Friday, April 23, 2010

അല്‍-കഹ്ഫ്, നോര്‍മന്‍ ബ്രൌണ്‍, വായനയിലെ പ്രവാചകപരത - കവിയുടെ മിഴിനീരും പ്രവാചകന്റെ ആശങ്കയും

ഒരേ പുസ്തകം പലര്‍ക്കും പലതാണ്, മറ്റെല്ലാ ആടയാഭരണങ്ങളും അഴിച്ചുമാറ്റിയാല്‍, ഖുര്ആന്‍ അതാവിര്‍ഭവിച്ച കാലത്തിന്റെ ഇടനാഴികളിലേക്ക് - സാമൂഹികസാംസ്കാരികചരിത്ര സാഹചര്യങ്ങളിലേക്ക് - വെളിച്ചം വീശുന്ന ഒരുപാധിയെങ്കിലുമാണ്. അതുകൊണ്ടാണ്, കുന്നുകളും, അരുവികളും, ഒട്ടകവും പാതകളും മറ്റും ചേരുന്ന രുപകങ്ങളുടെ സാര്‍ത്ഥവാഹകസംഘം ആ ഗ്രന്ഥത്തില്‍ എമ്പാടും കാണുമ്പോള്‍ നമുക്ക് അല്‍ഭുതം തോന്നാത്തത്. ‘അഫലായന്‍ലുറൂന ഇലല്‍ ഇബ്ലി കൈഫ ഹുലിക്കത്ത് (88:18)’, - എന്തുകൊണ്ടവര്‍ ഒട്ടകത്തെ നോക്കുന്നില്ല, എങ്ങനയാണവയെ രൂപകല്‍പ്പനചെയ്തിരിക്കുന്നത് - എന്നത് വായിച്ചാല്‍, ഇന്നായിരുന്നെങ്കില്‍, ‘എന്തുകൊണ്ടവര്‍ ബി.എം.ഡബ്ലിയൂ-750i നോക്കുന്നില്ല, എങ്ങനെയാണത് നിര്‍മ്മിച്ചിരിക്കുന്നത്‘, എന്നു പറയാമായിരുന്നില്ലേ എന്ന് ചെലപ്പോ തോന്നാം. ഒട്ടകത്തിന്റെ പാലിലെ കൊഴുപ്പിന്റെ അളവില്‍ ബാഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ചുണ്ടാവുന്ന മാറ്റം പോലും അതീവസങ്കീര്‍ണ്ണമാണെന്നറിയാതല്ല; പക്ഷെ എഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് എത്രത്തോളം അതറിയാമായിരുന്നുവെന്നത് മറ്റൊരു ചോദ്യം. പറഞ്ഞുവന്നത് അതല്ല. മറ്റൊന്നാണ്.

ഖുര്‍ആനിലെ 18-ആമത്തെ അധ്യായം, അല്‍-കഹ്ഫിനെ അധികരിച്ച് നോര്‍മന്‍ ബ്രൌണ്‍ ‘ഇസ്ലാമിലെ വെളിപാട്’(The Apocalypse of Islam) എന്ന പേരില്‍ ഒരു വായന നടത്തുന്നുണ്ട്.

കഹ്ഫ് എന്നാല്‍ ഗുഹയെന്നാണ്, ഈ അദ്ധ്യായത്തിലെ ഒരു കഥ തങ്ങളുടെ പട്ടിയോടൊപ്പം ഒരു ഗുഹയില്‍ അഭയം തേടിയ ഒരു കൂട്ടം ചെറുപ്പക്കാരെപ്പറ്റിയാണ്. ജീവിച്ചിരുന്ന നാട്ടിലെ വിരുദ്ധവിശ്വാസികളായ ആളുകളുടെ പീഡനം സഹിക്കാതെയാണ് ഇവര്‍ ഗുഹയില്‍ ഏകദേശം 309 വര്‍ഷം കിടന്നുറങ്ങുന്നത്. ഉണര്‍ന്നെഴുന്നേറ്റ ഇവര്‍ എത്രനാള്‍ നമ്മള്‍ ഇവിടെക്കിടന്നുറങ്ങി എന്ന് ആശ്ചര്യപ്പെടുന്നു. പിന്നീട് ആ നാട്ടുകാര്‍ അവരുടെപേരില്‍ ഒരു ആരാധനാമന്ദിരം പണിയുന്നു.

ഇനി മറ്റൊരു കഥ മോസസ് (മൂസ എന്ന് അറബിക്) ഒരു അനുചരനോടൊപ്പം ഒരു മത്സ്യവുമായി രണ്ട് കടലുകള്‍ ചേരുന്നിടം അന്വേഷിച്ചു യാത്ര ചെയ്യുന്നതിനെപ്പറ്റിയാണ്. യാത്രയ്ക്കിടയില്‍ മീനെവിടെയെന്ന മോസസിന്റ്റെ ചോദ്യത്തിന്, അത് കടലിലില്‍ നഷ്ടപ്പെട്ടു (നീന്തിപ്പോയി) എന്ന് അനുചരന്‍ പറയുന്നു. അവിടെയാണ് നമ്മള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്തോ അതുള്ളതെന്ന് പറഞ്ഞ് മോസസ് തിരികെ അവിടേക്ക് നടക്കുന്നു. അവിടെ വെച്ച് മോസസ് ദൈവത്തിന്റെ ദയാവായ്പ്പും(റഹ്മ:), ദൈവമുഖത്തുനിന്ന് അറിവും (ഇല്‍മ്) ലഭിച്ചുട്ടുള്ള ഒരാളെ കണ്ടുമുട്ടുന്നു. താങ്കള്‍ക്ക് ലഭിച്ച അറിവുനേടുന്നതിലേക്കായി ഞാന്‍ താങ്കളെ പിന്തുടരട്ടെ എന്ന മോസസിന്റെ ചോദ്യത്തിന്, താങ്കള്‍ക്കതിനുള്ള ക്ഷമയുണ്ടാവില്ല എന്ന് അജ്ഞാതനാമാവിന്റെ മറൂപടി. ദൈവം കനിഞ്ഞാല്‍ തനിക്ക് ക്ഷമയുണ്ടാവുമെന്ന മോസസിന്റെ മറുപടിയില്‍, താന്‍ സംസാരിക്കാത്തിടത്തോളം ചോദ്യങ്ങളൊന്നും ചോദിക്കരുതെന്ന ഉപാധിയില്‍ അജ്ഞാതന്‍ മോസസിനെ കൂടെക്കൂട്ടുന്നു. മൂന്നവസരങ്ങളിലായി മോസസ് തന്റെ വാക്കുതെറ്റിച്ച് അജ്ഞാതന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നു, ഒടുവില്‍ അജ്ഞാതന്‍ തന്റെ വിചിത്രമെന്ന് തോന്നിക്കുന്ന പ്രവൃത്തികളെ വിശദീകരിക്കുന്നു.

ഒരു കഥ‍ ദുല്‍-ഖര്‍നൈനെക്കുറിച്ചാണ്. ദുല്‍-ഖര്‍നൈന് ‍(രണ്ട് കൊമ്പുകളുള്ളവന്‍) നടത്തിയ നീണ്ട യാത്രയെപ്പറ്റി, യൌജൂജ്-മൌജൂജില്‍ (ഗോഗും മാഗോഗും) നിന്ന് ജനങ്ങളെ രക്ഷിക്കാനായി നിര്‍മ്മിച്ച മതിലിനെപ്പറ്റി.

ഇതാണ്, ഇത്തരത്തില്‍ ഒരു രൂപരഹിത ദൃശ്യമാണ് ചിലമനസ്സുകള്‍ ഇതില്‍ കാണുക എന്നുപറഞ്ഞാണ് ബ്രൌണ്‍ മറ്റൊരു വായനയ്ക്ക് തുടക്കമിടുന്നത്. ദുല്‍-ഖര്‍നൈന് എന്നത് അലക്സാണ്ടര്‍ റൊമാന്‍സിലെ മഹാനായ അലക്സാണ്ടറാണെന്ന് പൊതുവെ സമ്മതമായ അറിവാണ്. അലക്സാണ്ടര്‍ മറ്റൊരു പുരാണപ്രകാരം ജീവന്റെ ഉറവതേടിപ്പോകുന്നുണ്ട്, ആ അന്വേഷണം, ഇവിടെ മോസസാണ് നടത്തുന്നത്. അങ്ങനെ, ബ്രൌണ്‍ സര്‍ഗാത്മകവിഭ്രമം (Creative Confusion) എന്നുവിളിക്കുന്ന ഒരു കൃത്യത്തിലൂടെ, പൂര്‍ണ്ണനല്ലാത്ത മോസസും, അപരിഷ്കൃതനായ (pagan) അലക്സാണ്ടറും എല്ലാം മാറിമറയുന്നു. രണ്ടുപേരും പാന്ഥന്മാരായി.

ഇനി മോസസിന്റെ യാത്രതന്നെ, വെറും വാച്യാര്‍ത്ഥത്തിലെടുത്താല്‍ പറഞ്ഞുതഴമ്പിച്ച ഒരു പഴയങ്കഥ മാത്രമാവും, പക്ഷെ ഇവിടെ, ബ്രൌണിന്റെ വായനയില്‍, പഴങ്കഥ ഒരു പ്രവചനത്തിന്റെ നിലയിലേക്കുയര്‍ത്തുകയാണ് ഖുര്ആന്‍, ആ കഥയെ അവന്റെ പ്രവാചകന് സത്യദര്‍ശനമാധ്യമമാക്കുക വഴി. പഴങ്കഥ (759 in Aarne and Thompson's Types of the Folktale)ഇവിടെ അതിന്റെ ആദിമനൈര്‍മ്മല്യത്തിലേക്ക് തിരികെക്കൊണ്ടുപോവുകയും, കാണുന്നതല്ല സത്യം, നഗ്നനേത്രങ്ങള്‍ക്കപ്പുറത്തെ ലോകങ്ങളെ നോക്കിക്കാണാനും, അതിനെക്കുറിച്ച് പ്രലപനം നടത്താനുമുള്ള മനുഷ്യന്റെ ശ്രമങ്ങളായി...

ഇങ്ങനെ വായിച്ചുചെന്നാല്‍ ഇത് അകം-പുറ വ്യത്യാസങ്ങളെ (സാഹിര്‍-ബാതിന്‍) വേര്‍തിരിച്ചുകാണാനുള്ള ഒരു സന്ദേശമാവും. ഇതൊരു വഴിപിരിയലാവും. വാച്യാര്‍ത്ഥവും, ആന്തരാര്‍ത്ഥവും പിരിയുന്ന ഇടം. തഫ്സീറും, ത’വീലും വേര്‍പിരിയുന്നത്.

അടുത്തത് മോസസിന്റെ വഴികാട്ടിയായ അജ്ഞാതനാണ്, ഖിദ്റ് എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ആള്‍. ആ വ്യക്തിക്ക് ജൂദായിക്മത വിശ്വാസങ്ങളിലെ പ്രമുഖനായ ഏലിയയുമായുള്ള സാമ്യം. കിദ്റ്(പച്ച നിറമുള്ളവന്‍) എന്ന പിന്നീട് വന്ന പേരിന് ഏലിയയ്ക്ക് പകരം അലക്സാണ്ടര്‍ റൊമാന്‍സിലെ ‘ജീവന്റെ ഉറവയുമായുള്ള അടുപ്പം, ഇത്തരമൊരു നാമം, ഒരു ഭാവത്തിന്റെ സത്തയെമാത്രം ഉള്‍ച്ചേര്‍ക്കുക വഴി പേരുപറയാന്‍ കൂട്ടാക്കാതിരുന്ന ഖുര്‍ ആന്റെ എലിപ്പ്റ്റിക് നറേറ്റീവിനെ എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നത്. ഈ കിദ്റ് എങ്ങനെ സര്‍വ്വവ്യാപിയായി വെള്ളിയാഴ്ചകളില്‍ അഞ്ച് വ്യത്യസ്തസ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നുവെന്നത്. എങ്ങനെ മെഹ്ദിയുടെ സൈന്യത്തെ നയിക്കുന്നവനായി തിരിച്ചുവരുന്നുവെന്നത്. ബ്രൌണ്‍ പറയുന്നു, ബഹുജനങ്ങളുടെ അന്ധവിശ്വാസവും, ദൈവശാസ്ത്രവും തമ്മിലുള്ള ഇനിയും മുറിച്ചുമാറ്റപ്പെട്ടിട്ടില്ലാത്ത പൊക്കിള്‍ക്കൊടിയെപ്പറ്റി. യാഥാസ്തിതിക ജൂതപാരമ്പര്യം എങ്ങനെ ഏലിയയെയും, സുന്നിപാരമ്പര്യം എങ്ങനെ കിദ്റിനെയും(സൂഫിസത്തെയും) ഓരത്തേക്കാക്കിയെന്നത്. അലി/ഷിയ എങ്ങനെ ഇത്തരത്തില്‍ പ്രചോദിത-വാച്യാര്‍ത്ഥവായനാദ്വന്ദ്വങ്ങളിലെ വൈരുദ്ധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നത്.

പില്‍ക്കാലത്ത് കിദ്ര്‍ ഉറങ്ങിയ ചെറുപ്പക്കാരും, ദുല്‍-ഖര്‍നൈനും, ആ മതിലുമൊക്കെയായി ബന്ധപ്പെടുന്നു, അതുവഴി, കിദ്ര്‍ ‘രൂപം’ മാറി ഗുഹാവാസികളുടെ കാവല്‍നായായയും, ഉറങ്ങിയചെറുപ്പക്കാര്‍, മതിലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നവരുമാവുന്നു. വെള്ളിയാഴ്ചകളിലെ ഈ അധ്യായപാരായണമെന്നത് കിദ്റിനെയും, അതുവഴി മതിലിലെ ജോലിയെയും പ്രതീകവല്‍ക്കരിക്കുകയും, അങ്ങനെ ഈ ചിന്തയിലെ കാലബോധപ്രകാരം അന്ത്യദിനമെന്നത് ഇന്നിവിടെ എന്നനിലയിലേക്ക് വളരുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ‘പ്രവാചകപരത’ നിറഞ്ഞ വായന കൊണ്ടെത്തിക്കുന്നത്, ഹൃജുരേഖാബന്ധിതമായ കാലസങ്കല്‍പ്പത്തെ നിരോധിക്കുന്ന ഒരു കാഴ്ചാപഥവും, എന്നും എവിടെയും എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന, പ്രവചനാത്മകതയും, അതു വഴി, ഏതുനിമിഷവും സംഭവിക്കാവുന്ന അന്ത്യദിനമെന്ന അറിവുമാണ്. അതായത്, നിമിഷം, ഈ ഒരു നിമിഷം മാത്രം സത്യമെന്നും, അതുവഴി സ്ഥലകാലങ്ങളുടെ അനന്തതയെ ഒരു നിമിഷത്തില്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്യുക. രേഖീയതയുടെ നിഷേധമെന്നത്, നറേറ്റീവിലെ രേഖിയതയെ നിഷേധിക്കുന്നതിന് ഉപാധിയാവും.

സുവ്യവസ്ഥമായ കാലഗണനാഭ്രമം (Systematic Anachronism)- ഈവിധം നെടുകയും കുറുകെയും, എവിടെനിന്നെന്നറിയാതെ പ്രത്യക്ഷപ്പെടുകയും, അപ്രത്യക്ഷ്യമാവുകയും, ചെയ്യുന്ന കഥാപാത്രങ്ങളും, അവയെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു രചനാസങ്കേതവും. ബ്രൌണ്‍ ഏറ്റവും ആശ്രയിക്കുന്ന ആധുനികഗ്രന്ഥം ‘ഫിനഗന്‍സ് വെയിക്കാണ്. ഹോഡ്ജ്സണെ ഉദ്ധരിച്ച് ഖുര്‍ആനെപ്പറ്റി ബ്രൌണ്‍ പറയുന്നു - അതിന്റെ സന്ദേശം നിര്‍മ്മിക്കുന്ന എതാണ്ടെല്ലാ തന്തുക്കളും, ഏതെങ്കിലുമൊരുരീതിയില്‍ ഓരോ കാണ്ഠത്തിലുമുണ്ട്. ഇത്തരത്തില്‍ ഏകകാലസമഗ്രത (Simultaneous Totality) എങ്ങനെ എക്കോയുടെ ‘കൃതിയുടെ സ്ഫോടനാത്മകത’ (The Poetics of the Open Work)യില്‍ എത്തിച്ചേരുമെന്നത്.

ഫിനഗന്‍സിലെപ്പോലെ മനുഷ്യഭാഷാധ്വംസനം - ദൈവികതയുടെ സാമീപ്യത്തില്‍, പ്രവചനപരതയുടെ പ്രചോദനത്തില്‍ ചിതറിത്തെറിക്കുന്ന വ്യവസ്ഥകള്‍. disjecta membra. ഇത്തരുണം പിന്നേപോയതിന്റെ, തലയ്ക്കുമുകളില്‍ മലപോലെ അടിഞ്ഞുകൂടിയ ഭൂതകാലത്തെ, തകര്‍ത്ത്, എല്ലാ കഥകളെയും അതിന്റെ ആദിമനൈര്‍മ്മല്യത്തിലേക്ക് തിരികെയെത്തിച്ച്, കാഴ്ചപ്പാടിനെത്തന്നെ കീഴ്മേല്‍ മറിക്കുന്നതുവഴിയല്ലാതെ പുതിയൊരു ലോകം കെട്ടിപ്പടുക്കുക സാദ്ധ്യമല്ല തന്നെ.

പില്‍ക്കാല സുന്നി യുക്തിബോധം ഖുര്‍ ആനിലെ പീനബ്രഹ്മാണ്ഡഭാവനാവിലാസത്തെ(Luxuriant Cosmic Imagery) അടഞ്ഞുശുഷ്കമായ യാന്ത്രികപരതയിലേക്ക് മാറ്റിമറിച്ചുവെങ്കില്‍ അതിന് ഖുര്‍ആന്‍ ഉത്തരവാദിയല്ല എന്നു പറഞ്ഞാണ്, ബ്രൌണ്‍ അവസാനിപ്പിക്കുന്നത്.

കുറിപ്പുകള്‍

1. ‘കവിയൂടെ മിഴിനീരും പ്രവാചക്ന്റെ ആശങ്കയും‘: 'The Tear of the Poet and the Fear of the Prophet' മുഹമ്മദ് ബാമിയേയുടെ പ്രയോഗം.
2. ഇവിടെ എഴുതിയിരിക്കുന്നതെല്ലാം ബ്രൌണിന്റെ ലേഖനം പരാവര്‍ത്തനം ചെയ്തതാണ്. കൂട്ടിച്ചേര്‍ക്കലുകളേ ഇല്ല. തെറ്റുകളുണ്ടെങ്കില്‍ അതെനിക്ക് സ്വന്തം.

2 comments:

കാട്ടിപ്പരുത്തി said...

നോര്‍മന്‍ ബ്രൗണിനെ വായിച്ചിട്ടില്ല, പക്ഷെ നിങ്ങലെഴുതിയത് വായിച്ചു- ചില അബദ്ധങ്ങളുള്ളത്- ദുല്‍ഖര്‍ണൈന്‍ അലെക്സാണ്ഡര്‍ ആകാനുള്ള സാധ്യത കുറവാണു എന്നതും- ഖിദര്‍ എന്ന ആള്‍ ഇന്നത് ഖിദര്‍ മിത്തിലെ ഖിദര്‍ അല്ല എന്നതുമാണു.

വായന ഭാവനകൂടിയാണ്, അതിനാല്‍ കൂടുതലഭിപ്രായങ്ങളില്ല. ചരിത്ര വസ്തുതകളുടെ പരാമര്‍ശം ചൂണ്ടിയെന്നു മാത്രം

The Prophet Of Frivolity said...

“Traditional and modern scholars have identified the figure the Qur'an refers to as the Possessor of Two the Horns (Dhu l-Qarnayn, Q 18:83, 86, 94) as Alexander the Great (al-Iksander in Arabic).“ അങ്ങനെയാണ് Brill's EQ പറയുന്നത്. ഈ പേജ് കണ്ടിരുന്നു, അതുകൊണ്ടാണ്, ‘പൊതുവെ സമ്മതമായ’ എന്ന ഒരു സോപാധികവാചകം.

ഇനിയിപ്പോ അതെന്തായാലും, അത് ഈ കുറിപ്പില്‍ വിഷയമേ അല്ല. ഈ കുറിപ്പ് വായനയെപ്പറ്റിയാണ്, അല്‍-കഹ്ഫിനെപ്പറ്റിയല്ല. സ്വീകാര്യമല്ലാത്ത വേറെ ഒരുപാട് പ്രശ്നങ്ങള്‍ ഇതിലുണ്ട്. ദൈവം, ദൈവവചനം എന്നതിലൊന്നും വല്യ വിശ്വാസമില്ലാത്തവര്‍ക്ക് ഒരിക്കലും പിടിക്കാത്ത ഒരുപാട്.

വന്നതിനും വായിച്ചതിനും നന്ദി.