Tuesday, May 3, 2011

സാമാന്യോക്തിനിർമ്മാണശാല

§ 1. സാമാന്യോക്തിനിർമ്മാണശാല*

അങ്ങിങ്ങ് വെള്ളിനൂലുകൾ പാവിട്ട താടിയിൽ കൈവിരലുകളോടിച്ചുകൊണ്ട് അയാൾ പറയുന്നു

"ഇതിന്റെ ഉൽപ്പത്തിയും പതിയെപ്പതിയെയുള്ള പടർന്ന് പരക്കലും അത്രതന്നെ പ്രാധാന്യമർഹിക്കുന്നില്ല."

എനിക്കൽഭുതം. എന്തിനുമേതിനും 'വേരുകൾ, വേരുകൾ' എന്ന് വാവിട്ട് നിലവിളിക്കുന്ന മനുഷ്യൻ തന്നെയോ ഇത്? അതിനെക്കുറിച്ച് മുമ്പൊരിക്കൽ അയാൾ പറഞ്ഞത് ചിന്നിച്ചിന്നി മിന്നിമായുന്നു - മണ്ണിനടിയിലാണെന്ന ഒറ്റക്കാരണം, ആ ഒരേയൊരു കാരണം മതി, ശാഖകളേക്കാൾ, ഇലപ്പടർപ്പുകളേക്കാൾ വേരിനു പ്രാധാന്യം നൽകാൻ. പിഴുതെടുത്ത് തലകുത്തനെ നിർത്തുമ്പോഴാണ് നമ്മൾ മരത്തെ അറിയുന്നത്. പക്ഷെ ഇവിടെ?

"എന്തുകൊണ്ട് ഉൽപ്പത്തിക്ക് പ്രാധാന്യമില്ല?"

എന്റെ ചോദ്യം ഞങ്ങൾക്കിടയിലെ വിജനതയിൽ വീണു ചിതറുന്നു. അയാളുടെ കണ്ണുകൾ എന്റെ മുഖത്തുനിന്ന് പിടഞ്ഞുമാറി നിർജ്ജീവമായ വിദൂരത്തിലേക്ക് പറക്കുന്നു; കണ്ണുകളിലേക്ക് നോക്കി സംസാരിക്കുമ്പോൾ ആശയങ്ങൾ ആഗ്രഹിക്കാത്ത രാസക്രിയകളിൽ ചെന്നുപെടുന്നതിന് തടയിടാനാണിതെന്ന് അയാളുടെ മതം.

"എനിക്കും നിനക്കും പുലരാൻ, നിന്നുപോകാൻ, നെടുവീർപ്പിടാൻ...ഇങ്ങനെയല്ലാതെ..."

അയാളുടെ ശബ്ദം വലിഞ്ഞുവലിഞ്ഞ് നിലക്കുന്നു; ചിലതങ്ങനെയാണ് - മനസ്സിൽ എത്ര നാൾ കിടന്നവയെങ്കിലും, 'പറയുക' എന്നതിലേക്കെത്തുമ്പോൾ, അതിൽ കറുത്തനിറം എവിടെനിന്നോ വന്ന് കലരുന്നു.

"ഒരു പക്ഷെ അതുതന്നെയാണ് ഇതിലെ ഭീതിയുടെ സാധ്യതയും." ഇപ്പോൾ ആ ശബ്ദം നിർമമതയുടെ ചാരനിറത്തിലേക്ക് മാറിയിട്ടുണ്ടെന്ന് തോന്നി.

"ഒന്ന് കാണുന്ന കണ്ണുകൾ അതിനെ ആ ഒന്നാക്കുന്ന ചിലതിലാണ് ഉടക്കുന്നത്, പിന്നെക്കാണുന്നവയിൽ ചികയുന്നത് കണ്ടതിൽനിന്ന് പതിഞ്ഞവയാണ്"

ഇയാളിതെവിടേക്കാണ് ചിന്തിച്ചുചിന്തിച്ച് ഇല്ലാതാവുന്നത്?

"നീയെന്താണ് കഴിഞ്ഞദിവസം എന്നോട് ഓറഞ്ചിനെക്കുറിച്ച് പറഞ്ഞത്?"

എനിക്ക് ഈ മനുഷ്യന്റെ ചോദ്യങ്ങൾ ആഘാതമായാണ് അനുഭവപ്പെടാറ്. ഒരോറഞ്ചിൽനിന്ന് പ്രപഞ്ചത്തിലേക്ക് ഒരു കാതമാണ്.

"അത് വെറുതെ കഴിക്കാൻ പറ്റാത്ത, വല്ലാണ്ട് പുളിക്കുന്ന, എന്നു വെച്ചാ ഒട്ടും മധുരമില്ലാത്ത ഓറഞ്ചിനെപ്പറ്റി. പിന്നെ മത്തുപിടിപ്പിക്കുന്ന, അവാഹിച്ചെടുക്കുന്ന അതിന്റെ സുഗന്ധത്തെപ്പറ്റി ഒക്കെ"...

"പറയൂ...പിന്നെ"

"പിന്നെ..." ഞാൻ നിർത്തിനിർത്തി..."ലെബനോണിൽനിന്നുള്ള സുഹൃത്തിന്റെ അമ്മൂമ്മ ഓറഞ്ച് തോട്ടത്തിന്റെ അതിരിൽ ഈ മരം വെച്ചു പിടിപ്പിക്കുമായിരുന്നു എന്ന്..."

"ഇതാണ് ഞാൻ പറഞ്ഞുവന്നത്." എന്താണ് നിങ്ങൾ പറഞ്ഞുവന്നത്? - ഞാൻ മനസ്സിൽ ചോദിക്കുന്നു. ഇപ്പോൾ അയാളുടെ കണ്ണുകൾ എന്റെ കണ്ണിൽ തറച്ചിരിക്കയാണ്.

"ഒന്നിൽനിന്ന് മറ്റൊന്നിലേക്കെന്ന മനുഷ്യവഴിയെപ്പറ്റി..." വീണ്ടും മൗനം. ഒമ്പതാം സിംഫണിയിൽ ഇടക്കിടെ വരുന്ന നിശ്ശബ്ദത ഇത്ര കലുഷമായി, ഇത്ര കാതടപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അത്രയ്ക്ക് ഉച്ചസ്ഥായിയിലുള്ള മൗനം. പലകൈവഴികളിൽനിന്ന് വന്നു ചേർന്ന് ഒന്നായി ഒടുക്കം -

"'മനുഷ്യനെന്നാൽ വർഗീകരിക്കുന്ന ജന്തു' എന്നൊരു വാചകം പറയണമെന്നുണ്ട്, പക്ഷെ..."


§ 2. Das Ganze ist das Unwahre

'സൃഷ്ടികർത്താവിന്റെ മൃതി' എന്നത് ഒരുതരത്തിൽ ആഗ്രഹമാണെന്ന് പറയാം - ചിലയിടങ്ങളിൽ മൃതിയെന്നത് മാറ്റി വീർപ്പുമുട്ടിച്ചുകൊല്ലൽ എന്നാക്കണം എന്ന് തോന്നിയിട്ടുണ്ട്. പിന്നെയും ചിലപ്പോൾ ആത്മാവ് ചാവാലിപ്പട്ടിയുടെ രൂപം പൂണ്ട് വരികൾക്കിടയിൽ നിന്ന് മോങ്ങുന്നതിനെപ്പറ്റി. 'നരകയറിയ താടിയും', 'താടിയിൽ വിരലോടിക്കുന്നതും' മറ്റും എവിടെയെങ്കിലും ഉൾപ്പെടുത്തിയേ പറ്റൂ.

======
*സാമാന്യോക്തിനിർമ്മാണശാല - Truism Factory എന്നതിന് മലയാളം?

0 comments: