Wednesday, August 19, 2009

മനുഷ്യനായത് കൊണ്ട്

പിടികിട്ടുമെന്ന് നേര്‍ത്ത തോന്നല്‍ പോലുമില്ലാതെ, എന്നെ എക്കാലത്തും പിന്തുടരുന്ന പ്രശ്നങ്ങളിലൊന്നാണ് ജൂതവിദ്വേഷമെന്നത്. മനുഷ്യനേക്കാള്‍ ആഴത്തില്‍ അവന്റെ ചിന്തകളെ നിയന്ത്രിക്കുന്ന കാര്യകാരണബോധത്തിന്റെ അടിമയായത് മാത്രമല്ല, ഈ പ്രശ്നത്തെ അഴിച്ചഴിച്ചെടുക്കാന്‍ പ്രേരണായുവുന്നതെന്ന് ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കുന്നു. പുസ്തകങ്ങളില്‍നിന്ന് പുസ്തകങ്ങളിലേക്ക്, പുസ്തകശാലകള്‍ വഴിഞ്ഞൊഴുകുന്നു, ഈ വിഷയത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍. സിദ്ധാന്തങ്ങളും ഇനിയും സിദ്ധാന്തങ്ങളും. ഇതില്‍ ചിലവ രണ്ട് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ചില തത്വചിന്തകന്മാരുടെ ചിന്താപദ്ധതികളെ ഓര്‍മിപ്പിക്കും. അല്ലെങ്കില്‍ ജപ്പാനിലെ പഗോഡകളെ - ഉള്ളില്‍ കയറിനിന്ന് പുറത്തേക്ക് നോക്കുക എന്നതില്‍നിന്ന് മാറി പുറത്തുനിന്ന് വെറുതെ പഗോഡയെ നോക്കുക എന്ന മാറ്റം. ജൂതവിദ്വേഷത്തെക്കുറിച്ച് പുലമ്പുകയല്ല എന്റെ ലക്ഷ്യം ഇവിടെ.
ഈയിടെ ഫിങ്കെത്സ്റ്റെയിന്റെ “ഹോളോഹോസ്റ്റ് ഇന്‍ഡസ്ട്രി - റിഫ്ലക്ഷന്‍സ് ഓണ്‍ ദി എക്സ്പ്ലോയിറ്റേഷന്‍ ഓഫ് ജ്യൂയിഷ് സഫറിങ്ങ്” വായിക്കാനിടയായി. പുസ്തകത്തിന്റെ സൈദ്ധാന്തികനിലവാരം (Scholarly Value) എത്രത്തോളമുണ്ടെന്നത് ചര്‍ച്ചചെയ്യപ്പെടാവുന്നതാണ്. ചില പ്രത്യേകവസ്തുതകള്‍ പുസ്തകത്തിന്റെ കര്‍ത്താവിനെ ഒരു പ്രത്യേകതരം ഭാഷയിലേക്ക് നയിക്കാവുന്നതാണ്. എഴുതിയ ആളുടെ വ്യക്തിജീവിതം വിഷയവുമായി വേദനയുളവാക്കും വിധം കെട്ടുപിണഞ്ഞതാവുകയും‍, ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിന്റെ രാഷ്ട്രീയം ഇതുമായി ചേരുകയും ചെയ്യുമ്പോള്‍ അത് പ്രതിരോധിക്കാനാവാത്ത വിധം ചിന്തയിലും അതു വഴി ഭാഷയിലും വ്യക്തമായ നിഴലുകള്‍ വീഴ്ത്താതിരിക്കില്ല. ഫിങ്കിള്‍സ്റ്റെയിന്റെ ജീവിതവഴികള്‍ ഈ പുസ്തകത്തിന്ന് ഒരു നീണ്ട അടിക്കിറിപ്പായി വായിക്കാനാവും. പ്രൊ.ചോംസ്കി ഒരു ഓര്‍മ്മക്കുറിപ്പ് ഇവിടെ എഴുതിയത് നോക്കുക,
പക്ഷെ പുസ്തകം വായനക്കാരനില്‍ അവശേഷിപ്പിക്കുന്ന ഒരു വല്ലായ്മയുണ്ട്. ഉടനീളമുള്ള വ്യക്തിവേധമായ (ad hominem) പരാമര്‍ശങ്ങള്‍ക്കപ്പുറം, ഹോളോകോസ്റ്റ് ഇന്‍ഡസ്ട്രി ഉണ്ടാവുകയും, നിലനില്‍ക്കുകയും ചെയ്യുന്ന ഒരു ഭൂമികയെ ദൃശ്യമാത്രമാക്കുവാന്‍ ഈ എഴുത്ത് ഉപകരിക്കുന്നുവെങ്കില്‍. “ഹോളോകോസ്റ്റ് ഇന്‍ഡസ്ട്രി“ എന്ന സംജ്ഞ മനുഷ്യചരിത്രത്തിലെ കറുത്ത സംഭവമായ “നാസി ഹോളോകോസ്റ്റ്” എന്നതില്‍ നിന്ന് വ്യതിരിക്തമായി ആ സംഭവത്തെ ഒരു ഐഡിയോളജിയായി വളര്‍ത്തുകയും, അതു വഴി അതിനെ ധാര്‍മ്മികധാരണകളെ മറികടക്കുന്നതിനുള്ള ഉപാധിയായി മാറ്റുകയും ചെയ്യുന്നത് വിശദീകരിക്കുവാനായി എഴുത്തുകാരന്‍ ഉപയോഗിക്കുന്നതാണ്. ഹോളോകോസ്റ്റ് എന്നത് ഇത്രയ്ക്ക് പ്രാധാന്യമുള്ള ഒന്നായി ദൈനംദിനജീവിതത്തില്‍ വ്യാപിക്കുന്നത് 67-ലെ യുദ്ധത്തിന്ന് ശേഷമാണെന്ന് ലേഖകന്‍ വാദിക്കുന്നു.
പിന്നിട് അതിന്റെ മറപറ്റി വന്ന ചില പെരുംകള്ളന്മാരെക്കുറിച്ചെഴുതുന്നു. കോസിന്‍സ്കിയുടെ “ദി പെയിന്റഡ് ബേര്‍ഡ്”, വില്‍കോമിര്‍സ്കിയുടെ “ഫ്രാഗ്മെന്റ്സ്” എന്നിവ. അതിനെച്ചുറ്റിപ്പറ്റി പിന്നീട് വന്ന കോലാഹലങ്ങള്‍. വെള്ളപൂശലുകള്‍.
സ്വിറ്റ്സര്‍ലണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂതമതസ്ഥരുടെ യുദ്ധകാലത്ത് നഷ്ടമായതെന്ന് അവകാശപ്പെടുന്ന വസ്തുവകകള്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍‍. ഭീഷണികള്‍. ഒരു വിധത്തിലും സാധുവകാത്ത മരിച്ചവരുടെയും, രക്ഷപ്പെട്ടവരുടെയും കണക്കുകള്‍. അങ്ങനെയങ്ങനെ.
നിങ്ങളെയും ഒരു വല്ലായ്മ ബാധിക്കുന്നില്ലേ? ഹോളോകോസ്റ്റ് വിശദീകരിക്കുന്ന പോലെത്തന്നെ ക്ലേശകരമായ ഒന്നാണ് ഈ സംഭവങ്ങളില്‍ പലതും. ഉദാഹരണമായി “ഹിറ്റ്ലേര്‍സ് വില്ലിങ്ങ് എക്സിക്യൂഷണേര്‍സ്” എന്ന പുസ്തകം ഒരു സംഭവമായിരുന്നു. ജര്‍മനിയിലടക്കം. അതേസമയം കേര്‍ഷാ ജര്‍മന്‍ ജനതയുടെ മനോഭാവത്തെ വിശദീകരിക്കുവാന്‍, - പ്രത്യേകിച്ചും ബവേറിയന്‍ ജര്‍മനിയിലെ ജനങ്ങളുടെ - ഉപയോഗിക്കാവുന്ന പദങ്ങളെപ്പറ്റി നീളത്തില്‍ എഴുതുന്നുണ്ട്. ഉദാസീനത-നിഷ്ക്രിയമായ പങ്കുകൊള്ളല്‍ (Indifference-Passive Complicity) എന്നീ രണ്ട് സാദ്ധ്യതകള്‍. ലളിതസമവാക്യങ്ങളെ അപ്പടി നിരാകരിക്കുന്ന മനുഷ്യജീവിതപ്രദേശങ്ങള്‍. ആകെ മൊത്തം കുഴമ്പുപരുവമായത് കൊണ്ട് നിര്‍ത്തി.

Tuesday, August 11, 2009

നേരമ്പോക്ക്

എപ്പോഴാണ് വലിയക്ഷരങ്ങള്‍ വ്യാപകമാവുന്നത് എന്റെ കണ്ണില്‍ പതിഞ്ഞെതെന്നറിയില്ല. അത് തിരിച്ചറിയും മുന്‍പ് തന്നെ ഞാനും അതിന് അടിമപ്പെട്ട് തുടങ്ങിയിരുന്നു. ഒരു വാചകത്തിന്റെ തുടക്കത്തിലാണ് അക്ഷരം വ്യത്യസ്ഥമാവുന്നെതെന്ന് അഞ്ചാം ക്ലാസിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ പറഞ്ഞത് ഇതെഴുതുമ്പോള്‍ തികട്ടിവരുന്നെങ്കിലും, സാധാരണ ഓര്‍ക്കാറേയില്ല. പോകെപ്പോകെ എല്ലാ വാചകങ്ങളിലും ചില പ്രത്യേക പദങ്ങളൊഴികെ എല്ലാ വാക്കുകളിലും വലിയക്ഷരം ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമായി. ഞാന്‍ തന്നെ എഴുതിയ ചില കുറിപ്പുകള്‍ പിന്നീട് വായിക്കുമ്പോള്‍ ഞാനും അതുതന്നെ ചെയ്തിരുക്കുന്നുവല്ലോ എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു വാചകത്തില്‍ പരിപൂര്‍ണ്ണമായും സമത്വം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. പലപ്പോഴും നിഘണ്ടു തുറന്ന് നോക്കുമ്പോള്‍ വാചകത്തിന്റെ ആദ്യം വരാനുള്ള വാക്കുകളുടെ അടക്കാനാവാത്ത ആഗ്രഹം, താളുകളില്‍ മൂടല്‍മഞ്ഞുപോലെ ഉറഞ്ഞുകൂടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ ആദ്യാക്ഷരം വലുതാവുമ്പോള്‍ ഒരുപാടു തലയെടുപ്പോടെ വാചകത്തില്‍ അഭിമാനപൂര്‍വ്വം നില്‍ക്കാമെന്ന് അവയ്ക്കറിയാമായിരുന്നു. അല്ലെങ്കിലും നീണ്ടവാചകങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിക്കൂടാനായി മാത്രമുണ്ടായ ചില പദങ്ങളുണ്ട്. വായനക്കാരന്‍ തന്നെ സൂക്ഷിച്ചു നോക്കുകപോലുമില്ലെന്ന് അവയ്ക്കറിയാം. അക്ഷരങ്ങളുടെ അനന്തസാദ്ധ്യമായ ചേര്‍ച്ചകളില്‍, എങ്ങനെയൊക്കെയോ പിറന്ന് നിലനില്‍ക്കുന്ന പാഴ്ജന്മങ്ങള്‍. ഒരു വാചകത്തിന്റെ ആദ്യമെത്തുകയെന്നത് അവയ്ക്ക് നേര്‍ത്ത, മോക്ഷച്ചുവയുള്ള തിരിച്ചറിയലുകളായിരുന്നു.

ഇനി അതുമില്ല.

Wednesday, June 3, 2009

കാഴ്ചവട്ടങ്ങള്‍

“ദി അനാലിറ്റിക്കല്‍ ലാംഗ്വേജ് ഓഫ് ജോണ്‍ വില്‍കിന്‍സ്“ എന്ന ബോര്‍ഹേസിന്റെ ലേഖനത്തില്‍ നിന്ന്:-

മൃഗങ്ങളെ താഴെക്കൊടുത്തപ്രകാരം തരംതിരിക്കാവുന്നതാണ്-

a) ചക്രവര്‍ത്തിയുടെ ഉടമസ്ഥതയിലുള്ളവ;
b) എംബാം ചെയ്യപ്പെട്ടവ;
c) പരിശീലനം സിദ്ധിച്ചിട്ടുള്ളവ;
d) മുലപ്പാല്‍ മാത്രം ഭക്ഷിച്ചിട്ടുള്ള പന്നിക്കുട്ടികള്‍;
e) മത്സ്യകന്യക;
f) അസാധാരണത്വമുള്ളവ;
g) തെണ്ടിപ്പട്ടികള്‍;
h) ഈ വര്‍ഗ്ഗീകരണത്തില്‍ പെടുന്നവ;
i) ഭ്രാന്തുപിടിച്ചിട്ടെന്നപോലെ വിറയ്ക്കുന്നവ;
j) എണ്ണിത്തിട്ടപ്പെടുത്താനാവാത്തവ;
k) വളരെനേര്‍ത്ത ഒട്ടകരോമബ്രഷുകൊണ്ട് വരയ്ക്കുന്നവ;
l) മറ്റുള്ളവ;
m) ഇത്തിരിമുമ്പൊരു പൂത്തട്ടം പൊട്ടിച്ചവ;
n) ദൂരെനിന്ന് നോക്കിയാല്‍ ഒരു പ്രാണിയെപ്പോലെ തോന്നിക്കുന്നവ.

‘ദി അനാലിറ്റിക്കല്‍ ലാംഗ്വേജ് ഓഫ് ജോണ്‍ വില്‍കിന്‍സ്‘ എന്ന ഈ ലേഖനം തുടങ്ങുന്നത് ഒരോ വാക്കും - അതേത് ഭാഷയിലേതായാലും - അത് സൂചിപ്പി‌ക്കു‌ന്ന‌ വസ്തുവിനെ എത്രമാത്രം ആഴത്തി‌ല്‍ ആവിഷ്കരിക്കുന്നു എന്ന അന്വേഷണത്തോടെയാണ്. അതിന് ബോര്‍ഹേസ് പറയുന്ന ഉദാഹരണം ഈ കാര്യം വിശദീകരിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ് : Moon,Luna എന്നീ വാക്കുകളില്‍ ഏത് ‘ചന്ദ്രന്‍‘ എന്നതിനോട് കൂടുതല്‍ അടുത്തിരിക്കുന്നത് എന്ന്. (ഉദാഹരണം മാറ്റിപ്പറഞ്ഞാല്‍ ‘ചന്ദ്രന്‍’, ‘ഇന്ദു’ എന്നീ വാക്കുകളില്‍ എതാണ് സൂചിതത്തെ കൂടുതല്‍ നന്നായി ആവിഷ്കരിക്കുന്നത്?)
ഈ സാഹചര്യത്തിലാണ് ജോണ്‍ വില്‍കിന്‍സിന്റെ സാര്‍വ്വലൌകിഭാഷയെന്ന സങ്കല്‍പ്പത്തെപ്പറ്റി അദ്ദേഹം എഴുതുന്നത്. ലോകത്തിലുള്ള എല്ലാത്തിനെയും നാല്‍പത് വിഭാഗങ്ങള്‍, അതിനെ വീണ്ടും വ്യത്യാസങ്ങള്‍, ചെറു വിഭാഗങ്ങള്‍ എന്ന രീതിയില്‍ വര്‍ഗ്ഗീകരിക്കുകയും, ഒരോ വിഭാഗത്തിനും രണ്ടക്ഷരം, ഒരോ വ്യത്യാസത്തിനും ഒരു വ്യഞ്ജനാക്ഷരം, അതിനു താഴത്തെ വിഭാഗത്തിന് ഒരു സ്വരം. ഇത്തരത്തില്‍ പ്രപഞ്ചത്തിലുള്ളവയ്ക്കെല്ലാം സ്വയം നിര്‍വചിക്കുന്ന ഒരു പദം ഉണ്ടാവും.
ഈ നാല്‍പ്പത് വിഭാഗമായി തരംതിരിച്ചതില്‍ വില്‍കിന്‍സിന് വന്ന വികലതകളെപ്പറ്റിപ്പറയുന്നിടത്താണ്, ഈ പിഴവുകള്‍ മറ്റൊരു വര്‍ഗീഗരണത്തിലെ വീഴ്ചകളെ ഓര്‍മ്മിപ്പിക്കുന്നു എന്ന് ബോര്‍ഹേസ് എഴുതുന്നത്. ഡോ. ഫ്രാന്‍സ് കുന്‍ ചൈനീസ് സര്‍വവിജ്ഞാനകോശമായ ‘ഹെവന്‍ലി എമ്പോറിയം ഓഫ് ബെനവലന്റ് നോളഡ്ജ്’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടി എന്ന് ബോര്‍ഹേസ് പറയുന്ന മുകളിലത്തെ പട്ടിക.
മുകളിലത്തെ വാചകം അല്പം സങ്കീര്‍ണ്ണമായി അനുഭവപ്പെട്ടുവെങ്കില്‍ അതിന് കാരണമിതാണ് : ഇതുവരെ ബോര്‍ഹേസ് പണ്ഡിതന്മാര്‍ക്കൊന്നും ഫ്രാന്‍സ് കുന്‍ ഇത് എവിടെ പറഞ്ഞുവെന്നും, മുമ്പ് പറഞ്ഞ ചൈനീസ് സര്‍വ്വവിജ്ഞാനകോശം കണ്ടെത്തുവാനും, കഴിഞ്ഞിട്ടില്ല - അറിഞ്ഞിടത്തോളം. ഇനിയുമൊരുപക്ഷെ അത് കണ്ടെത്തിക്കൂടെന്നല്ല. ഇല്ലെങ്കിലും അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ബോര്‍ഹേസ് എന്നത് മറ്റൊരു പ്രപഞ്ചമാണ്. അവിടെ ന്യൂട്ടണും, ഡെക്കാര്‍ത്തെയും, ഡാര്‍വിനുമെല്ലാം അദ്ദേഹം തന്നെ. ഒരോരുത്തര്‍ക്കും ഒരു ബോര്‍ഹേസാവാന്‍ പറ്റണം....

കുറിപ്പ് : എന്റെ പരിഭാഷ അസഹനീയമായി തോന്നുന്നുവെങ്കില്‍ മൂലകൃതി കണ്ടെത്തി വായിക്കുക.

Tuesday, May 19, 2009

കയ്പ്പ്

ചെമ്മണ്‍പാതപോലെ നീണ്ടുനീണ്ടുപോവുന്ന വൈകുന്നേരങ്ങളാവാം മനുഷ്യന്റെ ഒരുപാട് ദുഃഖങ്ങള്‍ക്ക് കളമൊരുക്കിയതെന്ന് അയാള്‍ എന്നോടൊരുദിവസം പറഞ്ഞിട്ടുണ്ട്. അതിലൊരു വലിയ സത്യമുണ്ടെന്ന് എനിക്ക് തോന്നാതല്ല. എന്റെതന്നെ മുറിക്കുപുറത്തെ വരാന്തയിലിട്ട കസേരയിലിരുന്ന്, ഒഴിഞ്ഞ വൈകുന്നേരത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍, പ്രപഞ്ചത്തിന്റെ പല കോണുകളില്‍നിന്നും മഴപ്പാറ്റകള്‍പോലെ ഒരു സര്‍വ്വവിജ്ഞാനകോശങ്ങളിലും കണ്ട് പരിചയിച്ചിട്ടില്ലാത്ത ദുഃഖങ്ങള്‍ പൊടിഞ്ഞുവരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അത്തരമൊരു വൈകുന്നേരത്തിലാണ് അയാള്‍ വീണ്ടും എന്നെക്കാണാന്‍ വന്നത്. ഞാനാണെങ്കില്‍ ഒരിക്കല്‍പ്പോലും തിരികെ പ്രണയിച്ചിട്ടില്ലാത്ത കാമുകി കയ്യേറുന്ന ജീവിതത്തിന്റെ മലഞ്ചെരിവിലായിരുന്നു താനും. പറയുന്ന കാര്യങ്ങളില്‍ ഒരു പാടു വിശ്വാസമുള്ളതുകൊണ്ടോ ഇനി ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ടോ എന്നറിയില്ല - വളരെ പതിഞ്ഞ ശബ്ദത്തിലാണ് അയാളെപ്പോഴും സംസാരിക്കാറ് പതിവ്. അല്ലെങ്കിലും സത്യമെന്നത് സബ്ജെക്റ്റിവിറ്റിയാണെന്ന കീര്‍ക്കഗാഡിന്റെ വാക്കുകള്‍പോലെയുള്ളവ ഒരിക്കലും ഉച്ചത്തില്‍ വിളിച്ചുപറയാനുള്ളതായിരുന്നില്ല. ഒന്നും ആരെയും ബോദ്ധ്യപ്പെടുത്താനുള്ളതായിരുന്നില്ല. ഒന്നും. മനസ്സില്‍ ചിന്തയും അചിന്തയുമായി, വാക്കുകളും വാക്കുകള്‍ക്ക് പിടികൊടുക്കാതെ വഴുതിവഴുതിപ്പോകുന്ന മേഘക്കെട്ടുകളുമായി നിറയുന്നവ, പറയുന്നതിലൂടെ - തനിക്കുമാത്രം കേള്‍ക്കാവുന്ന ഉച്ചത്തിലെങ്കിലും - എന്തൊക്കെയോ വ്യക്തമാവുന്നുണ്ടാവണം.
എതായാലും ഇന്നത്തെ കണ്ടുമുട്ടല്‍ അയാള്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒന്നാണെന്ന് അയാളുടെ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
“തറയില്‍ ഇഴയുന്ന കുഞ്ഞ് കളിപ്പാട്ടത്തിനടുത്തേക്ക് നിരങ്ങിച്ചെല്ലുന്നത് ശ്രദ്ധിച്ചിട്ടില്ലേ, നേരെ, നേര്‍ രേഖയില്‍?”
അതിലെന്തത്ഭുതമെന്ന മട്ടില്‍ ഞാന്‍ അയാളുടെമുഖത്തേക്ക് ഉറ്റുനോക്കുകയാണ്. അത് മനസ്സിലായെന്നവണ്ണം അയാള്‍ പതിയെ പറയുന്നു. “അല്ല, ഞാന്‍ പറയാനുദ്ദേശിച്ചത് ഒരു കൊച്ചുകുഞ്ഞിന് രണ്ട് ബിന്ദുക്കള്‍ക്കിടയിലെ ഏറ്റവും ചെറിയദൂരം ഹൃജുരേഖയാണെന്നത് എങ്ങനെ അറിയാം എന്നതല്ല.”
അതുമല്ലെങ്കില്‍ പിന്നെന്ത്? ഞാനാലോചിക്കയായിരുന്നു. സ്ഥലകാലങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ ബോധം ഇന്ദ്രിനിബദ്ധമായ അറിവുകള്‍ക്കും മുന്നേയെന്ന സിദ്ധാന്തമാവും അയാള്‍ പറയാനുദ്ദേശിച്ചതെന്നായിരുന്നു എന്റെ ധാ‍രണ. അതുമല്ല. പിന്നെ?
വീണ്ടും അയാള്‍ സംസാരിച്ചുതുടങ്ങുന്നു. “കുട്ടിക്കെന്തേ ഒരു വളഞ്ഞ വഴിയിലൂടെ നീങ്ങിക്കൂടാ?” എന്താണ് അയാള്‍ പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് അശേഷം മനസിലാവുന്നില്ല.
“അല്ല, ഞാന്‍ മനുഷ്യന്റെ അസ്ഥിയോളം പടരുന്ന, നേരെ മുന്നോട്ട്, ഓടിയോടി മുന്നോട്ട്, പുരോഗതി എന്നൊക്കെയുള്ള അവബോധം എവിടുന്ന് വരുന്നു എന്ന് ചിന്തിക്കാന്‍ ശ്രമിക്കയായിരുന്നു.“
ഞാന്‍ നിശ്ശബ്ദമായി കേള്‍ക്കുകമാത്രമാണ്. ഈ കാലഘട്ടത്തില്‍ നിശ്ശബ്ദതയെന്നത് ആയിരം മഹാകാവ്യങ്ങളേക്കാള്‍ മഹത്തരമാണെന്ന് അയാളൊരിക്കല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ത്തു; നിശ്ശബ്ദതയെ ദൈവമായി സ്വീകരിക്കുന്ന ഒരു മതം തുടങ്ങണമെന്നും. ശബ്ദമില്ലാത്ത അവസ്ഥയെന്ന നിലയിലെ നിശ്ശബ്ദതയല്ല. നിശ്ശബ്ദതയെ ഉപാസിക്കുന്ന ഒരു ജനത!
അയാളുടെ ശബ്ദം വീണ്ടും..
”ഞാന്‍ പറഞ്ഞുവരുന്നത് നമ്മുടെയൊക്കെ ഉള്ളില്‍ നമ്മേക്കാളാഴത്തില്‍ അടിഞ്ഞു കൂടുന്ന ജീവിതത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണയെപ്പറ്റിയാണ്, ജീവിതം എന്നും മുന്നോട്ട്, മുകളിലോട്ട് എന്ന രീതിയില്‍ ചലിക്കുന്നുവെന്ന ധാരണ.”
സ്ഥലകാലങ്ങളുടെ മറുപുറത്തുനിന്നെന്നോണം ആ ശബ്ദം.
“പിന്നെ ജീവിതം എങ്ങനെ നീങ്ങുന്നുവെന്നാ‍ണ്?” ഞാന്‍ ചോദിക്കുന്നു.
“കാലം ഒരക്ഷത്തിലും, ജീവിതാനുഭവത്തിന്റെ തീക്ഷ്ണത മറ്റൊരക്ഷത്തിലും രേഖപ്പെടുത്തിയ ഒരു ഗ്രാഫ് വരക്കണം.“
സിഗററ്റുപുകയ്ക്കപ്പുറം മിന്നുന്ന രണ്ട്കണ്ണുകള്‍..
“നമ്മുടെ ധാരണ പോലെയേയല്ല അത് കാണിക്കുക.”
നീണ്ടനിശ്വാസത്തിന്റെ പുനര്‍ജന്മസമാനമായ നിഷ്കളങ്കതയുമായി വീണ്ടും.
“ഒരേ ചെരിവില്‍ മുന്നോട്ടും മുകളിലോട്ടൂം നീങ്ങുന്ന ഒരു ഹൃജുരേഖയാവും നമ്മുടെ മനസ്സില്‍. പക്ഷെ അങ്ങനെയല്ല.”
പിന്നെ?
“ചന്നം പിന്നം ചിതറിക്കിടക്കുന്ന ഒരുപാട് ബിന്ദുക്കളുണ്ടാവും ആ ചിത്രത്തില്‍. അതിലെ ഏറ്റവും ഉയര്‍ന്ന ബിന്ദു ഒരിക്കലും ഏറ്റവും ദൂരെയാവണമെന്നില്ല.”
പിന്നെയും ഇത്തിരിനേരത്തിന്റെ മൌനം.
“നീ ബെഞ്ജമിന്റെ കാലസങ്കല്‍പ്പത്തിലെ ഒരു ആശയം കേട്ടിട്ടുണ്ടോ?”
എനിക്കതില്‍ അത്ഭുതം തോന്നിയില്ല. പുല്‍കൊടിയില്‍ നിന്ന് രജതപാതയിലേക്ക്, അണ്ണാറക്കണ്ണന്‍ ഒരു മരക്കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കെന്നപോലെ, നൈസര്‍ഗികമായി ചാടിപ്പോകുന്നതാണ് അയാളുടെ രീതി.
“ഒരു നിമിഷത്തില്‍ മുമ്പേപോയതും ഇനി വരാനിരിക്കുന്നതുമായ എല്ലാ നിമിഷങ്ങളും സമ്മിളിതമാവുന്ന സങ്കല്‍പ്പം?”
ഇപ്പോള്‍ എല്ലാം തെളിയുന്നു. ജീവിതത്തിന്റെ ഒരുപാടു നിറവാര്‍ന്ന പുകകിട്ടുന്ന ഭാഗങ്ങളെല്ലാം എന്നേ കത്തിത്തീര്‍ന്നിരിക്കുന്നു! ആഞ്ഞാഞ്ഞ് വലിക്കുന്നത് ഒന്നുമില്ലായ്മയുടെ കയ്ക്കുന്ന പുകയാണ്.
കയ്പ്പ്...