Tuesday, May 19, 2009

കയ്പ്പ്

ചെമ്മണ്‍പാതപോലെ നീണ്ടുനീണ്ടുപോവുന്ന വൈകുന്നേരങ്ങളാവാം മനുഷ്യന്റെ ഒരുപാട് ദുഃഖങ്ങള്‍ക്ക് കളമൊരുക്കിയതെന്ന് അയാള്‍ എന്നോടൊരുദിവസം പറഞ്ഞിട്ടുണ്ട്. അതിലൊരു വലിയ സത്യമുണ്ടെന്ന് എനിക്ക് തോന്നാതല്ല. എന്റെതന്നെ മുറിക്കുപുറത്തെ വരാന്തയിലിട്ട കസേരയിലിരുന്ന്, ഒഴിഞ്ഞ വൈകുന്നേരത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍, പ്രപഞ്ചത്തിന്റെ പല കോണുകളില്‍നിന്നും മഴപ്പാറ്റകള്‍പോലെ ഒരു സര്‍വ്വവിജ്ഞാനകോശങ്ങളിലും കണ്ട് പരിചയിച്ചിട്ടില്ലാത്ത ദുഃഖങ്ങള്‍ പൊടിഞ്ഞുവരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അത്തരമൊരു വൈകുന്നേരത്തിലാണ് അയാള്‍ വീണ്ടും എന്നെക്കാണാന്‍ വന്നത്. ഞാനാണെങ്കില്‍ ഒരിക്കല്‍പ്പോലും തിരികെ പ്രണയിച്ചിട്ടില്ലാത്ത കാമുകി കയ്യേറുന്ന ജീവിതത്തിന്റെ മലഞ്ചെരിവിലായിരുന്നു താനും. പറയുന്ന കാര്യങ്ങളില്‍ ഒരു പാടു വിശ്വാസമുള്ളതുകൊണ്ടോ ഇനി ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ടോ എന്നറിയില്ല - വളരെ പതിഞ്ഞ ശബ്ദത്തിലാണ് അയാളെപ്പോഴും സംസാരിക്കാറ് പതിവ്. അല്ലെങ്കിലും സത്യമെന്നത് സബ്ജെക്റ്റിവിറ്റിയാണെന്ന കീര്‍ക്കഗാഡിന്റെ വാക്കുകള്‍പോലെയുള്ളവ ഒരിക്കലും ഉച്ചത്തില്‍ വിളിച്ചുപറയാനുള്ളതായിരുന്നില്ല. ഒന്നും ആരെയും ബോദ്ധ്യപ്പെടുത്താനുള്ളതായിരുന്നില്ല. ഒന്നും. മനസ്സില്‍ ചിന്തയും അചിന്തയുമായി, വാക്കുകളും വാക്കുകള്‍ക്ക് പിടികൊടുക്കാതെ വഴുതിവഴുതിപ്പോകുന്ന മേഘക്കെട്ടുകളുമായി നിറയുന്നവ, പറയുന്നതിലൂടെ - തനിക്കുമാത്രം കേള്‍ക്കാവുന്ന ഉച്ചത്തിലെങ്കിലും - എന്തൊക്കെയോ വ്യക്തമാവുന്നുണ്ടാവണം.
എതായാലും ഇന്നത്തെ കണ്ടുമുട്ടല്‍ അയാള്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒന്നാണെന്ന് അയാളുടെ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
“തറയില്‍ ഇഴയുന്ന കുഞ്ഞ് കളിപ്പാട്ടത്തിനടുത്തേക്ക് നിരങ്ങിച്ചെല്ലുന്നത് ശ്രദ്ധിച്ചിട്ടില്ലേ, നേരെ, നേര്‍ രേഖയില്‍?”
അതിലെന്തത്ഭുതമെന്ന മട്ടില്‍ ഞാന്‍ അയാളുടെമുഖത്തേക്ക് ഉറ്റുനോക്കുകയാണ്. അത് മനസ്സിലായെന്നവണ്ണം അയാള്‍ പതിയെ പറയുന്നു. “അല്ല, ഞാന്‍ പറയാനുദ്ദേശിച്ചത് ഒരു കൊച്ചുകുഞ്ഞിന് രണ്ട് ബിന്ദുക്കള്‍ക്കിടയിലെ ഏറ്റവും ചെറിയദൂരം ഹൃജുരേഖയാണെന്നത് എങ്ങനെ അറിയാം എന്നതല്ല.”
അതുമല്ലെങ്കില്‍ പിന്നെന്ത്? ഞാനാലോചിക്കയായിരുന്നു. സ്ഥലകാലങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ ബോധം ഇന്ദ്രിനിബദ്ധമായ അറിവുകള്‍ക്കും മുന്നേയെന്ന സിദ്ധാന്തമാവും അയാള്‍ പറയാനുദ്ദേശിച്ചതെന്നായിരുന്നു എന്റെ ധാ‍രണ. അതുമല്ല. പിന്നെ?
വീണ്ടും അയാള്‍ സംസാരിച്ചുതുടങ്ങുന്നു. “കുട്ടിക്കെന്തേ ഒരു വളഞ്ഞ വഴിയിലൂടെ നീങ്ങിക്കൂടാ?” എന്താണ് അയാള്‍ പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് അശേഷം മനസിലാവുന്നില്ല.
“അല്ല, ഞാന്‍ മനുഷ്യന്റെ അസ്ഥിയോളം പടരുന്ന, നേരെ മുന്നോട്ട്, ഓടിയോടി മുന്നോട്ട്, പുരോഗതി എന്നൊക്കെയുള്ള അവബോധം എവിടുന്ന് വരുന്നു എന്ന് ചിന്തിക്കാന്‍ ശ്രമിക്കയായിരുന്നു.“
ഞാന്‍ നിശ്ശബ്ദമായി കേള്‍ക്കുകമാത്രമാണ്. ഈ കാലഘട്ടത്തില്‍ നിശ്ശബ്ദതയെന്നത് ആയിരം മഹാകാവ്യങ്ങളേക്കാള്‍ മഹത്തരമാണെന്ന് അയാളൊരിക്കല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ത്തു; നിശ്ശബ്ദതയെ ദൈവമായി സ്വീകരിക്കുന്ന ഒരു മതം തുടങ്ങണമെന്നും. ശബ്ദമില്ലാത്ത അവസ്ഥയെന്ന നിലയിലെ നിശ്ശബ്ദതയല്ല. നിശ്ശബ്ദതയെ ഉപാസിക്കുന്ന ഒരു ജനത!
അയാളുടെ ശബ്ദം വീണ്ടും..
”ഞാന്‍ പറഞ്ഞുവരുന്നത് നമ്മുടെയൊക്കെ ഉള്ളില്‍ നമ്മേക്കാളാഴത്തില്‍ അടിഞ്ഞു കൂടുന്ന ജീവിതത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണയെപ്പറ്റിയാണ്, ജീവിതം എന്നും മുന്നോട്ട്, മുകളിലോട്ട് എന്ന രീതിയില്‍ ചലിക്കുന്നുവെന്ന ധാരണ.”
സ്ഥലകാലങ്ങളുടെ മറുപുറത്തുനിന്നെന്നോണം ആ ശബ്ദം.
“പിന്നെ ജീവിതം എങ്ങനെ നീങ്ങുന്നുവെന്നാ‍ണ്?” ഞാന്‍ ചോദിക്കുന്നു.
“കാലം ഒരക്ഷത്തിലും, ജീവിതാനുഭവത്തിന്റെ തീക്ഷ്ണത മറ്റൊരക്ഷത്തിലും രേഖപ്പെടുത്തിയ ഒരു ഗ്രാഫ് വരക്കണം.“
സിഗററ്റുപുകയ്ക്കപ്പുറം മിന്നുന്ന രണ്ട്കണ്ണുകള്‍..
“നമ്മുടെ ധാരണ പോലെയേയല്ല അത് കാണിക്കുക.”
നീണ്ടനിശ്വാസത്തിന്റെ പുനര്‍ജന്മസമാനമായ നിഷ്കളങ്കതയുമായി വീണ്ടും.
“ഒരേ ചെരിവില്‍ മുന്നോട്ടും മുകളിലോട്ടൂം നീങ്ങുന്ന ഒരു ഹൃജുരേഖയാവും നമ്മുടെ മനസ്സില്‍. പക്ഷെ അങ്ങനെയല്ല.”
പിന്നെ?
“ചന്നം പിന്നം ചിതറിക്കിടക്കുന്ന ഒരുപാട് ബിന്ദുക്കളുണ്ടാവും ആ ചിത്രത്തില്‍. അതിലെ ഏറ്റവും ഉയര്‍ന്ന ബിന്ദു ഒരിക്കലും ഏറ്റവും ദൂരെയാവണമെന്നില്ല.”
പിന്നെയും ഇത്തിരിനേരത്തിന്റെ മൌനം.
“നീ ബെഞ്ജമിന്റെ കാലസങ്കല്‍പ്പത്തിലെ ഒരു ആശയം കേട്ടിട്ടുണ്ടോ?”
എനിക്കതില്‍ അത്ഭുതം തോന്നിയില്ല. പുല്‍കൊടിയില്‍ നിന്ന് രജതപാതയിലേക്ക്, അണ്ണാറക്കണ്ണന്‍ ഒരു മരക്കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കെന്നപോലെ, നൈസര്‍ഗികമായി ചാടിപ്പോകുന്നതാണ് അയാളുടെ രീതി.
“ഒരു നിമിഷത്തില്‍ മുമ്പേപോയതും ഇനി വരാനിരിക്കുന്നതുമായ എല്ലാ നിമിഷങ്ങളും സമ്മിളിതമാവുന്ന സങ്കല്‍പ്പം?”
ഇപ്പോള്‍ എല്ലാം തെളിയുന്നു. ജീവിതത്തിന്റെ ഒരുപാടു നിറവാര്‍ന്ന പുകകിട്ടുന്ന ഭാഗങ്ങളെല്ലാം എന്നേ കത്തിത്തീര്‍ന്നിരിക്കുന്നു! ആഞ്ഞാഞ്ഞ് വലിക്കുന്നത് ഒന്നുമില്ലായ്മയുടെ കയ്ക്കുന്ന പുകയാണ്.
കയ്പ്പ്...

8 comments:

jijijk said...

salute! what a post!

ഹന്‍ല്ലലത്ത് Hanllalath said...

...അസൂയപ്പെടുത്തുന്ന കയ്യടക്കം...

പാഞ്ചാലി said...

വളരെ പ്രസക്തമായ ചിന്തകള്‍!
നന്ദി!

പാഞ്ചാലി said...

Tracking....

The Prophet Of Frivolity said...

നന്ദി : വന്നതിന്, വായിച്ചതിന് - എല്ലാവരോടും.

Faizal Kaippathody said...

മനോഹരം ..

Dewdrops said...

ഒന്നും പറയാനില്ല... അസാമാന്യം... ഇനിയും എഴുത്തുകൾ പങ്കുവെക്കുക.. വായിക്കണം

anushka said...

great.