Thursday, July 16, 2020

അലക്സാണ്ഡ്രിയ, ഫുസ്താത്ത്, പാതകൾ


'വാട്ട് ഡൂ യൂ വാണ്ട്?'
'ടർക്കിഷ് കോഫി'
'സിംഗ്ൾ ഓർ ഡബ്ൾ?'
'ഡബ്ൾ'
'ശുക്കർ?'
'മസ്ബൂത്ത്.'

കൈറോ-അലക്സാണ്ഡ്രിയ ഡെസെർട്ട് റോഡിൽ, അലക്സാണ്ഡ്രിയക്കടുത്തുള്ള ഒരു പെട്രോൾ പമ്പിലെ മിനി മാർക്കറ്റിൽ രണ്ട് സഹപ്രവർത്തകർക്കൊപ്പമാണ്. ഒന്ന് ഒരു ഈജിപ്ഷ്യൻ, മറ്റേതൊരു ജർമ്മൻ. സംസാരം പലതിലൂടെ പടർന്ന് മതം, അഭയാർത്ഥികൾ എന്നിവയിലൊക്കെ എത്തുന്നു. കണ്ണു പാളി വീഴുന്നത് റോഡിലേക്കാണ്, അപരാഹ്നത്തിൽ മുകളിലൂടെ ചീറിപ്പോയ, ഇനിയും വരാനിരിക്കുന്ന വണ്ടികളെക്കുറിച്ചോർത്തെന്ന പോലെ ക്ഷീണിതശരീരമായി  റോഡ്. കടന്നുപോവുന്ന വഴിയെന്നതിന്റെ നിസംഗസാക്ഷ്യം.

സായിപ്പ് പറയുന്നു, 'എനിക്ക് മനസ്സിലാവുന്നില്ല, എങ്ങനെ ഇത്രയ്ക്ക് മതബോധം?'

'ആളുകൾ എങ്ങനെയെങ്കിലുമൊക്കെ ജീവിക്കട്ടെ. അർത്ഥം കണ്ടെത്തട്ടെ' എന്ന എന്റെ മറുപടിയിൽ അയാൾ തൃപ്തനാവുന്നില്ല.

'ഈ അഭയാർത്ഥികൾ. മൂന്നാം തലമുറയിൽപ്പോലും ശരിയായ ആക്സന്റില്ല.'

കാഴ്ചകളെല്ലാം സബ് സ്പ്സീ എയിറ്റേർണിറ്റാറ്റിസാവുന്നു. ചരടുകൾ അഴിയുന്നേയില്ല. മനുഷ്യമനസ്സുപോലെ മറ്റൊരു നെയ്ത്തുകാരനില്ല, പ്രപഞ്ചമാണ് അവന്റെ ഗുരു.


ദശകങ്ങൾക്ക് മുമ്പ്, മറ്റൊരു അപരാഹ്നത്തിൽ, പച്ചപ്പു കനക്കുന്ന കാഴ്ചവട്ടങ്ങളിൽ വെയിൽ പോക്ക് അത്രയേറെ അശരണതയാവാത്ത, നാട്ടിന്റെ അപരാഹ്നത്തിൽ.

'ഇഞ്ഞി എന്താ ബായിക്കുന്നെ?'

ഞാൻ ഹിയറോഗ്ലിഫിക്ക് പോലെ അനുഭവപ്പെട്ടിരുന്ന ആംഗലേയം പെറുക്കിപ്പെറുക്കി പറയുന്നു:

"നിങ്ങൾ ചെറുപ്പമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു; പക്ഷേ നിങ്ങളെ ഞാൻ കൂടുതൽ ഭയപ്പെടുകയാണ് വേണ്ടതെന്ന് എനിക്ക് തോന്നുന്നു. എനിക്ക് പുരുഷന്മാരെ ഇഷ്ടമാണ്, പ്രത്യേകിച്ച് ഉരുണ്ട് ബലിഷ്ഠമായ കരങ്ങളുള്ള ചെറുപ്പക്കാർ; പക്ഷേ എനിക്കവരെ പേടിയാണ്. നിങ്ങൾ വൃദ്ധനും മെലിഞ്ഞവനുമാണ്; എന്നാൽ നിങ്ങളുടെ ശബ്ദം മനോഹരമാണ്; നിങ്ങൾക്ക് അൽപ്പം കിറുക്കുണ്ടെന്ന് ഞാൻ കരുതുന്നെങ്കിലും സംസാരിക്കാൻ ആരെങ്കിലും  വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കിറുക്കൻ രീതിയിൽ നിങ്ങളെ സംസാരിപ്പിക്കുന്നത് ചന്ദ്രനാണ്."

ക്ലിയോപാട്ര പറയുന്നു, സീസറോട്, ഉരുണ്ടുബലിഷ്ടമായ കൈകളുള്ള ആന്റണിയെപ്പറ്റി. പിന്നീട് തിയോഡോട്ടസ് അലമുറിയിട്ട് വന്ന് 'വാക്കുകളിലൊതുക്കാനാവാത്ത ഭയാനകത' എന്ന് സീസറിനോട് വിളിച്ചുപറയുന്ന അതേ സീസറും ക്ലിയോപാട്രയും.  ലോകാൽഭുതങ്ങളിൽ പ്രഥമമായത് തീയിൽ എന്ന്, ബിബ്ലിയോത്തേക്ക അലക്സാണ്ഡ്രിയ തീയിലെന്ന്, മനുഷ്യന്റെ ഓർമ്മകളും ചരിത്രവും കത്തുന്നു എന്ന് തിയോഡോട്ടസിന്റെ നിലവിളി.

വഴികളുടെ പുരാണങ്ങളാണ്.

വാഹനങ്ങൾ പോകുന്ന വഴികൾ. മനുഷ്യവംശങ്ങൾ പോകുന്ന വഴികൾ. സംസ്കാരങ്ങൾ പോകുന്ന വഴികൾ. തലതിരിച്ച് റോഡിന്റെ ഇടതുദിശയിലേക്ക് നോക്കുമ്പോൾ കാണുന്നത് മറ്റൊരു ലോകമാണ്.

റബ്ബിനിക്കൽ കോടതി, ഫുസ്താത്ത്. നടപടിക്രമങ്ങൾ.
ഫുസ്താത്ത്, നവമ്പർ 9, 1097

ജെകൂത്തിയൽ അൽ-ഹക്കീമും ജോസഫ് ലെബ്ദിയുമായുള്ള അന്യായവ്യവഹാരം.

ഈജിപ്തിലെ നൈൽ നദീ തീരത്തെ  ഫുസ്താത്തിൽ നമുക്ക് പരിചിതമായ വർഷക്രമത്തിൽ 1409 കീസ്ലെവ് 2 തിങ്കളാഴ്ചയാണ് ഇത് നടന്നത്.

അയാൾ തുടർന്ന് ബോധിപ്പിച്ചു:

"ഫുസ്താത്തിൽ ചുങ്കത്തിനുള്ള ചെലവുകളും ഖൂസ് തുറമുഖത്തേക്ക് ബോട്ടിൽ ചരക്കുനീക്കത്തിനാവശ്യമായ ചിലവും ഞാൻ ഒടുക്കി. ദൈവം അനുവദിക്കുന്നതെന്തും വിൽക്കാനും വാങ്ങാനും ഞാൻ അവന്റെ കയ്യിൽ എല്ലാം കൊടുത്തയച്ചു. അദ്ദേഹത്തോട് ഞാൻ പറഞ്ഞു: “ദൈവം തുണച്ച് നിങ്ങൾ സുരക്ഷിതമായി ഏദനിൽ എത്തിച്ചേരുകയാണെങ്കിൽ, ചരക്കിന്റെ പകുതിഭാഗം ഹസൻ ബിൻ ബുന്ദാറിന്റെ ഏജൻസി വഴി എനിക്ക് കുരുമുളക് വാങ്ങാനായി കുരുമുളകിന്റെ രാജ്യമായ മനീബാറിലേക്ക് അയയ്ക്കുക. ബാക്കി പകുതി നിങ്ങൾ നഹ്ര് വാരയിൽ എത്തുന്നത് വരെ നിങ്ങളുടെ കൈവശം വെക്കുക, അവിടെ എത്തിയാൽ എനിക്ക് വേണ്ടി നിങ്ങൾ അരക്ക്‌ വാങ്ങണം, എന്നിട്ട് അത് തിരികെ വരുമ്പോൾ കൂടെ കൊണ്ടുവരണം".

മനീബാർ. Manībār. Manibār. Munaybār. Mīnābār. Malibār. Malībār. Munaybār. Mulaybār.

വഴികളുടെ പുരാണങ്ങളാണ്.

എന്റെയും നിങ്ങളുടെയും അപ്പൂപ്പന്മാർ നുള്ളിയെടുത്ത കുരുമുളക് നടന്ന വഴികൾ. കൈറോ ഗെനീസയിൽ രേഖപ്പെടുത്തപ്പെട്ട നമ്മുടെ ജീവിതരേഖകൾ. ദൈവത്തിന്റെ നാമം പേറുന്നു എന്നതുകൊണ്ട് കത്തിക്കാനാവാതെ ഒരു സിനഗോഗിന്റെ മൂലയിൽ കൂട്ടിവെച്ചിരുന്ന ഗെനീസ. കയിറോ. മിസ്ർ. ഫുസ്താത്ത്.


അവിടെയും കിതച്ചുനിൽക്കുന്നില്ല. ഫുസ്താത്ത് എന്ന കൂടാരം. മിസ്ർ-അൽ-ഫുസ്താത്ത്. കൂടാരങ്ങളുടെ നഗരം. അമർ ഇബിൻ അൽ ആസ്. മിസ്ർ എന്ന നാഗരികത.

റോഡ് വെയിൽ തട്ടി പഴുക്കുന്നു. മരിചികയിൽ തെളിയുന്ന മറ്റ് കാഴ്ചകൾ.

'എന്നാലും, മൂന്നാം തലമുറയിലെ കുടിയേറ്റക്കാരുടെ ആക്സന്റ്!' എന്ന് സുഹൃത്തിന്റെ ശബ്ദം വീണ്ടും.

"ഇപ്പോൾ ഞാൻ വീണ്ടും സ്വീകരണമുറിയിൽ നിൽക്കുകയാണ്, ലൂയിസ എഴുതുന്നു. വിഷാദം കനച്ച,  കരിങ്കല്ലു പാകിയ ഹാളിലൂടെ നടന്നെത്തിയതാണ് ഞാൻ. ആ കാലങ്ങളിൽ എല്ലാ ദിവസവും ചെയ്യുന്നത് പോലെ ശ്രദ്ധയോടെ എന്റെ കൈ വാതിൽപ്പിടിയിൽ വെച്ച്, താഴേക്ക് തള്ളി വാതിൽ തുറന്നു. അകത്ത് ചെരുപ്പിടാതെ വെളുത്ത മരം പാകിയ നിലത്ത് അൽഭുതത്തോടെ മുറിയിലെ വിവിധങ്ങളായ വസ്തുക്കളിലേക്ക് നോക്കി നിന്നു. തൊങ്ങല്‍ പിടിപ്പിച്ച പച്ചനിറത്തിലുള്ള രണ്ട് വെൽവെറ്റ് കസേരകൾ. ഇളം ചെറിമരനിറമുള്ള മേശ. അതിനുമുകളിൽ അർധവൃത്താകൃതിയിൽ ഒരു ഫ്രെയിമിൽ മെയിൻസ്റ്റോക്ക്ഹൈമിലെയും ല്യൂട്ടർഷൗസനിലെയും ഞങ്ങളുടെ അഞ്ച് ബന്ധുക്കളുടെ ചിത്രങ്ങൾ. പിന്നെ ഒരു ഫ്രെയിമിൽ പപ്പയുടെ സഹോദരിയുടെ ചിത്രം. ആളുകൾ പറഞ്ഞു, പപ്പയുടെ സഹോദരി മൈലുകളോളമുള്ള പ്രദേശത്ത് ഏറ്റവും സുന്ദരിയായ പെൺകുട്ടിയായിരുന്നുവെന്നും, ഒരു യഥാർത്ഥ ജർമ്മാനിയ ആയിരുന്നുവെന്നും. ചുവരിനോട് ചേർന്നു നിൽക്കുന്ന മരപ്പെട്ടിയുടെ മുകളിൽ, ഏതോ ഒരു താൾ തുറന്ന്, ആലങ്കാരികമായി ചുവപ്പിൽ സുവർണ്ണമുന്തിരി വള്ളികൾ  തുന്നിയ ഫോളിയോ വലുപ്പമുള്ള ഒരു പുസ്തകം. മമ്മ പറയുന്നു, ഇത്, എന്റെ ഏറ്റവും പ്രിയങ്കരനായ കവി ഹെയിനിന്റെ പുസ്തകമാണ്."

ലൂയിസയുടെ ഓർമ്മകളാണ്, സെയിബോൾഡ് നനുത്ത ശബ്ദത്തിൽ പറയിക്കുന്നത്. സെയിബോൾഡ് ആവശ്യപ്പെട്ടാൽ ഉള്ളുതുറന്നു കാണിക്കാത്തതായി പ്രപഞ്ചത്തിൽ ഒന്നുമില്ല. വഴികൾ പിണഞ്ഞ് ഒടുവിൽ ലാത്ത്്വിയയിലെ ക്യാമ്പിൽ ജീവൻ നഷ്ടപ്പെട്ട ലൂയിസ ഫാർബർ. ലൂയിസയുടെ ആക്സന്റ് എന്തായിരുന്നിരിക്കണം?

വഴികൾ പിണയുന്നു. പ്ലൂട്ടാർക്ക് പറയുന്നു...

. . . അയാൾക്ക് ഉറക്കത്തിൽ അസാധാരണമായ ഒരു കാഴ്ചയുണ്ടായി. വെളുവെളുത്ത മുടിയുള്ള, ആദരവുണർത്തുന്ന ഒരു മനുഷ്യൻ തന്റെ അരികിൽ വന്നു നിൽക്കുകയും ഈവ്വിധം പറയുന്നതുമായി അയാൾക്ക് അനുഭവപ്പെട്ടു:
“അതിനുമപ്പുറം കൊടുങ്കാറ്റുവീശുന്ന കടലിൽ ഒരു ദ്വീപുണ്ട്,
ഈജിപ്തിന് മുന്നിൽ; അവർ അതിനെ ഫാറോസ് എന്ന് വിളിക്കുന്നു. ”

മറ്റൊരു വഴിയുടെ, മറ്റൊരു മഹായാത്രികന്റെ പുരാണമാണ്. ഹോമറിന്റെ അപദാനത്തിൽ മയങ്ങി പുറപ്പെട്ട ലോകചരിത്രത്തിലെ എക്കാലത്തേയും മികച്ചെതെന്നു പേരെടുത്ത സൈനികമേധാവി. മധ്യധരണയിയാഴിയുടെ തീരത്ത് ബാർലി കൊണ്ട് വരകളിട്ട് ഒരു നഗരം നിർമ്മിക്കാൻ പുറപ്പെട്ടവന്റെ യാത്ര. പോകുന്നിടങ്ങളെ അവനവനാക്കി സ്വന്തം പേരിട്ട് പോയവൻ. അവൻ അവിടെ നിന്നും നടന്ന് കിഴക്കോട്ട് പോയി. വരാനിരിക്കുന്ന എത്രയോ തലമുറകളിൽ ഏതൊക്കെയോ നാടുകളിൽ ഭാവനയെന്നതിന്റെ ഭണ്ഡാരമായി. അലെക്സാണ്ഡർ റൊമാൻസായി. എവിടെയോ വെച്ച് ദുൽഖർനൈൻ ആയി. "അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെക്കുറിച്ചു ചോദിക്കുന്നു. പറയുക: "അദ്ദേഹത്തെ സംബന്ധിച്ച വിവരം ഞാന്‍ നിങ്ങളെ വായിച്ചുകേള്‍പ്പിക്കാം.”

പോയവനെ പകരം തിരിച്ച് ദുൽഖർനൈനായി തെളിച്ച് കൊണ്ട് അമർ ഇബിൻ അൽ ആസ് വന്നു. അലക്സാണ്ഡ്രിയയിലല്ല, മറ്റൊരു ഇടത്തിലേക്ക്. ഹെറാക്ലിറ്റസ് പറയുന്നു: 'കടൽത്തീരത്ത് ഒരു മണൽ കോട്ട പണിയുന്ന കുട്ടിയാണ് ചരിത്രം, ആ കുട്ടി ലോകത്തിലെ മനുഷ്യന്റെ ശക്തിയുടെ മുഴുവൻ മഹിമയാണ്'.


യാത്രകളുടെ പുരാണങ്ങളാണ്. കടലാസുകപ്പിലെ അവസാനത്തെ തുള്ളി തുർകിഷ് കോഫി സിഗററ്റിനോട് ചേരുന്നു, പുറത്തെ ഗ്യാസ് സ്റ്റേഷനിൽ മറ്റു യാത്രകളിൽ മനുഷ്യർ വരികയും പോവുകയും. റോഡിൽ ദുർവാശിയായി വെയിൽ. മറ്റൊരു ദുർവാശിയുടെ, ചരിത്രത്തിന്റെ ദുർവാശിയുടെ തള്ളലിലാണ് ഫൈലോ ഓഫ് അലക്സാണ്ഡ്രിയ റോമിലേക്ക്,ബാർലി കൊണ്ട് വരകളിട്ട് നിർമ്മിച്ച നഗരത്തിൽനിന്ന് 39-ൽ പുറപ്പെട്ടു പോയത്. കത്തിയ സിനഗോഗുകൾ, ശോഷിച്ച പൗരാവകാശങ്ങൾ എന്നിവയുടെ വാർത്തയുമായി, ചരിത്രത്തിന്റെ ജൂതവിദ്വേഷമെന്ന ദുർവാശി. ആ വിദ്വേഷവും നിർത്താതെ പല വഴി യാത്ര ചെയ്തു.

മിനി മാർട്ടിന്റെ വാതിൽ തള്ളിത്തുറന്ന് പുറത്തേക്ക് വരുമ്പോൾ വെറുതേ പരസ്പരം നോക്കി ഞങ്ങൾ. കുറുകെ, ഉള്ളിലൂടെ, പല വഴിപോകുന്ന പാതകളുടെ, സ്വയം പലതിനും പോകാൻ പാതകൾ മാത്രമാവുന്നതിന്റെ, പിണയലിന്റെ, ഇഴചേരലിന്റെ അഴിയായ്കകളുടെ  പുരാണങ്ങൾ. അലെക്സാണ്ഡർ റൊമാൻസിലെ കഥാപാത്രങ്ങൾ.

The point however was to stop seeing everything Sub specie aeternitatis. Be here, now, just be here, here now.