Friday, August 1, 2008

ഗായത്രിക്ക്.

നീ
എന്നിലെ ചിന്തകള്‍ക്ക്
മുളച്ചുപൊങ്ങാന്‍ ഒരാകാശം തന്നു;
വേരുകളിറക്കാന്‍ ഒരുതുണ്ട് ഭൂമി തന്നു;
നിലനില്‍ക്കാനൊരിറ്റു വെളിച്ചം തന്നു;

ഓര്‍മ്മകള്‍ സവാരിക്കിറങ്ങുന്ന ഈ
സായംസന്ധ്യയില്‍ നീ എനിക്കുകുറുകെ നടക്കുന്നു;
എങ്കിലും നീ ഒരിക്കലും എന്നെക്കടന്നു പോകുന്നില്ല;
ഞാനീ മുറിവിട്ടുപുറത്തിറങ്ങുന്നുമില്ല.

നീയൊരു കാട്ടരുവിപോലെ സംസാരിച്ചപ്പോഴൊക്കെയും,
ഞാനൊരുതീരം പോലെ ബധിരനായിരുന്നു.
നീയൊരു മാലാഖയെപ്പോലെ നൃത്തം ചെയ്തപ്പോഴൊക്കെയും,
നിനക്കുചുറ്റും ഞാനെന്റെ ചുവടുകള്‍
പെറുക്കിവെക്കുകയായിരുന്നു.

നിന്റെ രൂപം ശിഥിലമെന്ന്,
രൂപരഹിതമെന്ന് ഞാന്‍ ശഠിച്ചു.

എന്റെയുള്ളില്‍ ഒരു പൊട്ടിയ കണ്ണാടിയായിരുന്നു.

4 comments:

വെള്ളെഴുത്ത് said...

നീ കാട്ടരുവി പോലെ സംസാരിച്ചപ്പോഴൊക്കെ ഞാന്‍ തീരം പോലെ ബധിരനായിരുന്നു..
-ഞാന്‍ എഴുതാന്‍ വച്ച വരികള്‍ താങ്കള്‍ എങ്ങനെയെടുത്തു? എന്റെയുള്ളിലെ പൊട്ടിയകണ്ണാടിയില്‍ ഞാന്‍ കണ്ട ശിഥിലത എന്റെയായിരുന്നു എന്ന് എനിക്കിന്നറിയാം. പക്ഷേ അവളുടേതെന്നു തെറ്റിദ്ധരിച്ചുപോയി..

The Prophet Of Frivolity said...

മാഷേ..ഒന്നാമത്തേതിന്നുത്തരം യുങ്ങ് പറഞ്ഞിട്ടില്ലേ? ബോര്‍ഹേസ് ഈ വിഷയത്തെ തൊട്ടുതൊട്ടു പോകുന്നുണ്ട്, ‘ദി ഫിയര്‍ഫുള്‍ സ്ഫിയര്‍ ഓഫ് പാസ്കല്‍‘ എന്ന കുറിപ്പില്‍.
രണ്ടാമത്തെ വിഷയത്തില്‍ എനിക്ക്‍ അത്രത്തോളം വിശ്വാസം പോര. എഴുതിയത് ആഗ്രഹമാണ്. Teleology-യോട് എനിക്ക് പണ്ടേ കലിപ്പാണ്.
വായിച്ചതിന്നും, കമന്റെഴുതിയതിന്നും വളരെ നന്ദി.

Latheesh Mohan said...

നീയായിരുന്നില്ല, ഞാനാ‍യിരുന്നു; ഞാനാണ് എന്ന തിരിച്ചറിവിനോളം മനുഷ്യനെ കൊന്നുതിന്നുന്ന മറ്റൊരു ഏര്‍പ്പാടില്ല.
കാലം മുന്നോട്ടു പോവും തോറും നഷ്ടങ്ങളെക്കാള്‍ കൂടുതല്‍ തിരിച്ചറിവുകളാണ് വേദനിക്കുക. അപ്പോളപ്പോള്‍ വേദനിച്ച്, അപ്പോളപ്പോള്‍ പറഞ്ഞു തീര്‍ത്ത് നടന്നു പോകുന്നവര്‍ ഭാഗ്യവാന്മാര്‍ :(

എന്തൊരു ബോറനായിരുന്നു ഞാന്‍ എന്ന് നേരെ ചൊവ്വേ എഴുതാനാണ് എനിക്കു തോന്നുന്നത് :(

neermathalam said...

:)..mudangathe vayichu kollam...