Thursday, October 19, 2017

പോടുകൾ, പാടുകൾ

എത്രയോ കാലങ്ങളായി പ്രപഞ്ചം ഒരുപാട് ഭംഗിയുള്ള ഏതോ ഒരു നിറക്കൂട്ടന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന്, മറ്റൊരു വൈകുന്നേരം അയാൾ എന്നോട് പറഞ്ഞു. നിറങ്ങൾ പരീക്ഷിക്കാനുള്ള ഒരു കാൻവാസ് മാത്രമായാണ് ആകാശമുണ്ടാക്കിയതെന്നും. നീണ്ട വരാന്തയുടെ വശത്തുള്ള മതിലിലിരുന്ന്, ആകാശത്ത് മാറി മാറി വരുന്ന മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത നിറങ്ങൾ നോക്കി നിൽക്കേ അത് സത്യമാണെന്ന് എനിക്ക് തോന്നാതല്ല. അയാളുടെ മനസ്സ് എന്നും അങ്ങനെയായിരുന്നു; പോടുകളിൽ പാടുകൾ കാണുന്ന മനസ്സ്.
"കമ്പ്യൂട്ടറും, പിന്നെ പലവിധമായ എഴുത്തുപാധികളും മനുഷ്യനെ ചുരുക്കിയിട്ടുണ്ട്."
ഒട്ടും അൽഭുതം തോന്നിയില്ല, ആകാശത്തുനിന്ന് ഒരു നിമിഷാർദ്ധത്തിൽ പൊടുന്നനെ കമ്പ്യൂട്ടറിലേക്കുള്ള ഈ വന്നുചേരലിൽ. അയാളുടെ മനസ്സിന്ന് വല്ലാത്ത വഴക്കമാണ്, ഒരു ആശയത്തിൽനിന്ന് മറ്റൊന്നിലേക്ക് അനായാസമായി.
"ശരിയാണ്. വേഗത നമ്മളെ വല്ലാതെ ഗ്രസിച്ചിരിക്കുന്നു." സംശയിച്ച് സംശയിച്ച് ഞാൻ പതിയെപ്പറഞ്ഞു.
"വേഗതയുടെ കാര്യമല്ല ഞാൻ പറഞ്ഞത്."
മുഖത്തിനു മുന്നിൽ, എന്തൊക്കെയോ രൂപത്തിൽ പടരുന്ന പുകയ്ക്കപ്പുറത്തെ തിളങ്ങുന്ന കണ്ണുകളിൽ ഹാതാശയത്വം. പതിഞ്ഞ ശബ്ദം. പിന്നെയെന്താവുമെന്ന് ഞാൻ സ്വയം ചോദിക്കുന്നു. ഇനിയും, മാധ്യമം എഴുത്തിന്ന് പോകാനുള്ള വണ്ടിയെന്നത് മാറി ഡ്രൈവർ സീറ്റിലാവുന്നതാവുമോ? സംശയം എന്നെ പൊതിയുമ്പോൾ നേർത്ത ശബ്ദം വീണ്ടും.
"വികാരങ്ങൾ കൈമാറാനുള്ള ഒരു തലം ഇല്ലാതായതിനെ കുറിച്ചാണ് ഞാൻ പറയുന്നത്."
ഇപ്പോൾ ശരിക്കും ഞാൻ അങ്കലാപ്പിലാണ്. ഒരുപാട് ദൂരത്തിരുന്ന്, വാക്കുകളിലൂടെ മാത്രം പരസ്പരമറിയുന്നതിലൂടെ, കാണലും, ചേർത്തുപിടിക്കലുമൊക്കെ പിന്നിലേക്ക് മാറിയതാവുമോ? അതായിരുന്നു എന്റെ ധാരണ.
'നീ വൂൾഫിന്റെ ആത്മാഹുതിക്കുറിപ്പ് കണ്ടിട്ടുണ്ടോ?'
വൂൾഫ്? കമ്പ്യൂട്ടറും വൂൾഫും തമ്മിലെന്താണ്? ഇത്ര പരിചയിച്ചിട്ടും, ഇയാളുടെ മനസ്സിന്റെ വഴികൾ എനിക്ക് പിടിതരാതെ, തെന്നിത്തെന്നിപ്പോകുകയാണല്ലോ എന്നോർത്തുകൊണ്ട്, സംശയം നനുനനുപ്പിച്ച വാക്കുകളിൽ, ഞാൻ പറയുന്നു.
"വായിച്ചിട്ടുണ്ട്, ഒരുപാട് ദുഖമാണ്."
എന്റെ പതിഞ്ഞ വാക്കുകൾ ആകാശത്തിന്റെ നിറം മാറ്റിയെന്ന് വെറുതെ തോന്നിയതാവും, വൈകുന്നേരത്തിന്റെ ചാരനിറത്തിലും, ഒറ്റയ്ക്ക് ഒരു മലമുകളിൽ നിൽക്കുന്ന മരത്തിലുമൊക്കെ നിറഞ്ഞുതുളുമ്പുന്ന വിഷാദം അവയ്ക്ക് താങ്ങാനാവാതെ, മനുഷ്യനോട് സഹായം ചോദിച്ചപ്പോഴാണ്, ഈ ദുഖങ്ങൾ വാക്കുകളിൽ പകർത്തി വെക്കാൻ തുടങ്ങിയതെന്ന് അയാൾ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്; വാക്കുകൾ ദുഖങ്ങളെ ഇങ്ങനെ എംബാം ചെയ്ത് തലമുറകളിലൂടെ, പലരിൽ പകർന്ന്, തോത് കുറയ്ക്കുമെന്നും.
"ഞാൻ വായിച്ചിട്ടുണ്ടോ എന്നല്ലല്ലോ ചോദിച്ചത്, കണ്ടിട്ടുണ്ടോ എന്നല്ലേ?"
ഇപ്പോൾ അൽഭുതമൊന്നും തോന്നിയില്ല, ചിന്തകൾക്ക് മരങ്ങളുടെ സ്വഭാവമാണെന്നും, ഉത്തരം സൂര്യനെപ്പോലെയാണെന്നും അയാൾ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഉത്തരങ്ങളാണ് ചിന്തകളുടെ ശാപമെന്നും.
"ഇല്ല, ഞാൻ കണ്ടിട്ടില്ല. വായിച്ചിട്ടേയുള്ളൂ."
ആ കുറിപ്പ് വായിച്ചതിനു ശേഷം ശേഷം എന്റെ കലണ്ടറിലെ ചൊവ്വാഴ്ചകളിൽ വിഷാദച്ഛവി പടർന്നതാണ് എന്റെ മനസ്സിൽ.
"എങ്കിൽ നീ കാണണം."
കാണാം. എന്താണു കാണേണ്ടതെന്നു കൂടെ ഇയാൾ പറഞ്ഞിരുന്നുവെങ്കിലെന്ന് ചിന്ത എന്നെ ചൂഴുമ്പോൾ പതിഞ്ഞ ശബ്ദം വീണ്ടും.
"എഴുത്തിലാണ് നോക്കേണ്ടത്. അർത്ഥത്തിലല്ല."
എനിക്ക് അൽഭുതം വർദ്ധിക്കുന്നു. വൂൾഫിന്റെ വാക്കുകളുടെ അർത്ഥം വിട്ട് എഴുത്തിൽ നോക്കയോ? ബാക്കികൂടെ പറഞ്ഞിരുന്നെങ്കിലെന്ന് ആകാംക്ഷ പടരുന്നു.
"അക്ഷരങ്ങളിൽ, വാക്കുകളിലൊക്കെ അശരണത ആവേശിക്കുന്നത് കാണണം."
ഇപ്പോൾ ഇത്തിരിക്കൂടി തെളിവാവുന്നു. വാക്കുകൾ ചിലപ്പോൾ മുറുകുകയും, പിളരുകയും, പൊട്ടുകയുമൊക്കെ ചെയ്യും--ഭാരത്താൽ, സമ്മർദ്ദത്താൽ ഒക്കെയെന്ന് എലിയറ്റ് പറഞ്ഞതാവും, ഇയാൾ പറയാൻ ശ്രമിക്കുന്നത്.
"വരികളുടെ ചെരിവ്, അക്ഷരങ്ങളുടെ വിളർച്ചൾ, ഞെരിഞ്ഞ പാടുകൾ നീ ശ്രദ്ധിച്ചിട്ടുണ്ടോ?"
ഞാൻ വീണ്ടും അൽഭുതത്തിന്റെ കൈപ്പിടിയിലമരുന്നു. എലിയറ്റ് പറഞ്ഞതൊന്നുമല്ലല്ലോ ഇത്. ഇതെന്താണ്? പുകയ്ക്കപ്പുറത്ത് വ്യക്തമായി കാണാനാവാത്ത കണ്ണുകളിലെ തിളക്കം.
"ഞാൻ പറയുന്നത്…"
എന്താണ്? ആകാംക്ഷ അശാന്തതയായി എന്നെ മുറുക്കുന്നു. എന്താവും?
"വാക്കുകളുടെ അർത്ഥങ്ങൾക്കപ്പുറത്ത്, കൈയ്യെഴുത്തുകൾ പറയുന്ന വികാരങ്ങളെ പറ്റിയാണ്."
"ഉം."
"ഓരോ അക്ഷരവും കയ്യെഴുത്തിൽ മനസ്സിന്റെ അവസ്ഥയുടെ പ്രതിബിംബമായിരുന്നു. അക്ഷരങ്ങളുടെ രൂപം മനസ്സിനൊത്ത്, ഇത്തിരിയെങ്കിലും മാറുന്നുണ്ടായി. ഒരു ചെറിയ വളവ്, ഒരു നീളക്കുറവ്, അക്ഷരങ്ങൾക്കിടയിലെ അകലം, അങ്ങനെയങ്ങനെ. അത് നഷ്ടമായിരിക്കുന്നു."
ഇപ്പോൾ വ്യക്തമാവുന്നു. ഞാൻ തന്നെ തകർന്ന നിമിഷങ്ങളിൽ കുത്തിക്കുറിച്ച ഡയറിക്കുറിപ്പുകളിലെ, വാക്കുകളിലെ അർത്ഥങ്ങൾക്കപുറം, അക്ഷരങ്ങളിലെ രൂപമാറ്റങ്ങൾ. ശബ്ദകോശങ്ങൾ പറയാത്ത വേദനകൾ, വിങ്ങലുകൾ ഒക്കെ തൂർന്ന് പോയിട്ടുണ്ട്. ഈ എഴുത്തിലെ അക്ഷരങ്ങൾ വളഞ്ഞു പുളഞ്ഞതും താളിന്റെ മറ്റേ പുറത്തേക്ക് പാടുകൾ ഉപേക്ഷിക്കുന്നവയുമൊക്കെയായെങ്കിലെന്ന് മനസ്സ് ചിനച്ചിട്ടുണ്ട്.

0 comments: