പൂവുകള്‍ തനിയെ ജാലകത്തിലൂടെ വീഴുകയില്ലെന്നെനിക്കറിയാം. പ്രത്യേകിച്ചും രാത്രിയില്‍. പക്ഷെ കാര്യമതല്ല. ഏതായാലും ഒരു ചുവന്ന പനിനീര്‍പൂവ്, മഞ്ഞുമൂടിക്കിടന്ന തെരുവില്‍, പൊടുന്നനെ എന്റെ ലെതര്‍ ഷൂസിന്റെ മുന്നില്‍ വന്നുവീണു. വെല്‍വറ്റ് പോലെ കടുംചുവപ്പും നേര്‍ത്തതുമായിരുന്നു അത്; വിടര്‍ന്നിട്ടുമുണ്ടായിരുന്നില്ല. തണുപ്പായിരുന്നതിനാല്‍ സുഗന്ധവുമില്ലായിരുന്നു. ഞാനത് എടുത്തുകൊണ്ടുവന്ന് എന്റെ മുറിയിലെ മേശപ്പുറത്തെ ജപ്പാനീസ് പൂത്തട്ടത്തില്‍ വെച്ച് ഉറങ്ങാന്‍ കിടന്നു. ഇത്തിരികഴിഞ്ഞ് എന്റെ ഉറക്കം തെളിഞ്ഞു. മുറിയില്‍ മങ്ങിയ വെളിച്ചമുണ്ടായിരുന്നു; നിലാവെളിച്ചമല്ല, നക്ഷത്രങ്ങളുടെ. അപ്പോഴേക്കും തണുപ്പുമാറിയ പനിനീരിന്റെ സുഗന്ധം മുറിയില്‍ പരക്കുന്നത് ഞാനറിഞ്ഞു, ഒപ്പം മുറിയില്‍ അടക്കിപ്പിടിച്ച പിറുപിറുപ്പും കേള്‍ക്കാവതായി. പഴയ വിയന്നാമഷിക്കുപ്പിയുടെ പുറത്തെ ചെമ്പരത്തിപ്പൂവ് എന്തിനെക്കുറിച്ചോ അഭിപ്രായം പറയുകയായിരുന്നു. “അവന് ഒരു രീതിയുമില്ല,ഒട്ടും സ്റ്റൈലുമില്ല1”, അത് പറഞ്ഞു,“ഒരു തരിമ്പുപോലും സ്റ്റൈലില്ല”. എന്നെ ഉദ്ദേശിച്ചാണ്. അല്ലെങ്കില്‍ അവനൊരിക്കലും, അത് പോലൊന്ന് എന്റെയടുത്ത് വെക്കുമായിരുന്നില്ല. അതായത് പനിനീര്‍പ്പൂവ്.
-ഹൂഗോ വോണ്‍ ഹോഫ്മന്‍സ്താള്‍
കുറിപ്പ്: 1. സ്റ്റൈല്‍,രീതി എന്നത് Style, taste എന്നീ വാക്കുകളുടെ അര്‍ത്ഥമായാണ്. മലയാളത്തില്‍ അതെന്താവും? Stilgefühl എന്നതാണ് മുല ജര്‍മ്മന്‍ പദം. Stylistic sense എന്നര്‍ത്ഥം. ‘സൌന്ദര്യബോധം’ എന്ന് ഉപയോഗിച്ചാല്‍ ഈ കവിത എനിക്കെതിരെയുള്ള സാക്ഷ്യം പറച്ചിലാവും. അപ്പോ ഈ പരിഭാഷയ്ക്ക് കവിത പരിഭാഷപ്പെടുത്തുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ലക്ഷ്യമുണ്ടെന്ന് മനസിലായിക്കാണും.:)
4 comments:
മൃദുവായൊരു കവിത,
സുഖമായൊരൊഴുക്കു,
നന്ദി.,
“അപ്പോ ഈ പരിഭാഷയ്ക്ക് കവിത പരിഭാഷപ്പെടുത്തുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ലക്ഷ്യമുണ്ടെന്ന് മനസിലായിക്കാണും.:)”
-എല്ലാ പരിഭാഷകളും അങ്ങനെ ചില ‘ലക്ഷ്യ’ത്തിലേയ്ക്കാണ് പിടഞ്ഞ് പിടഞ്ഞ് ഇഴയുന്നത്..
ചെമ്പരത്തിപ്പൂ പിറുപിറുക്കുന്നതില്‍ ചില കാര്യങ്ങള്‍ ഇല്ലാതില്ല..
കലാ ബോധം ആയിക്കൂടേ ;) സ്റ്റൈലില്‍ ഒരു അല്പം ശൈലീബോധത്തിന്റെ കുറവ് :))
ഒരുപാട് പറയുന്ന കവിത...
ആട്ടെ, മുല ജര്‍മന്‍ പദം എന്താണെന്നാണ്?
(:)) :p ;) << ഇതീന്ന് ഇഷ്ടമുള്ളതെടുത്തോ )
'കലാബോധം' മനസ്സിലില്ലാതിരുന്നിട്ടല്ല, ഗുപ്തന്. രണ്ട് പ്രശ്നം കൊണ്ട് ഒഴിവാക്കിയതാണ്. കലാബോധം എന്നത് Aesthetic Sense എന്നതിലേക്കാണ് നീങ്ങുന്നത്. രണ്ടാമതായി, ഈ വരികള്‍ക്ക് ഒരു ശ്രുതിയുണ്ട്, കലാബോധം എന്ന വാക്ക് ശ്രുതി തെറ്റിക്കും എന്നൊരു തോന്നല്‍.(ഇത് വാദിച്ച് ബോദ്ധ്യപ്പെടുത്താന്‍ പറ്റില്ല എന്നത് മുന്‍കൂര്‍ ജാമ്യം.) രസജ്ഞത്വം, രീതിബോധം എന്നിവയുമുണ്ട്.
Slip of Typing - എന്റമ്മേ...അത് തന്നെ.
ഇവിടെ വന്ന, വായിച്ച എല്ലാവര്ക്കും, ഹോഫ്മന്സ്താളിന്റെ പേരില്‍ നന്ദി.
Post a Comment