മലദ്വാരത്തിലൂടെ ജനാധിപത്യം തിരുകിക്കയറ്റുന്ന ലോകത്ത്
കവിതയ്ക്ക് സാദ്ധ്യതയുണ്ടെന്ന് വാദിക്കുകയല്ല.
പൂജ്യത്തിനും ഒന്നിനുമിടയില്‍
അറിയപ്പെടലിന്റെ മോചനം പോലും കൈവരാതെ
നഷ്ടപ്പെടുന്ന
പരശതം ഭിന്നങ്ങളുടെ ഞരക്കങ്ങള്‍
തൊട്ടെടുക്കാനാവുമെന്നുമല്ല.
ആരും വിരുന്നുവരാത്ത വീട്ടിലെ ചില്ലലമാരയില്‍ പൊടിമൂടിക്കിടക്കുന്ന വാക്കുകളുടെ
വര്‍ഷാന്തപ്രദര്‍ശനം-
ഒരു പക്ഷേ.
മറ്റൊരുതാളില്‍ മണ്ണപ്പം ചുട്ടുതിന്നുന്നവനെക്കുറിച്ച് വാര്‍ത്തയുണ്ട്,
അതിവിടെ എഴുതപ്പെടുകയില്ല.
വാക്കിലേക്ക് പകര്‍ത്തിയതുകൊണ്ട് ഞാനതറിയുകയല്ല, അകലുകയാണ്.
പറയപ്പെടലെന്നാല്‍, പറയെപ്പട്ടതില്‍നിന്നുള്ള പരിപൂര്‍ണ്ണമായ വേര്‍പെടലാണെന്നത്.
തെരുവിലെ അപകട ദൃശ്യത്തിന്നുനേരെ ജാലകവിരി വലിച്ചിടുന്നതുപോലെ.
അല്ലെങ്കില്‍ ലോകം മുഴുവന്‍ പകര്‍ച്ചവ്യാധിയായി പടരുന്ന അഭയാര്‍ത്ഥിക്കൂടാരങ്ങള്‍.
ഒരു പക്ഷെ.
അഭയാര്‍ത്ഥി, കൂടാരം എന്ന രണ്ട് പദങ്ങള്‍,
അക്ഷരമാലയില്‍നിന്നുളവാകാവുന്ന മറ്റൊരു ചേര്‍ച്ച.
കാലം വാക്കുകളെ കരണ്ടുതിന്നുന്നതിന്റെ നേര്‍ത്ത ശബ്ദമെങ്കിലും...
അല്ലെങ്കില്‍
ദ്രവിച്ചുതീരുന്ന ജാലകവിരിയുടെ കൊഞ്ഞനം കുത്തല്‍.
വേദനകളെല്ലാം ഒരിക്കലും പ്രകാശിപ്പിക്കാനിടയില്ലാത്ത കവിതകളിലേക്കാണ്
ചേക്കേറുന്നതെന്ന വൃത്താന്തം.
ഒരു പക്ഷേ.
അതുമല്ലെങ്കില്‍
ലോകം യൂക്ലിഡിന്റെ അഞ്ചാം പ്രമാണമനുസരിച്ചല്ല എന്ന്
മനസ്സിനെ ബോധിപ്പിക്കാനുള്ള
പാഴ്ശ്രമം.
പിറക്കാതെപോയ ആയിരം ഖയ്യാമുകളുടെ ഉണര്‍ത്തുപാട്ട്.
0 comments:
Post a Comment