Tuesday, August 11, 2009

നേരമ്പോക്ക്

എപ്പോഴാണ് വലിയക്ഷരങ്ങള്‍ വ്യാപകമാവുന്നത് എന്റെ കണ്ണില്‍ പതിഞ്ഞെതെന്നറിയില്ല. അത് തിരിച്ചറിയും മുന്‍പ് തന്നെ ഞാനും അതിന് അടിമപ്പെട്ട് തുടങ്ങിയിരുന്നു. ഒരു വാചകത്തിന്റെ തുടക്കത്തിലാണ് അക്ഷരം വ്യത്യസ്ഥമാവുന്നെതെന്ന് അഞ്ചാം ക്ലാസിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ പറഞ്ഞത് ഇതെഴുതുമ്പോള്‍ തികട്ടിവരുന്നെങ്കിലും, സാധാരണ ഓര്‍ക്കാറേയില്ല. പോകെപ്പോകെ എല്ലാ വാചകങ്ങളിലും ചില പ്രത്യേക പദങ്ങളൊഴികെ എല്ലാ വാക്കുകളിലും വലിയക്ഷരം ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമായി. ഞാന്‍ തന്നെ എഴുതിയ ചില കുറിപ്പുകള്‍ പിന്നീട് വായിക്കുമ്പോള്‍ ഞാനും അതുതന്നെ ചെയ്തിരുക്കുന്നുവല്ലോ എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു വാചകത്തില്‍ പരിപൂര്‍ണ്ണമായും സമത്വം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. പലപ്പോഴും നിഘണ്ടു തുറന്ന് നോക്കുമ്പോള്‍ വാചകത്തിന്റെ ആദ്യം വരാനുള്ള വാക്കുകളുടെ അടക്കാനാവാത്ത ആഗ്രഹം, താളുകളില്‍ മൂടല്‍മഞ്ഞുപോലെ ഉറഞ്ഞുകൂടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ ആദ്യാക്ഷരം വലുതാവുമ്പോള്‍ ഒരുപാടു തലയെടുപ്പോടെ വാചകത്തില്‍ അഭിമാനപൂര്‍വ്വം നില്‍ക്കാമെന്ന് അവയ്ക്കറിയാമായിരുന്നു. അല്ലെങ്കിലും നീണ്ടവാചകങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിക്കൂടാനായി മാത്രമുണ്ടായ ചില പദങ്ങളുണ്ട്. വായനക്കാരന്‍ തന്നെ സൂക്ഷിച്ചു നോക്കുകപോലുമില്ലെന്ന് അവയ്ക്കറിയാം. അക്ഷരങ്ങളുടെ അനന്തസാദ്ധ്യമായ ചേര്‍ച്ചകളില്‍, എങ്ങനെയൊക്കെയോ പിറന്ന് നിലനില്‍ക്കുന്ന പാഴ്ജന്മങ്ങള്‍. ഒരു വാചകത്തിന്റെ ആദ്യമെത്തുകയെന്നത് അവയ്ക്ക് നേര്‍ത്ത, മോക്ഷച്ചുവയുള്ള തിരിച്ചറിയലുകളായിരുന്നു.

ഇനി അതുമില്ല.

2 comments:

വികടശിരോമണി said...

അക്ഷരങ്ങളുടെ ഭാവം പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്.വാചകത്തിന്റെ ആദ്യത്തിൽ വന്നു നിൽക്കാനുള്ള ആഗ്രഹം പൂണ്ട്,ഓടിവരുന്ന അക്ഷരങ്ങളോടൊപ്പം,“ഞാനിവിടെ ഒളിച്ചുനിൽക്കാൻ ഇഷ്ടപ്പെടുന്നു”എന്നു മുഖം വീർപ്പിക്കുന്ന വാക്കുകളേയും ഞാൻ സ്നേഹിച്ചു.അതുകൊണ്ട്,അദ്ധ്യാപകന്റെ നിയമങ്ങളൊന്നും എനിക്കും ബാധകമായിരൂന്നില്ല.എനിക്കിഷ്ടമുള്ളവയെ ഞാൻ പലപ്പോഴും പുറത്തുകൊണ്ടുവന്നു,ഒരു പക്ഷപാതിയായ പത്രാധിപരെപ്പോലെ,ചില വാക്കുകളെ,അവയുടെ മുഖംവീർപ്പിക്കുന്ന സൌന്ദര്യം പോകാതിരിക്കാനായി മാത്രം വലിയക്ഷരത്തിന്റെ പടി കാണിച്ചില്ല.
പക്ഷേ,
വിസ്മയിക്കുന്നത് ചില എഴുതാതെ പോയ വാക്കുകളുടെ തപസ്സിലാണ്.

sree said...

താന്‍ തുടങ്ങിവയ്ക്കുന്നതെന്തൊക്കെയാണെന്നറിയാത്ത വിപ്ളവവകാരിയുടെ ചങ്കൂറ്റവും പതര്‍ച്ചയും ആണ് ആദ്യാക്ഷരങ്ങള്‍ക്ക്. നീണ്ട വാചകങ്ങളുടെ ഭാരം ഒറ്റയ്ക്ക് താങ്ങാവുന്നതല്ലെന്ന്, അര്‍ത്ഥമില്ലാത്ത വാലായും, കൂട്ടിച്ചേര്‍ക്കാനുള്ള കണ്ണിയായും എത്രയെത്ര അസാന്നിദ്ധ്യങ്ങളാണ് പാഴാകേണ്ടതെന്നും അറിഞ്ഞു കഴിയുമ്പോഴല്ലെ ഓരോ വിപ്ളവവും വെറും ചാവേറായി ചുരുങ്ങുന്നത്?