Thursday, May 1, 2008

നേരിന്റെ നിറങ്ങള്‍

ആരൊക്കെ “ഓഫ് ഗ്രമ്മാറ്റോളജി” വായിക്കാന്‍ ശ്രമിച്ച്, പരവശരായി ഒരു മൊന്ത വെള്ളം കുടിച്ചിട്ടുണ്ട്? ഇതെന്ത്,ഇതെന്ത് എന്നു ചോദിച്ചിട്ടുണ്ട്? ആരൊക്കെ “പനോപ്റ്റിക്കോണ്‍” എന്ന സങ്കേതത്തിന് ചുറ്റും കെട്ടിപ്പൊക്കിയ വാക്കുകളുടെ പനോപ്റ്റിക്കോണില്‍ അകപ്പെട്ടിട്ടുണ്ട്? ആരൊക്കെ “മിറര്‍ സ്റ്റേജ്” വായിച്ചുമനസ്സിലാക്കാന്‍ ശ്രമിച്ച് ജീവിതത്തിലൊരിക്കലും കണ്ണാടികാണാത്തവരെക്കുറിച്ച് അത്ഭുതം കൂറിയിട്ടുണ്ട്?...സ്വന്തം ബൌദ്ധികവളര്‍ച്ചയിലും,ആശയങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവിലും, ചെറുതല്ലാത്ത അളവില്‍ നിരാശപൂണ്ട്, ഇനിയെന്തെന്നറിയാതെ മിഴിച്ചു നിന്നിട്ടുണ്ട്? അവര്‍ക്ക് താഴെക്കൊടുത്ത സൂചികയിലുള്ള ലേഖനം വായിച്ച് സംതൃപ്തിയടയാവുന്നതാണ്.

പോസ്റ്റ് മോഡേണിസത്തെപ്പറ്റി പ്രൊഫസര്‍ ചോംസ്കി.

ലേഖനം വളരെ പഴകിയതാണെന്ന് തോന്നുന്നു. പക്ഷെ അതിന് കാലാതിവര്‍ത്തിയായ ഒരു ധര്‍മ്മം നിര്‍വഹിക്കാനുണ്ട്. ഏറ്റവും ചുരുങ്ങിയത് “ഫുക്കോവിന്റെയും മറ്റും സഹായമില്ലാതെ മലയാളത്തില്‍ ഒരു കഥയെഴുതാനാവുമോ എന്നു നോക്കുകയാണ് ഞാന്‍” എന്ന് ഇതിഹാസകാരനെക്കൊണ്ട് പറയിപ്പിച്ച മാനസികാവസ്ഥയ്ക്കെങ്കിലും ഒരു പരിഹാരക്രിയ വേണ്ടേ? വേണം. വാതകപ്പുരകളുമായി കാത്തിരിക്കുന്ന സിദ്ധാന്തങ്ങളെപ്പേടിച്ച് വാക്കുകള്‍ക്കുള്ളില്‍ മുഖം പൂഴ്ത്തുന്ന കവിയുടെ, നോവല്‍കാരന്റെ സത്യസാക്ഷ്യങ്ങള്‍ നമുക്കു നഷ്ടപ്പെടാന്‍ പാടില്ല‍‍.

എന്തുകൊണ്ടിതൊക്കെ പാരീസില്‍ നിന്നു വരുന്നു എന്നതും ഒരു രസകരമായ ചോദ്യമാണ്.

2 comments:

Calicocentric കാലിക്കോസെന്‍ട്രിക് said...

ചോംസ്കിയുടെ ഭാഷണമാണോ അതെന്ന് ഉറപ്പാക്കാന്‍ എളുപ്പം വഴി കാണുന്നില്ല. ഫ്രെഞ്ചു തിയറിസ്റ്റുകളുടെ വാദങ്ങളെ bullshit എന്നു വിളിച്ചും അവരില്‍ ചിലര്‍ പറഞ്ഞ വങ്കത്തരങ്ങള്‍ എടുത്തുപറഞ്ഞും Richard Dawkins എഴുതിയ ഒരു ലേഖനം കണ്ടിരുന്നു. നിവൃത്തിയില്ലെങ്കില്‍ ചോംസ്കിയോടുതന്നെ ചോദിക്കാം. ചോദിച്ചതിനൊന്നും മറുപടി തരാതിരുന്നിട്ടില്ല അദ്ദേഹം.

Calicocentric കാലിക്കോസെന്‍ട്രിക് said...

26.11.08 ന് ചോംസ്കി മറുപടി തന്നിരുന്നു. ഇങ്ങനെ,
I do remember it. It wasn't a talk. I'm pretty sure it was a contribution to a forum run at Znet. That's the reason for the references to "this forum." It should be available in the Znet archives, I would think.
പക്ഷേ ഫോറം ആര്‍ക്കൈവില്‍ തിരയാന്‍ കാശുകൊടുക്കേണ്ട subscription വേണമായിരുന്നു. Forum adminsനോട് ആരോടൊക്കെയോ സഹായം തേടിനോക്കിയെങ്കിലും നടന്നില്ല.
French theorists നെപ്പറ്റിയുള്ള ചില ചോംസ്കി വിമര്‍ശനങ്ങള്‍ മലയാളത്തിലാക്കണമെന്ന് അന്നു വിചാരിച്ചിരുന്നു.