നമ്മളതറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്ന്
പയ്യാമ്പലം ബീച്ചിൽ. ചെറിയ പൂന്തോട്ടം കടന്ന്, കുട്ടികളുടെ
കളിയുപകരണങ്ങളും, പുൽത്തകിടിയും കടന്ന്, അപ്പുറത്തെ
മണലിലേക്ക് നിങ്ങൾ നടന്നെത്തുന്നു. കടലിലേക്ക് കണ്ണയക്കുന്നു. അവിടെയുള്ളവയെല്ലാം
ഒരു നീണ്ട പട്ടികയാക്കി നിരത്തിയാൽ ഒന്നും പുതിയതായുണ്ടാവില്ല, ഒരു
പക്ഷേ സ്മാരകങ്ങളൊഴികെ. പണ്ട് അവിടെ നിന്ന് ചെങ്കുത്തായ, മുനയുള്ള
ചരൽക്കല്ലുകൾ നിറഞ്ഞ വഴിയിലൂടെ, ഇരുവശവും മതിലുകളുള്ള വഴിയിലൂടെ നടന്ന് കയറി, ചുറ്റിപ്പിണഞ്ഞുപോകുന്ന
വീതികുറഞ്ഞ റോഡുകളിലൂടെ നടന്ന്, നമുക്ക് കന്റോണ്മെന്റിനപ്പുറത്തുകൂടെ
പുറത്തേക്ക് വരാം. ഇതൊന്നും ഒരു തരത്തിൽ ഒരു സവിശേഷതയും ഉള്ളവയല്ല. കടൽ, ചരൽക്കല്ലുകൾ, പുൽത്തകിടികൾ, വാർദ്ധക്യസഹജമായ
പാടുകൾ നിറഞ്ഞ മരങ്ങൾ, ഇടുങ്ങിയ വഴികൾ, എല്ലാ കടൽത്തീർങ്ങളിലും
കാണുന്ന ചെറിയ ചായക്കടകൾ. ഒക്കെയും
ഇങ്ങനെ നിരത്തുമ്പോൾ പ്രാചീനമായ അതിസാധാരണതകളാണ്. എങ്കിലും. ഇതൊക്കെയും
ചേർന്ന് ഒരു ഗൂഡാലോചനയുടെ സ്വഭാവത്തോടെ അവിടെയെത്തിയ നിങ്ങളെ വ്യക്തതയില്ലാത്ത ഒരു
വിഷാദത്തിലേക്ക് വലിച്ചെടുത്തിട്ടുണ്ട്.
വ്യക്തതയില്ലാത്ത
വിഷാദത്തെക്കുറിച്ചാണ്.
അല്ലെങ്കിൽ. നിങ്ങൾ
വടക്കേ സ്റ്റാന്റിൽനിന്ന് ബസ്സ് കയറുന്നു,
തൃശൂർ, കണ്ണമ്പ്ര, വടക്കാഞ്ചേരി, നെമ്മാറ, കൊല്ലങ്കോട്, മുതലമട - അങ്ങനെ
നീണ്ടുപോകുന്ന വഴി. ആ വഴികളിൽ പരന്നുപരന്നുപോകുന്ന പാടങ്ങളിലേക്ക്
ബസ്സിന്റെ ജനാലക്കമ്പിയിലേക്ക് മുഖം ചാരിവെച്ച് നോക്കിയിരിക്കുന്നു. കൊയ്ത്തുകഴിഞ്ഞ്
ഉണങ്ങി വരണ്ട പാടങ്ങൾ, മഞ്ഞനിറം മണ്ണിലും കച്ചിത്തുമ്പുകളിലും. അറുത്തുമാറ്റിയ
നെൽക്കതിരുകളുടെ വിഷാദം, ബാക്കിയായ നെൽക്കക്കറ്റകളിൽ. പാടത്തിന്റെ
വശങ്ങളിൽ പാടത്തേക്ക് കണ്ണുനടുന്ന പച്ചപ്പുകൾ. ഉണങ്ങി വരണ്ട കാറ്റ്
മുഖത്തേക്ക് വീശുന്നു. വീണ്ടും ഒരു പട്ടികയാണ്, അസാധാരണമായി
ഒന്നുമില്ലാത്ത പട്ടിക. പക്ഷേ ഇവയൊക്കെ ചേർന്ന് പല ബലാബലങ്ങൾ
നിർമ്മിക്കുന്ന ഒരു വൃന്ദമുണ്ടാവുന്നു. സ്ഥലത്തിൽ,
വായുവിൽ, അന്തരീക്ഷത്തിൽ
നരച്ചമഞ്ഞ ആവേശിക്കുന്നുവെന്ന് നിങ്ങൾ അറിയുന്നു. നിങ്ങളും ഇവയൊക്കെയും
ചേർന്ന് ഒരു കോൺസ്റ്റളേഷൻ നിർമ്മിക്കപ്പെടുന്നു. അതിനെ
ബന്ധിപ്പിച്ചുനിർത്തുന്നത് ഈ പേരറിയാത്ത വിഷാദമാണ്, അവ്യക്തത.
ഞാറ്റുപുരയുടെ
ജാലകത്തിലേക്ക് രവി എടുത്തുവെച്ച മൂന്ന് പുസ്തകങ്ങളിലൊന്ന് റിൽക്കേയായിരുന്നു, താഴെ വിശദീകരണമായി കൊടുത്ത വരികൾ: റിൽക്കേ - ജർമ്മൻ
വിഷാദകവി. പക്ഷേ അത് വ്യത്യസ്തമാണെന്ന്
വിജയനറിഞ്ഞിട്ടുണ്ടാവും. കാരണം വളരെ ലളിതമായിപ്പറയാനാവും. മുകളിൽ
പറയാൻ ശ്രമിച്ച അവ്യക്തമായ വിഷാദത്തിന്റെ കടഞ്ഞെടുത്ത സത്തയാണ് ഖസാക്ക്. അത്
ഗ്രസിക്കാനുള്ള ഒരു നീണ്ട ശ്രമമായിരുന്നു വിജയന്റെ എഴുത്തു മുഴുവനും എന്ന്
വേണമെങ്കിൽ പറയാം.
അല്ലെങ്കിൽ, മറ്റൊരു
വഴിയിലൂടെ ഈ കാണാവുന്ന കള്ളുമുഴുവൻ, ലക്ഷക്കണക്കിനു ലിറ്ററുകൾ എന്തിനെയാണ്
മുക്കിക്കൊല്ലാൻ നോക്കിയതെന്ന് ആലോചിക്കാം, മുഹമ്മദ് റാഫിയും, മുകേഷും ബസ്സ്
സ്റ്റാന്റുകളിൽ സ്വാഭാവികമായത്. സങ്കടങ്ങൾ മാത്രമായി ജീവിതം മാറ്റുന്ന,
ഇടതുപക്ഷം എന്ന സ്വപ്നം എന്തുകൊണ്ട് പടർന്നു പിടിച്ചു എന്ന്, അതുമല്ലെങ്കിൽ
ഹരിദ്വാറിൽ മണി മുഴങ്ങിയെന്ന് പറഞ്ഞ് എല്ലാം വിട്ട് ഓടിപ്പോവാൻ നോക്കിയ രമേശൻ (ആയിരുന്നോ? ഉറപ്പില്ല. മറവിയാണ്. I grow old
... I grow old ...I shall wear the bottoms of my trousers rolled.) ഇനിയുമുണ്ടെന്ന്. പട്ടികകൾ. നഷ്ടപ്പെടാനായി
നിർമ്മിച്ചെടുത്ത, സായൂജ്യത്തിന് സാധ്യതപോലുമില്ലാത്ത രമണന്മാർ
നിറഞ്ഞ പ്രേമകഥകൾ. വടക്കേ ഇന്ത്യയിലേക്ക് കൊണ്ടിരുത്തിയ, മഹാപ്രഹേളികകളുടെ
കുന്ദന്മാർ. നൂറായിരക്കണക്കിന്നു പേർ കേട്ട 'മരണമെത്തുന്ന
നേരത്ത് നീയെന്നരികിൽ' എന്ന ഷഹബാസ് പാട്ട്.
ഇതൊക്കെയും
അവ്യക്തമായ, നൈസർഗികമായ, സ്വതസിദ്ധമായ ഒരു
വിഷാദത്തെ ഗ്രഹിക്കാനുള്ള ശ്രമമാണെന്ന് പറയാനാണായുന്നത്. അതായത്, മറ്റുപലപേരുകളിൽ, പട്ടികകളിൽ, വിശദീകരണങ്ങളിൽ
നമ്മൾ പലപ്പോഴായി ഒതുക്കുന്ന തനതായ, വിഷാദത്തിന്റെ ഒരു വർഗം. അത്
അനന്യമാണെന്ന തിരിച്ചറിവ്.
***
ഒരു
തരത്തിൽ പെസ്സോഅ നമ്മളെ ആവേശിച്ചുവെന്ന് പറയാം. പലരും പലപ്പോഴും ബുക്ക്
ഓഫ് ഡിസ്ക്യൂറ്റിനെപ്പറ്റി, ലിസ്ബണിൽ പരന്നു നിറഞ്ഞെന്നു തോന്നിക്കുന്ന, തികച്ചും
വ്യത്യസ്തമായ ഒരു പെസ്സോവിയൻ വിഷാദത്തിന്റെ മടിയിൽ സ്വയം കിടത്തി, കണ്ണുകൾ
പതുക്കെയടച്ചു വൈകുന്നേരങ്ങൾ ചിലവഴിച്ചു.
കാലം, ലോകം, സംഭവങ്ങൾ, കണ്ടുമുട്ടലുകൾ, വേർപിരിയലുകൾ, അങ്ങനെ
ഒരുപാട് അക്ഷങ്ങളുള്ള ഒരു ക്യാൻ വാസിൽ ഒരു ബിന്ദുവായി ഈ വിഷാദം. അതിനു
അതിന്റേതായ, അതിന്റേതുമാത്രമായ നിറം, മണം, രുചി
ഒക്കെയുണ്ടായി. അതും കഴിഞ്ഞ് ഒരുപാട് കഴിഞ്ഞു വലേറിയ ലുസേലി 'സൈഡ്
വാക്ക്സ്' എഴുതാൻ.
ബ്രസീലിയൻ, പോർട്ടുഗീസ്
വിഷാദത്തിന്റെ രൂപരേഖകൾ, ചവർപ്പുകൾ,
മറ്റുപലതും വാക്കുകളിലാക്കി
നമുക്ക് കാണിച്ചുതരാൻ ശ്രമിക്കുന്ന പുസ്തകം.
പേരു കിട്ടി. സൗദാദേ. Saudade. കാലങ്ങളിലൂടെ
പലർ വിശദീകരിക്കാൻ ശ്രമിച്ച അതേ പദം. അറബിക്ക് സൗദ എന്നതിൽനിന്നാവാം, അതല്ല
ലാറ്റിൻ സോലിറ്റേയിറ്റ് എന്നതിൽനിന്ന്. അറബിക്ക് സൗദ എന്നത് വരുന്ന വഴി നോക്കുക: കറുത്ത
പിത്തം/Black Bile -> അരിസ്റ്റോട്ടിൽ -> പ്രാചീനവൈദ്യശാസ്ത്രം -> അറബിക്ക്
വൈദ്യം -> തുർക്കി ഭാഷയിലെ സെവ്ദ -> ബോസ്നിയൻ
സൗദ. അതെന്തായാലും, ഈ വഴി,
തിരിച്ചുചെന്ന് വേരുകളിലൂടെ
ഇലകളുടെ നിറമറിയുന്ന വഴി, നിരർത്ഥകമാണെന്നാണ് പറഞ്ഞുവരുന്നത് മുഴുവൻ. അറ്റ്ലാന്റിക്ക്
സമുദ്രത്തിൽനിന്ന് വീശിയ കാറ്റു നഷ്ടപ്പെടാവതല്ല, പോർട്ടുഗലിന്റെ സൗദാദേയിൽനിന്ന്. ല്യൂസെല്ലി
പറയുന്നു:
"സൗദാദേ
എന്നത് ഗൃഹാതുരത്വമല്ല, ഇല്ലാത്തതിനെക്കുറിച്ചുള്ള ബോധമോ, ആഗ്രഹമോ
അല്ല. ഫിന്നിഷ് ഭാഷയിലെ
kaihomielisyys—മൃദുത്വവും, മാധുരിയുമുള്ള
ശബ്ദങ്ങളുള്ളവയാണെങ്കിലും—ഈ വാക്കിന്റെ തരിശായ ഭാവം മാത്രമേ
പ്രകടമാക്കുന്നുള്ളൂ. ജർമനിലെ
Sehnsucht-ഉം ഐസ് ലാന്റിന്റെ söknudur-ഉം
ഈ പദത്തിന്റെ അർത്ഥം ഊറ്റിക്കളയുന്നു; പോളിഷ് ഭാഷയിലെ tesknota എന്നത്
ബ്യൂറോക്രാറ്റിക്ക് ആയി അനുഭവപ്പെടുന്നു; ചെക്ക് ഭാഷയിലെ stesk എന്നത്
ചുരുങ്ങുന്നു, കെഞ്ചുന്നു, വണങ്ങുന്നു; എസ്തോണിയൻ igastus അടുത്തെത്തിയേനേ,
പിറകോട്ട് വായിക്കാമെങ്കിൽ."
ഇനിയുമൊരുപാട്
പറയാനാവും, ഈ വാക്കിനെപ്പറ്റി. പരിഭാഷാശ്രമങ്ങളിൽനിന്ന്
കുതറി മാറുന്ന വാശി. ആ വാശിയിലാണ് ഒരു ജനതയുടെ അനന്യമായ, അനുഭവത്തെ
ഗ്രഹിച്ചതിന്റെ സാക്ഷ്യമുള്ളത്. അതായത് മറ്റൊരു ഭാഷയിലേക്കും
പരിഭാഷപ്പെടുത്താനാവാതിരിക്കുക എന്നതാണ്,
അത് തന്നെയാണ് ആ പദത്തിന്റെ
അസ്തിത്വത്തിന്ന് ആധാരം. ലൂസെല്ലി പിന്നെയും പറയുന്നു:
"ഗൃഹാതുരത്വമെന്നത് എല്ലായ്പ്പോഴും പോയ്പ്പോയ ഒരു
കാലത്തെ ചൊല്ലിയുള്ള ഒരു ഗൃഹാതുരത്വമല്ല.
ചിലതുണ്ട്, ഗൃഹാതുരത്വത്തെ
മുൻ കൂട്ടി ഉണർത്തുന്നവ—കാണുമ്പോഴേക്കും നഷ്ടമായെന്നു നമുക്കു തോന്നുന്ന
ഇടങ്ങൾ—നമ്മൾ പിന്നീടൊരിക്കലും ഒരിടത്തും എത്താനിടയില്ലാത്ത വിധം
സ്വാസ്ഥ്യം നമുക്കു നൽകുന്ന ഇടങ്ങൾ. അത്തരം സന്ദർഭങ്ങളിൽ നമ്മുടെ ഉള്ള്
വളഞ്ഞുതിരിയുന്നു, സ്വയം നിർമ്മിക്കുന്ന ഒരു സങ്കൽപ്പലോകത്ത്, ഈ
സമയത്തെ, ഇപ്പോഴിനെ പിൻ കാഴ്ചയായി കാണുന്ന വിധത്തിൽ."
***
ഒരു
അവസ്ഥയെ, ഒരു ജനതയുടെ അനന്യമായ ഒരു അവസ്ഥയെ, വികാരപ്രപഞ്ചത്തെ
ഒരു സവിശേഷമായ വാക്കിലേക്കൊതുക്കുന്നതിലെന്താണ്? അതിലുണ്ട്. വാക്കുകൾ
ഒരു തരത്തിൽ മനുഷ്യൻ, നമ്മൾ,
ജീവിതപരിസരം, സംസ്കാരം, കല, സാമൂഹികത, നമ്മുടേത്
മാത്രമായ ഭൗതികവസ്തുതകൾ ഒക്കേയും നിർമ്മിക്കുന്ന മനുഷ്യപ്രപഞ്ചമെന്ന്
വിളിക്കാവുന്ന ഒന്നിന്ന് കുറുകേ പോകുന്ന ഒരു മണ്ഡലമാണ്. ഇത്തരം
മനുഷ്യപ്രപഞ്ചം നമുക്കു നൽകുന്ന അവസ്ഥകൾ എന്നത് മറ്റൊരു
മനുഷ്യപ്രപഞ്ചത്തിലുണ്ടാകാവുന്ന അവസ്ഥകൾക്ക് ഒരിക്കലും തുല്യമാവില്ല. പേരിടൽ, അത്തരം
അവസ്ഥകൾക്ക് പേരിടൽ എന്നത്, ആ അവസ്ഥയെ ഗ്രഹിക്കാനുള്ള ഉപാധിയാണ്, അതുമായി
ചേർന്ന് പരസ്പരധാരണയിലെത്താനുള്ള മാർഗമാണ്,
ഔഷധിയാണ്. To have a word to grasp, to represent, to
communicate, is to help mediate a unique historical-geographical existence, is
to map and archive our unique emotional canvas. It is to leave a history of
emotional overtones, timbres.
***
ബൾഗേറിയൻ
എഴുത്തുകാരനായ ഗോസ്പോദിനോവിന്റെ 'ഫിസിക്സ് ഓഫ് സോറോ' ഒരു
സാഹിത്യസംഭവമാണ്. വിഷാദത്തിന്റെ ഊർജ്ജതന്ത്രം, ഫിസിക്സ് ഓഫ് സോറോ, Physics of Sorrow, Физика на тъгата, Fizika na
tŭgata. സൂക്ഷിച്ച് നോക്കുക. 'ഫിസിക്ക
ന റ്റുഗാറ്റ' എന്നതിലെ ആ റ്റുഗാറ്റയാണ് സോറോ ആയത്. ആ പദമാറ്റത്തിൽ എന്ത്
നഷ്ടപ്പെട്ടോ അതാണീ പുസ്തകം, അതായത് അങ്ങനെ ഒരു വാക്ക്, സോറോ എന്ന വാക്ക്
റ്റുഗാറ്റ എന്നതിന്ന് പകരമായി
വെക്കേണ്ടിവരുന്നു എന്നതാണ് ഈ പുസ്തകം എഴുതപ്പെടണമെന്നതിനും,
വായിക്കപ്പെടണമെന്നതിന്നും ഏറ്റവും വലിയ കാരണം. രണ്ടായിരത്തിപ്പത്തിൽ
എക്കണോമിസ്റ്റ് 'സന്തോഷത്തിന്റെ ഭൂമിശാസ്ത്രം' എന്ന ലേഖനത്തിൽ ബൾഗേറിയ—റൊമാനിയക്കൊപ്പം—ലോകത്തിലെ
ഏറ്റവും ദുഖഭരിതമായ സ്ഥലമായി അടയാളപ്പെടുത്തി. ഗോസ്പോദിനോവ് ഈ കാര്യം
പുസ്തകത്തിൽ പറയുന്നുണ്ട്. പുസ്തകം റിവ്യൂ ചെയ്യുകയല്ല ഇവിടെ, മറിച്ച്, ആ
തലക്കെട്ടിലെ 'റ്റുഗ'
എന്നത് തുറക്കുന്ന ലോകത്തേക്ക്
സഞ്ചരിക്കാനാണ്. അവിടെയുമുണ്ട് രസകരമായ കാര്യം, എന്താണ്
റ്റുഗ എന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ പറയുമ്പോൾ ഉദാഹരണമായി പറയുന്ന ഒന്ന്
പോർട്ടുഗീസ് സൗദാദേ ആണ്! പക്ഷേ നഷ്ടപ്പെട്ട ഒന്നിനെ പറ്റിയേ അല്ല, അല്ലെങ്കിൽ
നഷ്ടപ്പെടുക പോലും ചെയ്യാത്ത ഒന്നിനെപ്പറ്റിയല്ല. മറിച്ച്, ഗോസ്പോദിനോവ്
പറയുന്നു:
"കഥകളിൽ, പ്രത്യേകിച്ചും
പ്രിയപ്പെട്ടവർ പറഞ്ഞുതന്ന കഥകളിൽ, എല്ലായ്പ്പോഴും ഒഴിഞ്ഞ ഒരിടമുണ്ടായിരുന്നു, ക്ഷണികമായ
ഒരു ഒഴിവ്, ദുർബ്ബലമായ ഒരു ബിന്ദു, ദുർഗ്രഹമായ
ഒരു ദുഖം, നഷ്ടപ്പെട്ട എന്തിനോ വേണ്ടിയുള്ള ആഗ്രഹം,
അല്ലെങ്കിൽ ഒരിക്കലും സംഭവിക്കാത്ത ഒന്നിനെക്കുറിച്ച്, അതെന്നെ ഉള്ളിലേക്ക്
വലിച്ചുകൊണ്ടുപോയി, പറയാത്തവയുടെ ഇരുട്ടുമൂടിയ പ്രദർശനശാലകളിലേക്ക്. ഇതുപോലെയുള്ള
രഹസ്യശാലകളും, ഇടനാഴികളും എല്ലാ കഥകളിലും ഉണ്ടായിരുന്നു."
ഈ പുസ്തകം
മറ്റൊരു തരത്തിലും നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയുടെ വിശകലനമാണ്, കാരണം
ഗോസ്പോദിനോവ് പറയുന്നു, ഈ എഴുത്ത് ഒരു തരത്തിൽ തന്മയീഭാവത്തെക്കുറിച്ചാണ്,
എമ്പതിയെന്നതിനെക്കുറിച്ച്. പലരിലേക്ക്, പല ജനതകളിലേക്ക്, ഇടങ്ങളിലേക്ക്,
കാലങ്ങളിലേക്ക്, നഗരങ്ങളിലേക്ക്,
പരകായപ്രവേശം നടത്തുന്നതിനെക്കുറിച്ച്. അതോടൊപ്പം റ്റുഗയെ
രേഖപ്പെടുത്തുന്നതും. ജീവിതവും ചരിത്രവും മറ്റിടങ്ങളിൽ നടക്കുന്നു
എന്നതിനെക്കുറിച്ചുള്ള വിഷാദം. അത്തരത്തിൽ ഇത് സൗദാദേയുടെ പൗരാണികനാണ്, അതിലേറെ
മൂർച്ചയുള്ളതാണ്. ഇവിടെയൊന്നുമില്ല,
ബൾഗേറിയയിലില്ല, അതേ സമയം എല്ലാ വിഷാദത്തിലെന്ന പോലെ ഒരു പ്രതീക്ഷയുടെ മറുപുറം.
You just cannot have melancholy without at least a conceptual realm of other,
of other possibilities, of other worlds, of other conditions.
***
ലോകചരിത്രം
കാലിൽ വന്നു പൊതിയുന്നുവെന്ന് തീക്ഷ്ണമായി അനുഭവപ്പെടുന്ന നഗരമാണ് ഇസ്താൻബുൾ.
ഒരുപക്ഷേ ചിലസമയത്ത് ഒരു ഭാരം പോലെ, മൂടൽ മഞ്ഞുപോലെ വന്നു ഉള്ളിലേക്ക് പതിക്കുന്ന
എന്തോ ഒന്ന്. പല അടരുകളായി, ആ അടരുകൾ കാഴ്ചകളായി. പറഞ്ഞാൽ തീരില്ല. യലികൾ.
ബോസ്ഫറസ്. റ്റോപ് കാപ്പി. ഗ്രാന്റ് ബാസാർ. പ്രാചീനമായ മതിൽക്കെട്ടുകൾ. സോഫിയ.
ഗലാട്ട - തീരില്ല, അക്ഷരാർത്ഥത്തിൽ.
കണ്ണുകൊണ്ട്
നമ്മൾ കാണുന്ന ഈ ഭൗതികവസ്തുക്കൾക്കപ്പുറം നഗരത്തിനെ മൂടുന്ന മറ്റൊന്നുണ്ടെന്നാണ്
'ഇസ്താൻബുൾ: ഓർമ്മകളും നഗരവും' എന്ന പുസ്തകത്തിൽ പാമുക്ക് പറയുന്നത്. അത് ഹുസുൻ
ആണ്. Hüzün. അറബിക്ക്,
ഇസ്ലാമിക്ക് ഭൂതകാലചരിത്രമുള്ള ഈ
വാക്കിനെ പാമുക്ക് ഇഴകീറി നോക്കുന്നു. ലോകത്തിലേ ഒരുപാട് മുങ്ങിവന്റെ വേദന ഒരു ഭാഗത്ത്, മറ്റൊന്ന്
ദൈവത്തോട് ഒരുപാട് അടുക്കാനാവാത്തവന്റെ വേദന മറുഭാഗത്ത്. രണ്ടാമത്തേതിൽ
ഈ ഭാവം ഒരു നല്ല അവസ്ഥയാണ്, അത് അകലത്തെ അറിയിക്കുന്നു. പാമുക്ക്
പറയുന്നു:
"കുഞ്ഞായിരിക്കുമ്പോൾ ഇസ്താൻബുൾ
എനിക്കനുഭവിക്കേണ്ടിവന്ന ഹുസൂനിന്റെ തീക്ഷ്ണത പറഞ്ഞറിയിക്കണമെങ്കിൽ ഓട്ടോമാൻ
സാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്നുണ്ടായ ഇസ്താൻബുള്ളിന്റെ ചരിത്രം പറയണം—അതിലും
പ്രധാനമായി—ഈ ചരിത്രം നഗരത്തിന്റെ 'മനോഹരമായ' കാഴ്ചകളിലും, മനുഷ്യരിലും
എങ്ങനെ പ്രതിഫലിക്കപ്പെടുന്നുവെന്നതും. ഇസ്താൻബുളിന്റെ ഹുസൂൻ എന്നത് അവിടത്തെ സംഗീതവും, കവിതയും
ഉണർത്തുന്ന വൈകാരികഭാവം മാത്രമല്ല, മറിച്ച് അത് ജീവിതത്തെ നോക്കിക്കാണുന്ന ഒരു
രീതിയാണ്, നമ്മളെയൊക്കെ പങ്കുചേർക്കുന്ന ഒരു രീതി, ആത്മീയമായ
ഒരു ഭാവം മാത്രമല്ല, മാനസീകമായ ഒരു ഭാവം കൂടിയാണ്, ജീവിതതെ
ആത്യന്തികമായി സ്വീകരിക്കുകയും അതേ സമയം നിരാകരിക്കുകയും ചെയ്യുന്ന ഒരു രീതി.
[…]
എന്റെ
തുടക്കം ബാഷ്പം പൊതിഞ്ഞ ഒരു ജാലകത്തിലൂടെ പുറത്തിനെ നോക്കിക്കാണുന്ന ഒരു കുഞ്ഞിനു
തോന്നുന്ന വികാരമായിരുന്നു."
ഇത്
കഴിഞ്ഞ് പാമുക്ക് ആറു പേജ് നീളുന്ന ഒരൊറ്റ വാചകത്തിൽ ഹുസൂൻ ഉണർത്തുന്ന
വസ്തുക്കളുടെ, വസ്തുതകളുടെ, കാഴ്ചകളുടെ, cases in point, നീണ്ട ഒരു പട്ടിക നൽകുന്നുണ്ട്.
***
സൗദാദേ, ഹുസുൻ, റ്റുഗ, മോണോ
നോ അവയർ, സെഹ്ൻ സൂഷ്റ്റ് - പ്രപഞ്ചങ്ങളുടെ
പേരുകളാണ്.
***
തിരികെ
വീണ്ടും. 'രവി ഖസാക്കിൽ പോകുന്നതല്ല, മറിച്ച്, രവി
പോകുന്നിടമാണ് ഖസാക്ക്' എന്ന് ഒരാൾ പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ
കലയിൽ, എഴുത്തിൽ, സിനിമകളിൽ എമ്പാടും ഇതുവരെ പേരിടാത്ത
വിഷാദത്തിന്റെ ഒരു വകഭേദമുണ്ട്. നമ്മളതിനെ ചിലപ്പോൾ ഗൃഹാതുരത്വം എന്നൊക്കെ
കളിയാക്കിയും കാര്യമാക്കിയും വിശദീകരിക്കും.
ഗൃഹാതുരത്വം ഗൃഹം എന്നതിനെ
ഒഴിച്ചുകൂടാത്ത ഒരു വസ്തുതയാക്കുന്നുണ്ട്.
അതില്ല. ഇതിലൊന്നും
ആർക്കും ഒന്നും നഷ്ടമായിട്ടില്ല. അല്ലെങ്കിൽ മറ്റൊരു ലോകം സാധ്യമാണ്, ഈ
ചായയേക്കാൾ നല്ലത് അപ്പുറത്തെ കടയിലേതാവാം,
പയ്യാമ്പലത്തെ
ബീച്ചിലിരിക്കുകയെന്നാൽ ചെറായിയിലെ ബീച്ചിലിരിക്കാതിരിക്കുക എന്നാണർത്ഥം. അല്ലെങ്കിൽ
മാനാഞ്ചിറയിലിരുന്ന് വൈകുന്നേരം മുഴുവൻ മറൈൻ ഡ്രവിലെ പാതയോരത്തെ പടവിലിരുന്നാൽ
കാണാവുന്ന വെളിച്ചങ്ങളെക്കുറിച്ച് നമ്മൾ സംസാരിച്ചു.
To be this
presupposes not being that; being here presupposes not being there; and on and
on and on.
1 comments:
Thank you
Post a Comment