ചാവാലി
ഇതിനകത്ത് സങ്കീർണ്ണമായി ഒന്നും തന്നെയില്ല അയാൾ പറയുകയാണ് സങ്കീർണ്ണതയേയില്ല പട്ടികൾ പട്ടികളായിത്തന്നെ തുടരും അവസാനിക്കും അതിലപ്പുറം സങ്കീർണ്ണമായി ഒന്നുമില്ല ചികഞ്ഞ് പരിശോധിക്കുന്നതിൽ കാര്യമില്ല തോറ്റുകൊണ്ടിരിക്കുന്നയാൾ തോറ്റുകൊണ്ടേയിരിക്കും അയാൾ പറയുന്നു പണ്ട് സ്കൂളിൽ ചേരാൻ പോയപ്പോൾ അധികാരികൾ പല കാര്യങ്ങൾക്കായി പണം ആവശ്യപ്പെട്ടതിനെപ്പറ്റി അയാൾ പറയുകയാണ് അയാളും അയാളുടെ പെങ്ങളും അത്രയ്ക്കൊന്നും മുതിർന്നതല്ലാത്ത പെങ്ങളും അയാളും അയാളെ സ്കൂളിൽ ചേർക്കാൻ പെങ്ങളും അയാളും പോയതിനെപ്പറ്റി അയാൾ പറയുകയാണ് അവർ പെങ്ങളോട് രക്ഷിതാവെവിടെ എന്ന് ചോദിച്ചതിനെപ്പറ്റി അവർക്ക് ചോദിച്ച പണം കൊടുക്കാൻ അയാളുടെയും പെങ്ങളുടെയും കയ്യിൽ ഉണ്ടായിരുന്നില്ല ആവുമായിരുന്നില്ല അയാൾ പറയുന്നു അതിനാണ് അവർ രക്ഷിതാവിനെ തിരക്കിയത് അയാൾ ആ സാഹചര്യം നേരിടാനാവാതെ പൊട്ടിക്കരഞ്ഞുവെന്ന് കൂടെ വന്ന പെങ്ങളും പൊട്ടിക്കരഞ്ഞുവെന്ന് അയാൾ പറഞ്ഞു 'ഞങ്ങൾ രണ്ടു പേരും ഒരേ താളത്തിൽ കരഞ്ഞു' അയാളുടെ വാക്കുകളാണ് സ്കൂളിൽ ചേരാനായി വന്ന മറ്റൊരു കുട്ടി എന്തിന്നു കരയണം, അതിന്റെ ആവശ്യമില്ല കൂടെ വരാൻ വീട്ടിൽ ആളില്ലെങ്കിൽ ഇല്ല അത്ര തന്നെ അതിനു കരയേണ്ടതില്ല അത്രയേ ഉള്ളൂ എന്ന് മറ്റൊരു കുട്ടി പറഞ്ഞുവെന്ന് അയാൾ പറയുകയാണ് അത് കേട്ടിട്ടും പക്ഷെ അയാൾ കരഞ്ഞു അണ്ടർഡോഗ്സ് എന്നും അങ്ങനെയാണെന്ന് അയാൾ പറഞ്ഞു ഇത് പറയുമ്പോൾ പിന്നീട് പലപ്പോഴായി കടന്നുപോയിട്ടുള്ള സമാനമായ സാഹചര്യങ്ങളെക്കുറിച്ച് അയാൾ പറയാൻ തുടങ്ങി പലപ്പോഴായി വളരെയടുത്തവരിൽനിന്നുപോലും സഹിക്കേണ്ടിവരുന്ന നിന്ദയെപ്പറ്റി അയാൾ പറയുകയാണ് നടന്നുനീങ്ങാൻ ഒഴിഞ്ഞുമാറാൻ അവസരമുണ്ടായിട്ടും തലവെച്ചുകൊടുക്കുന്നതിനെപ്പറ്റി അയാൾ പറയുകയാണ് തല കൊണ്ടുപോയി വാളിന്നുമുന്നിൽ നീട്ടിപ്പിടിച്ച് നിൽക്കുന്നതിനെപ്പറ്റി അയാൾ പറയുന്നു തിരികെയെടുക്കാൻ തല തിരികെയെടുക്കാൻ സാഹചര്യമുണ്ടായിട്ടും തല നീട്ടിത്തന്നെ ഇരിക്കുന്നതിനെപ്പറ്റി അയാൾ പറയുകയാണ് അണ്ടർഡോഗ്സ് അങ്ങനെയാണ് ഞരങ്ങാനുള്ള മുക്രയിടാൻ പോലുമുള്ള അവയവങ്ങളെക്കുറിച്ച് മറന്നുപോവുന്നതിനെപ്പറ്റി അയാൾ പറയുകയാണ് പതിയെപ്പതിയെ ഞാൻ എന്ന പ്രതിസംജ്ഞ മൊത്തമായും മറവി ബാധിച്ച് പൊടിഞ്ഞില്ലാതാവുന്നതിനെപ്പറ്റി അയാൾ പറയുകയാണ് അണ്ടർഡോഗ് ഉണ്ടാകുന്ന മനുഷ്യസാഹചര്യങ്ങളുടെ ഇരുണ്ട ഈടുവഴികളെപ്പറ്റി അയാൾ പറയുകയാണ്...
0 comments:
Post a Comment