Monday, July 7, 2008

പുകവലിക്കെതിരെ അഗോളഗൂഢാലോചന : ഒരു പ്രതിഷേധക്കുറിപ്പ്.

§ ജനാധിപത്യമെന്നത് ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെമേല്‍ ആധിപത്യം നേടുന്നതുമാവാം. അവിടെ ഒരു വിഭാഗത്തിന്റെ തീരുമാനം എത്രമാത്രം സത്യത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്നത് വിഷയമല്ല. മൂന്ന് പേര്‍ ചേരുന്ന ഒരു സംഘത്തില്‍ രണ്ട് മന്ദബുദ്ധികള്‍ക്ക് ഒരു ബുദ്ധിമാന്റെമേല്‍ അവരുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാം. ജനാധിപത്യത്തിന്റെ ചരിത്രമെന്നത് ഗുണത്തിന്നുമേല്‍ എണ്ണം നടത്തിയ പടയോട്ടത്തിന്റെയും, വിജയത്തിന്റെയും ചരിത്രമാണ്.

§ ചരിത്രം അമ്പിന്റേതുപോലുള്ള പാതപിന്തുടരുന്നുവെന്നത് ആരുടെ കണ്ടെത്തലാണ്? ഇനിയും വരാനിരിക്കുന്നവയ്ക്ക് ഈ നിമിഷത്തേക്കാള്‍ സൌന്ദര്യമുണ്ടെന്ന് എന്നെ പഠിപ്പിച്ചതാരാണ്? മനുഷ്യപ്രവൃത്തികള്‍ വരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന മറ്റൊന്നിനെ അവലംബിച്ചാവണമെന്നത് ആരുടെ ആശയമാണ്? നിരര്‍ത്ഥകമായ, പരിപൂര്‍ണ്ണമായും കാരണലേശമില്ലാത്ത പ്രവൃത്തികളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കുന്നത്, ഈ ചിന്താരീതിയാവില്ലേ? ഉണ്ടെന്നുപോലും ഉറപ്പില്ലാത്ത മറുകരയെക്കുറിച്ചുള്ള കല്പനകളില്‍ ഞാന്‍ ചവിട്ടി നില്‍ക്കുന്ന കര ഏങ്ങലടിച്ചു കരയുന്നു. അങ്ങനെയാണ്, ഒരു കാരണവുമില്ലാതെ ഞാന്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ അപഹാസ്യമായത്.

§ ജീവിതത്തിന്റെ ദൈര്‍ഘ്യത്തെ അനുഭവത്തിന്റെ ആഴമായി തെറ്റിദ്ധരിക്കപെട്ടത് എങ്ങനെയാവും? എങ്ങനെയും ഇവിടെ ചിലവഴിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണം, എല്ലാത്തിന്നും അടിസ്ഥാനം അതുമാത്രമാവുന്നത്. ആ കൂടുതല്‍ കിട്ടുന്ന ദിവസങ്ങള്‍ മനുഷ്യന്റെ ആര്‍ത്തിയോളം തന്നെ വലുപ്പമുള്ള ഷോപ്പിംഗ് മാളുകളില്‍ ചെലവഴിക്കാം. ആധുനികമനുഷ്യന്റെ ജീവിതമെന്നത് രണ്ട് ഷോപ്പിംഗ് മാളുകള്‍ക്കിടയിലെ ദൂരമാണ്.

§ മാള്‍ബൊറോയും പെപ്സിയും, ഒട്ടകത്തിന്ന് പൂഞ്ഞപോലെ ശരീരത്തിന്റെ ഭാഗമായ ആളുകള്‍ വസിക്കുന്ന സൌദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തില്‍ ഞാന്‍ പുകവലിമുറി അന്വേഷിച്ച് നടക്കുന്നു. ഇത്രവലിപ്പമെന്തിന് ഒരു വിമാനത്താവളത്തിന്നെന്ന് വേവലാതിപ്പെടുന്നു. ആശയങ്ങളുടെ ചരിത്രം നമ്മോട് പറയുന്നു, നവംനവമായ ഒരുപാട് ചിന്തകള്‍ ഉദ്ദിച്ചുയര്‍ന്നിട്ടുള്ളത്, പുകയിലപ്പുകയുടെ മങ്ങിയ കാഴ്ചയിലാണ്. കണ്ണുകള്‍ മങ്ങുമ്പോള്‍ ഒരുപക്ഷെ കാണാത്തത് പലതും ദൃശ്യവേദ്യമാകുന്നുണ്ടാവണം.‘ഹൌസ് ഓഫ് സൌദിന്’ പുകയിലയെപ്പേടിക്കാന്‍ ന്യായമുണ്ട്.

§ അഞ്ഞൂറിന്റെ ഒരു കറന്‍സി പാന്റിന്റെ പിന്‍കീശയില്‍ തിരുകി ഞാന്‍ മാവൂര്‍ റോഡ് ബസ്സ്സ്റ്റാന്റിനു ചുറ്റും അലയുന്നു. കയ്യിലെ സിഗററ്റ് അല്‍ഭുതം കൊള്ളുന്നു: ഇത് കോഴിക്കോട് തന്നെയോ? ഇതുവരെ കാണാത്ത നഗരത്തിന്റെ ഇടവഴികളും ബസ്സ്സ്റ്റാന്റിനെ ഗോപ്യമേഖലകളും കണ്ടെത്തുവാന്‍ സാഹചര്യമൊരുങ്ങുന്നു. സ്റ്റാന്റിനെ ഒരറ്റത്തെ ചായക്കടക്കാരനുമായി ഞാന്‍ സന്ധിയില്‍ ഒപ്പുവെക്കുന്നു. എനിക്കു മുന്നറിയിപ്പിന്റെ സംരക്ഷണം, ചായ പുള്ളിയുടെ കടയില്‍ നിന്ന്.

§ ഗൊര്‍ഗാനെക്കുറിച്ചറിയുമോ? പൂവുകളുടെ നാടായ ഗൊലെസ്ഥാന്റെ തലസ്ഥാനം. ഇറാന്റെ വടക്കുവടക്കത്തെ ഇടം. മലഞ്ചെരിവില്‍ സഞ്ചാരികള്‍ക്കായൊരു വിശ്രമകേന്ദ്രമുണ്ട്, ഗൊര്‍ഗാനില്‍. അവിടെ ഹോട്ടലിന്ന് പുറത്ത് വൃത്താകൃതിയിലുള്ള കുടിലുകളിലിരിക്കാം, നിങ്ങള്‍ക്ക്. തണുതണുത്ത സന്ധ്യകളില്‍ കാപ്പിക്കൊപ്പം ഹുക്ക വലിക്കാം, അന്തരാളമാകെപ്പടരുന്ന പുക. നിമിഷത്തിന്റെ മോചനം. തലച്ചോറിന്റെ ഇടവഴികളില്‍ പുകനിറയുമ്പോള്‍ നിങ്ങള്‍ക്ക് മുഹമ്മദ് റെസ ലോത്ഫിയെക്കുറിച്ചും, ഥാറിനെക്കുറിച്ചും, സംഗീതത്തിന്റെ ഭൂമിശാസ്ത്ര ഉറവിടങ്ങളെക്കുറിച്ചും നിയന്ത്രണമില്ലാതെ - ചിന്തയ്ക്കുവേണ്ടി മാത്രമായി ചിന്തിക്കാനറിയില്ലേ? - ചിന്തിക്കാം.

§ എപ്പോഴായിരുന്നു അതൊക്കെ? പബ്ലിക് ലൈബ്രറിയുടെ മുകളിലത്തെ നിലയില്‍, ഏതൊക്കെയോ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ മാത്രമെത്തിയവരുടെ കൂട്ടത്തില്‍, ഒരപരിഷ്കൃതനെപ്പോലെ, പേരുപോലുമോര്‍ക്കാനാവാത്ത ഏതെല്ലാമോ പുസ്തകങ്ങളില്‍ അലഞ്ഞുനടന്ന്, അവിടെ നിന്നിറങ്ങി കോണ്‍വെന്റ് റോഡിലൂടെ നടന്ന്, ബിംബീസില്‍ കയറി പഴംപൊരിയും കാപ്പിയും കുടിച്ച്, റോഡ് മുറിച്ചുകടന്ന്, മതില്‍ക്കെട്ടില്‍ കായലിനെനോക്കി ആള്‍ത്തിരക്കൊഴിഞ്ഞയിടത്തിരുന്ന്, ഞാനും ഞാനും പിന്നെ വില്‍സും മാത്രമായി ചിലവഴിച്ച ദിവസങ്ങള്‍. ഇന്ന് ഞങ്ങളുടെ ഏകാന്തതയിലേക്ക് മുഖമില്ലാത്ത, വിളിക്കപ്പെടാത്ത ഒരതിഥി പോലീസുകാരന്റെ മുഖമായി കടന്നുകയറുന്നു. ഏകാന്തതകള്‍ ദുസ്സാധ്യമാക്കുകയെന്നത് എന്റെ കാലത്തിന്റെ എഴുതപ്പെടാത്തതെങ്കിലും, പരിപൂര്‍ണ്ണമായും പാലിക്കപ്പെടുന്ന നിയമങ്ങളിലൊന്നാണ്.

§ ഹാന്‍സ് കാസ്റ്റോര്‍പ്പിനെ, തോമസ് മന്നിനെ, ഒരുപാടിഷ്ടമാവാന്‍ ഒരുകാരണം ‘സിഗാര്‍ ചുണ്ടിലിരിക്കുന്നവന്റത്രയും സുരക്ഷിതനായി ആരുമില്ലെന്ന്‘ അസന്ദിഗ്ദമായി പറയുന്നത് കൊണ്ടുകൂടിയാവും. മന്നിനെന്തായാലും കാലത്തിന്റെ ദൈര്‍ഘ്യത്തെപ്പറ്റി വ്യത്യസ്തങ്ങളായ ചിന്തകളുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് മനസ്സിലാക്കാന്‍ പോലും ബുദ്ധിമുട്ടുള്ളവ. ഈ കാലം പക്ഷെ മറ്റൊരു സാനറ്റോറിയത്തിന്റേതാണ്.

§ കുറ്റിപ്പൂറത്തുനിന്നും പട്ടാമ്പിയിലേക്കുള്ള വഴിയില്‍, ഭാരതപ്പുഴയുടെ തീരത്തോട് ചേര്‍ന്നുനീങ്ങുന്ന ട്രെയിനിന്റെ വാതില്‍പ്പടിയില്‍നിന്ന് സിഗററ്റ് പുകച്ചിട്ടുണ്ടൊ? അവിടെയെത്തുമ്പോള്‍ എന്തിനാവും എല്ലായ്പ്പോഴും ട്രെയിന്‍ ഹോണ്‍ മുഴക്കുന്നത്? ട്രെയിനിന്റെ ഹോണ്‍ എന്നത് ഇത്ര കുതിരശക്തിയുണ്ടായിട്ടും രണ്ടുവരകള്‍ക്കിടയില്‍ ബന്ധിക്കിപ്പട്ടതിനെച്ചൊല്ലിയുള്ള രോദനമാണോ? അല്ലെങ്കില്‍ കാതങ്ങള്‍ക്കപ്പുറത്ത് മറ്റൊരു ഇരട്ടവരയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന കാമുകിയായ ട്രെയിനിനോട് മൊഴിയുന്ന ചാടുവാക്യമോ? ചിലനേരത്ത് ട്രെയിനെന്നത് ഒരു വലിയ സിഗററ്റ് പോലെതോന്നിയിട്ടുണ്ടോ? വീണ്ടും, സിഗററ്റ് പുക ഭാരതപ്പുഴയുടെ - വേലിയേറ്റവേലിയിറക്കങ്ങള്‍ തീണ്ടാത്ത - ഓര്‍മ്മകളിലേക്ക് ലയിച്ചില്ലാതാവുന്നു.

§ നാഗരികതയെന്നത് കെട്ടുകാഴ്ചയാണെന്ന് വിശ്വസിച്ച് വശപ്പെട്ട ദുബായിയിലേക്ക് വരിക. എത്ര പുസ്തകങ്ങള്‍ വായിച്ചിട്ടും മനോവേദ്യമാകാത്ത കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ വാതകമുറിയുണ്ട് ഇവിടുത്തെ എയര്‍പോര്‍ട്ടില്‍. ഒരു നിമിഷമെങ്കിലും ഇവിടുത്തെ പുകവലിമുറിയില്‍ കയറിയാല്‍ മതി.

§ മറ്റൊരുകാലം തളം കെട്ടിക്കിടക്കുന്ന ട്രിപ്പോളിയിലെ ഇടുങ്ങിയ തെരുവുകള്‍ക്കിരുവശവും നിറയെ കോഫീഷോപ്പുകളും തൊട്ടുതൊട്ടുനില്‍കുന്ന, പുകയിലയുല്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന കടകളുമാണ്. മെഡിറ്ററേനിയന്റെ നിറം പോലെ സാന്ദ്രമാണ് ട്രിപ്പോളിയില്‍ വീശുന്ന തണുത്തകാറ്റും. നെഞ്ചിനൊപ്പം പൊക്കമുള്ള, വൃത്താകൃതിയിലുള്ള മേശ, കപ്പിന്റെ നാലിലൊന്നുമാത്രം നിറഞ്ഞ കാപ്പി, കാപ്പിയുടെ അവിഭാജ്യഘടകമെന്നപോലെ സിഗററ്റ്. പറന്നകലാന്‍ വിസമ്മതിക്കുന്ന റോമിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആ യുഗത്തിന്റെ വാസ്തുവിദ്യ പേറുന്ന കെട്ടിടങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഓര്‍മ്മകളും തണുത്തകാറ്റും സിഗററ്റ്പുകയും ആനന്ദത്തില്‍ അലിഞ്ഞില്ലാതാവുന്നു. ഹോട്ടലിന്റെ ലിഫ്റ്റിലെ ആഷ് ട്രേ എന്റെ അവിശ്വസനീയതയിലേക്കുനോക്കി ഊറിച്ചിരിക്കുന്നു.

§ കുവൈറ്റ് വിമാനത്താവളത്തിലെ പുകവലിമുറിയില്‍ കയറിയാല്‍ നിങ്ങള്‍ക്ക് അന്യഗ്രഹജീവിയുടെ വികാരമറിയാം: ഒരു കൊച്ചു കണ്ണാടി മുറി. ആ പേടകത്തിന്ന് പുറത്തിരിക്കുന്നവര്‍ നിങ്ങളെ തുറിച്ച് നോക്കും, ആ നോട്ടത്തിന് അന്യഗ്രഹജീവിയെക്കണ്ടാലുള്ളതുപോലുള്ള അതിശയഭാവമാണ്. ആ നോട്ടം നിങ്ങളെ അന്യഗ്രഹജീവിയാക്കുന്നതുവരെ തീക്ഷ്ണമായി തുടരും. നിങ്ങള്‍ തിരിച്ചറിയും മുന്‍പേ നിങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ടാവും.


സമര്‍പ്പണം: കാള്‍ മാക്സ്, സിഗ്മണ്‍ഡ് ഫ്രായിറ്റ്, ചാള്‍സ് ഡാര്‍വിന്‍.

8 comments:

Latheesh Mohan said...

ഉണ്ടെന്നുപോലും ഉറപ്പില്ലാത്ത മറുകരയെക്കുറിച്ചുള്ള കല്പനകളില്‍ ഞാന്‍ ചവിട്ടി നില്‍ക്കുന്ന കര ഏങ്ങലടിച്ചു കരയുന്നു.

ഞാന്‍ ഇവിടെ വന്നിട്ടില്ല!!!

Latheesh Mohan said...

എന്റെ പ്രവാചകാ,

ഞാന്‍ വീണ്ടും കറങ്ങിത്തിരിഞ്ഞു തിരിഞ്ഞ് ഇവിടെത്തന്നെയെത്തുന്നു. ഉറക്കമില്ലാത്തവരുടെ സിഗരറ്റ്കൂടുകള്‍ പോലെ ഏകാന്തതയെ മറ്റാരാണ് അറിയുന്നത്? ഏകാന്തതയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ എന്ന് എന്റെ വിരലുകള്‍ക്കിടയില്‍ ഒരു ഗോള്‍ഡ് ഫ്ലേക് പുകഞ്ഞുതീരുന്നു

നിങ്ങളുടെ കണക്കില്‍ ഞാനിത് എഴുതി വയ്ക്കുന്നു. തിരിച്ചുവാങ്ങിച്ചു കൊള്ളാം :(

The Prophet Of Frivolity said...

കന്യകാത്വം നഷ്ടപ്പെടാത്ത ഏകാന്തതയെന്നല്ലേ ടാഗോര്‍ പറഞ്ഞത്? വാതകപ്പുരയിലേക്ക് സ്വാഗതം.
"He was absolutely alone, with no single friend of his own kind to comfort him; and between one and none there lies an infinity—as ever between something and nothing."

കടം കൂടുതല്‍ ഇങ്ങോട്ടാവാനേ വയ്ക്കൂ.

കണ്ണൂസ്‌ said...

ഒരു പഴയ ഓര്‍മ്മ തിരിച്ചു തന്നു അല്പസമയത്തിന്.


അന്ന് ത്രികാല ജ്‌നാനം വെളിവാക്കിയപ്പോള്‍, എനിക്ക്‌ ചിത്രങ്ങളില്‍ കാണുന്ന സോക്രട്ടീസിന്റെ മുഖ ഛായയായിരുന്നു എന്ന് മുരളി പറഞ്ഞത്‌, പിന്നെയും മൂന്ന് വര്‍ഷങ്ങല്‍ക്കു ശേഷം ചന്നം പിന്നം മഴ പെയ്യുന്ന ഒരു മധ്യാഹ്നത്തില്‍ കോയമ്പത്തൂരിലെ തന്റെ ലാവണത്തില്‍ നിന്ന് അകത്തേത്തറയിലേക്ക്‌ എന്നെ കാണാന്‍ വന്നപ്പോഴായിരുന്നു. സഹമുറിയന്‍മാരുടെ വിലക്കുകള്‍ അവഗണിച്ച്‌ ഞങ്ങള്‍ അന്ന് ധോണി മല കയറാന്‍ പോയി. കൊച്ചു കൊച്ചു വിശേഷങ്ങളും പരിഭവങ്ങളും പങ്കു വെച്ച്‌ ചാറ്റല്‍ മഴയും നനഞ്ഞ്‌, ഒരു കൊച്ചു യാത്ര. മലമുകളില്‍ എത്താറായപ്പൊഴാണ്‌, മുരളിക്ക്‌ ഒരു സിഗരറ്റ്‌ കത്തിക്കാന്‍ മുട്ടിയത്‌. സാധനം കയ്യിലുണ്ടായിരുന്നു, പക്ഷെ തീപ്പെട്ടി ഇല്ല!!! പിന്നെ മലമുകളിലെക്കുള്ള്‌ യാത്രയില്‍ തിരച്ചിലും ഒരു ലക്ഷ്യമായി... പൊന്ത വകഞ്ഞു മാറ്റി, കരിയിലകള്‍ പെറുക്കിയെറിഞ്ഞ്‌ 1 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ഞങ്ങള്‍ ഒറ്റക്കൊള്ളി അവശേഷിച്ച ഒരു തീപ്പെട്ടി കണ്ടുപിടിച്ചു. ഗ്രഹണി പിടിച്ച ചെക്കന്‌ ചക്കക്കൂട്ടാന്‍ കിട്ടിയ ആര്‍ത്തിയോടെ, തീപ്പെട്ടിയെ ജീന്‍സിലും കൈവെള്ളയിലും ഇട്ട്‌ ഉരച്ച്‌ ഓമനിച്ച്‌, ഇടക്ക്‌ ചിതറി വീഴുന്ന മരത്തുള്ളികളെ ഒഴിവാക്കി, വീശിയടിക്കുന്ന മലങ്കാറ്റിനു പുറം തിരിഞ്ഞു നിന്ന് തീപ്പെട്ടി ഉരച്ച്‌, ചുണ്ടത്തിരുന്ന സിഗരറ്റില്‍ കൊളുത്താന്‍ തുടങ്ങിയപ്പോള്‍......


ഒരു കൊച്ചു മഴത്തുള്ളി...


ഡെല്‍റ്റ-ടി പ്രതീക്ഷക്കും നിരാശക്കും ഇടക്കുള്ള ഒരു കൊച്ചു സ്പന്ദനം ആണെന്നും, എനിക്ക്‌ ഡെല്‍റ്റ-ടിയെക്കുറിച്ച്‌ പറയുമ്പോള്‍ സോക്രട്ടീസിന്റെ മുഖമാണെന്നും മുരളി പറഞ്ഞത്‌ അപ്പോഴായിരുന്നു.

The Prophet Of Frivolity said...

കണ്ണൂസ്..ആ ഓര്‍മ്മയുടെ തിരിച്ചുവരവ് ഹൃദയം പൊടിക്കാന്‍ പോന്ന വേദനയുണ്ടാക്കിയെങ്കില്‍, എന്റെ പോസ്റ്റ് ലക്ഷ്യം കണ്ടു എന്നു പറയാം. എനിക്ക് ദുഖത്തിന്റെ മൊത്തവ്യാപാരിയാവണം.

വെള്ളെഴുത്ത് said...

സിഗററ്റു കൊളുത്തുന്ന നിമിഷം മുതല്‍ തോന്നുന്ന കുറ്റബോധം, അപ്പോള്‍ ഭൂരിപക്ഷത്തിന്റെ തേരോട്ടത്തിനു മുന്നില്‍ വിറങ്ങലിക്കുന്നതു കൊണ്ടുണ്ടാവുന്നതാണല്ലേ? പുകച്ചുരുളുകള്‍ക്കിടയില്‍ ഞാന്‍, സത്യത്തില്‍ ഏകാന്തതയെയാണ് പുകച്ചു പുറന്തള്ളുന്നത്, ടെന്‍ഷനെ എന്ന് വെറും ഭംഗിവാക്കു പറയുന്നതാണ്. വലിക്കാനറിയാത്തവന്റെ വലി! ചെയിന്‍ സ്മോക്കിംഗിങ്ങു കൊണ്ടു ഞുണലുകള്‍ പൊങ്ങിയ കൈവള്ളകള്‍ വിടര്‍ത്തിക്കാട്ടി അതു നക്ഷത്രപരാഗങ്ങളേറ്റ് ചുവന്നതാണെന്നു പറഞ്ഞ ഷെപ്പേര്‍ഡു സാറിനെ കൂടി ഇവിടെ ചില്ലിട്ടു വയ്ക്കണം. പഴയ പ്ലയേഴ്സ്. അച്ഛന്റെ മണം പനാമയുടെയാണ് !

neermathalam said...

Am I I only ?
Is my joy mine only ?
Is my pain mine only ?
Is my life mine only ?
Having said that compulsion is always nauesating...

Rajeeve Chelanat said...

ബീഡിയായും, ഹവാനയായും, എഴുതുമ്പോള്‍ വിരലുകള്‍ക്കിടയിലിരുന്നെരിഞ്ഞ് വെളിച്ചവും ചൂടും തന്നും, ഏകാന്തതയിലിരുന്നുള്ള വായനക്കിടയില്‍ ധൂമസുഗന്ധങ്ങള്‍ ചുറ്റും ഒഴുകിപ്പരത്തിയും, ഓര്‍മ്മകളെ പൂര്‍വ്വപ്രാബല്യത്തോടെ തിരിച്ചുകൊണ്ടുവന്നും, എത്ര മരണങ്ങളില്‍നിന്ന് അവ നമുക്ക് അഭയം തരുന്നു..ദു:ഖത്തിന്റെ മൊത്തവ്യാപാരീ, ഈ പ്രതിഷേധക്കുറിപ്പില്‍ എന്റെയും ഒരു ചെറിയ ഒപ്പ്..

അഭിവാദ്യങ്ങളോടെ