1 § 1829 ഫെബ്രുവരി പന്ത്രണ്ടിന് ഗെഥ പറഞ്ഞതായി എക്കര്‍മാന്‍ രേഖപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. “മൊസാര്‍ട്ട് സംഗീതത്തിലാക്കണമായിരുന്നു, ഫോസ്റ്റ്.“ പക്ഷെ അതു നടന്നില്ല. തനിക്ക് പതിനാല് വയസും, മൊസാര്‍ട്ടിന്ന് ഏഴ് വയസുമായിരുന്നപ്പോള്‍, താന്‍ അയാളെ കണ്ടിട്ടുണ്ടെന്നും, പിന്നീടൊരിക്കല്‍, ഗെഥ പറയുന്നുണ്ട്. ഷില്ലര്‍ക്കെഴുതിയ കത്തില്‍ മൊസാര്‍ട്ടിന്റെ അകാലനിര്യാണം, നഷ്ടപ്പെടുത്തിയ സാധ്യകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്, ദുഃഖത്തോടെ?
2 § ഡോണ്‍ ജിയോവാനി എന്നത് മനുഷ്യസൃഷ്ടികളുടെ വൈശിഷ്ഠ്യത്തിന്റെ പാരമ്യതയില്‍ നില്‍ക്കുന്ന ഒന്നാണ്, ഡോണ്‍ ജിയോവാനിയുടെ കഥയല്ല, മൊസാര്‍ട്ടിന്റെ ഓപ്പറ. രണ്ടംഗങ്ങളില്‍, ദ പോണ്ടെയുടെ വരികള്‍ക്ക്, മൊസാര്‍ട്ട് മ്യൂസിക്ക് പകര്‍ന്നുണ്ടായതാണ്, ഡോണ്‍ ജിയൊവാനി ഓപ്പറ. ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ഒരു പക്ഷെ, ഇതിന്റെ നില താരതമ്യങ്ങളില്ലാത്ത വിധം അത്യുന്നതങ്ങളിലാണ്, അതുകൊണ്ടാണ്, ഇതിനെക്കുറിച്ചെഴുതിന്നടത്ത് ഒരു ലേഖകന്‍, ഇതിനെ പാദരക്ഷ ഊരിവെച്ച് സമീപിക്കേണ്ടതാണ് എന്ന് പറയുന്നത്. അടിസ്ഥാന കഥ ഡോണ്‍ ജുആന്റെതാണെങ്കിലും, മൊസാര്‍ട്ടിന്റെ കൈതൊട്ട്, മറ്റെന്തോ ആയി രൂപമാറ്റം വന്ന ഒന്ന്. അടിസ്ഥാന കഥ തന്നെ മൊസാര്‍ട്ടിനാല്‍ രൂപഭേദത്തിന് പാത്രമായി എന്ന് ഒരു തരത്തില്‍ പറയാം. (ഒരോ എഴുത്തുകാരനും [കലാകാരനും?] അയാളുടെ തന്നെ മുന്‍ഗാമികളെ സൃഷ്ടിക്കുന്നു എന്ന് ബോര്‍ഹേസ്.) ഷായുടെ മാന്‍ ആന്റ് സൂപ്പര്‍മാനും ഇതിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം.
Szenes aus Goethes Faust - 01 Overture - Schumann
3 § കീര്‍ക്കഗാഡിന്റെ എഴുത്തുകളുടെ പല പ്രത്യേകതകളിലൊന്ന്, ഒരു ഞാണിന്മേല്‍ക്കളി പോലെയാണ് ആ എഴുത്തിലെ വാദം നീങ്ങുക എന്നതാണ്. ഒരുപാട് ക്ഷമയും, ശ്രദ്ധയും വായനക്കാരനില്‍നിന്ന് ആവശ്യപ്പെടുന്നവ എന്ന് അദ്ദേഹത്തിന്റെ എഴുത്തുകളെക്കുറിച്ച് പൊതുവെ പറയുവാന്‍ ഒരു കാരണം ഇതാവും. വഴുതിപ്പോയാല്‍, നിലയില്ലാതായേക്കാവുന്ന നേര്‍ത്തവരകളിലൂടെയുള്ള വാദഗതികള്‍. അത്തരത്തിലൊന്ന്, ഒന്നെങ്കില്‍-അല്ലെങ്കില്‍(Either-Or)1 എന്ന പുസ്തകത്തിന്റെ തുടക്കത്തിലുണ്ട് - ഡോണ്‍ ജിയോവാനിയുടെ അപദാനങ്ങള്‍ പാടുന്ന ഒരു നീണ്ട അദ്ധ്യായമാണത്. ഇവിടെ കീര്‍ക്കഗാഡിന് തെളിയിക്കേണ്ട അല്ലെങ്കില്‍ പറഞ്ഞുവെക്കുന്ന കാര്യങ്ങള്‍ ഒരുപാടാണ്. 1. പരിപൂര്‍ണ്ണമായും സാക്ഷാല്‍ക്കരിക്കപ്പെട്ട ക്ലാസിക്കല്‍ കലാസൃഷ്ടിയുടെ പ്രത്യേകതയെന്നത് അതിന്റെ ശില്പഭംഗിയും ഉള്ളടക്കവും എത്രത്തോളം പരസ്പരസംബന്ധിയായി നില്‍ക്കുന്നു എന്നതിലാണ് (ഇത് കാലഘട്ടത്തിന്റെ സൌന്ദര്യശാസ്ത്രവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ്.) 2.സംഗീതത്തിന്റെ സത്ത എന്നത് അതിന്റെ പ്രത്യക്ഷഭാവവും, അതുവഴി അത് വിഷയബന്ധിതമായ ആനന്ദം പ്രദാനം ചെയ്യുന്നു എന്നതുമാണ്. 3. ഡോണ്‍ ജിയോവാനി അതുകൊണ്ട് ഒരു കലാസൃഷ്ടി എന്ന നിലയില്‍ താരതമ്യമില്ലാത്ത ഒന്നാണ്. അല്‍പ്പം വിശദീകരിച്ചു പറഞ്ഞാല്‍...
വിഷയാനുരാഗമെന്ന ആദിരൂപം മനുഷ്യരൂപമെടുത്തുണ്ടായതാണ്, ജിയൊവാനി. അവിടെ ചിന്തയില്ല. തീരുമാനിച്ചുറപ്പിക്കലുകളില്ല. കുറ്റബോധമെന്നതില്ല. ഒരു ഭാവം, ഒരേയൊരു ഭാവം, അതിന്റെ ആദിമനൈര്‍മ്മല്യമാര്‍ന്ന്, ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് - വിഷയത്തിന്റെ നീണ്ട ചരടുകളിലൂടെ. വേറൊരു വിധത്തില്‍പ്പറഞ്ഞാല്‍, പത്യക്ഷതയെന്നത്, പരകോടിയില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്ന അവസ്ഥ. ഇത്തരത്തില്‍ വിചിന്തനത്തിന്റെ പരിപൂര്‍ണ്ണമായ അഭാവമാണ്, ഡോണ്‍ ജിയോവാനിയെന്ന കഥാപാത്രത്തെ സംഗീതത്തിന്റെ സത്തയുമായി ബന്ധിപ്പിക്കുന്നത്. ഒരോ പ്രവൃത്തിക്കുമുമ്പുണ്ടാകാവുന്ന മനനവും, അതുനടപ്പിലാക്കുന്നതിനുള്ള പദ്ധതികളും ഉണര്‍ത്തുന്നതരത്തിലുള്ള ഒന്നല്ല, ജിയോവാനിയുടെ സത്തയുടെ ഘടന. കൃത്യത്തിന്റെ സാക്ഷാല്‍ക്കാരമോ, പരാജയമോ, അയാളുടെ ആന്തരലോകത്തിന് വിഷയീഭവിക്കുന്നില്ല തന്നെ. സാമാന്യകല്പനകളായ നിരാശ, പിന്‍ തിരിഞ്ഞുനോക്കല്‍, നഷ്ടബോധം, കുറ്റബോധം തുടങ്ങിയവ ഈ അവസ്ഥയില്‍ നിലനില്‍ക്കില്ല; അന്തഃകരണമെന്നത് ഇല്ലാതിരിക്കുന്നു എന്നതിലൂടെ.
ഈപ്പറഞ്ഞതിന്റെ മറുപുറമെന്ന നിലയില്‍ കീര്‍ക്കഗാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്ന അവസ്ഥയാണ്, ഫോസ്റ്റ് എന്ന സങ്കല്‍പ്പം. ജിയോവാനിയുമായി ധ്രുവവ്യത്യാസം പേറുന്നതാണ്, ഒരു പക്ഷെ ജിയോവാനിയുടെ ഒപ്പം തന്നെ പാശ്ചാത്യസാംസ്കാരികപരിസരത്തില്‍ വേരോടിയിട്ടുള്ള ഫോസ്റ്റിന്റെ ആദിരൂപം. ആദ്യത്തേതില്‍ പ്രത്യക്ഷത സത്താഗുണമെങ്കില്‍, ഇവിടെ അത് വിചിന്തനമാണ്. മുകളില്‍ പറയുന്ന വാദഗതികള്‍ വെച്ച് ഫോസ്റ്റിന്റെ സംഗീതരൂപമെന്താവും? വീണ്ടും ഗെഥയിലേക്ക് വന്നാല്‍, ഇതിനുള്ള മറുപടി എങ്ങനെയാവുമായിരുന്നു? ആവോ...
---
കുറിപ്പ്.
1. ഇംഗ്ലീഷ് തലക്കെട്ടിലെ Either/Or എന്നത് തെറ്റാണ്, ഡാനിഷ് തലക്കെട്ട് Enten ‒ Eller എന്നാണ്. വ്യത്യാസം വളരെ വലുതാണ്.
2.പദാവലി.
1. Sensuousness = ഇന്ദ്രിയപരത.
2. Immediacy = പ്രത്യക്ഷഭാവം.
3. Form = ശില്പഭംഗി.
4. Content = ഉള്ളടക്കം.
5. Reflection = വിചിന്തനം
3 comments:
റിഫ്ലക്ഷന്‍ ഞാന്‍ പ്രതിഫലനം എന്നു മുന്‍ പിന്‍ ആലോചിക്കാതെ എഴുതിയേനേ..വിചിന്തനം ആവുന്നതെങ്ങനെ എന്നിപ്പോള്‍ വിചിന്തനം ചെയ്യുകയാണ്..
മൊസാര്‍ട്ട് സംഗീതത്തിലാക്കണമായിരുന്നു, ഫോസ്റ്റ്.“
ഫോസ്റ്റിനു സംഗീതം നല്‍കണമായിരുന്നു (ഫോസ്റ്റിനെ സംഗീതശില്പമാക്കണമായിരുന്നു മൊസാര്‍ട്ട്) മൊസാര്‍ട്ട് ..
മലയാളം ഒരു സങ്കീര്‍ണ്ണഭാഷതന്നെ
“റിഫ്ലക്ഷന്‍ ഞാന്‍ പ്രതിഫലനം എന്നു മുന്‍ പിന്‍ ആലോചിക്കാതെ എഴുതിയേനേ..“ ആദ്യമായാണോ ഇങ്ങനെ ഒരര്‍ത്ഥമുണ്ടെന്ന് അറിയുന്നത്? ദി ഒ.ഇ.ഡി പറയുന്നു: The action of turning (back) or fixing the thoughts on some subject; meditation, deep or serious consideration. അങ്ങനൊന്നിന് മലയാളത്തില്‍ വിചിന്തനംന്ന് പറയാന്‍ പറ്റില്ലേ?
ആ സംഗീതത്തിലാക്കല്‍ മലയാളഭാഷയുടെ പ്രത്യേകതയല്ല, എന്റെ മനസ്സിന്റെ വളവാണ്. ഇംഗ്ലീഷ് ഇങ്ങനെയാണ്: “Mozart should have composed for Faust." മൊസാര്‍ട്ട് സംഗീതം നല്‍കണമായിരുന്നു ഫോസ്റ്റിന്. അങ്ങനെയായാല്‍ കൊറച്ചൂടെ നന്നായേനെ എന്നിപ്പോ തോന്നുന്നു. “ഫോസ്റ്റിനു സംഗീതം നല്‍കണമായിരുന്നു (ഫോസ്റ്റിനെ സംഗീതശില്പമാക്കണമായിരുന്നു മൊസാര്‍ട്ട്) മൊസാര്‍ട്ട്“ എന്നത് ശരിയാവുമോ, അപ്പോ ‘സ്റ്റ്രെസ്സ്’ മാറുന്നതുപോലെ തോന്നുന്നു. ആവോ.
എന്തായാലും വെള്ളെഴുത്തിന് ഒരവാര്‍ഡുണ്ട്, ഈ പോസ്റ്റ് വായിച്ച ആള്‍ എന്ന നിലയില്‍..LOL
അതൊന്നുമല്ല പോസ്റ്റ് ധാരാളം പേര്‍ വായിക്കുന്നുണ്ട്. എന്താണ് പറയേണ്ടത് എന്നിടത്ത് കുഴങ്ങും.. വായനയ്ക്ക് ആസ്വാദനമൂല്യം മാത്രമേ ഉള്ളൂ എന്നു വിചാരിക്കുന്നവര്‍ ചില പോസ്റ്റുകള്‍ വായിക്കാതിരിക്കുന്നത് നന്മമാത്രമാണ് അതില്‍ ഒരപകടവും വരാനില്ല.
Post a Comment