Wednesday, July 25, 2012

ദർഘാസ് പരസ്യം: എന്നെയും നിന്നെയും പുനർനിർമ്മിക്കൽ.

മഴ

പേമാരിയിൽ
ഇറയത്തേക്ക് വാലൊതുക്കി നിന്ന
ശോഷിച്ച നായയുടെ ഓർമ്മകളിൽനിന്ന്,

അല്ലെങ്കിൽ,

തേക്കിലത്തുളയടവിലൂടെ
ഊർന്നിറങ്ങിയ തുള്ളികൾ
അലൂമിനിയപ്പാത്രത്തിൽ തീർത്ത
അനാദിസംഗീതത്തിൽനിന്ന്,

മോചിതമാകുന്നതിന്റെ
പിറ്റേന്ന്.

പറഞ്ഞില്ലെങ്കിൽ കഴുത്തറുക്കപ്പെടുമെങ്കിൽ,

ഞരക്കങ്ങൾ.
നെടുവീർപ്പുകൾ.
വിറയലുകൾ...

ചൂണ്ടാൻ വിരൽപോലുമില്ലാത്തവ.
മറ്റൊന്നുമല്ലാതെ,
തന്നെത്തന്നെത്തന്നെ.

നിഘണ്ടുവിൽനിന്നും,
ചരിത്രത്തിൽനിന്നും,
നാടുകടത്തപ്പെട്ടവ.

തിരകളുടെ തള്ളിച്ചയില്ലാത്ത
കടൽ.
ലൈലാമജ്നൂനെ
നിത്യഗർഭത്തിലില്ലാത്ത
പ്രണയം.

Monday, February 20, 2012

ഉച്ചരിക്കലെന്ന വീണ്ടെടുക്കൽ

ചിലിയിലെ ആത്തക്കാമ മരുഭൂമിയിൽ നിന്ന് ജ്യോതിർന്നിരീക്ഷണശാലയുടെ പോളകൾ പോലെ സംവിധായകനൊപ്പം എന്റെയും നിങ്ങളുടെയും കൺപോളകൾ തുറക്കുന്നത് ഭുതത്തിന്റെ അടരുകളിലേക്കാണ്. ‘വർത്തമാനം’ എന്നതേ ഒരർത്ഥത്തിൽ ഇല്ല എന്ന് ഒരാൾ അഭിമുഖത്തിന്നിടയിൽ പറയുന്നുണ്ട്.

nostalgia-for-the-light_postereyelids

ഈ മൂന്നടരുകളും മൂന്ന് കാലത്തിന്റെ ശേഷിപ്പുകളാണ്, മുകളിലോട്ട് ചെരിയുന്ന കണ്ണുകൾ കാണാൻ ശ്രമിക്കുന്ന പ്രപഞ്ചോൽപ്പത്തിയുടെ അടയാളങ്ങൾ, പൂർവ്വ-കൊളംബിയൻ സമൂഹം തങ്ങളെ രേഖപ്പെടുത്തിയ മരുഭൂവിലെ ചിത്രങ്ങൾ, പിനോഷെ കുഴിച്ചുമൂടിയവരുടെ ശരീരബാക്കി.

lightlight1

ഈ മരുഭൂമി അതിന്റെ ഭൗമഭൗതികസവിശേഷതകൾകൊണ്ട് ഇവയ്ക്കെല്ലാം ഇടമാവുകയാണ്. ഇതിലേക്ക് തിരിച്ചുവെക്കുന്ന മനസ്സെന്ന ദൂരദർശിനി മനുഷ്യാവസ്ഥയെ, കാലത്തെ, ഓർമ്മകളെ, മറവിയെ, സൃഷ്ടിയെ, ചാക്രികതകളെപ്പറ്റിയൊക്കെയുള്ള ഒരു മനനമായി നമുക്കുമുന്നിൽ.

ഇതിലെ ഓരോ കാഴചക്കുമുണ്ട് അതതിന്നുതകുന്ന ഒരു ദൃശ്യവ്യാകരണം. അതിവിദൂരതയെ ധ്യാനിക്കുന്ന ദൂരദർശിനിയിലെ ദൃശ്യങ്ങളും, ആ ഉപകരണങ്ങളും കാണിക്കുന്ന തിളക്കം, മിന്നലാട്ടം, മിനുക്കം.

shining2shinning

shining4shining3

ഞങ്ങളുമുണ്ടായിരുന്നു ഇവിടെയെന്ന് മിടിച്ചുണർത്തിക്കുന്ന, പണ്ടെങ്ങോ ജീവിച്ചിരുന്ന ഒരു മനുഷ്യകുലത്തിന്റെ വരകൾ. അതിലെ ഭവ്യത. അശരണത. ശാന്തത. ഇതിലപ്പുറം ഞങ്ങളൊന്നും ആഗ്രഹിക്കുന്നില്ല തന്നെ എന്ന് പതം പറയുന്ന വിനയം. ഒരു കാഴ്ചയിൽ തിരിച്ചെടുക്കാനാവാത്തതെന്ത്?

second levelsecond2second3socnd

സമീപഭൂതത്തിന്റെ ദൃശ്യങ്ങൾ ചാരനിറമാർന്ന ദൈന്യതയാവുന്നത്, കാറ്റിലുലയുന്ന ദുർബലതയാവുന്നത്, ക്ലാവുപിടിച്ച സങ്കടഹർജിയാവുന്നത്. ആരോ വെച്ചുപോയ പൂവുകളുടെ നിറം പോലും വിഴുങ്ങുന്ന നരയിൽ തൊഴുകൈയ്യാവുന്നത് – ഇതാണ് കുഴിച്ചുമൂടപ്പെട്ടവന്റെ ഭാഷാശൈലി.

greyspoonsremains1grave

ഒരിടത്ത് പിനോഷെയുടെ കാരാഗൃഹത്തിൽനിന്നും ജീവനോടെ ബാക്കിയായ ഒരാൾ പറയുന്നുണ്ട്, സൈന്യം അസ്ട്രോണമി പഠനം നിരോധിച്ചുവെന്ന്; നക്ഷത്രവൃന്ദങ്ങളെ വഴികാട്ടികളാക്കി അവർ രക്ഷപ്പെടാൻ ഇടയുണ്ടെന്ന് ചിന്തിച്ച്. പക്ഷെ ഇത് പറയുന്നതിന്ന് തൊട്ട് മുമ്പ് താരസമൂഹത്തിലേക്ക് നോക്കുന്നത് തങ്ങളെ സ്വതന്ത്രരാക്കിയെന്ന് ഇയാൾ ഓർമ്മിക്കുന്നുണ്ട്. ലൂയി എന്ന ഈ തടവുകാരൻ തടങ്കലിനെ അതിജീവിക്കുന്നത് താരസമൂഹത്തിലേക്ക് നോക്കുക വഴി തന്റെയുള്ളിലെ സ്വാതന്ത്ര്യത്തെ കെടാതെ നിർത്തിയിട്ടാണെന്നും. ചുമരിൽ നഷ്ടപ്പെട്ടുതുടങ്ങിയ പേരുകളെ ഓർമ്മചേർത്ത് മുഴുമിപ്പിക്കുന്ന ഇയാളുടെ വിരലുകൾക്കു കുറുകെപ്പോകുന്ന കാലത്തിന്റെ വിരലുകളാണ് ഇവിടെയും കാതൽ - പിന്നെയും, സ്പർശമെന്നത് അപ്പോഴേക്കും വീണ്ടെടുക്കലിന്റെ തുടർച്ചയാവുന്നു.

പിന്നെയുമൊരിടത്ത് ഒരഭിമുഖത്തിന്നിടെ, മരുഭൂമിയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങൾ തേടി അലയുന്നവരെക്കുറിച്ച് വാനനിരീക്ഷകനായ ഒരാൾ പറയുന്നു:

What is strange is that society should understand these women better than it does astronomers. But the opposite is true. Society has a greater understanding of the astronomers, in their search for the past than of these women who search for human remains.

ഞാനും നിങ്ങളും കിടന്ന് പുളയ്ക്കാൻ തിക്കിത്തള്ളൂന്നത് മുനയില്ലാത്ത ഭൂതത്തിന്റെ ഭാസുരതയിലാണ്, ദൈനംദിനവ്യാപാരത്തിന്റെ ഏകതാനതയിൽ ഓളങ്ങളുണ്ടാക്കാത്ത ഭൂതം. ഇത്തരമൊരു ചിന്താപഥത്തിന്റെ ദ്വന്ദ്വത്തെ പക്ഷെ അവസാനഭാഗത്ത്, മാതാപിതാക്കൾ നഷ്ടപ്പെട്ടിട്ടും പിടിച്ചുനിൽക്കുന്ന, ഭാവിയേക്കുറിച്ച് ചിന്തിക്കുന്ന, വാനനിരീക്ഷണം ജീവിതവൃത്തിയാക്കിയ ഒരു സ്ത്രീയിലൂടെ ഫലഫത്തായി അനുരഞ്ജിപ്പിക്കുന്നുണ്ട്. അവർ പറയുന്നു…

I tell myself it's all part of a cycle which didn't begin and won't end with me, nor with my parents or with my children. I tell myself we are all part of a current, of an energy, a recyclable matter. Like the stars which must die so that other stars can be born, other planets, a new life. In this context, what happened to my parents and their absence takes on another dimension.

ഒരുപക്ഷേ അതിലാവും തിരിച്ചെടൂക്കലിന്റെ ചാക്രികതയുടെ അരുളപ്പാടുള്ളത്. അങ്ങങ്ങ് പ്രപഞ്ചത്തിന്റെ മറുകോണിലെ ദൂരദർശിനിയിൽ പതിയുന്ന കാൽസ്യത്തിന്റെ അടയാളങ്ങൾ, ഇങ്ങ് കുഴിച്ചുമൂടപ്പെട്ടവന്റെ തൂർന്നുവീണ അസ്ഥിയടരുകളിലെ കാൽസ്യത്തിൽ കാണുന്നവന്റെ മോചനം. ഒന്നും പൂർണ്ണമായും നഷ്ടപ്പെടുന്നില്ലെന്ന സാന്ത്വനം.

calciumcalcium2

ഇല്ലാതായവരെക്കുറിച്ച് സംസാരിക്കുന്നതിന്നിടെ പറയുന്ന വാക്കുകൾ, നിയമം, ഗവർമെന്റ്, മറ്റു പലരും പലതും ചെയ്യും, പക്ഷെ തുടച്ചുനീക്കപ്പെട്ടവർക്ക് നിർബന്ധമായും കിട്ടിയിരിക്കേണ്ടത് ഓർമ്മയാണെന്നാണ്. ഓർമ്മിക്കപ്പെടാനുള്ള അവകാശം.

I am convinced that memory has a gravitational force. It is constantly attracting us. Those who have a memory are able to live in the fragile present moment. Those who have none don't live anywhere.

തുടക്കത്തിലേ പറയുന്ന വർത്തമാനമെന്ന ഇല്ലായ്മയുമായാണ് ഇത് ഇഴചേരുന്നത്. Every moment is always already past.

citycity2

അവസാനിക്കാത്ത തിരച്ചിലിൽ ജീവിതം മാറ്റിവെച്ചവർ പിന്നെ വാനനിരീക്ഷണകേന്ദ്രത്തിലെത്തുന്നുണ്ട്, അവരിലേക്ക് താരധൂളികൾ പെയ്യുന്നുണ്ട്. പിന്നെ ഈ പറച്ചിലും, മേശയിൽനിരത്തിവെച്ച ഗോലികൾ കാട്ടി:

Whilst making this film, looking back, I fund in these marbles the innocence of the Chile of my childhood. Back then each of us could carry the entire Universe in the depths of our pockets.

stardust sarroundmarbles

മനനം.

Thursday, February 16, 2012

ചാവാലി

ഇതിനകത്ത് സങ്കീർണ്ണമായി ഒന്നും തന്നെയില്ല അയാൾ പറയുകയാണ് സങ്കീർണ്ണതയേയില്ല പട്ടികൾ പട്ടികളായിത്തന്നെ തുടരും അവസാനിക്കും അതിലപ്പുറം സങ്കീർണ്ണമായി ഒന്നുമില്ല ചികഞ്ഞ് പരിശോധിക്കുന്നതിൽ കാര്യമില്ല തോറ്റുകൊണ്ടിരിക്കുന്നയാൾ തോറ്റുകൊണ്ടേയിരിക്കും അയാൾ പറയുന്നു പണ്ട് സ്കൂളിൽ ചേരാൻ പോയപ്പോൾ അധികാരികൾ പല കാര്യങ്ങൾക്കായി പണം ആവശ്യപ്പെട്ടതിനെപ്പറ്റി അയാൾ പറയുകയാണ് അയാളും അയാളുടെ പെങ്ങളും അത്രയ്ക്കൊന്നും മുതിർന്നതല്ലാത്ത പെങ്ങളും അയാളും അയാളെ സ്കൂളിൽ ചേർക്കാൻ പെങ്ങളും അയാളും പോയതിനെപ്പറ്റി അയാൾ പറയുകയാണ് അവർ പെങ്ങളോട് രക്ഷിതാവെവിടെ എന്ന് ചോദിച്ചതിനെപ്പറ്റി അവർക്ക് ചോദിച്ച പണം കൊടുക്കാൻ അയാളുടെയും പെങ്ങളുടെയും കയ്യിൽ ഉണ്ടായിരുന്നില്ല ആവുമായിരുന്നില്ല അയാൾ പറയുന്നു അതിനാണ് അവർ രക്ഷിതാവിനെ തിരക്കിയത് അയാൾ ആ സാഹചര്യം നേരിടാനാവാതെ പൊട്ടിക്കരഞ്ഞുവെന്ന് കൂടെ വന്ന പെങ്ങളും പൊട്ടിക്കരഞ്ഞുവെന്ന് അയാൾ പറഞ്ഞു 'ഞങ്ങൾ രണ്ടു പേരും ഒരേ താളത്തിൽ കരഞ്ഞു' അയാളുടെ വാക്കുകളാണ് സ്കൂളിൽ ചേരാനായി വന്ന മറ്റൊരു കുട്ടി എന്തിന്നു കരയണം, അതിന്റെ ആവശ്യമില്ല കൂടെ വരാൻ വീട്ടിൽ ആളില്ലെങ്കിൽ ഇല്ല അത്ര തന്നെ അതിനു കരയേണ്ടതില്ല അത്രയേ ഉള്ളൂ എന്ന് മറ്റൊരു കുട്ടി പറഞ്ഞുവെന്ന് അയാൾ പറയുകയാണ് അത് കേട്ടിട്ടും പക്ഷെ അയാൾ കരഞ്ഞു അണ്ടർഡോഗ്സ് എന്നും അങ്ങനെയാണെന്ന് അയാൾ പറഞ്ഞു ഇത് പറയുമ്പോൾ പിന്നീട് പലപ്പോഴായി കടന്നുപോയിട്ടുള്ള സമാനമായ സാഹചര്യങ്ങളെക്കുറിച്ച് അയാൾ പറയാൻ തുടങ്ങി പലപ്പോഴായി വളരെയടുത്തവരിൽനിന്നുപോലും സഹിക്കേണ്ടിവരുന്ന നിന്ദയെപ്പറ്റി അയാൾ പറയുകയാണ് നടന്നുനീങ്ങാൻ ഒഴിഞ്ഞുമാറാൻ അവസരമുണ്ടായിട്ടും തലവെച്ചുകൊടുക്കുന്നതിനെപ്പറ്റി അയാൾ പറയുകയാണ് തല കൊണ്ടുപോയി വാളിന്നുമുന്നിൽ നീട്ടിപ്പിടിച്ച് നിൽക്കുന്നതിനെപ്പറ്റി അയാൾ പറയുന്നു തിരികെയെടുക്കാൻ തല തിരികെയെടുക്കാൻ സാഹചര്യമുണ്ടായിട്ടും തല നീട്ടിത്തന്നെ ഇരിക്കുന്നതിനെപ്പറ്റി അയാൾ പറയുകയാണ് അണ്ടർഡോഗ്സ് അങ്ങനെയാണ് ഞരങ്ങാനുള്ള മുക്രയിടാൻ പോലുമുള്ള അവയവങ്ങളെക്കുറിച്ച് മറന്നുപോവുന്നതിനെപ്പറ്റി അയാൾ പറയുകയാണ് പതിയെപ്പതിയെ ഞാൻ എന്ന പ്രതിസംജ്ഞ മൊത്തമായും മറവി ബാധിച്ച് പൊടിഞ്ഞില്ലാതാവുന്നതിനെപ്പറ്റി അയാൾ പറയുകയാണ് അണ്ടർഡോഗ് ഉണ്ടാകുന്ന മനുഷ്യസാഹചര്യങ്ങളുടെ ഇരുണ്ട ഈടുവഴികളെപ്പറ്റി അയാൾ പറയുകയാണ്...