Thursday, February 12, 2009

കുമിഞ്ഞുകൂടല്‍

ഹരേമക്കത്ത് എന്നതായിരുന്നു സ്ഫിങ്സിന്റെ ആദ്യത്തെ പേരെന്നും അതിനര്‍ത്ഥം ചക്രവാളത്തിലെ ഹോറസ് ആണെന്നും ഊഹിക്കുക. സ്ഫിങ്സ് എന്നത് വളരെക്കാലത്തിന്ന് ശേഷം വന്നതാണ്. അതിനിടയില്‍ മറ്റു പലതും സംഭവിച്ചു. അറബി ഭാഷയില്‍ ഇന്നും എന്നും സ്ഫിങ്സിന്റെ നാമം ‘അബു-അല്‍ ഹൌള്‍’ എന്നാണ്, ഭീകരതയുടെ പിതാവ് എന്നര്‍ത്ഥം വരുന്ന പ്രയോഗം. കോപ്റ്റിക്ക് ഭാഷയിലെ ബെല്‍ഹൌബ എന്ന പദത്തില്‍നിന്ന് ഉല്‍ഭവിച്ചു വന്നത്. ഒരു കാലത്ത് സ്ഫിങ്സ് മണല്‍ വന്ന് മൂടി തലമാത്രം കാണാന്‍ പാകത്തിന് നില്‍ക്കയായിരുന്നു.ഫാത്തിമൈറ്റ് കാലഘട്ടമടക്കം ഒരുപാട് കാലം. പത്തൊമ്പതാം നൂറ്റാണ്ടില്‍ മറ്റ് ശരീരഭാഗങ്ങള്‍ കുഴിച്ചു പുറത്തെടുക്കും വരെ. തലമാത്രമായി പുറത്ത് കണ്ട രൂപം നൈലിലെ ജലവിതാനത്തെ നിയന്ത്രിച്ചുവെന്നും മറ്റും ഒരു ജനത വിശ്വസിച്ചുകാണണം. അബു-അല്‍ ഹൌള്‍ എന്നത് തലയുടെ പേരായിരുന്നു. മറ്റു ഭാഗങ്ങള്‍ പുറത്ത് വരുമ്പോഴേക്കും അബു-അല്‍ ഹൌളിന്റെ പുറത്ത് മറ്റൊരു മണല്‍ അടിഞ്ഞടിഞ്ഞ് കൂടി പര്‍വ്വതരൂപമായി. കുഴിച്ചുമാറ്റാവുന്നതിനപ്പുറം.

0 comments: