമുതലാണ് ഞാന്‍ വാക്കുകളില്‍, വാക്കുകള്‍ ചേര്‍ന്ന് ഉണ്ടാക്കിയെടുക്കുന്ന ചങ്ങലയില്‍, പരിപൂര്‍ണ്ണമായും ബന്ധിതനായത്? ഏതെങ്കിലും ഒരു പ്രത്യേകനിമിഷത്തിലാണോ കാന്‍സറുണ്ടാവുന്നത്? പതിയെപ്പതിയെ, അരിച്ചരിച്ച്, പടര്‍ന്ന്, പടര്‍ന്ന്.

***

ഞാനിപ്പോള്‍ എന്റെ ജാലകത്തിനടുത്താണ്. വഴിയിലൂടെ കുഞ്ഞിനെ തോളത്തെടുത്ത് ഒരമ്മ നടന്ന് പോകുന്നു. ആ ചിത്രം എന്റെ മന്‍സ്സില്‍ പതിയുകയാണ്. ഇപ്പോഴെന്റെ ഉള്ളമൊരു ഒപ്പുകടലാസുപോലെയാണ്. ഈ നിമിഷം. അതിന്റെ നിര്‍വൃതി എനിക്കറിയാനാവുന്നുണ്ട്. ഒരു ബിംബം കണ്ണില്‍ പതിക്കുന്നതിനും, അത് ഉള്ളില്‍ പകര്‍ത്തപ്പെടുന്നതിനുമിടയിലെ നൊടിനേരം. അതൊരു നാല്‍ക്കവലയല്ല, അപ്പോള്‍. അവിടെ തുടങ്ങി അവിടെ അവസാനിക്കുന്ന, ഒരു ബിന്ദു. തുടര്‍ന്നൊരു മിന്നലാക്രമണാണ് നടക്കുന്നത്. തക്കം പാര്‍ത്ത്, സുസജ്ജരായ വാക്കുകള്‍ എല്ലാവിധ ആധുനികയുദ്ധോപകരണങ്ങളുമായി കടന്ന് കയറ്റം തുടങ്ങുകയായി. കണ്ടതിനെ മുറിച്ച് മുറിച്ച്, പകുത്ത്, മറ്റുപലതുമായും തുന്നിക്കെട്ടി... അക്കങ്ങളിട്ട് കള്ളികളായിതിരിച്ച, നീണ്ട അലമാരകളാണ്, പലമുറികളില്‍. അവസാനം - വീണ്ടും അവശേഷിക്കുന്നത് ഒരു പിടി വളിച്ചുപുളിച്ച വാക്കുകള്‍. എവിടെയോ അടുക്കിവെച്ച്. അമ്മയെവിടെ? കുട്ടിയെവിടെ? നടന്ന് പോയ വഴിയെവിടെ? എനിക്ക് കാഴ്ചതന്ന ജനാലയെവിടെ? (കണ്ടില്ലേ ഞാനറിയാതെ ആക്രമണം നടക്കുന്നത്? അമ്മ, കുട്ടി, വഴി, ജനാല, നോക്കിനില്‍ക്കുന്ന ഞാന്‍ - ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ആ കോമയും, വേര്‍പെടുത്തലുമൊന്നും ഉണ്ടായിരുന്നില്ല. ഇല്ല. പഴുതുകളില്ല.)

***

ചിലതുണ്ട് - ഒരിക്കലും വാക്കിന്റെ, ചിന്തകളുടെ വാക്കത്തിയെ വകവെയ്ക്കാന്‍ കൂട്ടാക്കാത്തത്ര സാന്ദ്രമായവ. അത്തരം ദൃശ്യവിസ്മയം കണ്മുന്നില്‍ വന്നാല്‍ എന്റെയുള്ളിലെ വാക്കുകളെന്ന പേപ്പട്ടി നിര്‍ത്താതെ കുരച്ച് ഉള്ളിലൂടെ നെട്ടോട്ടമോടും. രാപ്പകലില്ലാതെ. തന്റെ ആര്‍ത്തിക്ക് വഴങ്ങാത്തതൊന്നും നിലനില്‍ക്കരുതെന്ന മുരടന്‍ വാശിയുമായി. ഇല്ല. ഈ കാന്‍സറിന് പരിഹാരമില്ല. ഇരുന്നുകൊടുക്കുകതന്നെ.

***

ഞാനൊരുപാട് എഴുതാത്തതെന്തെന്ന് അവളെന്നോട് ചോദിച്ചിട്ടുണ്ട്. നീ പോലും അകന്നത് ഇതേ വാക്കുകളെന്ന കാന്‍സറ് കൊണ്ടാവും, ഒരു പക്ഷെ.

***

എല്ലാ ഭാഷകളും തേച്ചുമാച്ചുകളയണം, എല്ലാ എഴുത്തുകളും കത്തിച്ചുകളയണം. എന്നിട്ട് മറ്റൊരു ജീവിതം തുടങ്ങണം.

Wednesday, September 9, 2009

സാമ്പാറിന്റെ സാംസ്കാരിക പിന്നാമ്പുറങ്ങള്‍‍, അതിലധിവസിക്കുന്നവരുടെ മനഃശ്ശാസ്ത്രവും

പരിപ്പുവറുത്തകറിയുടെ നിറവാര്‍ന്ന രുചിയെക്കുറിച്ച് ഒരു പാക്കിസ്ഥാനിയെന്നോട്
ഘോരഘോരം സംസാരിച്ചപ്പോഴാണ്
സാമ്പാറിന്റെ അടിത്തട്ടില്‍ അവശേഷിക്കപ്പെടുന്ന എന്റെ നാട്ടിലെ പരിപ്പിനെക്കുറിച്ച്,
അതിന്റെ അലിഞ്ഞില്ലാതാവുന്ന രുചിയെക്കുറിച്ച്,
ഞാന്‍ ആലോചിക്കാനിടയായത്.
ആ ചിന്തയുടെ ചരടില്‍ പിടിച്ചു നടന്ന ഞാന്‍ പ്രതീക്ഷിക്കാത്ത പല ഭക്ഷണശാലകളിലും
ചെന്നെത്തുന്നു.
ദോശക്കല്ലില്‍ വെച്ച് പുറം പൊള്ളിച്ചെടുത്ത തക്കാളിയുടെ,
നീളത്തിലരിഞ്ഞ്, നനവുമാറാതെ പാകം ചെയ്ത പയറ്, ബീന്‍സ്,
എവിടെയോ കഴിച്ചിട്ടുള്ള വെറും വെള്ളത്തില്‍ പുഴുങ്ങിയ ക്യാരറ്റിന്റെ തിളക്കം,
അങ്ങനയങ്ങനെ...

കുഴഞ്ഞുവെന്ത പാലക്കാടന്‍ മട്ടയുടെ ചോറില്‍,
സാമ്പാറൊഴിച്ച്,
അഞ്ചുവിരലും ചേര്‍ത്ത് ഞെരിച്ചുകുഴച്ചു വാരിവിഴുങ്ങി ഭ്രമംവന്ന എന്റെ ഇന്ദ്രിയങ്ങളില്‍‍,
പരിപ്പിന്റെ രോദനം കണ്ണീരുപൊടിയിക്കുമോ?

Wednesday, August 19, 2009

മനുഷ്യനായത് കൊണ്ട്

പിടികിട്ടുമെന്ന് നേര്‍ത്ത തോന്നല്‍ പോലുമില്ലാതെ, എന്നെ എക്കാലത്തും പിന്തുടരുന്ന പ്രശ്നങ്ങളിലൊന്നാണ് ജൂതവിദ്വേഷമെന്നത്. മനുഷ്യനേക്കാള്‍ ആഴത്തില്‍ അവന്റെ ചിന്തകളെ നിയന്ത്രിക്കുന്ന കാര്യകാരണബോധത്തിന്റെ അടിമയായത് മാത്രമല്ല, ഈ പ്രശ്നത്തെ അഴിച്ചഴിച്ചെടുക്കാന്‍ പ്രേരണായുവുന്നതെന്ന് ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കുന്നു. പുസ്തകങ്ങളില്‍നിന്ന് പുസ്തകങ്ങളിലേക്ക്, പുസ്തകശാലകള്‍ വഴിഞ്ഞൊഴുകുന്നു, ഈ വിഷയത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍. സിദ്ധാന്തങ്ങളും ഇനിയും സിദ്ധാന്തങ്ങളും. ഇതില്‍ ചിലവ രണ്ട് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ചില തത്വചിന്തകന്മാരുടെ ചിന്താപദ്ധതികളെ ഓര്‍മിപ്പിക്കും. അല്ലെങ്കില്‍ ജപ്പാനിലെ പഗോഡകളെ - ഉള്ളില്‍ കയറിനിന്ന് പുറത്തേക്ക് നോക്കുക എന്നതില്‍നിന്ന് മാറി പുറത്തുനിന്ന് വെറുതെ പഗോഡയെ നോക്കുക എന്ന മാറ്റം. ജൂതവിദ്വേഷത്തെക്കുറിച്ച് പുലമ്പുകയല്ല എന്റെ ലക്ഷ്യം ഇവിടെ.
ഈയിടെ ഫിങ്കെത്സ്റ്റെയിന്റെ “ഹോളോഹോസ്റ്റ് ഇന്‍ഡസ്ട്രി - റിഫ്ലക്ഷന്‍സ് ഓണ്‍ ദി എക്സ്പ്ലോയിറ്റേഷന്‍ ഓഫ് ജ്യൂയിഷ് സഫറിങ്ങ്” വായിക്കാനിടയായി. പുസ്തകത്തിന്റെ സൈദ്ധാന്തികനിലവാരം (Scholarly Value) എത്രത്തോളമുണ്ടെന്നത് ചര്‍ച്ചചെയ്യപ്പെടാവുന്നതാണ്. ചില പ്രത്യേകവസ്തുതകള്‍ പുസ്തകത്തിന്റെ കര്‍ത്താവിനെ ഒരു പ്രത്യേകതരം ഭാഷയിലേക്ക് നയിക്കാവുന്നതാണ്. എഴുതിയ ആളുടെ വ്യക്തിജീവിതം വിഷയവുമായി വേദനയുളവാക്കും വിധം കെട്ടുപിണഞ്ഞതാവുകയും‍, ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിന്റെ രാഷ്ട്രീയം ഇതുമായി ചേരുകയും ചെയ്യുമ്പോള്‍ അത് പ്രതിരോധിക്കാനാവാത്ത വിധം ചിന്തയിലും അതു വഴി ഭാഷയിലും വ്യക്തമായ നിഴലുകള്‍ വീഴ്ത്താതിരിക്കില്ല. ഫിങ്കിള്‍സ്റ്റെയിന്റെ ജീവിതവഴികള്‍ ഈ പുസ്തകത്തിന്ന് ഒരു നീണ്ട അടിക്കിറിപ്പായി വായിക്കാനാവും. പ്രൊ.ചോംസ്കി ഒരു ഓര്‍മ്മക്കുറിപ്പ് ഇവിടെ എഴുതിയത് നോക്കുക,
പക്ഷെ പുസ്തകം വായനക്കാരനില്‍ അവശേഷിപ്പിക്കുന്ന ഒരു വല്ലായ്മയുണ്ട്. ഉടനീളമുള്ള വ്യക്തിവേധമായ (ad hominem) പരാമര്‍ശങ്ങള്‍ക്കപ്പുറം, ഹോളോകോസ്റ്റ് ഇന്‍ഡസ്ട്രി ഉണ്ടാവുകയും, നിലനില്‍ക്കുകയും ചെയ്യുന്ന ഒരു ഭൂമികയെ ദൃശ്യമാത്രമാക്കുവാന്‍ ഈ എഴുത്ത് ഉപകരിക്കുന്നുവെങ്കില്‍. “ഹോളോകോസ്റ്റ് ഇന്‍ഡസ്ട്രി“ എന്ന സംജ്ഞ മനുഷ്യചരിത്രത്തിലെ കറുത്ത സംഭവമായ “നാസി ഹോളോകോസ്റ്റ്” എന്നതില്‍ നിന്ന് വ്യതിരിക്തമായി ആ സംഭവത്തെ ഒരു ഐഡിയോളജിയായി വളര്‍ത്തുകയും, അതു വഴി അതിനെ ധാര്‍മ്മികധാരണകളെ മറികടക്കുന്നതിനുള്ള ഉപാധിയായി മാറ്റുകയും ചെയ്യുന്നത് വിശദീകരിക്കുവാനായി എഴുത്തുകാരന്‍ ഉപയോഗിക്കുന്നതാണ്. ഹോളോകോസ്റ്റ് എന്നത് ഇത്രയ്ക്ക് പ്രാധാന്യമുള്ള ഒന്നായി ദൈനംദിനജീവിതത്തില്‍ വ്യാപിക്കുന്നത് 67-ലെ യുദ്ധത്തിന്ന് ശേഷമാണെന്ന് ലേഖകന്‍ വാദിക്കുന്നു.
പിന്നിട് അതിന്റെ മറപറ്റി വന്ന ചില പെരുംകള്ളന്മാരെക്കുറിച്ചെഴുതുന്നു. കോസിന്‍സ്കിയുടെ “ദി പെയിന്റഡ് ബേര്‍ഡ്”, വില്‍കോമിര്‍സ്കിയുടെ “ഫ്രാഗ്മെന്റ്സ്” എന്നിവ. അതിനെച്ചുറ്റിപ്പറ്റി പിന്നീട് വന്ന കോലാഹലങ്ങള്‍. വെള്ളപൂശലുകള്‍.
സ്വിറ്റ്സര്‍ലണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂതമതസ്ഥരുടെ യുദ്ധകാലത്ത് നഷ്ടമായതെന്ന് അവകാശപ്പെടുന്ന വസ്തുവകകള്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍‍. ഭീഷണികള്‍. ഒരു വിധത്തിലും സാധുവകാത്ത മരിച്ചവരുടെയും, രക്ഷപ്പെട്ടവരുടെയും കണക്കുകള്‍. അങ്ങനെയങ്ങനെ.
നിങ്ങളെയും ഒരു വല്ലായ്മ ബാധിക്കുന്നില്ലേ? ഹോളോകോസ്റ്റ് വിശദീകരിക്കുന്ന പോലെത്തന്നെ ക്ലേശകരമായ ഒന്നാണ് ഈ സംഭവങ്ങളില്‍ പലതും. ഉദാഹരണമായി “ഹിറ്റ്ലേര്‍സ് വില്ലിങ്ങ് എക്സിക്യൂഷണേര്‍സ്” എന്ന പുസ്തകം ഒരു സംഭവമായിരുന്നു. ജര്‍മനിയിലടക്കം. അതേസമയം കേര്‍ഷാ ജര്‍മന്‍ ജനതയുടെ മനോഭാവത്തെ വിശദീകരിക്കുവാന്‍, - പ്രത്യേകിച്ചും ബവേറിയന്‍ ജര്‍മനിയിലെ ജനങ്ങളുടെ - ഉപയോഗിക്കാവുന്ന പദങ്ങളെപ്പറ്റി നീളത്തില്‍ എഴുതുന്നുണ്ട്. ഉദാസീനത-നിഷ്ക്രിയമായ പങ്കുകൊള്ളല്‍ (Indifference-Passive Complicity) എന്നീ രണ്ട് സാദ്ധ്യതകള്‍. ലളിതസമവാക്യങ്ങളെ അപ്പടി നിരാകരിക്കുന്ന മനുഷ്യജീവിതപ്രദേശങ്ങള്‍. ആകെ മൊത്തം കുഴമ്പുപരുവമായത് കൊണ്ട് നിര്‍ത്തി.

Tuesday, August 11, 2009

നേരമ്പോക്ക്

എപ്പോഴാണ് വലിയക്ഷരങ്ങള്‍ വ്യാപകമാവുന്നത് എന്റെ കണ്ണില്‍ പതിഞ്ഞെതെന്നറിയില്ല. അത് തിരിച്ചറിയും മുന്‍പ് തന്നെ ഞാനും അതിന് അടിമപ്പെട്ട് തുടങ്ങിയിരുന്നു. ഒരു വാചകത്തിന്റെ തുടക്കത്തിലാണ് അക്ഷരം വ്യത്യസ്ഥമാവുന്നെതെന്ന് അഞ്ചാം ക്ലാസിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ പറഞ്ഞത് ഇതെഴുതുമ്പോള്‍ തികട്ടിവരുന്നെങ്കിലും, സാധാരണ ഓര്‍ക്കാറേയില്ല. പോകെപ്പോകെ എല്ലാ വാചകങ്ങളിലും ചില പ്രത്യേക പദങ്ങളൊഴികെ എല്ലാ വാക്കുകളിലും വലിയക്ഷരം ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമായി. ഞാന്‍ തന്നെ എഴുതിയ ചില കുറിപ്പുകള്‍ പിന്നീട് വായിക്കുമ്പോള്‍ ഞാനും അതുതന്നെ ചെയ്തിരുക്കുന്നുവല്ലോ എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു വാചകത്തില്‍ പരിപൂര്‍ണ്ണമായും സമത്വം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. പലപ്പോഴും നിഘണ്ടു തുറന്ന് നോക്കുമ്പോള്‍ വാചകത്തിന്റെ ആദ്യം വരാനുള്ള വാക്കുകളുടെ അടക്കാനാവാത്ത ആഗ്രഹം, താളുകളില്‍ മൂടല്‍മഞ്ഞുപോലെ ഉറഞ്ഞുകൂടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ ആദ്യാക്ഷരം വലുതാവുമ്പോള്‍ ഒരുപാടു തലയെടുപ്പോടെ വാചകത്തില്‍ അഭിമാനപൂര്‍വ്വം നില്‍ക്കാമെന്ന് അവയ്ക്കറിയാമായിരുന്നു. അല്ലെങ്കിലും നീണ്ടവാചകങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിക്കൂടാനായി മാത്രമുണ്ടായ ചില പദങ്ങളുണ്ട്. വായനക്കാരന്‍ തന്നെ സൂക്ഷിച്ചു നോക്കുകപോലുമില്ലെന്ന് അവയ്ക്കറിയാം. അക്ഷരങ്ങളുടെ അനന്തസാദ്ധ്യമായ ചേര്‍ച്ചകളില്‍, എങ്ങനെയൊക്കെയോ പിറന്ന് നിലനില്‍ക്കുന്ന പാഴ്ജന്മങ്ങള്‍. ഒരു വാചകത്തിന്റെ ആദ്യമെത്തുകയെന്നത് അവയ്ക്ക് നേര്‍ത്ത, മോക്ഷച്ചുവയുള്ള തിരിച്ചറിയലുകളായിരുന്നു.

ഇനി അതുമില്ല.

Wednesday, June 3, 2009

കാഴ്ചവട്ടങ്ങള്‍

“ദി അനാലിറ്റിക്കല്‍ ലാംഗ്വേജ് ഓഫ് ജോണ്‍ വില്‍കിന്‍സ്“ എന്ന ബോര്‍ഹേസിന്റെ ലേഖനത്തില്‍ നിന്ന്:-

മൃഗങ്ങളെ താഴെക്കൊടുത്തപ്രകാരം തരംതിരിക്കാവുന്നതാണ്-

a) ചക്രവര്‍ത്തിയുടെ ഉടമസ്ഥതയിലുള്ളവ;
b) എംബാം ചെയ്യപ്പെട്ടവ;
c) പരിശീലനം സിദ്ധിച്ചിട്ടുള്ളവ;
d) മുലപ്പാല്‍ മാത്രം ഭക്ഷിച്ചിട്ടുള്ള പന്നിക്കുട്ടികള്‍;
e) മത്സ്യകന്യക;
f) അസാധാരണത്വമുള്ളവ;
g) തെണ്ടിപ്പട്ടികള്‍;
h) ഈ വര്‍ഗ്ഗീകരണത്തില്‍ പെടുന്നവ;
i) ഭ്രാന്തുപിടിച്ചിട്ടെന്നപോലെ വിറയ്ക്കുന്നവ;
j) എണ്ണിത്തിട്ടപ്പെടുത്താനാവാത്തവ;
k) വളരെനേര്‍ത്ത ഒട്ടകരോമബ്രഷുകൊണ്ട് വരയ്ക്കുന്നവ;
l) മറ്റുള്ളവ;
m) ഇത്തിരിമുമ്പൊരു പൂത്തട്ടം പൊട്ടിച്ചവ;
n) ദൂരെനിന്ന് നോക്കിയാല്‍ ഒരു പ്രാണിയെപ്പോലെ തോന്നിക്കുന്നവ.

‘ദി അനാലിറ്റിക്കല്‍ ലാംഗ്വേജ് ഓഫ് ജോണ്‍ വില്‍കിന്‍സ്‘ എന്ന ഈ ലേഖനം തുടങ്ങുന്നത് ഒരോ വാക്കും - അതേത് ഭാഷയിലേതായാലും - അത് സൂചിപ്പി‌ക്കു‌ന്ന‌ വസ്തുവിനെ എത്രമാത്രം ആഴത്തി‌ല്‍ ആവിഷ്കരിക്കുന്നു എന്ന അന്വേഷണത്തോടെയാണ്. അതിന് ബോര്‍ഹേസ് പറയുന്ന ഉദാഹരണം ഈ കാര്യം വിശദീകരിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ് : Moon,Luna എന്നീ വാക്കുകളില്‍ ഏത് ‘ചന്ദ്രന്‍‘ എന്നതിനോട് കൂടുതല്‍ അടുത്തിരിക്കുന്നത് എന്ന്. (ഉദാഹരണം മാറ്റിപ്പറഞ്ഞാല്‍ ‘ചന്ദ്രന്‍’, ‘ഇന്ദു’ എന്നീ വാക്കുകളില്‍ എതാണ് സൂചിതത്തെ കൂടുതല്‍ നന്നായി ആവിഷ്കരിക്കുന്നത്?)
ഈ സാഹചര്യത്തിലാണ് ജോണ്‍ വില്‍കിന്‍സിന്റെ സാര്‍വ്വലൌകിഭാഷയെന്ന സങ്കല്‍പ്പത്തെപ്പറ്റി അദ്ദേഹം എഴുതുന്നത്. ലോകത്തിലുള്ള എല്ലാത്തിനെയും നാല്‍പത് വിഭാഗങ്ങള്‍, അതിനെ വീണ്ടും വ്യത്യാസങ്ങള്‍, ചെറു വിഭാഗങ്ങള്‍ എന്ന രീതിയില്‍ വര്‍ഗ്ഗീകരിക്കുകയും, ഒരോ വിഭാഗത്തിനും രണ്ടക്ഷരം, ഒരോ വ്യത്യാസത്തിനും ഒരു വ്യഞ്ജനാക്ഷരം, അതിനു താഴത്തെ വിഭാഗത്തിന് ഒരു സ്വരം. ഇത്തരത്തില്‍ പ്രപഞ്ചത്തിലുള്ളവയ്ക്കെല്ലാം സ്വയം നിര്‍വചിക്കുന്ന ഒരു പദം ഉണ്ടാവും.
ഈ നാല്‍പ്പത് വിഭാഗമായി തരംതിരിച്ചതില്‍ വില്‍കിന്‍സിന് വന്ന വികലതകളെപ്പറ്റിപ്പറയുന്നിടത്താണ്, ഈ പിഴവുകള്‍ മറ്റൊരു വര്‍ഗീഗരണത്തിലെ വീഴ്ചകളെ ഓര്‍മ്മിപ്പിക്കുന്നു എന്ന് ബോര്‍ഹേസ് എഴുതുന്നത്. ഡോ. ഫ്രാന്‍സ് കുന്‍ ചൈനീസ് സര്‍വവിജ്ഞാനകോശമായ ‘ഹെവന്‍ലി എമ്പോറിയം ഓഫ് ബെനവലന്റ് നോളഡ്ജ്’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടി എന്ന് ബോര്‍ഹേസ് പറയുന്ന മുകളിലത്തെ പട്ടിക.
മുകളിലത്തെ വാചകം അല്പം സങ്കീര്‍ണ്ണമായി അനുഭവപ്പെട്ടുവെങ്കില്‍ അതിന് കാരണമിതാണ് : ഇതുവരെ ബോര്‍ഹേസ് പണ്ഡിതന്മാര്‍ക്കൊന്നും ഫ്രാന്‍സ് കുന്‍ ഇത് എവിടെ പറഞ്ഞുവെന്നും, മുമ്പ് പറഞ്ഞ ചൈനീസ് സര്‍വ്വവിജ്ഞാനകോശം കണ്ടെത്തുവാനും, കഴിഞ്ഞിട്ടില്ല - അറിഞ്ഞിടത്തോളം. ഇനിയുമൊരുപക്ഷെ അത് കണ്ടെത്തിക്കൂടെന്നല്ല. ഇല്ലെങ്കിലും അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ബോര്‍ഹേസ് എന്നത് മറ്റൊരു പ്രപഞ്ചമാണ്. അവിടെ ന്യൂട്ടണും, ഡെക്കാര്‍ത്തെയും, ഡാര്‍വിനുമെല്ലാം അദ്ദേഹം തന്നെ. ഒരോരുത്തര്‍ക്കും ഒരു ബോര്‍ഹേസാവാന്‍ പറ്റണം....

കുറിപ്പ് : എന്റെ പരിഭാഷ അസഹനീയമായി തോന്നുന്നുവെങ്കില്‍ മൂലകൃതി കണ്ടെത്തി വായിക്കുക.

Tuesday, May 19, 2009

കയ്പ്പ്

ചെമ്മണ്‍പാതപോലെ നീണ്ടുനീണ്ടുപോവുന്ന വൈകുന്നേരങ്ങളാവാം മനുഷ്യന്റെ ഒരുപാട് ദുഃഖങ്ങള്‍ക്ക് കളമൊരുക്കിയതെന്ന് അയാള്‍ എന്നോടൊരുദിവസം പറഞ്ഞിട്ടുണ്ട്. അതിലൊരു വലിയ സത്യമുണ്ടെന്ന് എനിക്ക് തോന്നാതല്ല. എന്റെതന്നെ മുറിക്കുപുറത്തെ വരാന്തയിലിട്ട കസേരയിലിരുന്ന്, ഒഴിഞ്ഞ വൈകുന്നേരത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍, പ്രപഞ്ചത്തിന്റെ പല കോണുകളില്‍നിന്നും മഴപ്പാറ്റകള്‍പോലെ ഒരു സര്‍വ്വവിജ്ഞാനകോശങ്ങളിലും കണ്ട് പരിചയിച്ചിട്ടില്ലാത്ത ദുഃഖങ്ങള്‍ പൊടിഞ്ഞുവരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അത്തരമൊരു വൈകുന്നേരത്തിലാണ് അയാള്‍ വീണ്ടും എന്നെക്കാണാന്‍ വന്നത്. ഞാനാണെങ്കില്‍ ഒരിക്കല്‍പ്പോലും തിരികെ പ്രണയിച്ചിട്ടില്ലാത്ത കാമുകി കയ്യേറുന്ന ജീവിതത്തിന്റെ മലഞ്ചെരിവിലായിരുന്നു താനും. പറയുന്ന കാര്യങ്ങളില്‍ ഒരു പാടു വിശ്വാസമുള്ളതുകൊണ്ടോ ഇനി ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ടോ എന്നറിയില്ല - വളരെ പതിഞ്ഞ ശബ്ദത്തിലാണ് അയാളെപ്പോഴും സംസാരിക്കാറ് പതിവ്. അല്ലെങ്കിലും സത്യമെന്നത് സബ്ജെക്റ്റിവിറ്റിയാണെന്ന കീര്‍ക്കഗാഡിന്റെ വാക്കുകള്‍പോലെയുള്ളവ ഒരിക്കലും ഉച്ചത്തില്‍ വിളിച്ചുപറയാനുള്ളതായിരുന്നില്ല. ഒന്നും ആരെയും ബോദ്ധ്യപ്പെടുത്താനുള്ളതായിരുന്നില്ല. ഒന്നും. മനസ്സില്‍ ചിന്തയും അചിന്തയുമായി, വാക്കുകളും വാക്കുകള്‍ക്ക് പിടികൊടുക്കാതെ വഴുതിവഴുതിപ്പോകുന്ന മേഘക്കെട്ടുകളുമായി നിറയുന്നവ, പറയുന്നതിലൂടെ - തനിക്കുമാത്രം കേള്‍ക്കാവുന്ന ഉച്ചത്തിലെങ്കിലും - എന്തൊക്കെയോ വ്യക്തമാവുന്നുണ്ടാവണം.
എതായാലും ഇന്നത്തെ കണ്ടുമുട്ടല്‍ അയാള്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒന്നാണെന്ന് അയാളുടെ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
“തറയില്‍ ഇഴയുന്ന കുഞ്ഞ് കളിപ്പാട്ടത്തിനടുത്തേക്ക് നിരങ്ങിച്ചെല്ലുന്നത് ശ്രദ്ധിച്ചിട്ടില്ലേ, നേരെ, നേര്‍ രേഖയില്‍?”
അതിലെന്തത്ഭുതമെന്ന മട്ടില്‍ ഞാന്‍ അയാളുടെമുഖത്തേക്ക് ഉറ്റുനോക്കുകയാണ്. അത് മനസ്സിലായെന്നവണ്ണം അയാള്‍ പതിയെ പറയുന്നു. “അല്ല, ഞാന്‍ പറയാനുദ്ദേശിച്ചത് ഒരു കൊച്ചുകുഞ്ഞിന് രണ്ട് ബിന്ദുക്കള്‍ക്കിടയിലെ ഏറ്റവും ചെറിയദൂരം ഹൃജുരേഖയാണെന്നത് എങ്ങനെ അറിയാം എന്നതല്ല.”
അതുമല്ലെങ്കില്‍ പിന്നെന്ത്? ഞാനാലോചിക്കയായിരുന്നു. സ്ഥലകാലങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ ബോധം ഇന്ദ്രിനിബദ്ധമായ അറിവുകള്‍ക്കും മുന്നേയെന്ന സിദ്ധാന്തമാവും അയാള്‍ പറയാനുദ്ദേശിച്ചതെന്നായിരുന്നു എന്റെ ധാ‍രണ. അതുമല്ല. പിന്നെ?
വീണ്ടും അയാള്‍ സംസാരിച്ചുതുടങ്ങുന്നു. “കുട്ടിക്കെന്തേ ഒരു വളഞ്ഞ വഴിയിലൂടെ നീങ്ങിക്കൂടാ?” എന്താണ് അയാള്‍ പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് അശേഷം മനസിലാവുന്നില്ല.
“അല്ല, ഞാന്‍ മനുഷ്യന്റെ അസ്ഥിയോളം പടരുന്ന, നേരെ മുന്നോട്ട്, ഓടിയോടി മുന്നോട്ട്, പുരോഗതി എന്നൊക്കെയുള്ള അവബോധം എവിടുന്ന് വരുന്നു എന്ന് ചിന്തിക്കാന്‍ ശ്രമിക്കയായിരുന്നു.“
ഞാന്‍ നിശ്ശബ്ദമായി കേള്‍ക്കുകമാത്രമാണ്. ഈ കാലഘട്ടത്തില്‍ നിശ്ശബ്ദതയെന്നത് ആയിരം മഹാകാവ്യങ്ങളേക്കാള്‍ മഹത്തരമാണെന്ന് അയാളൊരിക്കല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ത്തു; നിശ്ശബ്ദതയെ ദൈവമായി സ്വീകരിക്കുന്ന ഒരു മതം തുടങ്ങണമെന്നും. ശബ്ദമില്ലാത്ത അവസ്ഥയെന്ന നിലയിലെ നിശ്ശബ്ദതയല്ല. നിശ്ശബ്ദതയെ ഉപാസിക്കുന്ന ഒരു ജനത!
അയാളുടെ ശബ്ദം വീണ്ടും..
”ഞാന്‍ പറഞ്ഞുവരുന്നത് നമ്മുടെയൊക്കെ ഉള്ളില്‍ നമ്മേക്കാളാഴത്തില്‍ അടിഞ്ഞു കൂടുന്ന ജീവിതത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണയെപ്പറ്റിയാണ്, ജീവിതം എന്നും മുന്നോട്ട്, മുകളിലോട്ട് എന്ന രീതിയില്‍ ചലിക്കുന്നുവെന്ന ധാരണ.”
സ്ഥലകാലങ്ങളുടെ മറുപുറത്തുനിന്നെന്നോണം ആ ശബ്ദം.
“പിന്നെ ജീവിതം എങ്ങനെ നീങ്ങുന്നുവെന്നാ‍ണ്?” ഞാന്‍ ചോദിക്കുന്നു.
“കാലം ഒരക്ഷത്തിലും, ജീവിതാനുഭവത്തിന്റെ തീക്ഷ്ണത മറ്റൊരക്ഷത്തിലും രേഖപ്പെടുത്തിയ ഒരു ഗ്രാഫ് വരക്കണം.“
സിഗററ്റുപുകയ്ക്കപ്പുറം മിന്നുന്ന രണ്ട്കണ്ണുകള്‍..
“നമ്മുടെ ധാരണ പോലെയേയല്ല അത് കാണിക്കുക.”
നീണ്ടനിശ്വാസത്തിന്റെ പുനര്‍ജന്മസമാനമായ നിഷ്കളങ്കതയുമായി വീണ്ടും.
“ഒരേ ചെരിവില്‍ മുന്നോട്ടും മുകളിലോട്ടൂം നീങ്ങുന്ന ഒരു ഹൃജുരേഖയാവും നമ്മുടെ മനസ്സില്‍. പക്ഷെ അങ്ങനെയല്ല.”
പിന്നെ?
“ചന്നം പിന്നം ചിതറിക്കിടക്കുന്ന ഒരുപാട് ബിന്ദുക്കളുണ്ടാവും ആ ചിത്രത്തില്‍. അതിലെ ഏറ്റവും ഉയര്‍ന്ന ബിന്ദു ഒരിക്കലും ഏറ്റവും ദൂരെയാവണമെന്നില്ല.”
പിന്നെയും ഇത്തിരിനേരത്തിന്റെ മൌനം.
“നീ ബെഞ്ജമിന്റെ കാലസങ്കല്‍പ്പത്തിലെ ഒരു ആശയം കേട്ടിട്ടുണ്ടോ?”
എനിക്കതില്‍ അത്ഭുതം തോന്നിയില്ല. പുല്‍കൊടിയില്‍ നിന്ന് രജതപാതയിലേക്ക്, അണ്ണാറക്കണ്ണന്‍ ഒരു മരക്കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കെന്നപോലെ, നൈസര്‍ഗികമായി ചാടിപ്പോകുന്നതാണ് അയാളുടെ രീതി.
“ഒരു നിമിഷത്തില്‍ മുമ്പേപോയതും ഇനി വരാനിരിക്കുന്നതുമായ എല്ലാ നിമിഷങ്ങളും സമ്മിളിതമാവുന്ന സങ്കല്‍പ്പം?”
ഇപ്പോള്‍ എല്ലാം തെളിയുന്നു. ജീവിതത്തിന്റെ ഒരുപാടു നിറവാര്‍ന്ന പുകകിട്ടുന്ന ഭാഗങ്ങളെല്ലാം എന്നേ കത്തിത്തീര്‍ന്നിരിക്കുന്നു! ആഞ്ഞാഞ്ഞ് വലിക്കുന്നത് ഒന്നുമില്ലായ്മയുടെ കയ്ക്കുന്ന പുകയാണ്.
കയ്പ്പ്...

Thursday, February 26, 2009

ജനാധിപത്യം - ചിതറിയ ചില പ്രബന്ധങ്ങള്‍

§ 1. ബഹുപൂരിപക്ഷം ആളുകളും സംരക്ഷിക്കാനായി ഒന്നു ചേരുമെന്നതാണ് ജനാധിപത്യത്തിന്ന് അടിസ്ഥാനപരമായി പ്രശ്നങ്ങളുണ്ടെന്നതിന്ന് ഏറ്റവും വലിയ തെളിവ്.

§ 2. ദര്‍ശനങ്ങളുടെ ചരിത്രബദ്ധതയെന്നത് പൊടിപിടിച്ച ഏടുകള്‍ പരതലാവും, എങ്കിലും ചിലപ്പോള്‍ സത്യത്തിലേക്ക് നയിച്ചുകൂടെന്നില്ല.

§ 3. ജനാതിപത്യത്തിന്റെ ഏകാധിപത്യം ഏറ്റവുമധികം ബാധിച്ചത് ഭാവനയുടെ നീരുറവകളെയാണ്. ഇതിനുമപ്പുറം ഒന്നുമില്ലേ എന്ന ചോദ്യത്തിന്റെ മുന, ഭൂതത്തിന്റെ പരിച വെച്ച് ഒടിക്കുന്നത്, ദിശാബോധം നഷ്ടപ്പെടലാണ്, കാരണം ചോദ്യങ്ങള്‍ ഈവിധത്തില്‍ ഒടിയുകയല്ല ചെയ്യുന്നത്, മറിച്ച് , ദിശമാറി കാലത്തിന്നെതിരെയാവുകയാണ്.

§ 4. എന്താണ് നവോത്ഥാനമെന്നതിന്റെ ഉത്തരം1 മനുഷ്യന്‍ യുക്തി ഉപയോഗിക്കുന്ന ജീവി എന്നതിലാണ് അധിഷ്ടിതമായിരിക്കുന്നത്. ഏതെങ്കിലും ഒരു നിമിഷം ഉപയോഗിക്കുന്നില്ലെങ്കിലും‍, ഉപയോഗിച്ചേക്കാം, ഉപയോഗിക്കും, എന്ന ധാരണ. സന്തോഷമാണ് യുക്തി ഉപയോഗിക്കുന്നതിന്റെ പ്രേരകശക്തിയെന്ന് വാദിക്കാവതല്ല. പിന്നെ എന്താണ്?

§ 6. ജനാധിപത്യം ജനങ്ങള്‍ ചിന്തിക്കുവാനും, സ്വയം തീരുമാനമെടുക്കാനും പ്രാപ്തരാണ് എന്ന മുന്നവസ്ഥയിലാണ് നിലകൊള്ളുന്നത്. രണ്ട് ചോദ്യങ്ങള്‍ ഇതില്‍നിന്ന് ഉയര്‍ന്നുവരും. ഒന്ന് ഇന്നത്തെ യന്ത്രവല്‍കരണാനന്തര ലോകസാഹചര്യത്തില്‍ സ്വാതന്ത്ര്യം എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്നത്. മറ്റൊന്ന് ഇനി മനുഷ്യന്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമുള്ള അവസ്ഥയിലാണെങ്കില്‍ത്തന്നെ മനുഷ്യവര്‍ഗത്തില്‍ പിറന്നതുകൊണ്ടുമാത്രം അനുവദിച്ചുനല്‍കുന്ന യുക്തി ഉപയോഗിക്കാന്‍ എത്രത്തോളം സന്നദ്ധനാണെന്നത്. അതുകൊണ്ട് ഈ പ്രസ്ഥാനം ഇനിയും പൂര്‍ത്തികരിച്ചിട്ടില്ലെന്നും, പൂര്‍ത്തികരിക്കാന്‍ എതിരുനില്‍ക്കുന്നത് ബാഹ്യശക്തികളല്ല എന്നുമുള്ള തിരിച്ചറിവ്. അങ്ങനെയെങ്കില്‍ ഇത് നവോത്ഥാനമെന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളുടെ പുനരവലോകനമാണ്.

§ 7. മനുഷ്യസ്വാതന്ത്ര്യമെന്നത്, മരീചികയാണെന്ന് പറഞ്ഞില്ലെങ്കിലും, ഏതെങ്കിലുമൊരു നിമിഷത്തില്‍, രണ്ട് സാദ്ധ്യതകള്‍ക്കുമുമ്പില്‍ നില്‍കുന്ന മനുഷ്യന്‍, അവന്റെ ചരിത്രസാമൂഹികസാംസ്കാരിക (To Infinity) ബോധങ്ങള്‍ക്കതീതനാണെന്നു വാദിക്കുന്നത്, ആദരവോടെ പറഞ്ഞാല്‍, ബുദ്ധിക്ഷയമാണ്. ഇത്തരം പാശ്ചാത്തലങ്ങള്‍ നേരിട്ടറിയാന്‍ പോലുമാവാത്ത കേന്ദ്രങ്ങള്‍ സ്ഥാപിതതാല്പര്യങ്ങള്‍ക്കനുസൃതമായി നിര്‍മിക്കുകയും‍, മനുഷ്യനിലേക്ക് പ്രസരണം നടത്തുകയും ചെയ്യുന്നതാണ്.

§ 8. സ്വപ്നലോകങ്ങളിലേക്ക്2 വഴിനടത്തുന്നതിലൂടെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മനുഷ്യനെ വിദൂരമായി നിര്‍ത്തുക എന്നത് മുതലാളിത്തജീവിതാവസ്ഥയുടെ പ്രഥമമായ രീതിയാണ്. മനുഷ്യനെന്നതിന്റെ ഏറ്റവും കൃശമായ നിര്‍വ്വചനം ‘വാങ്ങുന്നവന്‍’ എന്നതാവുമ്പോള്‍, ഒരോരുത്തനും തന്റെ ‘വാങ്ങല്‍ അളവുകോലിലെ‘ നില നിര്‍ണ്ണയിക്കുന്നതിന്ന് എല്ലാ പ്രത്യേകതകളും ഉപയോഗിക്കുക എന്ന അവസ്ഥയിലേക്കെത്തിച്ചേരും. വൈരുദ്ധ്യം അവിടെയാണ്: ഒരേ സമയം യുക്തിപുര്‍വ്വം പ്രവര്‍ത്തിക്കുന്നവന്‍ (Rational Agent) എന്നത് മുന്‍ ആവശ്യമാവുകയും, അതേ സമയം അങ്ങനെയാവാന്‍ അവശ്യം വേണ്ട ചിന്താശേഷിയും അന്വേഷണബുദ്ധിയും(Critical Approach)മരവിപ്പിക്കുകയും ചെയ്യുന്ന സാമ്പത്തികവ്യവസ്ഥിതി സാധാരണമായി കാണുകയും ചെയ്യുക. ഫെറ്റിഷിസവും, അന്വേഷണത്വരയും ഒന്നിച്ചുപോകുന്നവയല്ലെന്ന് മാത്രമല്ല, ആജന്മശത്രുക്കളുമാണ്.

§ 9. നീതിയെന്നത്, ഭരണസംവിധാനങ്ങളെക്കാള്‍, വളരെയധികം ആഴത്തിലുള്ള ആവശ്യകതയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നീതി എല്ലാവര്‍ക്കും - ചണ്ഢാളന്‍ മുതല്‍ മന്ത്രി വരെ - ലഭിക്കാത്ത ഒരു വ്യവസ്ഥ അക്കാരണം കൊണ്ടുമാത്രം തച്ചുടക്കപ്പെടേണ്ടതാണ്. നീതിയെന്ന സങ്കല്‍പ്പം പോലും തൊട്ടുതീണ്ടാത്തതോ, പലപ്പോഴും പ്രാമുഖ്യം ലഭിക്കാത്തതോ ആയ ജനാധിപത്യം നിലനില്‍ക്കുന്നുവെന്നത് വൈരുദ്ധ്യമോ ഒറ്റപ്പെട്ട വ്യതിചലനങ്ങളോ അല്ല, സാദ്ധ്യതകളുടെ പ്രകടമാവലാണ്.

§ 10. ജനാധിപത്യത്തില്‍ നിരപരാധികളും, നിഷ്കളങ്കരായ പ്രജകളുമില്ല - ജനങ്ങളുടെ മനസ്സ് പ്രകടിപ്പിക്കുന്ന യന്ത്രമാണ് ഭരണകൂടെമെങ്കില്‍. ഇറാഖില്‍ നിരപരാധികളുണ്ടാവും, പക്ഷെ ഇന്ത്യയില്‍ ഉണ്ടാവാന്‍ പറ്റില്ല.

§ 11. ‘ദാര്‍ശനികനായ രാജാവ്’ എന്നത് മനുഷ്യരെല്ലാം, അതുകൊണ്ട് ഭരണാധികാരിയും, ചപലതകള്‍ക്ക് വശംവദനായേക്കാം എന്നതായാലും ഇല്ലെങ്കിലും, ധാര്‍മ്മികത മനുഷ്യന് നൈസര്‍ഗിഗമല്ല, അതിന്ന് ആധിഭൌതികമായ അടിത്തറയുമില്ല. ഒരു പദം മുന്നോട്ട് വെക്കണോ വേണ്ടയോ എന്ന ചോദ്യത്തിന്ന് ചിന്തിക്കുന്നവന്റെ മുന്‍പില്‍, ലെയിബ്നിറ്റ്സിന്റെ പരിപൂര്‍ണ്ണതീരുമാനങ്ങളുടെ അസാദ്ധ്യതയെന്ന3 കടലാണ്. ലോകം രുചിശൂന്യമായ
വസ്തുതകളുടെ ചതുപ്പിനിലങ്ങളാണ്.4

§ 12. ജനാധിപത്യം മനുഷ്യന്‍ എന്ന പ്രെമിസിലല്ല തുടങ്ങുന്നത്, ഏതെങ്കിലുമൊരു ഭൂവിഭാഗത്തില്‍ അധിവസിക്കുന്ന മനുഷ്യരെ ലക്ഷ്യമിട്ടാണ്. അതായത് ജനാധിപത്യം ആന്‍ഡേര്‍സനു മുന്‍പുള്ളതാണ്. മനുഷ്യരാശിയെ ബാധിച്ച മാറാരോഗമായ രാഷ്ട്രം എന്ന സങ്കല്‍പ്പം കുഴിച്ചുമൂടപ്പെടേണ്ടതാണെന്നു മാത്രമല്ല, ലോകത്തിന്റെ ഒരു കോണില്‍ ചലിക്കുന്ന വിരലിന്റെ പ്രതിഫലനം മറുകോണിലിരിക്കുന്നവനെ ബാധിക്കുന്നുവെന്നത് എല്ലാ വ്യവസ്ഥയുടെയും നിര്‍മ്മിതിയില്‍ അടിസ്ഥാനസങ്കല്‍പ്പമാവേണ്ടതാണ്.

§ 13. ഒരു രാത്രിയില്‍ മറ്റേതോ വ്യവസ്ഥിതിയില്‍ക്കിടന്നുറങ്ങി പിറ്റേന്നെഴുന്നേറ്റ് ജനാധിപത്യം കണികാണാനാവുമെന്നത്, ആ സങ്കേതം ഒരു ഉടുപ്പ് പോലെ എടുത്തണിയാമെന്ന വിശ്വാസം നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്. അത്തരമൊരുവ്യവസ്ഥിതി അതിനുകീഴില്‍ അധിവസിക്കുന്ന ജനതയുടെ സമൂലമായമാറ്റം ആവശ്യപ്പെടുകയേ ചെയ്യുന്നില്ല എന്ന മിഥ്യാധാരണ. മറ്റൊരുവിധത്തില്‍പ്പറഞ്ഞാല്‍ ജനാധിപത്യം, വരേണ്യവര്‍ഗം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ജനതയുടെ ആദിമപൌരാണികതയെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്ന5 സാംസ്കാരികചിഹ്നങ്ങള്‍ പോലെ മറ്റൊന്നാവുന്നു എന്ന അറിവ്. ഏതൊരുജനതയും നൈസര്‍ഗികമായ വളര്‍ച്ചാഘട്ടങ്ങളിലൂടെ കടന്നുപോവാം എന്ന വിഷയത്തെ നമ്മള്‍ സ്പര്‍ശിക്കുകപോലും ചെയ്തിട്ടില്ല. പൊതുമണ്ഡലങ്ങള്‍ ഉണ്ടായിട്ടില്ലാത്ത, ഉണ്ടാവാന്‍ വിദൂരസാദ്ധ്യതപോലുമില്ലാത്ത അവസ്ഥയും ആവാം6.

§ 14. സമത്വം എന്ന സംജ്ഞയെപ്പറ്റി നമ്മള്‍ സംസാരിച്ചിട്ടേയില്ല. നിനക്കു നിന്റെ വഴിയെന്ന സുവര്‍ണ്ണനിയമം ഏറ്റുപാടുക. ശരിക്കുമാലോചിച്ചാല്‍ ജനാധിപത്യതത്വസംഹിതയില്‍ അവ്യക്തമായി ഒരു താല്‍ക്കാലികത, അല്ലെങ്കില്‍, മാറാവുന്നത് എന്നുള്ള ഒരു ചിന്താതന്തു എവിടെയോ മിന്നിമായുന്നത് കാണാവുന്നതുപോലെ തോന്നും. അസമത്വം, കാലങ്ങളിലൂടെ പരിഹരിക്കപ്പെടാവുന്ന ഒന്ന് എന്നത്, പരോക്ഷമായെങ്കിലും ബലി എന്ന ആശയത്തെ ഓര്‍മ്മിപ്പിക്കും. ജന്മത്തിന്ന് കോപ്പികളില്ല, ഒരു ജന്മവും പകരം വെക്കാവതല്ല.

~ പിന്‍ വാക്ക് - മറിച്ച് അഭിപ്രായങ്ങള്‍ തോന്നുന്നുവെങ്കില്‍ ഇതിന്റെ തലക്കെട്ട് ഒന്നുകൂടെ ഇരുത്തിവായിക്കാം. ‘പ്രബന്ധങ്ങള്‍’ എന്നത് 'Theses' എന്നതിന്റെ മലയാളമായാണ്.~
------------------------------------------------------------------------------------------------
1. എന്താണ് നവോത്ഥാനം?(Was ist Aufklärung?) - ഇമ്മാനുവല്‍ കാന്റ്.
2. സ്വപ്നലോകം - Phantasmagoria - പാരിസ് ഒരു സ്വപ്നലോകമാവുന്നതിനെപ്പറ്റി ബെഞ്ജമിന്റെ ജിജ്ഞാസ. മാര്‍ക്സും ലൂകാച്ചും വ്യക്തമായി അവതരിപ്പിച്ചത്.
3. Contingency from complexity. അധോലോകത്തുനിന്നുള്ള കുറിപ്പുകള്(Notes from Underground)‍-ലെ കഥാപാത്രത്തിന്റെ ചിന്തകള്‍ ഓര്‍ക്കുക.
4. ധാര്‍മ്മികതയെക്കുറിച്ച് - പ്രഭാഷണം. (Lectures on Morality - Wittgenstein)
5. ഹോബ്സ്ബാം - പാരമ്പര്യങ്ങളുടെ നിര്‍മ്മിതി. (The Invention of Tradition)
6. വീണ്ടും ബുദ്ധിപരമായതിന്റെയെല്ലാം ഉടയോന്മാരായി വര്‍ത്തിക്കുന്നവര്‍ മറ്റൊരു തരത്തില്‍ വാദിച്ചേക്കാം. വാദിക്കും. അതും ആവശ്യമാണ്, ആരുടെ എന്നത് മറ്റൊന്ന്.

Saturday, February 21, 2009

എഴുത്ത് മേശയും പനിനീര്‍പൂവും

പൂവുകള്‍ തനിയെ ജാലകത്തിലൂടെ വീഴുകയില്ലെന്നെനിക്കറിയാം. പ്രത്യേകിച്ചും രാത്രിയില്‍. പക്ഷെ കാര്യമതല്ല. ഏതായാലും ഒരു ചുവന്ന പനിനീര്‍പൂവ്, മഞ്ഞുമൂടിക്കിടന്ന തെരുവില്‍, പൊടുന്നനെ എന്റെ ലെതര്‍ ഷൂസിന്റെ മുന്നില്‍ വന്നുവീണു. വെല്‍വറ്റ് പോലെ കടുംചുവപ്പും നേര്‍ത്തതുമായിരുന്നു അത്; വിടര്‍ന്നിട്ടുമുണ്ടായിരുന്നില്ല. തണുപ്പായിരുന്നതിനാല്‍ സുഗന്ധവുമില്ലായിരുന്നു. ഞാ‍നത് എടുത്തുകൊണ്ടുവന്ന് എന്റെ മുറിയിലെ മേശപ്പുറത്തെ ജപ്പാനീസ് പൂത്തട്ടത്തില്‍ വെച്ച് ഉറങ്ങാന്‍ കിടന്നു. ഇത്തിരികഴിഞ്ഞ് എന്റെ ഉറക്കം തെളിഞ്ഞു. മുറിയില്‍ മങ്ങിയ വെളിച്ചമുണ്ടായിരുന്നു; നിലാവെളിച്ചമല്ല, നക്ഷത്രങ്ങളുടെ. അപ്പോഴേക്കും തണുപ്പുമാറിയ പനിനീരിന്റെ സുഗന്ധം മുറിയില്‍ പരക്കുന്നത് ഞാനറിഞ്ഞു, ഒപ്പം മുറിയില്‍ അടക്കിപ്പിടിച്ച പിറുപിറുപ്പും കേള്‍ക്കാവതായി. പഴയ വിയന്നാമഷിക്കുപ്പിയുടെ പുറത്തെ ചെമ്പരത്തിപ്പൂവ് എന്തിനെക്കുറിച്ചോ അഭിപ്രായം പറയുകയായിരുന്നു. “അവന് ഒരു രീതിയുമില്ല,ഒട്ടും സ്റ്റൈലുമില്ല1”, അത് പറഞ്ഞു,“ഒരു തരിമ്പുപോലും സ്റ്റൈലില്ല”. എന്നെ ഉദ്ദേശിച്ചാണ്. അല്ലെങ്കില്‍ അവനൊരിക്കലും, അത് പോലൊന്ന് എന്റെയടുത്ത് വെക്കുമായിരുന്നില്ല. അതായത് പനിനീര്‍പ്പൂവ്.

-ഹൂഗോ വോണ്‍ ഹോഫ്മന്‍സ്താള്‍

കുറിപ്പ്: 1. സ്റ്റൈല്‍,രീതി എന്നത് Style, taste എന്നീ വാക്കുകളുടെ അര്‍ത്ഥമായാണ്. മലയാളത്തില്‍ അതെന്താവും? Stilgefühl എന്നതാണ് മുല ജര്‍മ്മന്‍ പദം. Stylistic sense എന്നര്‍ത്ഥം. ‘സൌന്ദര്യബോധം’ എന്ന് ഉപയോഗിച്ചാല്‍ ഈ കവിത എനിക്കെതിരെയുള്ള സാക്ഷ്യം പറച്ചിലാവും. അപ്പോ ഈ പരിഭാഷയ്ക്ക് കവിത പരിഭാഷപ്പെടുത്തുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ലക്ഷ്യമുണ്ടെന്ന് മനസിലായിക്കാണും.:)

Sunday, February 15, 2009

Thursday, February 12, 2009

കുമിഞ്ഞുകൂടല്‍

ഹരേമക്കത്ത് എന്നതായിരുന്നു സ്ഫിങ്സിന്റെ ആദ്യത്തെ പേരെന്നും അതിനര്‍ത്ഥം ചക്രവാളത്തിലെ ഹോറസ് ആണെന്നും ഊഹിക്കുക. സ്ഫിങ്സ് എന്നത് വളരെക്കാലത്തിന്ന് ശേഷം വന്നതാണ്. അതിനിടയില്‍ മറ്റു പലതും സംഭവിച്ചു. അറബി ഭാഷയില്‍ ഇന്നും എന്നും സ്ഫിങ്സിന്റെ നാമം ‘അബു-അല്‍ ഹൌള്‍’ എന്നാണ്, ഭീകരതയുടെ പിതാവ് എന്നര്‍ത്ഥം വരുന്ന പ്രയോഗം. കോപ്റ്റിക്ക് ഭാഷയിലെ ബെല്‍ഹൌബ എന്ന പദത്തില്‍നിന്ന് ഉല്‍ഭവിച്ചു വന്നത്. ഒരു കാലത്ത് സ്ഫിങ്സ് മണല്‍ വന്ന് മൂടി തലമാത്രം കാണാന്‍ പാകത്തിന് നില്‍ക്കയായിരുന്നു.ഫാത്തിമൈറ്റ് കാലഘട്ടമടക്കം ഒരുപാട് കാലം. പത്തൊമ്പതാം നൂറ്റാണ്ടില്‍ മറ്റ് ശരീരഭാഗങ്ങള്‍ കുഴിച്ചു പുറത്തെടുക്കും വരെ. തലമാത്രമായി പുറത്ത് കണ്ട രൂപം നൈലിലെ ജലവിതാനത്തെ നിയന്ത്രിച്ചുവെന്നും മറ്റും ഒരു ജനത വിശ്വസിച്ചുകാണണം. അബു-അല്‍ ഹൌള്‍ എന്നത് തലയുടെ പേരായിരുന്നു. മറ്റു ഭാഗങ്ങള്‍ പുറത്ത് വരുമ്പോഴേക്കും അബു-അല്‍ ഹൌളിന്റെ പുറത്ത് മറ്റൊരു മണല്‍ അടിഞ്ഞടിഞ്ഞ് കൂടി പര്‍വ്വതരൂപമായി. കുഴിച്ചുമാറ്റാവുന്നതിനപ്പുറം.

Thursday, February 5, 2009

പൂജ്യത്തിനും ഒന്നിനുമിടയില്‍

മലദ്വാരത്തിലൂടെ ജനാധിപത്യം തിരുകിക്കയറ്റുന്ന ലോകത്ത്
കവിതയ്ക്ക് സാദ്ധ്യതയുണ്ടെന്ന് വാദിക്കുകയല്ല.
പൂജ്യത്തിനും ഒന്നിനുമിടയില്‍
അറിയപ്പെടലിന്റെ മോചനം പോലും കൈവരാതെ
നഷ്ടപ്പെടുന്ന
പരശതം ഭിന്നങ്ങളുടെ ഞരക്കങ്ങള്‍
തൊട്ടെടുക്കാനാവുമെന്നുമല്ല.
ആരും വിരുന്നുവരാത്ത വീട്ടിലെ ചില്ലലമാരയില്‍ പൊടിമൂടിക്കിടക്കുന്ന വാക്കുകളുടെ
വര്‍ഷാന്തപ്രദര്‍ശനം-
ഒരു പക്ഷേ.

മറ്റൊരുതാളില്‍ മണ്ണപ്പം ചുട്ടുതിന്നുന്നവനെക്കുറിച്ച് വാര്‍ത്തയുണ്ട്,
അതിവിടെ എഴുതപ്പെടുകയില്ല.
വാക്കിലേക്ക് പകര്‍ത്തിയതുകൊണ്ട് ഞാനതറിയുകയല്ല, അകലുകയാണ്.
പറയപ്പെടലെന്നാല്‍, പറയെപ്പട്ടതില്‍നിന്നുള്ള പരിപൂര്‍ണ്ണമായ വേര്‍പെടലാണെന്നത്.
തെരുവിലെ അപകട ദൃശ്യത്തിന്നുനേരെ ജാലകവിരി വലിച്ചിടുന്നതുപോലെ.
അല്ലെങ്കില്‍ ലോകം മുഴുവന്‍ പകര്‍ച്ചവ്യാധിയായി പടരുന്ന അഭയാര്‍ത്ഥിക്കൂടാരങ്ങള്‍.
ഒരു പക്ഷെ.
അഭയാര്‍ത്ഥി, കൂടാരം എന്ന രണ്ട് പദങ്ങള്‍,
അക്ഷരമാലയില്‍നിന്നുളവാ‍കാവുന്ന മറ്റൊരു ചേര്‍ച്ച.
കാലം വാക്കുകളെ കരണ്ടുതിന്നുന്നതിന്റെ നേര്‍ത്ത ശബ്ദമെങ്കിലും...
അല്ലെങ്കില്‍
ദ്രവിച്ചുതീരുന്ന ജാലകവിരിയുടെ കൊഞ്ഞനം കുത്തല്‍.
വേദനകളെല്ലാം ഒരിക്കലും പ്രകാശിപ്പിക്കാനിടയില്ലാത്ത കവിതകളിലേക്കാണ്
ചേക്കേറുന്നതെന്ന വൃത്താന്തം.
ഒരു പക്ഷേ.
അതുമല്ലെങ്കില്‍
ലോകം യൂക്ലിഡിന്റെ അഞ്ചാം പ്രമാണമനുസരിച്ചല്ല എന്ന്
മനസ്സിനെ ബോധിപ്പിക്കാനുള്ള
പാഴ്ശ്രമം.
പിറക്കാതെപോയ ആയിരം ഖയ്യാമുകളുടെ ഉണര്‍ത്തുപാട്ട്.

Friday, January 23, 2009

വെട്ടിയൊതുക്കാവുന്ന ചിന്തകള്‍

ഗസ്സ ആക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ മുറയ്ക്ക് നടക്കുന്ന പലസ്തീനിലേക്കുള്ള കടന്നുകയറ്റത്തെപ്പറ്റിയും, യുദ്ധമെന്നപേരിലുള്ള വംശഹത്യയെക്കുറിച്ചും എഴുതുന്നു, റിച്ചാറ്ഡ് സെയ്മൂര്‍ ഇവിടെ. അത് അനിവാര്യമാക്കുന്ന അവസ്ഥയെപ്പറ്റി. ഈ നടന്ന കൊലപാതകവും കടന്നുകയറ്റവും നാശവും തന്നെ ഒരുതരത്തില്‍ വലിയ തമാശയാണ്. ഹമാസിന്റെ മിസൈല്‍ തൊടുക്കാനുള്ള കഴിവ് നശിപ്പിക്കാനാണ് യുദ്ധം തുടങ്ങിയതെന്നാണ് ഇസ്രായേല്‍ പറയുന്ന കാരണം. അപ്പോ യുദ്ധവിരാമത്തിന്ന് പിറകെ ഹമാസ് തൊടുത്തത് മിസൈലല്ല, ചോദ്യചിഹ്നമാണ്. അതെന്തിങ്കിലുമാവട്ടെ. ഇസ്രായേല്‍ എന്തുകൊണ്ട് ഇത് - അധിനിവേശവും മറ്റും - തുടരുന്നു എന്നതാണ്, ശ്രീ. സെയ്മൂര്‍ വ്യക്തമാക്കുന്നത്. 5% വാര്‍ഷിക വളര്‍ച്ച, ജനസംഖ്യയില്‍. ഒരുപാട് ജനസംഖ്യകൂടിയാല്‍ ജൂതന്മാറ് എങ്ങോട്ട് പോകും?
ഇസ്രായേല്‍ എന്നത് പരിപൂര്‍ണനിവാരണ(Holocaust)ത്തിന്റെ കാലത്തെ അതിജീവിക്കുന്ന സ്മാരകമാണ്. ആ ഭൂവിഭാഗം കോണ്‍സണ്ട്രേഷന്‍ ക്യാമ്പ് സമാനതയുടെ (Concentration camp Uniformity) ബൃഹത്തായ പരീക്ഷണശാലയാണ്. നൂറ്റാണ്ടുകളിലൂടെ പടര്‍ന്ന, വേരുപിടിച്ച, നൈസ്ര്ഗിഗമായിത്തീര്‍ന്ന ജൂതവിരോധത്തിന്റെ പരിസമാപ്തിയും. ഒറ്റപ്പെട്ട, ഒരു കിറുക്കന്റെ ചപലതയായി ഹോളോകോസ്റ്റിനെ എഴുതിത്തള്ളുകയെന്നത് ഇനിയും അത്തരം സംഭവങ്ങള്‍ സാദ്ധ്യമാക്കാനുള്ള സാഹചര്യങ്ങള്‍ അവശേഷിപ്പിക്കലാവും. എന്തുകൊണ്ട് ഇസ്രായേല്‍ എന്നത്, അതുകൊണ്ട് തന്നെ , പലസ്തീന്‍ പ്രശ്നത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമാണ്. പാശ്ചാത്യചിന്താധാരകളില്‍ ഈ ചോദ്യം വിരളമായിപ്പോലും വെളിച്ചം കാണില്ല. പ്രാചീനകാലഘട്ടത്തിലെ പലസ്തീന്‍ അധിനിവേശങ്ങളും - പേര്‍ഷ്യന്‍,ബാബിലോണിയന്‍, യവന-റോമന്‍ -, ആധുനികകാലജൂതവിരോധവും പരിപൂര്‍ണ്ണമായും വ്യതിരിക്തമാണെന്ന് കാണുന്നതിലൂടെ മാത്രമേ ഈ ചോദ്യത്തിന്റെ ഇളക്കിമറിക്കുന്ന വെളിപ്പെടുത്തലുകളിലേക്ക് എത്തിച്ചേരാനാവുകയുള്ളൂ. ഇരകളും, ‘മറ്റവനും സൃഷ്ടിക്കപ്പെടുന്ന വഴികള്‍, ഒരു പക്ഷെ, ഏറ്റവും ഗൂഡമായ പാന്ഥാവുകളും, ദുര്‍ഗ്രഹങ്ങളായ സരണികളും ഉള്‍ച്ചേര്‍ന്നതാവും. കാലത്തിന്റെ മറ്റൊരുകോണിലിരുന്ന് മാര്‍ട്ടിന്‍ അമിസ്സിന്റെ ലേഖനവും, ലൈലയുടെ മറുപടിയും വായിക്കുന്നവന് ചികഞ്ഞെടുക്കാനാവില്ല, ഇന്ന് വളര്‍ന്നുവരുന്ന മറ്റൊരു വേര്‍തിരിക്കല്‍ യജ്ഞത്തിന്റെ നാള്‍വഴികല്‍. ഗസ്സ ആക്രമണത്തിനെതിരെ ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച പ്രതിഷേധങ്ങളുടെ അന്തര്‍ദ്ധാര ജൂതവിരോധമാണെന്ന് ഒരു അമേരിക്കന്‍-ജൂത എഴുത്തുകാരി പറയുന്നത് ‘പൊട്ടത്തമാശ’യായി തള്ളിക്കളയുകയുമരുത്. കോളോണിലെ സിനഗോഗില്‍ തോറ സൂക്ഷിച്ചത്കൊണ്ട് 1968-ലെ പോളണ്ട് സംഭവങ്ങള്‍ ഇല്ലാതാക്കാനാവില്ല. കുഴിച്ചുകുഴിച്ചു ചെന്ന് ഞെട്ടലോടെ പിരിച്ചെടുക്കലില്‍, വേര്‍പെടുത്തലില്‍, കളംതിരിക്കലുകളില്‍,നവോത്ഥാനത്തില്‍ത്തന്നെ എത്തിയാല്‍, നമുക്ക്, ബാക്കിയാവുന്ന ഞരക്കങ്ങല്‍ പെറുക്കിവെക്കാം.