Sunday, December 27, 2009

പ്രലപനങ്ങള്‍ - ഉപ്പും മുളകും വാളന്‍പുളിയുമിട്ട് വരട്ടിയത്

നിലനില്‍ക്കുന്ന അവസ്ഥയില്‍നിന്നുള്ള ഒരു തരിവ്യത്യാസം പോലും ലോകാവസാനമായി അനുഭവപ്പെടുക. സ്ഥലപരം: വസ്തുക്കളുടെ സ്ഥലത്തിലെ നിലവിലുള്ള വിന്യാസം സാധ്യമായ അവസ്ഥകളില്‍ അന്തിമമാവുക. മറ്റൊരു ക്രമീകരണമെന്നത് എത്ര യുക്തിഭദ്രമായാലും, അതിനെക്കുറിച്ച് വിചിന്തനം നടത്താന്‍ മനസ്സ് തയ്യാറല്ലാതാവുക. നീ എനിക്കപ്പുറം ഒരു സോഫയില്‍ ഇരിക്കുന്നുവെങ്കില്‍, ഞാന്‍ നിനക്കെതിരെ ഒരു കസേരയില്‍ ഇരിക്കുന്നുവെങ്കില്‍, അത് ലോകാവസാനം വരെ തുടരണം. കാലപരം: ഒരേസമയം ഈ നിമിഷം പ്രദാനം ചെയ്യുന്ന അനുഭവത്തില്‍ രതിമൂര്‍ച്ഛാസമാനമായ ആനന്ദം അനുഭവിക്കുകയും, അതേസമയം അതില്‍ പരിപൂര്‍ണ്ണസംതൃപ്തി ഇല്ലാതിരിക്കയും ചെയ്യുക. ഭാവി ഇതിലും വലുതെന്തോ പേറുന്നുണ്ടാവാം എന്ന നിരന്തരമായ മനസ്സിന്റെ ഛിന്നംവിളിയും, അതില്‍ അനുപേക്ഷണീയമായ ശങ്കയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വൈരുദ്ധ്യത്തിന്റെ കാരാഗൃഹവാസം. ഇപ്പോള്‍ അവളുടെ കണ്ണില്‍ മുന്‍പുണ്ടായിരുന്നത്ര തിളക്കമില്ലെന്ന് തോന്നുക. ആ തോന്നല്‍ അനന്തമായി തുടരുകയെന്നാല്‍, നാളെ ‘ഇന്നലെ ഇതില്‍ക്കൂടുതലായിരുന്നു‘ എന്ന്, അങ്ങനെയങ്ങനെ. സാമീപ്യത്തിന്റെ ഹര്‍ഷം ഇത്തരം പ്രേതകല്‍പ്പനകളില്‍പ്പെട്ട് നരകസമാനമാവുക. ഒരോ ഭാവപ്രകടനങ്ങളുടെയും - പരിപൂര്‍ണ്ണമായും അപ്രധാനമായ - ഘടനാപരമായ തന്തുക്കളെ പിന്നിയെടുത്ത്, കീറിമുറിച്ച് ചികഞ്ഞു നോക്കുക. കല്പനകളില്‍ സൃഷ്ടിക്കപ്പെട്ട ഏതൊക്കെയോ എല്ലാംതികഞ്ഞ മാതൃകകളുമായി താരതമ്യം ചെയ്യുക. ലോകത്തുള്ള സചേതനവും അല്ലാത്തതുമായ എല്ലാത്തിനോടും അതീവവാത്സല്യം തോന്നുക. വേറൊരു വിധത്തില്‍പ്പറഞ്ഞാല്‍, മുന്‍പ് സഹജമായി വെറുത്തിരുന്ന പലതും ഒരു കുന്നിന്‍ചെരിവുപോലെ ചാരുതയുള്ളതാവുക. സാമാനീകരണം: പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അതിന്റെ നൈസര്‍ഗിഗസ്വഭാവവൈശിഷ്ഠ്യങ്ങള്‍ കൈവെടിഞ്ഞ് ഒരു കാഴ്ചബങ്ക്ലാവിലെ പ്രദര്‍ശനവസ്തുക്കളായി അനുഭവപ്പെടുക. അതുമല്ലെങ്കില്‍, തൊട്ടടുത്താണെങ്കിലും എനിക്കും കാഴ്ചയ്ക്കുമിടയില്‍, ഒരു ഗ്ലാസ് പാളിയുണ്ടെന്ന് തോന്നുക. വികാരതീവ്രത അളക്കാന്‍ ഉപകരണം കണ്ടുപിടിച്ച ശാസ്ത്രകാരനാണ് താന്‍ എന്ന മട്ടില്‍, നീ എന്നെ - ഞാന്‍ നിന്നെ എത്ര - അത്രയില്ല, ഇതാ, ആയിരാമത് ദശാംശം വരെ അളന്ന് കണ്ടെത്തിയിരിക്കുന്നു എന്ന നിരന്തരമായ പുലമ്പല്‍. ആത്മാഹുതിയെന്ന സംജ്ഞയെ, കാലങ്ങളോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയെ ഒരമ്മ എങ്ങനെ താലോലിക്കുമോ അതു പോലെ, പൊട്ട് തൊട്ട്, കണ്ണെഴുതി, പുതിയ ഉടുപ്പിടീച്ച്. രാപ്പകലില്ലാതെ. എല്ലാം സംഗീതത്മകമാവണെമെന്നതിനാല്‍ സാധ്യതകള്‍ അധികമില്ലാതാവുന്നുവെങ്കിലും. ഒന്നെങ്കില്‍, ഒരു ധമനി മുറിച്ച്...രക്തം ചോര്‍ന്ന് ചോര്‍ന്ന്..അപ്പോള്‍ ഇല്ലാതാവലിലേക്ക് പതിയെപ്പതിയെ തുഴഞ്ഞ് പോവാന്‍ പറ്റും എന്ന തോന്നല്‍. അല്ലെങ്കില്‍ ഒരു നീല ജലാശയത്തില്‍. അപ്പോള്‍, എനിക്ക് ആര്‍ക്കിമിഡീസിനെ കൊഞ്ഞനം കുത്താം. ആഴ്ന്നാന്ന് പോകുന്നതിലെ കാവ്യാത്മകതയും. ഒന്നിനെ മറ്റൊന്നില്‍നിന്ന് വ്യതിരിക്തമാക്കുന്ന അതിര്‍രേഖകളുളവാക്കുന്ന അസ്വസ്ഥത ഇവിടെയും. ജീവിതത്തിനും മരണത്തിനുമിടയില്‍ വ്യക്തമായ വ്യത്യാസങ്ങള്‍ പാടില്ല. സമഗ്രതയോടുള്ള ആഭിമുഖ്യം. നട്ടാല്‍ കിളിക്കാത്തയിനം തത്വദര്‍ശനങ്ങളില്‍ അനഘസൌന്ദര്യം ദൃശ്യമാത്രമാവുക. വിശേഷിച്ചും സമഗ്രസ്വഭാവമുള്ള ചിന്താപദ്ധതികളോട് അടക്കാനാവാത്ത അഭിനിവേശം. ഇതായിരുന്നുവല്ലോ ഞാന്‍ മുമ്പ് ചിരിച്ചുതള്ളിയതെന്ന് അത്ഭുതത്തോടെ ചിന്തിക്കുക. പ്രണയം എന്ന വികാരം പ്രണയിനിക്കുമുകളില്‍ വളരുക. വികാരം ഉല്പാദിപ്പിക്കുന്ന, നിലനിര്‍ത്തുന്ന പ്രണയവസ്തു പിന്നിലേക്ക് തള്ളിമാറ്റപ്പെടുകയും, ഉല്പാദിപ്പിക്കപ്പെട്ട വികാരം മുന്ഗണന നേടുകയും ചെയ്യുക. തുടര്‍ന്ന് പ്രണയമെന്ന ഭാവത്തിന് കൈവരുന്ന ദൈവികത. അപ്രമാദിത്വം. പുണ്യത്വം. പവിത്രത. ഇതിലെല്ലാത്തിലും അന്തര്‍ലീനമായ കീഴടങ്ങല്‍, ചോദ്യങ്ങളുടെ അഭാവം. അനുപല്ലവി: ഇത് പ്രണയവസ്തുവില്‍ ജനിപ്പിക്കാവുന്ന വൈകാരികസംഘര്‍ഷങ്ങള്‍. പ്രതികരണങ്ങള്‍. കാര്യകാരണങ്ങളുടെ മറ്റൊരു ചാക്രികത. പ്രണയമെന്നത് 33.33 ശതമാനം അസംബന്ധവും, 33.33 ശതമാനം സാംസ്കാരികനിര്‍മ്മിതിയുമാണെന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ...പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എനിക്ക് നിന്റെ കണ്ണിലേക്ക് നോക്കിയിരിക്കാനുള്ള ഇടമായെന്ന്...