Thursday, May 13, 2010

ഓരം

പുഴയുടെ ഓരത്ത് തങ്ങിനില്‍ക്കുന്ന, തങ്ങിനില്‍ക്കാനാഗ്രഹിക്കുന്ന ഒരു വസ്തുവില്‍ ഒഴുകുന്നവെള്ളം തട്ടിച്ചിതറിത്തെറിക്കുന്നത് അതിലേക്ക് മറ്റിടങ്ങളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇടയാവുന്നുണ്ടോ? ശരിക്കും ആലോചിച്ചാല്‍ പ്രശ്നങ്ങള്‍ ഇത്തരത്തിലാവണം തുടങ്ങുന്നത്. ‘ശ്രദ്ധ’ എന്ന വാക്കിന് ഇവിടെ അശേഷം പ്രസക്തിയില്ല. ജലത്തിന്റെ ജഡത്വം എന്ന അവസ്ഥയെ, അത്തരം കാഴചപ്പാടിലൂടെ വരുന്ന ഭീഷണമായ സാഹചര്യത്തെ നേരിടാനാവാത്തതിന്റെ തള്ളിച്ചയില്‍നിന്നാണ് ഇത്തരം ജൈവാവസ്ഥയെ സൂചിപ്പിക്കുന്ന പദങ്ങള്‍ ചിന്തയില്‍ കടന്നുകയറുന്നത്. ഭൌതികവസ്തു എന്ന നിലയില്‍ തികച്ചും നിര്‍വ്വികാരമായി ഇതിനെ സമീപിക്കാനാവുമെങ്കില്‍, ഈ പ്രതിഭാസത്തെ ഏതെങ്കിലും സമവാക്യത്തിലേക്ക് ചുരുക്കാനായേക്കും; അതുവഴി ഇതുമായി ബന്ധപ്പെട്ട് പടര്‍ന്നുകയറുന്ന ഭാവനാവിലാസങ്ങള്‍ക്ക് തടയണയിടാനും. ഏതെങ്കിലും ഒരു വസ്തു, നൈസര്‍ഗികമായി ഒഴുകിപ്പോവുന്ന മറ്റുവസ്തുക്കളില്‍നിന്ന് വിഭിന്നമായി, ഓരത്തോട് ചേര്‍ന്നുനില്‍ക്കുന്നു എന്നതുതന്നെ ആ വസ്തുവിന്റെ ഏതെങ്കിലും സവിശേഷമായ ആന്തരീകവ്യത്യാസം കൊണ്ടാവണമെന്നില്ല. ഒഴുകിപ്പോക്കിനെ സ്വാധീനിക്കുന്ന താരതമ്യേനെ അസംഘ്യമാ‍യ ഘടകങ്ങളിലേതെങ്കിലും ഒന്ന് ഒരിത്തിരിയെങ്കിലും വ്യത്യസ്തമായിരുന്നാല്‍ മതിയാവും. മാത്രവുമല്ല, പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുവിന്റെ അരികിലേക്ക് മറ്റുവസ്തുക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് ലഭ്യമായ ദ്രവഗതികശാസ്ത്രനിയമങ്ങള്‍വെച്ച് വിശദീകരിക്കാവുന്നതുമാണ്.

2 comments:

Suraj said...

അതുവഴി ഇതുമായി ബന്ധപ്പെട്ട് പടര്‍ന്നുകയറുന്ന ഭാവനാവിലാസങ്ങള്‍ക്ക് തടയണയിടാനും.....


എന്നിട്ട് തടവീണില്ലല്ലോ...... ഓ...അതുതന്നല്ലേ ഉദ്ദേശിച്ചത് ;)

The Prophet Of Frivolity said...

എവടെ? ‘ചേയിക്ക്ന്ന കുഞ്ഞന്റെ തീട്ടം കണ്ടാ അറിയാം’ന്ന് എന്റെ നാട്ടിലൊരു പറച്ചിലുണ്ട്. നന്നാവില്ല. ഒറപ്പ്.