ഗസ്സ ആക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ മുറയ്ക്ക് നടക്കുന്ന പലസ്തീനിലേക്കുള്ള കടന്നുകയറ്റത്തെപ്പറ്റിയും, യുദ്ധമെന്നപേരിലുള്ള വംശഹത്യയെക്കുറിച്ചും എഴുതുന്നു, റിച്ചാറ്ഡ് സെയ്മൂര്‍ ഇവിടെ. അത് അനിവാര്യമാക്കുന്ന അവസ്ഥയെപ്പറ്റി. ഈ നടന്ന കൊലപാതകവും കടന്നുകയറ്റവും നാശവും തന്നെ ഒരുതരത്തില്‍ വലിയ തമാശയാണ്. ഹമാസിന്റെ മിസൈല്‍ തൊടുക്കാനുള്ള കഴിവ് നശിപ്പിക്കാനാണ് യുദ്ധം തുടങ്ങിയതെന്നാണ് ഇസ്രായേല്‍ പറയുന്ന കാരണം. അപ്പോ യുദ്ധവിരാമത്തിന്ന് പിറകെ ഹമാസ് തൊടുത്തത് മിസൈലല്ല, ചോദ്യചിഹ്നമാണ്. അതെന്തിങ്കിലുമാവട്ടെ. ഇസ്രായേല്‍ എന്തുകൊണ്ട് ഇത് - അധിനിവേശവും മറ്റും - തുടരുന്നു എന്നതാണ്, ശ്രീ. സെയ്മൂര്‍ വ്യക്തമാക്കുന്നത്. 5% വാര്‍ഷിക വളര്‍ച്ച, ജനസംഖ്യയില്‍. ഒരുപാട് ജനസംഖ്യകൂടിയാല്‍ ജൂതന്മാറ് എങ്ങോട്ട് പോകും?
ഇസ്രായേല്‍ എന്നത് പരിപൂര്‍ണനിവാരണ(Holocaust)ത്തിന്റെ കാലത്തെ അതിജീവിക്കുന്ന സ്മാരകമാണ്. ആ ഭൂവിഭാഗം കോണ്‍സണ്ട്രേഷന്‍ ക്യാമ്പ് സമാനതയുടെ (Concentration camp Uniformity) ബൃഹത്തായ പരീക്ഷണശാലയാണ്. നൂറ്റാണ്ടുകളിലൂടെ പടര്‍ന്ന, വേരുപിടിച്ച, നൈസ്ര്ഗിഗമായിത്തീര്‍ന്ന ജൂതവിരോധത്തിന്റെ പരിസമാപ്തിയും. ഒറ്റപ്പെട്ട, ഒരു കിറുക്കന്റെ ചപലതയായി ഹോളോകോസ്റ്റിനെ എഴുതിത്തള്ളുകയെന്നത് ഇനിയും അത്തരം സംഭവങ്ങള്‍ സാദ്ധ്യമാക്കാനുള്ള സാഹചര്യങ്ങള്‍ അവശേഷിപ്പിക്കലാവും. എന്തുകൊണ്ട് ഇസ്രായേല്‍ എന്നത്, അതുകൊണ്ട് തന്നെ , പലസ്തീന്‍ പ്രശ്നത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമാണ്. പാശ്ചാത്യചിന്താധാരകളില്‍ ഈ ചോദ്യം വിരളമായിപ്പോലും വെളിച്ചം കാണില്ല. പ്രാചീനകാലഘട്ടത്തിലെ പലസ്തീന്‍ അധിനിവേശങ്ങളും - പേര്‍ഷ്യന്‍,ബാബിലോണിയന്‍, യവന-റോമന്‍ -, ആധുനികകാലജൂതവിരോധവും പരിപൂര്‍ണ്ണമായും വ്യതിരിക്തമാണെന്ന് കാണുന്നതിലൂടെ മാത്രമേ ഈ ചോദ്യത്തിന്റെ ഇളക്കിമറിക്കുന്ന വെളിപ്പെടുത്തലുകളിലേക്ക് എത്തിച്ചേരാനാവുകയുള്ളൂ. ഇരകളും, ‘മറ്റവനും സൃഷ്ടിക്കപ്പെടുന്ന വഴികള്‍, ഒരു പക്ഷെ, ഏറ്റവും ഗൂഡമായ പാന്ഥാവുകളും, ദുര്‍ഗ്രഹങ്ങളായ സരണികളും ഉള്‍ച്ചേര്‍ന്നതാവും. കാലത്തിന്റെ മറ്റൊരുകോണിലിരുന്ന് മാര്‍ട്ടിന്‍ അമിസ്സിന്റെ ലേഖനവും, ലൈലയുടെ മറുപടിയും വായിക്കുന്നവന് ചികഞ്ഞെടുക്കാനാവില്ല, ഇന്ന് വളര്‍ന്നുവരുന്ന മറ്റൊരു വേര്‍തിരിക്കല്‍ യജ്ഞത്തിന്റെ നാള്‍വഴികല്‍. ഗസ്സ ആക്രമണത്തിനെതിരെ ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച പ്രതിഷേധങ്ങളുടെ അന്തര്‍ദ്ധാര ജൂതവിരോധമാണെന്ന് ഒരു അമേരിക്കന്‍-ജൂത എഴുത്തുകാരി പറയുന്നത് ‘പൊട്ടത്തമാശ’യായി തള്ളിക്കളയുകയുമരുത്. കോളോണിലെ സിനഗോഗില്‍ തോറ സൂക്ഷിച്ചത്കൊണ്ട് 1968-ലെ പോളണ്ട് സംഭവങ്ങള്‍ ഇല്ലാതാക്കാനാവില്ല. കുഴിച്ചുകുഴിച്ചു ചെന്ന് ഞെട്ടലോടെ പിരിച്ചെടുക്കലില്‍, വേര്‍പെടുത്തലില്‍, കളംതിരിക്കലുകളില്‍,നവോത്ഥാനത്തില്‍ത്തന്നെ എത്തിയാല്‍, നമുക്ക്, ബാക്കിയാവുന്ന ഞരക്കങ്ങല്‍ പെറുക്കിവെക്കാം.

1 comments:

ഗൗരവമാര്‍ന്ന വിഷയം, നല്ല ഭാഷ. നന്ദി.

neeraj said...
January 24, 2009 at 4:25 AM  

Post a Comment