Tuesday, May 19, 2009

കയ്പ്പ്

ചെമ്മണ്‍പാതപോലെ നീണ്ടുനീണ്ടുപോവുന്ന വൈകുന്നേരങ്ങളാവാം മനുഷ്യന്റെ ഒരുപാട് ദുഃഖങ്ങള്‍ക്ക് കളമൊരുക്കിയതെന്ന് അയാള്‍ എന്നോടൊരുദിവസം പറഞ്ഞിട്ടുണ്ട്. അതിലൊരു വലിയ സത്യമുണ്ടെന്ന് എനിക്ക് തോന്നാതല്ല. എന്റെതന്നെ മുറിക്കുപുറത്തെ വരാന്തയിലിട്ട കസേരയിലിരുന്ന്, ഒഴിഞ്ഞ വൈകുന്നേരത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍, പ്രപഞ്ചത്തിന്റെ പല കോണുകളില്‍നിന്നും മഴപ്പാറ്റകള്‍പോലെ ഒരു സര്‍വ്വവിജ്ഞാനകോശങ്ങളിലും കണ്ട് പരിചയിച്ചിട്ടില്ലാത്ത ദുഃഖങ്ങള്‍ പൊടിഞ്ഞുവരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അത്തരമൊരു വൈകുന്നേരത്തിലാണ് അയാള്‍ വീണ്ടും എന്നെക്കാണാന്‍ വന്നത്. ഞാനാണെങ്കില്‍ ഒരിക്കല്‍പ്പോലും തിരികെ പ്രണയിച്ചിട്ടില്ലാത്ത കാമുകി കയ്യേറുന്ന ജീവിതത്തിന്റെ മലഞ്ചെരിവിലായിരുന്നു താനും. പറയുന്ന കാര്യങ്ങളില്‍ ഒരു പാടു വിശ്വാസമുള്ളതുകൊണ്ടോ ഇനി ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ടോ എന്നറിയില്ല - വളരെ പതിഞ്ഞ ശബ്ദത്തിലാണ് അയാളെപ്പോഴും സംസാരിക്കാറ് പതിവ്. അല്ലെങ്കിലും സത്യമെന്നത് സബ്ജെക്റ്റിവിറ്റിയാണെന്ന കീര്‍ക്കഗാഡിന്റെ വാക്കുകള്‍പോലെയുള്ളവ ഒരിക്കലും ഉച്ചത്തില്‍ വിളിച്ചുപറയാനുള്ളതായിരുന്നില്ല. ഒന്നും ആരെയും ബോദ്ധ്യപ്പെടുത്താനുള്ളതായിരുന്നില്ല. ഒന്നും. മനസ്സില്‍ ചിന്തയും അചിന്തയുമായി, വാക്കുകളും വാക്കുകള്‍ക്ക് പിടികൊടുക്കാതെ വഴുതിവഴുതിപ്പോകുന്ന മേഘക്കെട്ടുകളുമായി നിറയുന്നവ, പറയുന്നതിലൂടെ - തനിക്കുമാത്രം കേള്‍ക്കാവുന്ന ഉച്ചത്തിലെങ്കിലും - എന്തൊക്കെയോ വ്യക്തമാവുന്നുണ്ടാവണം.
എതായാലും ഇന്നത്തെ കണ്ടുമുട്ടല്‍ അയാള്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒന്നാണെന്ന് അയാളുടെ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
“തറയില്‍ ഇഴയുന്ന കുഞ്ഞ് കളിപ്പാട്ടത്തിനടുത്തേക്ക് നിരങ്ങിച്ചെല്ലുന്നത് ശ്രദ്ധിച്ചിട്ടില്ലേ, നേരെ, നേര്‍ രേഖയില്‍?”
അതിലെന്തത്ഭുതമെന്ന മട്ടില്‍ ഞാന്‍ അയാളുടെമുഖത്തേക്ക് ഉറ്റുനോക്കുകയാണ്. അത് മനസ്സിലായെന്നവണ്ണം അയാള്‍ പതിയെ പറയുന്നു. “അല്ല, ഞാന്‍ പറയാനുദ്ദേശിച്ചത് ഒരു കൊച്ചുകുഞ്ഞിന് രണ്ട് ബിന്ദുക്കള്‍ക്കിടയിലെ ഏറ്റവും ചെറിയദൂരം ഹൃജുരേഖയാണെന്നത് എങ്ങനെ അറിയാം എന്നതല്ല.”
അതുമല്ലെങ്കില്‍ പിന്നെന്ത്? ഞാനാലോചിക്കയായിരുന്നു. സ്ഥലകാലങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ ബോധം ഇന്ദ്രിനിബദ്ധമായ അറിവുകള്‍ക്കും മുന്നേയെന്ന സിദ്ധാന്തമാവും അയാള്‍ പറയാനുദ്ദേശിച്ചതെന്നായിരുന്നു എന്റെ ധാ‍രണ. അതുമല്ല. പിന്നെ?
വീണ്ടും അയാള്‍ സംസാരിച്ചുതുടങ്ങുന്നു. “കുട്ടിക്കെന്തേ ഒരു വളഞ്ഞ വഴിയിലൂടെ നീങ്ങിക്കൂടാ?” എന്താണ് അയാള്‍ പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് അശേഷം മനസിലാവുന്നില്ല.
“അല്ല, ഞാന്‍ മനുഷ്യന്റെ അസ്ഥിയോളം പടരുന്ന, നേരെ മുന്നോട്ട്, ഓടിയോടി മുന്നോട്ട്, പുരോഗതി എന്നൊക്കെയുള്ള അവബോധം എവിടുന്ന് വരുന്നു എന്ന് ചിന്തിക്കാന്‍ ശ്രമിക്കയായിരുന്നു.“
ഞാന്‍ നിശ്ശബ്ദമായി കേള്‍ക്കുകമാത്രമാണ്. ഈ കാലഘട്ടത്തില്‍ നിശ്ശബ്ദതയെന്നത് ആയിരം മഹാകാവ്യങ്ങളേക്കാള്‍ മഹത്തരമാണെന്ന് അയാളൊരിക്കല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ത്തു; നിശ്ശബ്ദതയെ ദൈവമായി സ്വീകരിക്കുന്ന ഒരു മതം തുടങ്ങണമെന്നും. ശബ്ദമില്ലാത്ത അവസ്ഥയെന്ന നിലയിലെ നിശ്ശബ്ദതയല്ല. നിശ്ശബ്ദതയെ ഉപാസിക്കുന്ന ഒരു ജനത!
അയാളുടെ ശബ്ദം വീണ്ടും..
”ഞാന്‍ പറഞ്ഞുവരുന്നത് നമ്മുടെയൊക്കെ ഉള്ളില്‍ നമ്മേക്കാളാഴത്തില്‍ അടിഞ്ഞു കൂടുന്ന ജീവിതത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണയെപ്പറ്റിയാണ്, ജീവിതം എന്നും മുന്നോട്ട്, മുകളിലോട്ട് എന്ന രീതിയില്‍ ചലിക്കുന്നുവെന്ന ധാരണ.”
സ്ഥലകാലങ്ങളുടെ മറുപുറത്തുനിന്നെന്നോണം ആ ശബ്ദം.
“പിന്നെ ജീവിതം എങ്ങനെ നീങ്ങുന്നുവെന്നാ‍ണ്?” ഞാന്‍ ചോദിക്കുന്നു.
“കാലം ഒരക്ഷത്തിലും, ജീവിതാനുഭവത്തിന്റെ തീക്ഷ്ണത മറ്റൊരക്ഷത്തിലും രേഖപ്പെടുത്തിയ ഒരു ഗ്രാഫ് വരക്കണം.“
സിഗററ്റുപുകയ്ക്കപ്പുറം മിന്നുന്ന രണ്ട്കണ്ണുകള്‍..
“നമ്മുടെ ധാരണ പോലെയേയല്ല അത് കാണിക്കുക.”
നീണ്ടനിശ്വാസത്തിന്റെ പുനര്‍ജന്മസമാനമായ നിഷ്കളങ്കതയുമായി വീണ്ടും.
“ഒരേ ചെരിവില്‍ മുന്നോട്ടും മുകളിലോട്ടൂം നീങ്ങുന്ന ഒരു ഹൃജുരേഖയാവും നമ്മുടെ മനസ്സില്‍. പക്ഷെ അങ്ങനെയല്ല.”
പിന്നെ?
“ചന്നം പിന്നം ചിതറിക്കിടക്കുന്ന ഒരുപാട് ബിന്ദുക്കളുണ്ടാവും ആ ചിത്രത്തില്‍. അതിലെ ഏറ്റവും ഉയര്‍ന്ന ബിന്ദു ഒരിക്കലും ഏറ്റവും ദൂരെയാവണമെന്നില്ല.”
പിന്നെയും ഇത്തിരിനേരത്തിന്റെ മൌനം.
“നീ ബെഞ്ജമിന്റെ കാലസങ്കല്‍പ്പത്തിലെ ഒരു ആശയം കേട്ടിട്ടുണ്ടോ?”
എനിക്കതില്‍ അത്ഭുതം തോന്നിയില്ല. പുല്‍കൊടിയില്‍ നിന്ന് രജതപാതയിലേക്ക്, അണ്ണാറക്കണ്ണന്‍ ഒരു മരക്കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കെന്നപോലെ, നൈസര്‍ഗികമായി ചാടിപ്പോകുന്നതാണ് അയാളുടെ രീതി.
“ഒരു നിമിഷത്തില്‍ മുമ്പേപോയതും ഇനി വരാനിരിക്കുന്നതുമായ എല്ലാ നിമിഷങ്ങളും സമ്മിളിതമാവുന്ന സങ്കല്‍പ്പം?”
ഇപ്പോള്‍ എല്ലാം തെളിയുന്നു. ജീവിതത്തിന്റെ ഒരുപാടു നിറവാര്‍ന്ന പുകകിട്ടുന്ന ഭാഗങ്ങളെല്ലാം എന്നേ കത്തിത്തീര്‍ന്നിരിക്കുന്നു! ആഞ്ഞാഞ്ഞ് വലിക്കുന്നത് ഒന്നുമില്ലായ്മയുടെ കയ്ക്കുന്ന പുകയാണ്.
കയ്പ്പ്...

Thursday, February 26, 2009

ജനാധിപത്യം - ചിതറിയ ചില പ്രബന്ധങ്ങള്‍

§ 1. ബഹുപൂരിപക്ഷം ആളുകളും സംരക്ഷിക്കാനായി ഒന്നു ചേരുമെന്നതാണ് ജനാധിപത്യത്തിന്ന് അടിസ്ഥാനപരമായി പ്രശ്നങ്ങളുണ്ടെന്നതിന്ന് ഏറ്റവും വലിയ തെളിവ്.

§ 2. ദര്‍ശനങ്ങളുടെ ചരിത്രബദ്ധതയെന്നത് പൊടിപിടിച്ച ഏടുകള്‍ പരതലാവും, എങ്കിലും ചിലപ്പോള്‍ സത്യത്തിലേക്ക് നയിച്ചുകൂടെന്നില്ല.

§ 3. ജനാതിപത്യത്തിന്റെ ഏകാധിപത്യം ഏറ്റവുമധികം ബാധിച്ചത് ഭാവനയുടെ നീരുറവകളെയാണ്. ഇതിനുമപ്പുറം ഒന്നുമില്ലേ എന്ന ചോദ്യത്തിന്റെ മുന, ഭൂതത്തിന്റെ പരിച വെച്ച് ഒടിക്കുന്നത്, ദിശാബോധം നഷ്ടപ്പെടലാണ്, കാരണം ചോദ്യങ്ങള്‍ ഈവിധത്തില്‍ ഒടിയുകയല്ല ചെയ്യുന്നത്, മറിച്ച് , ദിശമാറി കാലത്തിന്നെതിരെയാവുകയാണ്.

§ 4. എന്താണ് നവോത്ഥാനമെന്നതിന്റെ ഉത്തരം1 മനുഷ്യന്‍ യുക്തി ഉപയോഗിക്കുന്ന ജീവി എന്നതിലാണ് അധിഷ്ടിതമായിരിക്കുന്നത്. ഏതെങ്കിലും ഒരു നിമിഷം ഉപയോഗിക്കുന്നില്ലെങ്കിലും‍, ഉപയോഗിച്ചേക്കാം, ഉപയോഗിക്കും, എന്ന ധാരണ. സന്തോഷമാണ് യുക്തി ഉപയോഗിക്കുന്നതിന്റെ പ്രേരകശക്തിയെന്ന് വാദിക്കാവതല്ല. പിന്നെ എന്താണ്?

§ 6. ജനാധിപത്യം ജനങ്ങള്‍ ചിന്തിക്കുവാനും, സ്വയം തീരുമാനമെടുക്കാനും പ്രാപ്തരാണ് എന്ന മുന്നവസ്ഥയിലാണ് നിലകൊള്ളുന്നത്. രണ്ട് ചോദ്യങ്ങള്‍ ഇതില്‍നിന്ന് ഉയര്‍ന്നുവരും. ഒന്ന് ഇന്നത്തെ യന്ത്രവല്‍കരണാനന്തര ലോകസാഹചര്യത്തില്‍ സ്വാതന്ത്ര്യം എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്നത്. മറ്റൊന്ന് ഇനി മനുഷ്യന്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമുള്ള അവസ്ഥയിലാണെങ്കില്‍ത്തന്നെ മനുഷ്യവര്‍ഗത്തില്‍ പിറന്നതുകൊണ്ടുമാത്രം അനുവദിച്ചുനല്‍കുന്ന യുക്തി ഉപയോഗിക്കാന്‍ എത്രത്തോളം സന്നദ്ധനാണെന്നത്. അതുകൊണ്ട് ഈ പ്രസ്ഥാനം ഇനിയും പൂര്‍ത്തികരിച്ചിട്ടില്ലെന്നും, പൂര്‍ത്തികരിക്കാന്‍ എതിരുനില്‍ക്കുന്നത് ബാഹ്യശക്തികളല്ല എന്നുമുള്ള തിരിച്ചറിവ്. അങ്ങനെയെങ്കില്‍ ഇത് നവോത്ഥാനമെന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളുടെ പുനരവലോകനമാണ്.

§ 7. മനുഷ്യസ്വാതന്ത്ര്യമെന്നത്, മരീചികയാണെന്ന് പറഞ്ഞില്ലെങ്കിലും, ഏതെങ്കിലുമൊരു നിമിഷത്തില്‍, രണ്ട് സാദ്ധ്യതകള്‍ക്കുമുമ്പില്‍ നില്‍കുന്ന മനുഷ്യന്‍, അവന്റെ ചരിത്രസാമൂഹികസാംസ്കാരിക (To Infinity) ബോധങ്ങള്‍ക്കതീതനാണെന്നു വാദിക്കുന്നത്, ആദരവോടെ പറഞ്ഞാല്‍, ബുദ്ധിക്ഷയമാണ്. ഇത്തരം പാശ്ചാത്തലങ്ങള്‍ നേരിട്ടറിയാന്‍ പോലുമാവാത്ത കേന്ദ്രങ്ങള്‍ സ്ഥാപിതതാല്പര്യങ്ങള്‍ക്കനുസൃതമായി നിര്‍മിക്കുകയും‍, മനുഷ്യനിലേക്ക് പ്രസരണം നടത്തുകയും ചെയ്യുന്നതാണ്.

§ 8. സ്വപ്നലോകങ്ങളിലേക്ക്2 വഴിനടത്തുന്നതിലൂടെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മനുഷ്യനെ വിദൂരമായി നിര്‍ത്തുക എന്നത് മുതലാളിത്തജീവിതാവസ്ഥയുടെ പ്രഥമമായ രീതിയാണ്. മനുഷ്യനെന്നതിന്റെ ഏറ്റവും കൃശമായ നിര്‍വ്വചനം ‘വാങ്ങുന്നവന്‍’ എന്നതാവുമ്പോള്‍, ഒരോരുത്തനും തന്റെ ‘വാങ്ങല്‍ അളവുകോലിലെ‘ നില നിര്‍ണ്ണയിക്കുന്നതിന്ന് എല്ലാ പ്രത്യേകതകളും ഉപയോഗിക്കുക എന്ന അവസ്ഥയിലേക്കെത്തിച്ചേരും. വൈരുദ്ധ്യം അവിടെയാണ്: ഒരേ സമയം യുക്തിപുര്‍വ്വം പ്രവര്‍ത്തിക്കുന്നവന്‍ (Rational Agent) എന്നത് മുന്‍ ആവശ്യമാവുകയും, അതേ സമയം അങ്ങനെയാവാന്‍ അവശ്യം വേണ്ട ചിന്താശേഷിയും അന്വേഷണബുദ്ധിയും(Critical Approach)മരവിപ്പിക്കുകയും ചെയ്യുന്ന സാമ്പത്തികവ്യവസ്ഥിതി സാധാരണമായി കാണുകയും ചെയ്യുക. ഫെറ്റിഷിസവും, അന്വേഷണത്വരയും ഒന്നിച്ചുപോകുന്നവയല്ലെന്ന് മാത്രമല്ല, ആജന്മശത്രുക്കളുമാണ്.

§ 9. നീതിയെന്നത്, ഭരണസംവിധാനങ്ങളെക്കാള്‍, വളരെയധികം ആഴത്തിലുള്ള ആവശ്യകതയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നീതി എല്ലാവര്‍ക്കും - ചണ്ഢാളന്‍ മുതല്‍ മന്ത്രി വരെ - ലഭിക്കാത്ത ഒരു വ്യവസ്ഥ അക്കാരണം കൊണ്ടുമാത്രം തച്ചുടക്കപ്പെടേണ്ടതാണ്. നീതിയെന്ന സങ്കല്‍പ്പം പോലും തൊട്ടുതീണ്ടാത്തതോ, പലപ്പോഴും പ്രാമുഖ്യം ലഭിക്കാത്തതോ ആയ ജനാധിപത്യം നിലനില്‍ക്കുന്നുവെന്നത് വൈരുദ്ധ്യമോ ഒറ്റപ്പെട്ട വ്യതിചലനങ്ങളോ അല്ല, സാദ്ധ്യതകളുടെ പ്രകടമാവലാണ്.

§ 10. ജനാധിപത്യത്തില്‍ നിരപരാധികളും, നിഷ്കളങ്കരായ പ്രജകളുമില്ല - ജനങ്ങളുടെ മനസ്സ് പ്രകടിപ്പിക്കുന്ന യന്ത്രമാണ് ഭരണകൂടെമെങ്കില്‍. ഇറാഖില്‍ നിരപരാധികളുണ്ടാവും, പക്ഷെ ഇന്ത്യയില്‍ ഉണ്ടാവാന്‍ പറ്റില്ല.

§ 11. ‘ദാര്‍ശനികനായ രാജാവ്’ എന്നത് മനുഷ്യരെല്ലാം, അതുകൊണ്ട് ഭരണാധികാരിയും, ചപലതകള്‍ക്ക് വശംവദനായേക്കാം എന്നതായാലും ഇല്ലെങ്കിലും, ധാര്‍മ്മികത മനുഷ്യന് നൈസര്‍ഗിഗമല്ല, അതിന്ന് ആധിഭൌതികമായ അടിത്തറയുമില്ല. ഒരു പദം മുന്നോട്ട് വെക്കണോ വേണ്ടയോ എന്ന ചോദ്യത്തിന്ന് ചിന്തിക്കുന്നവന്റെ മുന്‍പില്‍, ലെയിബ്നിറ്റ്സിന്റെ പരിപൂര്‍ണ്ണതീരുമാനങ്ങളുടെ അസാദ്ധ്യതയെന്ന3 കടലാണ്. ലോകം രുചിശൂന്യമായ
വസ്തുതകളുടെ ചതുപ്പിനിലങ്ങളാണ്.4

§ 12. ജനാധിപത്യം മനുഷ്യന്‍ എന്ന പ്രെമിസിലല്ല തുടങ്ങുന്നത്, ഏതെങ്കിലുമൊരു ഭൂവിഭാഗത്തില്‍ അധിവസിക്കുന്ന മനുഷ്യരെ ലക്ഷ്യമിട്ടാണ്. അതായത് ജനാധിപത്യം ആന്‍ഡേര്‍സനു മുന്‍പുള്ളതാണ്. മനുഷ്യരാശിയെ ബാധിച്ച മാറാരോഗമായ രാഷ്ട്രം എന്ന സങ്കല്‍പ്പം കുഴിച്ചുമൂടപ്പെടേണ്ടതാണെന്നു മാത്രമല്ല, ലോകത്തിന്റെ ഒരു കോണില്‍ ചലിക്കുന്ന വിരലിന്റെ പ്രതിഫലനം മറുകോണിലിരിക്കുന്നവനെ ബാധിക്കുന്നുവെന്നത് എല്ലാ വ്യവസ്ഥയുടെയും നിര്‍മ്മിതിയില്‍ അടിസ്ഥാനസങ്കല്‍പ്പമാവേണ്ടതാണ്.

§ 13. ഒരു രാത്രിയില്‍ മറ്റേതോ വ്യവസ്ഥിതിയില്‍ക്കിടന്നുറങ്ങി പിറ്റേന്നെഴുന്നേറ്റ് ജനാധിപത്യം കണികാണാനാവുമെന്നത്, ആ സങ്കേതം ഒരു ഉടുപ്പ് പോലെ എടുത്തണിയാമെന്ന വിശ്വാസം നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്. അത്തരമൊരുവ്യവസ്ഥിതി അതിനുകീഴില്‍ അധിവസിക്കുന്ന ജനതയുടെ സമൂലമായമാറ്റം ആവശ്യപ്പെടുകയേ ചെയ്യുന്നില്ല എന്ന മിഥ്യാധാരണ. മറ്റൊരുവിധത്തില്‍പ്പറഞ്ഞാല്‍ ജനാധിപത്യം, വരേണ്യവര്‍ഗം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ജനതയുടെ ആദിമപൌരാണികതയെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്ന5 സാംസ്കാരികചിഹ്നങ്ങള്‍ പോലെ മറ്റൊന്നാവുന്നു എന്ന അറിവ്. ഏതൊരുജനതയും നൈസര്‍ഗികമായ വളര്‍ച്ചാഘട്ടങ്ങളിലൂടെ കടന്നുപോവാം എന്ന വിഷയത്തെ നമ്മള്‍ സ്പര്‍ശിക്കുകപോലും ചെയ്തിട്ടില്ല. പൊതുമണ്ഡലങ്ങള്‍ ഉണ്ടായിട്ടില്ലാത്ത, ഉണ്ടാവാന്‍ വിദൂരസാദ്ധ്യതപോലുമില്ലാത്ത അവസ്ഥയും ആവാം6.

§ 14. സമത്വം എന്ന സംജ്ഞയെപ്പറ്റി നമ്മള്‍ സംസാരിച്ചിട്ടേയില്ല. നിനക്കു നിന്റെ വഴിയെന്ന സുവര്‍ണ്ണനിയമം ഏറ്റുപാടുക. ശരിക്കുമാലോചിച്ചാല്‍ ജനാധിപത്യതത്വസംഹിതയില്‍ അവ്യക്തമായി ഒരു താല്‍ക്കാലികത, അല്ലെങ്കില്‍, മാറാവുന്നത് എന്നുള്ള ഒരു ചിന്താതന്തു എവിടെയോ മിന്നിമായുന്നത് കാണാവുന്നതുപോലെ തോന്നും. അസമത്വം, കാലങ്ങളിലൂടെ പരിഹരിക്കപ്പെടാവുന്ന ഒന്ന് എന്നത്, പരോക്ഷമായെങ്കിലും ബലി എന്ന ആശയത്തെ ഓര്‍മ്മിപ്പിക്കും. ജന്മത്തിന്ന് കോപ്പികളില്ല, ഒരു ജന്മവും പകരം വെക്കാവതല്ല.

~ പിന്‍ വാക്ക് - മറിച്ച് അഭിപ്രായങ്ങള്‍ തോന്നുന്നുവെങ്കില്‍ ഇതിന്റെ തലക്കെട്ട് ഒന്നുകൂടെ ഇരുത്തിവായിക്കാം. ‘പ്രബന്ധങ്ങള്‍’ എന്നത് 'Theses' എന്നതിന്റെ മലയാളമായാണ്.~
------------------------------------------------------------------------------------------------
1. എന്താണ് നവോത്ഥാനം?(Was ist Aufklärung?) - ഇമ്മാനുവല്‍ കാന്റ്.
2. സ്വപ്നലോകം - Phantasmagoria - പാരിസ് ഒരു സ്വപ്നലോകമാവുന്നതിനെപ്പറ്റി ബെഞ്ജമിന്റെ ജിജ്ഞാസ. മാര്‍ക്സും ലൂകാച്ചും വ്യക്തമായി അവതരിപ്പിച്ചത്.
3. Contingency from complexity. അധോലോകത്തുനിന്നുള്ള കുറിപ്പുകള്(Notes from Underground)‍-ലെ കഥാപാത്രത്തിന്റെ ചിന്തകള്‍ ഓര്‍ക്കുക.
4. ധാര്‍മ്മികതയെക്കുറിച്ച് - പ്രഭാഷണം. (Lectures on Morality - Wittgenstein)
5. ഹോബ്സ്ബാം - പാരമ്പര്യങ്ങളുടെ നിര്‍മ്മിതി. (The Invention of Tradition)
6. വീണ്ടും ബുദ്ധിപരമായതിന്റെയെല്ലാം ഉടയോന്മാരായി വര്‍ത്തിക്കുന്നവര്‍ മറ്റൊരു തരത്തില്‍ വാദിച്ചേക്കാം. വാദിക്കും. അതും ആവശ്യമാണ്, ആരുടെ എന്നത് മറ്റൊന്ന്.

Saturday, February 21, 2009

എഴുത്ത് മേശയും പനിനീര്‍പൂവും

പൂവുകള്‍ തനിയെ ജാലകത്തിലൂടെ വീഴുകയില്ലെന്നെനിക്കറിയാം. പ്രത്യേകിച്ചും രാത്രിയില്‍. പക്ഷെ കാര്യമതല്ല. ഏതായാലും ഒരു ചുവന്ന പനിനീര്‍പൂവ്, മഞ്ഞുമൂടിക്കിടന്ന തെരുവില്‍, പൊടുന്നനെ എന്റെ ലെതര്‍ ഷൂസിന്റെ മുന്നില്‍ വന്നുവീണു. വെല്‍വറ്റ് പോലെ കടുംചുവപ്പും നേര്‍ത്തതുമായിരുന്നു അത്; വിടര്‍ന്നിട്ടുമുണ്ടായിരുന്നില്ല. തണുപ്പായിരുന്നതിനാല്‍ സുഗന്ധവുമില്ലായിരുന്നു. ഞാ‍നത് എടുത്തുകൊണ്ടുവന്ന് എന്റെ മുറിയിലെ മേശപ്പുറത്തെ ജപ്പാനീസ് പൂത്തട്ടത്തില്‍ വെച്ച് ഉറങ്ങാന്‍ കിടന്നു. ഇത്തിരികഴിഞ്ഞ് എന്റെ ഉറക്കം തെളിഞ്ഞു. മുറിയില്‍ മങ്ങിയ വെളിച്ചമുണ്ടായിരുന്നു; നിലാവെളിച്ചമല്ല, നക്ഷത്രങ്ങളുടെ. അപ്പോഴേക്കും തണുപ്പുമാറിയ പനിനീരിന്റെ സുഗന്ധം മുറിയില്‍ പരക്കുന്നത് ഞാനറിഞ്ഞു, ഒപ്പം മുറിയില്‍ അടക്കിപ്പിടിച്ച പിറുപിറുപ്പും കേള്‍ക്കാവതായി. പഴയ വിയന്നാമഷിക്കുപ്പിയുടെ പുറത്തെ ചെമ്പരത്തിപ്പൂവ് എന്തിനെക്കുറിച്ചോ അഭിപ്രായം പറയുകയായിരുന്നു. “അവന് ഒരു രീതിയുമില്ല,ഒട്ടും സ്റ്റൈലുമില്ല1”, അത് പറഞ്ഞു,“ഒരു തരിമ്പുപോലും സ്റ്റൈലില്ല”. എന്നെ ഉദ്ദേശിച്ചാണ്. അല്ലെങ്കില്‍ അവനൊരിക്കലും, അത് പോലൊന്ന് എന്റെയടുത്ത് വെക്കുമായിരുന്നില്ല. അതായത് പനിനീര്‍പ്പൂവ്.

-ഹൂഗോ വോണ്‍ ഹോഫ്മന്‍സ്താള്‍

കുറിപ്പ്: 1. സ്റ്റൈല്‍,രീതി എന്നത് Style, taste എന്നീ വാക്കുകളുടെ അര്‍ത്ഥമായാണ്. മലയാളത്തില്‍ അതെന്താവും? Stilgefühl എന്നതാണ് മുല ജര്‍മ്മന്‍ പദം. Stylistic sense എന്നര്‍ത്ഥം. ‘സൌന്ദര്യബോധം’ എന്ന് ഉപയോഗിച്ചാല്‍ ഈ കവിത എനിക്കെതിരെയുള്ള സാക്ഷ്യം പറച്ചിലാവും. അപ്പോ ഈ പരിഭാഷയ്ക്ക് കവിത പരിഭാഷപ്പെടുത്തുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ലക്ഷ്യമുണ്ടെന്ന് മനസിലായിക്കാണും.:)

Sunday, February 15, 2009