Tuesday, January 6, 2015

സംവിത്തിസിദ്ധാന്തവും* പുനർവിതരണവും അഥവാ 'റ്റാക്സികൾ എടുക്കാൻ വിസമ്മതിക്കുന്ന ആഫ്രിക്കൻ-അമേരിക്കൻ വാൾസ്റ്റ്രീറ്റ് ബാങ്കറും' 'കമ്പനിയുടെ ലയനസാധ്യതയിൽ ജോലിനഷ്ടപ്പെടുന്ന വിദഗ്ദ്ധ വ്യാവസായികതൊഴിലാളിയായ വെള്ളക്കാരനും'^

മുൻവാക്ക്

ഈ കുറിപ്പിന്റെ പ്രത്യക്ഷമായ ലക്ഷ്യം അവിടെയുമിവിടെയുമായി ഇടത്-സ്വത്വം എന്ന പേരിൽ നടക്കുന്ന വിശേഷസംഭവങ്ങളിൽ അധിഷ്ഠിതമായ ചർച്ചകളാണെങ്കിൽ, ദീർഘദൂരലക്ഷ്യമെന്നത്, ‘സ്വത്വവാദം/സ്വത്വരാഷ്ട്രീയം’ എന്ന വിഷയത്തെസംബന്ധിച്ച് നടക്കുന്ന ദാർശനീകചിന്തകളൂമായി ബന്ധപ്പെട്ട് വന്ന സംവിത്തിസിദ്ധാന്തത്തെ പരിചയപ്പെടുത്തുക എന്നതാണ്.

തുടക്കത്തിൽത്തന്നെ സുവ്യക്തമായി ഒരു കാര്യം പറയാം – ഇതെഴുതുന്നയാൾ നിലനിൽക്കുന്ന ലോകക്രമത്തിലെ രാഷ്ട്രീയധനതത്വവ്യവസ്ഥയിൽ (Political Economy) , അടിസ്ഥാനപരമായ, കാതലായ പ്രശ്നങ്ങൾ ഉണ്ട് എന്നു വിശ്വസിക്കുന്നയാളാണ്. മനുഷ്യന്റെ എല്ലാ ജീവിതവഴികളെയും ഗ്രസിക്കുന്ന വിപണീമൗലീകവാദം1, നിമിഷം പ്രതി വളരുന്ന ധനവിതരണത്തിലെ അസമാനത, പോകെപ്പോകെ ദ്രവിച്ചില്ലാതാവുന്ന ക്ഷേമരാഷ്ട്രമെന്ന സ്വപ്നം, അവനെന്നും അവളെന്നും, നിറമുള്ളവനെന്നും അങ്ങനെയങ്ങനെ അസംഖ്യം തുരുത്തുകളായി മാറുന്ന മനുഷ്യൻ എന്ന വർഗത്തെ മുതലെടുക്കാൻ നോക്കുന്ന നിയോലിബറൽ വഴികൾ…ഒറ്റയ്ക്കിരുന്ന് കരയാൻ കാരണമാവുന്ന മറ്റുപലതും.

പക്ഷെ, ഒരു തരത്തിൽ, മുകളിൽപ്പറഞ്ഞ കാര്യങ്ങളും, സ്വത്വവാദവും തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു/ബന്ധപ്പെടുന്നില്ല എന്നോ, എങ്കിൽ എന്തുകൊണ്ട് എന്നോ മറ്റുമൊക്കെ വ്യക്തമാക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

സ്വത്വവാദവും സംവിത്തിസിദ്ധാന്തവും

ഒരു പക്ഷേ ഈ വിഷയത്തിലെ രസകരമായ ഒരു വശമെന്നത് എന്തുകൊണ്ട് മലയാളഭാഷാസമൂഹത്തിൽ സ്വത്വവാദസംബന്ധിയായ ചർച്ചകൾ മിക്കവാറുമെല്ലായ് പ്പോഴും സ്വത്വവാദം<>ഇടത് എന്ന നിലയിലേക്ക് മാറുന്നു എന്നതാണ്. എങ്ങനെയൊക്കെ ഹരിച്ചും ഗുണിച്ചും നോക്കിയാലും സ്വത്വവാദം എന്നത് ദാർശനീകതലത്തിൽ മറ്റ് പല ആശയസംഹിതകളുമായും പ്രശ്നത്തിലായേ പറ്റൂ – ഹോബ്സായാലും റോൾസായാലും2.കാരണം വളരെ ലളിതമാണ് – മനുഷ്യൻ/മനുഷ്യർ എന്നതിലെ അന്തരം. നീതി(സാമൂഹിക)ദർശനങ്ങൾ മനുഷ്യൻ എന്ന കേവലധാതുവിനെ വേർതിരിച്ചെടുത്താണ് നിർമ്മിക്കുന്നത്. ‘ഒറിജിനൽ പൊസിഷൻ’ എന്നത് എന്റെ തവിട്ടുനിറം കഴുകൽ കൂടിയാണ്. പക്ഷെ അതോടൊപ്പം നമുക്കെല്ലാമറിയാം, തുല്യത/Equality എന്നത് ദാർശനികമായി ഏകരൂപത/Identity അല്ല എന്നത്. നവോത്ഥാനത്തിന്റെ ചോരയിൽ പിറന്ന കുഞ്ഞെന്ന നിലയിൽ മാർക്സിസത്തിന്നും അങ്ങനെയാവാനേ പറ്റൂ.

അതെന്തായാലും പൊതുവെ സ്വത്വവാദവും, സാംസ്കാരികവൈവിധ്യവാദവും (Multiculturalism) പല തലത്തിലുള്ള അടിസ്ഥാനപ്രമാണങ്ങളിൽ അധിഷ്ഠിതമാണ്. ഒരറ്റത്ത് ഒരാളുടെ പൈതൃകമെന്നത് എന്തു വിലകൊടുത്തും നിലനിർത്തിയേ പറ്റൂ എന്നും, അതിലേക്കായി ആ പൈതൃകക്കാരുടേതുമാത്രമായ ഭരണക്രമങ്ങൾത്തന്നെയും വേണമെന്ന് വാദിക്കുകയും ചെയ്യുന്നവർ. ഇത്തരത്തിൽ നോക്കിയാൽ സാംസ്കാരികപൈതൃകമെന്നത് ഒരു വ്യക്തിയുടെ സ്വത്വത്തിന്റെ സത്താപരമായ ഭാഗമാണ്. മറ്റൊരു വശത്ത് സാംസ്കാരികപൈതൃകം മാറാവുന്നതും, ചിലപ്പോഴെങ്കിലും ഈ മാറ്റം നല്ലതാണെന്ന് വാദിക്കുകയും ചെയ്യുന്നവർ. ഇനിയുമൊന്ന് സ്വത്വം എന്നത് സാമൂഹികനിർമ്മിതി/ശിലാസത്ത (Social Construction/Essentialism) എന്നിങ്ങനെ രണ്ട് ദ്വന്ദ്വങ്ങൾക്കിടയിൽ അകപ്പെടാമെന്നതാണ്.

സ്വത്വവാദം എന്നതിനെചുറ്റിപ്പറ്റി വന്ന എഴുത്തുകളിൽ വളരെ പ്രധാനപ്പെട്ടതെന്ന് പറയാവുന്നത് റ്റെയിലറൂടെ ലേഖനമാണ്. സ്വത്വം എന്നതിലെ ദാർശനീകവശത്തെ മുന്നിലേക്കു നിർത്തുകയും, അതിന്റെ ചരിത്രപരമായ പാശ്ചാത്തലങ്ങൾ പരിശോധിക്കയും ചെയ്യുന്നതാണിത്. ‘ഞാനാര്’ എന്ന ചോദ്യത്തിന്നുള്ള ഉത്തരമായി ഒരോരുത്തനും കണ്ടെത്തുന്ന മറുപടിയിൽ ആ മനുഷ്യന്റെ സ്വത്വമുണ്ടാവും. ഇവിടെ റ്റെയിലർ മുന്നോട്ട് വെക്കുന്ന ഒരു സംജ്ഞയാണ് സംവിത്തി അഥവാ Recognition

പഴയലോകക്രമത്തിൽനിന്ന് പുതിയതിലേക്കുള്ള പാതയിൽ വന്ന ഒരു പ്രധാന മാറ്റം 'ശ്രേഷ്ഠത/Honor' എന്നതിൽനിന്ന് 'മാന്യത/Dignity' എന്നതിലേക്കാണ് - ശ്രേഷ്ഠത എല്ലാവർക്കും എത്തിപ്പെടാവുന്ന ഒന്നായിരുന്നില്ലെങ്കിൽ മാന്യത എല്ലാവർക്കും ഒരുപോലെ ചെന്നെത്താവുന്ന ഒന്ന് എന്ന നിലയിലെ മാറ്റം. മറ്റൊരു കാതലായ വ്യതിയാനമായി റ്റെയിലർ പറയുന്നത് മനുഷ്യൻ കണ്ടെത്തുന്ന വാസ്തവികത/Authenticity ആണ്. ഇവിടെയാണ് സംവിത്തി എന്ന സംജ്ഞ അനിവാര്യമാകുന്നത്. എന്തുകൊണ്ടെന്നാൽ ഓരോ മനുഷ്യനും രൂപമെടുക്കുന്നത് ഒരിക്കലും തന്നിലേക്ക് മാത്രം നോക്കുന്ന കണ്ണുകളിലൂടെയല്ല; മറിച്ച്, മനുഷ്യനിർമ്മിതിയിൽ അടിസ്ഥാനപരമായി 'സംവാദപരത/Dialogic' അന്തർലീനമാണ്.  തനിക്കുചുറ്റുമുള്ള മനുഷ്യരുമായുള്ള ഇടപാടുകളിലൂടെയാണ് മനുഷ്യസ്വത്വമല്ല, മനുഷ്യമനസ്സുതന്നെ ആകൃതിയെടുക്കുന്നത്. ഇത് ജീവിതാവസാനം വരെ നീളുന്ന പ്രക്രിയയാണ്. ഇത്തരത്തിൽ ഞാൻ എന്റേതെന്നു കരുതുന്ന സ്വത്വം ചുറ്റുമുള്ള മറ്റുള്ളവരിൽ അധിഷ്ഠിതമാണ്. അതുകൊണ്ട് തന്നെ ഒരാളുടെ സ്വത്വത്തിന്റെ വളർച്ചയെ പരിപോഷിപ്പിക്കാനും, തളർത്തുവാനും സാഹചര്യങ്ങൾക്കാവും എന്ന് വരുന്നു.3
 
ഇതിൽനിന്ന് വളരെ വ്യക്തമായി നമുക്കുമുന്നിൽ രണ്ട് സാധ്യതകളുണ്ട് എന്ന് വരുന്നു. ഒന്ന്, ‘ഭിന്നതാന്ധത/Difference Blind.’,രണ്ട് ‘ഭിന്നതാമൈത്രി/Difference Friendly’. മാന്യതയുടെ രാഷ്ട്രീയം/വ്യത്യാസങ്ങളുടെ രാഷ്ട്രീയം [Politics of Dignity/Politics of Difference] എന്നിങ്ങനെ ഒന്നാമത്തേതിന്നും രണ്ടാമത്തേതിന്നും പേരു നൽകിയാൽ ഒന്നാമത്തേതിൽ അവകാശങ്ങളും, കടമകളും സാർവത്രീകമാണെങ്കിൽ, രണ്ടാമത്തേതിൽ ഓരോരുത്തരുടെയും അനന്യമായ സ്വത്വമാണ് അംഗീകരിക്കാൻ ആവശ്യപ്പെടുന്നത്. ഈ അവസാനത്തെ വാദത്തിന്ന് ഉപോൽബലകമായി തങ്ങളുടെ സ്വത്വത്തെ സമൂഹം നിരാകരിക്കുന്നുവെന്നോ, തങ്ങളെ ഭൂരിപക്ഷത്തിന്റെ സ്വത്വത്തിൽ ലയിപ്പിക്കാൻ ശ്രമിക്കുന്നുവെന്നോ വാദിക്കാവുന്നതാണ്. 4
മുകളിൽപ്പറയുന്ന കാര്യങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് ഇതാണ്: സ്വത്വവാദമെന്നത് അത്രയ്ക്ക് ലളിതമായ വിഷയമല്ല. കുഴിച്ചുപോയാൽ, കാന്റിന്റെ ‘സ്വയംഭരണാധികാരം/Autonomy’ എന്നതിൽ വരെ കൊണ്ടുചെന്നു മുട്ടിക്കാവുന്ന ഒന്ന്.

സംവിത്തിസിദ്ധാന്തത്തിന്ന് ഇന്നു കാണുന്ന രൂപവും പ്രാധാന്യവും നല്കിയത് ആക്സൽ ഹോനത്താണ്. ഹെഗലിന്റെ ‘അംഗീകാരത്തിനുള്ള പ്രയത്നം/Struggle for Recognition’ എന്ന ചിന്താതന്തുവിനെ വികസിപ്പിച്ച്, മീഡിന്റെ ഉൾക്കാഴ്ചകളുമായി ചേത്ത്, സൈക്കോ അനാലിസിസിലെ (Yeah, I know, I know. :)) ഒബ്ജക്റ്റ്-റിലേഷൻസ് സിദ്ധാന്തവുമായി ഇണക്കിയാണ് ഈ സിദ്ധാന്തം രൂപപ്പെടുത്തുന്നത്. ഇത് പരിസരവും ജീവിതസാഫല്യവും എന്നതിനെ സംബന്ധിക്കുന്ന വിശാലമായ ഒരു കാഴ്ചപ്പാടായി വളർന്നിട്ടുണ്ട്.
ലളിതമായി പറഞ്ഞാൽ, തന്റെ ചുറ്റുപാടുമുള്ള, താനിടപെടുന്ന മനുഷ്യപരിസരവുമായി നിരന്തരമായ സംഘർഷത്തിലൂടെയാണ് സ്വത്വനിർമ്മിതിയെന്നത് സംഭവിക്കുന്നത്. ഇതിന്ന് മൂന്നു തലങ്ങളുണ്ട്:

പട്ടിക 1.
Recog

മുകളിലെ പട്ടികയിലെ സംവിത്തിയുടെ ഘടകങ്ങൾ എളുപ്പം മനസ്സിലാക്കാവുന്നതാണ്. ആദ്യത്തേത് ഉറ്റവരുമായ ബന്ധങ്ങളിലെ അംഗീകാരത്തിലും, സ്നേഹത്തിലും, പരിപോഷണത്തിലൂടെയും താനെന്ന വ്യക്തിയെ വേർതിരിച്ചറിയുകയും, അതുവഴി ആത്മവിശ്വാസം കൈവരികയും ചെയ്യുന്ന ഇടമാണ്.

ഇനി രണ്ടാമത്തേത് സാർവത്രീകമായ അവകാശങ്ങളിലൂന്നി, താനെന്ന സ്വയംഭരണാധികാരം സാധ്യമായ വ്യക്തി എന്നതിലധിഷ്ഠിതമായ അംഗീകാരമാണ്. ഇവിടെ തുല്യത അന്തർലീനമാണ്. അതുകൊണ്ടുതന്നെ ഇത് നിയമം എന്നതുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. അല്ലെങ്കിൽ, ഋണാത്മകസ്വാതന്ത്ര്യവുമായി.

മൂന്നാമത്തേത് താനുൾപ്പെടുന്ന സമൂഹത്തിന്റെ മൂല്യങ്ങളുമായി ബന്ധപ്പെട്ട് ഒരാൾക്ക് അയാളുടെ സവിശേഷമായ കഴിവുകളുടെ അടിസ്ഥാനത്തിൽ ആ സമൂഹത്തിന്ന് നൽകുന്ന സംഭാവനകളിലൂടെ ലഭ്യമാവുന്ന അംഗീകാരമാണ്. രണ്ടാമത്തെ അംഗീകാരത്തിൽനിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് രണ്ടാമത്തേതിൽ 'മനുഷ്യൻ' എന്ന കേവലധാതുവിൽ അടിസ്ഥാനമാക്കിയ തുല്യ പരിഗണനയാണെങ്കിൽ, എന്തുകൊണ്ട് ഓരോരുത്തരും വ്യത്യസ്തനാവുന്നു എന്നതിലാണ് ഇതിന്റെ ആണി. യോഗ്യത/Self-esteem എന്നതാണ് ഈ അംഗീകാരം ഒരാൾക്ക് നൽകുന്നത്.
മുകളിൽപ്പറഞ്ഞ ഏതെങ്കിലും തലത്തിലെ സംവിത്തിയുടെ അഭാവം, മൂന്നുതരത്തിലുള്ള അവമാനങ്ങളിലേക്ക് വഴിവെക്കും. വ്യക്തിയുടെ – പരിപൂർണ്ണമായും സാമൂഹികജീവിയെന്ന നിലയിൽ – മനുഷ്യോന്നതി (Human flourishing, so to say) എന്നതിനെ ഇത് ചുഴറ്റിയടിക്കും. ഹോനത്ത് ഈ വിചാരധാരയെ ഒരു സമ്പൂർണ്ണസാമൂഹികവിമർശനദർശനം എന്ന നിലയിലേക്ക് വളർത്താൻ ശ്രമിക്കുന്നുവെങ്കിലും, ഇതിൽ വിട്ടുപോകുന്ന, അല്ലെങ്കിൽ ഒതുങ്ങാത്ത ഒരു വശമുണ്ട്. അതാണ് ഇനിയത്തെ വിഷയം.

സംവിത്തിസിദ്ധാന്തം, സാമ്പത്തീകപുനർവിതരണം – ഇവ തമ്മിലെന്ത്?

സംവിത്തിസിദ്ധാന്തത്തിന്റെ ഏറ്റവും പ്രബലമായ വിമർശം വന്നത് നാൻസി ഫ്രെയിസറിൽ നിന്നാണ്. ഫ്രെയിസറുടെ അടിസ്ഥാനപ്രശ്നം ഈ സിദ്ധാന്തം എങ്ങനെ സാമൂഹികനീതിയുടെ രണ്ട് മേഖലകളെ അഭിമുകീകരിക്കുമെന്നാണ്. ഇവിടെ സാമൂഹികനീതിയുടെ രണ്ട് വശങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒന്ന് അംഗീകാരസംബന്ധിയായ സംവിത്തിയുടെ രാഷ്ട്രീയമാണെങ്കിൽ, രണ്ടാമത്തേത് ധനപുനർവിതരണവുമായി ബന്ധപ്പെട്ട നീതിയാണ്. അവരുടെ വാദം പുനർവിതരണനീതി/Redistributive Justice എന്നതിനെ സംവിത്തീനീതിയിൽ ഒതുക്കാവുന്നതല്ല എന്നതാണ്. അതുകൊണ്ടുതന്നെ അവർ ദ്വിമാനമുഖിയായ ഒരു സമീപനമാണ് ഇന്നത്തെ കാലത്തിന്ന് (സോഷ്യലിസ്റ്റാനാന്തര/Post-Socialist, അവരുടെ തന്നെ പ്രയോഗം) യോജിക്കുക. ഇത് വ്യക്തമാകാൻ താഴെ കൊടുത്ത പട്ടിക കാണുക.

പട്ടിക 2.
redist

ഇതിന്റെ അടിസ്ഥാനങ്ങൾ അവർ ശക്തിയുക്തം വാദിക്കുന്നുണ്ട്. ഒരർത്ഥത്തിൽ ഈ ലേഖനത്തിന്റെ തലവാചകം ഈ സങ്കൽപ്പത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നതാണ്. മറ്റൊരു വസ്തുത, പല സാഹചര്യങ്ങളിലും ഈ രണ്ട് പ്രശ്നങ്ങളും കലർന്നും, ഒന്ന് മറ്റൊന്നിനെ നിലനിർത്തിയും കാരണമായും, ഒന്നിന്നു പരിഹാരമായി ചെയ്യുന്ന നടപടികൾ മറ്റൊന്നിനു കാരണമായി ഭവിക്കുകയും ഒക്കെയുണ്ട്. അവർ തന്നെ പറയുന്നത് പോലെ തീർത്തും ഒന്നു മാത്രമായ അവസ്ഥകൾ (Ideal-typical, വെബറുടെ സംജ്ഞ ഉപയോഗിച്ചാൽ) തുലോം തുച്ഛമായിരിക്കും.

ഇതെഴുതുന്നയാൾ, ഈ രീതി ശരിയാണെന്ന് വിചാരിക്കുന്നയാളാണ്. മാത്രമല്ല, വിതരണനീതി(Distributive Justice) എന്നതിന്ന് ഒരുപാട് കൂടുതൽ പ്രാധാന്യമുണ്ട് എന്നും.

സ്വത്വം, സ്വത്വവാദം, ഞാണിന്മേൽക്കളികൾ
 
സ്വത്വവാദം എന്നതിനോട് പൊതുവായ, സമഗ്രമായ ഒരു സമീപനം സാധ്യമല്ല.  കാരണം സ്വത്വം എന്നതുകൊണ്ട് വിവക്ഷിക്കാവുന്ന വ്യത്യാസങ്ങൾക്ക് രണ്ട് നീണ്ട സ്പെക്ട്രങ്ങളുണ്ട്.   ഒന്ന് എന്ത് ലക്ഷ്യമെന്നതിനെ ആശ്രയിച്ച്. ഇതിൽ ഒരറ്റത്ത് തുല്യത/വ്യത്യാസാന്ധത എന്നതിലേക്ക് ഒരു പ്രത്യേക സ്വത്വവിഭാഗത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യം.  (ഉദാഹരണമായി റിവേർസ്-ഡിസ്ക്രിമിനേഷൻ വഴികളിലൂടെ ജാതിയെ സമീക്കുന്നത്). ഈ ഗണത്തിന്റെ മറ്റേ അറ്റമെന്നത് വേറൊരു ലക്ഷ്യം മുന്നിൽക്കാണുന്ന ചില സ്വത്വവിഭാഗങ്ങളാണ്. അവർക്ക് അവരുടെ സ്വത്വം നിലനിർത്തുകയാണ് വേണ്ടത്. (ഉദാഹരണം ചില രാജ്യങ്ങളിലെ ചില ഗോത്രവിഭാങ്ങൾ.) ഇനി മറ്റൊരു വിധത്തിൽ സ്വത്വവാദികളെ തരം തിരിക്കാം - ഒരറ്റത്ത് ഒരു ജനാധിപത്യസമൂഹത്തിനും ഒരിക്കലും ഉൾക്കൊള്ളാനാവാത്ത ലക്ഷ്യങ്ങളുള്ളവർ, മറുഭാഗത്ത് ശതവർഷങ്ങളോ അതിൽക്കൂടുതലോ ആയി സാമൂഹികനീതി നിഷേധിക്കപ്പെട്ടവർ. അതുകൊണ്ടു തന്നെ സ്വത്വവാദമെന്നതിനെ പൂർണ്ണമായി തള്ളാനോ, പൂർണ്ണമായി ആശ്ലേഷിക്കാനോ ആവില്ല. ഇത്തരം സന്ദർഭങ്ങളിൽ അത്യാവശ്യമായി വേണ്ടത് പൂർൺണവളർച്ചയെത്തിയ പൊതുമണ്ഡലങ്ങളാണ്. ജനാധിപത്യമെന്നാൽ വിരൽത്തുമ്പിൽ ചുട്ടികുത്തലല്ല, മറിച്ച് നിരന്തരമായ ചർച്ചകളിലൂടെ ജൈവമായി നിൽക്കേണ്ട ഒന്നാണെന്നുമുള്ള ബോധം.
 
കുറിപ്പുകൾ

* സംവിത്തി എന്നത് Recognition എന്നതിന്റെ ഭാഷാന്തരമാണ്; സ്വതവേയുള്ള ‘അംഗീകാരം’ എന്നത് ബോധപൂർവ്വം ഒഴിവാക്കുന്നതാണ്. ഒന്നാമത്, അംഗീകാരം എന്നതിന്ന് Rocognition എന്ന സൈദ്ധാന്തികസംജ്ഞയിലെ സത്താപരമായ ഒരു ഗുണമില്ല – പ്രത്യേകമായ നേട്ടവുമായി അംഗീകാരമെന്ന പ്രയോഗം ബന്ധിക്കപ്പെടുന്നുണ്ട്. രണ്ട് ക്ലിപ്തമായ ആശയം പേറുന്ന ഒരു സൈദ്ധാന്തികസംജ്ഞ എന്ന നിലയിലും,  സ്വന്തമായ അസ്തിത്വം ആ സംജ്ഞ ആവശ്യപ്പെടുന്നു എന്ന നിലയിലും.
^ നാൻസി ഫ്രെയിസറുടെ പ്രയോഗം. ‘African-American Wall Street banker who cannot get a taxi to pick him up’  ‘skilled white male industrial worker who becomes unemployed due to a factory closing resulting from a speculative corporate merger’.
1. "To allow the market mechanism to be the sole director of the fate of human beings and their natural environment, indeed, even of the amount and use of their purchasing power, would result in the demolition of society" കാണുക: Karl Polanyi, The Great Transformation (Boston, MA: Beacon Press 2001)
2. സാംസ്കാരികവൈവിധ്യവാദികളുടെ ഒരു വിമർശം ലിബറൽ ജീവിതവീക്ഷണത്തിലെ നിർമമനായ പൗരൻ (Neutral Citizen) എന്നത് യഥാർത്ഥത്തിൽ ഒരു പ്രത്യേകസ്വത്വമാണ് - വെള്ള, പുരുഷൻ, ബുർഷ്വാ, ഭിന്നലൈംഗീകസ്വഭാവം, ശാരീരികവൈകല്യങ്ങളില്ലാത്തവൻ.
3. ഇത് വളരെ സൂക്ഷ്മമായി മനസ്സിലാക്കേണ്ട വസ്തുതയാണ്, കാരണം ഇതിനെ രണ്ട് ദിശയിലേക്കും വലിക്കാൻ പറ്റും – സാമൂഹികനിർമ്മിതിയെങ്കിലെന്ത് ശിലാപരമായ അസ്തിത്വം? ഒരു വിധത്തിൽ ഘടനാവാദാനന്തര പരിസരത്തിൽ ചെന്നുചേരാവുന്ന വഴി.
4. "With the politics of equal dignity, what is established is meant to be universally the same, an identical basket of rights and immunities; with the politics of difference, what we are asked to recognize is the unique identity of this individual or group, their distinctness from everyone else. The idea is that it is precisely this distinctness that has been ignored, glossed over, assimilated to a dominant or majority identity. And this assimilation is the cardinal sin against the ideal of authenticity." Taylor, Charles. ‘The Politics of Recognition’. Multiculturalism: Examining the Politics of Recognition. Ed. Amy Gutmann. Princeton: Princeton University Press. 1994: 25-73

അവലംബം

Fraser, Nancy. Justice Interruptus: Critical Reflections on the “Postsocialist” Condition. New York: Routledge, 1997
Fraser, Nancy and Axel Honneth. Redistribution or Recognition: A Political-Philosophical Exchange. London: Verso, 2003
Honneth, Axel. The Struggle for Recognition: The Grammar of Social Conflicts. Cambridge: Polity, 1995
Taylor, Charles. ‘The Politics of Recognition’. Multiculturalism: Examining the Politics of Recognition. Ed. Amy Gutmann. Princeton: Princeton University Press. 1994
Zurn, Christopher F. Recognition, Redistribution, and Democracy: Dilemmas of Honneth’s Critical Social Theory, in:European Journal of Philosophy 13:1. 2005




















0 comments: