“നീയാണെന്നെ ആദ്യമായി ചുംബിച്ചത്;നിനക്കെന്നെ ഉപേക്ഷിക്കാനാവില്ല.”
*********************
*********************
നിന്റെ ചുണ്ടുകള്‍, എന്റേതും...അവ തമ്മില്‍ എന്തായിരിക്കും,ഒരു ചുംബനത്തിന്റെ തൊട്ടുമുമ്പുള്ള, അനന്തതയോളം നീളുന്ന സമയദൈര്‍ഘ്യത്തില്‍, പരസ്പരം പറഞ്ഞിട്ടുണ്ടാവുക? എനിക്ക് ഊഹിക്കാനാവുന്നുണ്ട്. ഈ ഇടവേള,അവസാനിക്കരുത്. പെയ്യാന്‍ പോവുന്ന മഴയ്ക്കുമുമ്പുള്ള,അസ്ഥിരത. പെയ്തുകഴിഞ്ഞാല്‍ അവസാനിച്ചുപോവുമെന്ന, അടിസ്താനരഹിതമായ വ്യഥ. എങ്കിലും പെയ്യണമെന്ന അടങ്ങാത്ത ആഗ്രഹം. ആകാശവും ഭൂമിയും ഒരുപോലെയാണ് ആഗ്രഹിക്കുന്നത്. ആകാശം ഭൂമിക്കോ,ഭൂമി ആകാശത്തിനോ നല്‍കുകയോ, ഒന്നും ഒന്നില്‍നിന്നും അപഹരിക്കുകയോ ചെയ്യുന്നില്ല. പിന്നീടെപ്പോഴാണ്, ഞാന്‍ നിന്നെ ചുംബിച്ചതായി ചുണ്ടുകളുടെ ആലിംഘനം മാറുന്നത്? ഞാന്‍ നിന്റെ ചുണ്ടുകളെ തേടിയപോലെ നിന്റെ ചുണ്ടുകള്‍ എന്നെയും തേടിയില്ലേ? ഞാന്‍ ആക്രമണം നടത്തുന്നവനും, നീ ആക്രമിക്കപ്പെട്ടവളും ആവുന്നത് ഏത് നിമിഷാര്‍ദ്ധത്തിലാണ്? നീ ബാഗ്ദാദും, ഞാന്‍ മംഗോളിയനും ആയിരുന്നില്ലല്ലോ? ചുണ്ടുകളുടെ, അവ്യക്തമായ അടക്കം പറച്ചിലില്‍ ഈ കീഴടക്കലിന്റെ, അപഹരിക്കലിന്റെ, പിടിച്ചുപറിയുടെ പരിദേവനം ഒട്ടുമില്ലായിരുന്നുവല്ലോ.. നല്‍കുന്നവനും സ്വീകരിക്കുന്നവനുമെന്ന വ്യത്യാസമേ അവിടെ ഉണ്ടായിരുന്നില്ല. ഒന്നുചേരലിലെ സ്വത്വനാശം മാത്രം.
0 comments:
Post a Comment