Monday, September 21, 2009

അലമുറ

എന്നുമുതലാണ് ഞാന്‍ വാക്കുകളില്‍, വാക്കുകള്‍ ചേര്‍ന്ന് ഉണ്ടാക്കിയെടുക്കുന്ന ചങ്ങലയില്‍, പരിപൂര്‍ണ്ണമായും ബന്ധിതനായത്? ഏതെങ്കിലും ഒരു പ്രത്യേകനിമിഷത്തിലാണോ കാന്‍സറുണ്ടാവുന്നത്? പതിയെപ്പതിയെ, അരിച്ചരിച്ച്, പടര്‍ന്ന്, പടര്‍ന്ന്.

***

ഞാനിപ്പോള്‍ എന്റെ ജാലകത്തിനടുത്താണ്. വഴിയിലൂടെ കുഞ്ഞിനെ തോളത്തെടുത്ത് ഒരമ്മ നടന്ന് പോകുന്നു. ആ ചിത്രം എന്റെ മന്‍സ്സില്‍ പതിയുകയാണ്. ഇപ്പോഴെന്റെ ഉള്ളമൊരു ഒപ്പുകടലാസുപോലെയാണ്. ഈ നിമിഷം. അതിന്റെ നിര്‍വൃതി എനിക്കറിയാനാവുന്നുണ്ട്. ഒരു ബിംബം കണ്ണില്‍ പതിക്കുന്നതിനും, അത് ഉള്ളില്‍ പകര്‍ത്തപ്പെടുന്നതിനുമിടയിലെ നൊടിനേരം. അതൊരു നാല്‍ക്കവലയല്ല, അപ്പോള്‍. അവിടെ തുടങ്ങി അവിടെ അവസാനിക്കുന്ന, ഒരു ബിന്ദു. തുടര്‍ന്നൊരു മിന്നലാക്രമണാണ് നടക്കുന്നത്. തക്കം പാര്‍ത്ത്, സുസജ്ജരായ വാക്കുകള്‍ എല്ലാവിധ ആധുനികയുദ്ധോപകരണങ്ങളുമായി കടന്ന് കയറ്റം തുടങ്ങുകയായി. കണ്ടതിനെ മുറിച്ച് മുറിച്ച്, പകുത്ത്, മറ്റുപലതുമായും തുന്നിക്കെട്ടി... അക്കങ്ങളിട്ട് കള്ളികളായിതിരിച്ച, നീണ്ട അലമാരകളാണ്, പലമുറികളില്‍. അവസാനം - വീണ്ടും അവശേഷിക്കുന്നത് ഒരു പിടി വളിച്ചുപുളിച്ച വാക്കുകള്‍. എവിടെയോ അടുക്കിവെച്ച്. അമ്മയെവിടെ? കുട്ടിയെവിടെ? നടന്ന് പോയ വഴിയെവിടെ? എനിക്ക് കാഴ്ചതന്ന ജനാലയെവിടെ? (കണ്ടില്ലേ ഞാനറിയാതെ ആക്രമണം നടക്കുന്നത്? അമ്മ, കുട്ടി, വഴി, ജനാല, നോക്കിനില്‍ക്കുന്ന ഞാന്‍ - ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ആ കോമയും, വേര്‍പെടുത്തലുമൊന്നും ഉണ്ടായിരുന്നില്ല. ഇല്ല. പഴുതുകളില്ല.)

***

ചിലതുണ്ട് - ഒരിക്കലും വാക്കിന്റെ, ചിന്തകളുടെ വാക്കത്തിയെ വകവെയ്ക്കാന്‍ കൂട്ടാക്കാത്തത്ര സാന്ദ്രമായവ. അത്തരം ദൃശ്യവിസ്മയം കണ്മുന്നില്‍ വന്നാല്‍ എന്റെയുള്ളിലെ വാക്കുകളെന്ന പേപ്പട്ടി നിര്‍ത്താതെ കുരച്ച് ഉള്ളിലൂടെ നെട്ടോട്ടമോടും. രാപ്പകലില്ലാതെ. തന്റെ ആര്‍ത്തിക്ക് വഴങ്ങാത്തതൊന്നും നിലനില്‍ക്കരുതെന്ന മുരടന്‍ വാശിയുമായി. ഇല്ല. ഈ കാന്‍സറിന് പരിഹാരമില്ല. ഇരുന്നുകൊടുക്കുകതന്നെ.

***

ഞാനൊരുപാട് എഴുതാത്തതെന്തെന്ന് അവളെന്നോട് ചോദിച്ചിട്ടുണ്ട്. നീ പോലും അകന്നത് ഇതേ വാക്കുകളെന്ന കാന്‍സറ് കൊണ്ടാവും, ഒരു പക്ഷെ.

***

എല്ലാ ഭാഷകളും തേച്ചുമാച്ചുകളയണം, എല്ലാ എഴുത്തുകളും കത്തിച്ചുകളയണം. എന്നിട്ട് മറ്റൊരു ജീവിതം തുടങ്ങണം.

Wednesday, September 9, 2009

സാമ്പാറിന്റെ സാംസ്കാരിക പിന്നാമ്പുറങ്ങള്‍‍, അതിലധിവസിക്കുന്നവരുടെ മനഃശ്ശാസ്ത്രവും

പരിപ്പുവറുത്തകറിയുടെ നിറവാര്‍ന്ന രുചിയെക്കുറിച്ച് ഒരു പാക്കിസ്ഥാനിയെന്നോട്
ഘോരഘോരം സംസാരിച്ചപ്പോഴാണ്
സാമ്പാറിന്റെ അടിത്തട്ടില്‍ അവശേഷിക്കപ്പെടുന്ന എന്റെ നാട്ടിലെ പരിപ്പിനെക്കുറിച്ച്,
അതിന്റെ അലിഞ്ഞില്ലാതാവുന്ന രുചിയെക്കുറിച്ച്,
ഞാന്‍ ആലോചിക്കാനിടയായത്.
ആ ചിന്തയുടെ ചരടില്‍ പിടിച്ചു നടന്ന ഞാന്‍ പ്രതീക്ഷിക്കാത്ത പല ഭക്ഷണശാലകളിലും
ചെന്നെത്തുന്നു.
ദോശക്കല്ലില്‍ വെച്ച് പുറം പൊള്ളിച്ചെടുത്ത തക്കാളിയുടെ,
നീളത്തിലരിഞ്ഞ്, നനവുമാറാതെ പാകം ചെയ്ത പയറ്, ബീന്‍സ്,
എവിടെയോ കഴിച്ചിട്ടുള്ള വെറും വെള്ളത്തില്‍ പുഴുങ്ങിയ ക്യാരറ്റിന്റെ തിളക്കം,
അങ്ങനയങ്ങനെ...

കുഴഞ്ഞുവെന്ത പാലക്കാടന്‍ മട്ടയുടെ ചോറില്‍,
സാമ്പാറൊഴിച്ച്,
അഞ്ചുവിരലും ചേര്‍ത്ത് ഞെരിച്ചുകുഴച്ചു വാരിവിഴുങ്ങി ഭ്രമംവന്ന എന്റെ ഇന്ദ്രിയങ്ങളില്‍‍,
പരിപ്പിന്റെ രോദനം കണ്ണീരുപൊടിയിക്കുമോ?