Thursday, May 22, 2008

ഒരു ചുംബനത്തിന്റെ അവസാനം

“നീയാണെന്നെ ആദ്യമായി ചുംബിച്ചത്;നിനക്കെന്നെ ഉപേക്ഷിക്കാനാവില്ല.”

*********************

നിന്റെ ചുണ്ടുകള്‍, എന്റേതും...അവ തമ്മില്‍ എന്തായിരിക്കും,ഒരു ചുംബനത്തിന്റെ തൊട്ടുമുമ്പുള്ള, അനന്തതയോളം നീളുന്ന സമയദൈര്‍ഘ്യത്തില്‍, പരസ്പരം പറഞ്ഞിട്ടുണ്ടാവുക? എനിക്ക് ഊഹിക്കാനാവുന്നുണ്ട്. ഈ ഇടവേള,അവസാനിക്കരുത്. പെയ്യാന്‍ പോവുന്ന മഴയ്ക്കുമുമ്പുള്ള,അസ്ഥിരത. പെയ്തുകഴിഞ്ഞാല്‍ അവസാനിച്ചുപോവുമെന്ന, അടിസ്താനരഹിതമായ വ്യഥ. എങ്കിലും പെയ്യണമെന്ന അടങ്ങാത്ത ആഗ്രഹം. ആകാശവും ഭൂമിയും ഒരുപോലെയാണ് ആഗ്രഹിക്കുന്നത്. ആകാശം ഭൂമിക്കോ,ഭൂമി ആകാശത്തിനോ നല്‍കുകയോ, ഒന്നും ഒന്നില്‍നിന്നും അപഹരിക്കുകയോ ചെയ്യുന്നില്ല. പിന്നീടെപ്പോഴാണ്, ഞാന്‍ നിന്നെ ചുംബിച്ചതായി ചുണ്ടുകളുടെ ആലിംഘനം മാറുന്നത്? ഞാന്‍ നിന്റെ ചുണ്ടുകളെ തേടിയപോലെ നിന്റെ ചുണ്ടുകള്‍ എന്നെയും തേടിയില്ലേ? ഞാന്‍ ആക്രമണം നടത്തുന്നവനും, നീ ആക്രമിക്കപ്പെട്ടവളും ആവുന്നത് ഏത് നിമിഷാര്‍ദ്ധത്തിലാണ്? നീ ബാഗ്ദാദും, ഞാന്‍ മംഗോളിയനും ആയിരുന്നില്ലല്ലോ? ചുണ്ടുകളുടെ, അവ്യക്തമായ അടക്കം പറച്ചിലില്‍ ഈ കീഴടക്കലിന്റെ, അപഹരിക്കലിന്റെ, പിടിച്ചുപറിയുടെ പരിദേവനം ഒട്ടുമില്ലായിരുന്നുവല്ലോ.. നല്‍കുന്നവനും സ്വീകരിക്കുന്നവനുമെന്ന വ്യത്യാസമേ അവിടെ ഉണ്ടായിരുന്നില്ല. ഒന്നുചേരലിലെ സ്വത്വനാശം മാത്രം.

Wednesday, May 14, 2008

ചിരഞ്ജീവികളുടെ പട്ടിക

ചിരഞ്ജീവികളുടെ പട്ടിക പുതുക്കിയിരിക്കുന്നു. ഇതിനുമുമ്പെങ്ങോ ചെയ്യേണ്ടിയിരുന്നതായിരുന്നു. പഴയ ഏഴുപേരെക്കൂടാതെ രണ്ടു പുതിയ ആളുകളെക്കൂടി ചേര്‍ക്കുകയായിരുന്നു. ഇന്ത്യ എന്നും, പുതുക്കിയ പട്ടിക എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ കൈക്കൂലിയും മറ്റുതിരിമറികളുമൊക്കെ മനസ്സിലേക്കോടിവന്നിട്ടുണ്ടെങ്കില്‍ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ രണ്ടുപേര്‍ പക്ഷെ അര്‍ഹതകൊണ്ടുമാത്രം ഈ പദവി നേടിയവരാണ്. ഇവരുടെപേരുകള്‍ താഴെ ചേര്‍ക്കുന്നു.
1. ഇയാഗോ.
2. ഹീത്ക്ലിഫ്.
ഈ പട്ടിക ഇപ്പോഴും പൂര്‍ണ്ണമാണെന്ന ബോധ്യമില്ല....

* * *

വാല്‍ക്കഷണം:- നീയാര് പുരാണം തിരുത്താന്‍ എന്ന ഒരു ചോദ്യം ഉയര്‍ന്നുകൂടായ്കയില്ല. പക്ഷെ ചോദ്യങ്ങളുടെ ദിശ തിരിച്ചാല്‍ പലപ്പോഴും ഉത്തരത്തിലേക്ക് പ്രതീക്ഷിക്കാത്ത വേഗതയില്‍ എത്തിയെന്നിരിക്കും. ഒരിക്കലും ആരും വ്യക്തമായി ‘പട്ടിക പൂര്‍ണ്ണമല്ല‘ എന്നു പറഞ്ഞിട്ടില്ല എന്നത് അത് പൂര്‍ണ്ണമാണ് എന്നതിന്ന് തെളിവല്ല. താനെഴുതുന്നത് ജീവിതമെന്ന മഹാല്‍ഭുതത്തിന്റെ ഒരു തരിപോലും ആവുന്നില്ല എന്നു പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും ആരും അത് വെളിപ്പെടുത്തില്ല. അതൊരു അനുപേക്ഷണീയതയാണ്. ഇല്ലെങ്കില്‍ എഴുത്തുകാരനും പുരാണവും സാഹിത്യവുമുണ്ടാവില്ല.

Thursday, May 1, 2008

നേരിന്റെ നിറങ്ങള്‍

ആരൊക്കെ “ഓഫ് ഗ്രമ്മാറ്റോളജി” വായിക്കാന്‍ ശ്രമിച്ച്, പരവശരായി ഒരു മൊന്ത വെള്ളം കുടിച്ചിട്ടുണ്ട്? ഇതെന്ത്,ഇതെന്ത് എന്നു ചോദിച്ചിട്ടുണ്ട്? ആരൊക്കെ “പനോപ്റ്റിക്കോണ്‍” എന്ന സങ്കേതത്തിന് ചുറ്റും കെട്ടിപ്പൊക്കിയ വാക്കുകളുടെ പനോപ്റ്റിക്കോണില്‍ അകപ്പെട്ടിട്ടുണ്ട്? ആരൊക്കെ “മിറര്‍ സ്റ്റേജ്” വായിച്ചുമനസ്സിലാക്കാന്‍ ശ്രമിച്ച് ജീവിതത്തിലൊരിക്കലും കണ്ണാടികാണാത്തവരെക്കുറിച്ച് അത്ഭുതം കൂറിയിട്ടുണ്ട്?...സ്വന്തം ബൌദ്ധികവളര്‍ച്ചയിലും,ആശയങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവിലും, ചെറുതല്ലാത്ത അളവില്‍ നിരാശപൂണ്ട്, ഇനിയെന്തെന്നറിയാതെ മിഴിച്ചു നിന്നിട്ടുണ്ട്? അവര്‍ക്ക് താഴെക്കൊടുത്ത സൂചികയിലുള്ള ലേഖനം വായിച്ച് സംതൃപ്തിയടയാവുന്നതാണ്.

പോസ്റ്റ് മോഡേണിസത്തെപ്പറ്റി പ്രൊഫസര്‍ ചോംസ്കി.

ലേഖനം വളരെ പഴകിയതാണെന്ന് തോന്നുന്നു. പക്ഷെ അതിന് കാലാതിവര്‍ത്തിയായ ഒരു ധര്‍മ്മം നിര്‍വഹിക്കാനുണ്ട്. ഏറ്റവും ചുരുങ്ങിയത് “ഫുക്കോവിന്റെയും മറ്റും സഹായമില്ലാതെ മലയാളത്തില്‍ ഒരു കഥയെഴുതാനാവുമോ എന്നു നോക്കുകയാണ് ഞാന്‍” എന്ന് ഇതിഹാസകാരനെക്കൊണ്ട് പറയിപ്പിച്ച മാനസികാവസ്ഥയ്ക്കെങ്കിലും ഒരു പരിഹാരക്രിയ വേണ്ടേ? വേണം. വാതകപ്പുരകളുമായി കാത്തിരിക്കുന്ന സിദ്ധാന്തങ്ങളെപ്പേടിച്ച് വാക്കുകള്‍ക്കുള്ളില്‍ മുഖം പൂഴ്ത്തുന്ന കവിയുടെ, നോവല്‍കാരന്റെ സത്യസാക്ഷ്യങ്ങള്‍ നമുക്കു നഷ്ടപ്പെടാന്‍ പാടില്ല‍‍.

എന്തുകൊണ്ടിതൊക്കെ പാരീസില്‍ നിന്നു വരുന്നു എന്നതും ഒരു രസകരമായ ചോദ്യമാണ്.