Tuesday, December 30, 2008

വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍

ലാപുടയുടെ കവിതകളുടെ ഒരു വായനാക്കുറിപ്പ്

മുന്നറിയിപ്പ്: കുറിപ്പിന്റെ അവസാനം കൊടുത്തിട്ടുള്ള പിന്‍വാക്ക് വായിക്കുക.

അബദ്ധധാരണകളുടെ ഗാഢനിദ്രയില്‍ (Dogmatic Slumber) നിന്ന് ഉണര്‍ത്തപ്പെട്ടതിനേക്കുറിച്ച് ഒരാള്‍ പണ്ട് എഴുതിയിട്ടുണ്ട്. മനുഷ്യജന്മമെന്നത് ധാരണകളുടെ അടിഞ്ഞുകൂടലാണെന്ന് ഒരു തരത്തില്‍ പറയാവുന്നതാണ്, ഒരോ അനുഭവത്തിന്നും അനന്തതയോളും നീളുന്ന ചരടുകളുണ്ടാവുകയെന്നത് നമ്മുടെ കാലത്തിന്റെ പ്രത്യേകമായ വസ്തുതയും. ‘ശ്വസിക്കുന്നത് പോലെയോ, വിസര്‍ജ്ജനം പോലെയോ, ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നത് പോലെയോ’ മനുഷ്യനെന്ന പ്രസ്ഥാനത്തിന്ന് നൈസര്‍ഗികമായ ഭാവമാണ് - അല്ലെങ്കില്‍ ആയിരുന്നു - ചോദ്യങ്ങള്‍ ഉയര്‍ത്തുക എന്നത്. അത് മനുഷ്യന്റെ കക്ഷത്തിലെന്തിന്ന് രോമങ്ങള്‍ എന്നത് മുതല്‍ ഫോസ്റ്റ് എന്തിന്ന് ദുഃഖിതനാണ് എന്നത് വരെ ഏതുമായാലും. “വെളിവിന്റെ എല്ലാ പഞ്ഞിത്തുണ്ടുകളെയും ഇങ്ങനെയിങ്ങനെ നൂലായ് പിരിച്ചെടുത്ത് നൂലാമാലയായി ഉലര്‍ത്തിക്കലര്‍ത്തിയിടുന്നവയായില്ലെങ്കിലും, ഏത് ചോദ്യവും മഞ്ഞുപോലെ മൂടുന്ന ജഡത്വത്തില്‍നിന്ന് ജീവനിലേക്കുള്ള ഇടവഴികളാണ്. മറ്റു ജീവികള്‍ക്കും മനുഷ്യനുമിടയില്‍ അനന്തതയായി വാപൊളിക്കുന്ന വിടവ് എന്നതുകൊണ്ട് മന്‍ പറയുവാനാഗ്രഹിക്കുന്നവയില്‍ ഇത് ഇടം നേടുന്നുണ്ടാവണം. ചോദ്യങ്ങളെ അന്വേഷിച്ചുള്ള, മടക്കയാത്രയുടെ കുറിപ്പുകളാണ്, ഇവിടെ നാം വായിക്കുന്നത്.
‘എന്തുകൊണ്ടാണ് ജീവിക്കുന്നതെന്ന ചോദ്യത്തിന് ശരീരം കൊണ്ട് എന്ന ഉത്തരം‘ എന്ന വരികളില്‍ ഉത്തരമല്ല, നമ്മള്‍ ആന്ത്രാക്സ് ബാധിച്ച കന്നുകാലിയുടെ ശവശരീരം പോലെ ആറടി ആഴത്തില്‍, ചുണ്ണാമ്പുവെള്ളം ഒഴിച്ച്, കുഴിച്ചുമൂടാന്‍ പഠിപ്പിക്കപ്പെട്ട ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ്. അതുകൊണ്ടു തന്നെ നിലനില്‍ക്കുന്നതിന്നെതിരെയുള്ള, നിസംഗതയ്ക്കെതിരെയുള്ള കലഹമാണ് രാഷ്ട്രീയമെങ്കില്‍ ഇവിടം മുഴുവന്‍ രാഷ്ട്രീയമാണെന്ന് പറയാവുന്നതാണ്. താനുള്‍പ്പെടുന്ന വംശത്തിന്റെ പരിപൂര്‍ണ്ണമായ നിവാരണത്തിലേക്കാണ് ഈ പാ‍ത നയിക്കുന്നെതെന്ന - അണുയുദ്ധമോ, ആഗോളതാപനമോ മൂലമുള്ളതല്ല,മനുഷ്യന്‍ ശിലയാവുന്ന അന്ത്യം - തിരിച്ചറിവില്‍നിന്നുണരുന്ന ഞരക്കങ്ങളായത് കൊണ്ടാണ്, ഈ എഴുത്ത് ഇത്രയ്ക്ക് കൃശമാവുന്നത്. ബിംബങ്ങളുടെ, പ്രയോഗങ്ങളുടെ ധാരാളിത്തത്തില്‍ മതിമറന്ന സംവേദനക്ഷമത ഇവിടെ സ്വയം പാകപ്പെടുത്തേണ്ടിവരുന്നുണ്ട്. നവോത്ഥാനത്തിന്റെ (Enlightenment) ജനിതകരേഖകളില്‍ ഏത് യുക്തിബദ്ധത നിഴലുകള്‍ക്കുപകരം നമുക്ക് വെളിച്ചത്തിന്റെ ഇടങ്ങള്‍ നല്‍കിയോ അതില്‍ ഇന്നത്തെ അവസ്ഥയുടെ വിത്തുകളുമുണ്ടായിരുന്നിരിക്കണം. മറ്റൊരുകാലത്തില്‍, ജീര്‍ണ്ണിച്ചില്ലാതായേക്കാവുന്ന, ചിന്ത എന്ന മനുഷ്യന്റെ ഭാവത്തിന്റെ ഓര്‍മ്മകള്‍ ഒരുവനില്‍ തികട്ടിവന്നാല്‍, ഈ എഴുത്ത് ഒരു ഹിയറോഗ്ലിഫാവും. ‘കാലത്തിന്റെ തൊണ്ടിമുതലായി‘.

‘കേനേഷിതം പതതിപ്രേഷിതം മനഃ‘ എന്നതാണ് പാരമ്പര്യം. അതുകൊണ്ടുതന്നെ ഈ കവിതകള്‍ ഒരേസമയം ചരിത്രത്തിന്റെ മമ്മികളില്‍നിന്ന് പണിയായുധങ്ങള്‍ കണ്ടെത്തുകയും, വരാനിക്കുന്ന വിപത്തിനെ - എല്ലാം മമ്മികളാവുകയെന്ന ആശങ്കാഭരിതമായ ഭാവി - നേരില്‍ക്കാണുകയും ചെയ്യുന്നു. ചിത്രങ്ങളൊന്നുംതന്നെയില്ലാത്ത ആത്മഗതങ്ങളുടെ ഒരു കലണ്ടര്‍ നമുക്കു തേടിനടക്കണം. ‘അടുത്ത പരീക്ഷയ്ക്കുമുന്‍പ് അവിചാരിതമായി തമ്മില്‍ വീണ്ടും കാണുമെന്ന്‘ പറഞ്ഞ് കണ്ടുമുട്ടലിന്ന് വിരാമമിടുന്ന, പുസ്തകങ്ങളിലേക്ക് ഉദാസീനതയോടെ മടങ്ങിപ്പോകുന്ന പ്രപഞ്ചത്തിന്റെ ടിപ്പണികള്‍ (ഷെല്‍ഫുകളിലിരിക്കുന്ന പുസ്തകങ്ങളുടെ ദൈന്യതെയെക്കുറിച്ച് മറ്റൊരാള്‍ പണ്ട് എഴുതിയിരുന്നില്ലേ..!).
ഇങ്ങനെയിങ്ങനെ തുടര്‍ന്നുപോയാല്‍ ഇതു മാത്രമോ എന്ന തോന്നലുണ്ടാവാന്‍ ഇടയുണ്ട്. അല്ല. ‘പ്രേതാവിഷ്ടത്തിലെ ബിംബകല്പന കാണുക. ലാ മെനിനാസ് പോലെ അഴിച്ചഴിച്ചെടുക്കാവുന്നത്. ഉണര്‍ച്ചയെന്നത്, അവസാനിക്കാത്ത ജീവപര്യന്തങ്ങളും വിധികല്‍പ്പിക്കുന്നത് തനിക്കുനിയന്ത്രണമില്ലാത്ത മറ്റെന്തോ ആവുകയും ചെയ്യുകയെന്നത് - വെറുതെ കാലം കഴിക്കുന്ന തടവല്ല,ഫോട്ടോക്കോപ്പിയെടുക്കലാണ്, ഈ ജയിലിലെ ശിക്ഷയുടെ കാഠിന്യം പൂര്‍ണ്ണമാക്കുന്നത്.
ഇഴപിരിച്ചെടുക്കാനാവാത്തവിധം സ്വപ്നം ഉണര്‍ച്ചയെ ആവേശിക്കുന്നത്, അവസാനിപ്പിക്കാനാവാത്ത കോപ്പികളുടെ ഘോഷയാത്രകളില്‍ അകപ്പെടുന്നത്. ഒരു നിമിഷമെങ്കിലും എഴുത്തുകാരനും താനകപ്പെട്ട ലോകത്തിലേക്ക് തുറിച്ചുനോക്കുകയും, അതിനെ ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റൊരിടത്തില്‍ ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍ എന്ന പുസ്തകം വാണിഭം നടത്തുക വഴി തന്നെത്തന്നെ, താന്‍ ചെയ്യുന്നതിനെ, അതില്‍ ചിലപ്പോഴെങ്കിലും ദൃശ്യമാത്രമാകുന്ന അപഹാസ്യതയെ ഒക്കെയൊക്കെ പരസ്യവിചാരണ ചെയ്യുകയും ചെയ്യുന്നു. ഇനിയൊരിടത്ത് ചുക്കിച്ചുളിഞ്ഞവയ്ക്കെല്ലാം ബാധിക്കാവുന്ന മനോരോഗത്തെക്കുറിച്ചുള്ള മുനവെച്ച ഓര്‍മ്മപ്പെടുത്തല്‍ - എണ്ണയെ നൊന്തുപെറ്റ പിണ്ണാക്കിന്റെ ഉണക്കമല്ല നിന്റേതെന്ന വെളിപാടുവാക്യം(എണ്ണ എന്ന..).

വിരസതയെക്കുറിച്ച് മാത്രമായുള്ള, - വിരസത ഒരു സ്ഥായീഭാവമായത് എന്ന് മുതലാണ്? - പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിരസത ആസുരമായ വിശപ്പുള്ള (Hyperphagia) ഒന്നായി ഇവിടെ(വിരസത). നമുക്കുള്ളത് ഇടവേളകളാണ്, വിരസതയുടെ രണ്ട് വാപൊളിക്കലിനടയില്‍ വീണുകിട്ടുന്നവ. ഈ കവിതകള്‍ നമ്മിലവശേഷിപ്പിക്കുന്നത് ആ ഇടവേളകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളല്ല, മറിച്ച് വിരസതയെ എങ്ങനെ - അതെത്രനേരമായാലും - തുരത്തിയെന്നതാവും. വിരസതയ്ക്ക് പകരം വെച്ചതെന്തായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ആധിഭൌതികതലങ്ങളെ (Metaphysical Plain) സ്പര്‍ശിക്കുന്നതാണ്. അതുകൊണ്ടുകൂടിയാണ്, ഈ വാക്കുകള്‍ ചരിത്രത്തിലും കേട്ടുകേള്‍വികളിലും മാത്രം പരിചയിച്ചിട്ടുള്ള മനുഷ്യനെ അന്വേഷിച്ചുള്ള യാത്രയാവുന്നത്, ജുവാന്‍ പെക്കിലോഡയുടെ യാത്രയെ അനുസ്മരിപ്പിക്കും വിധം.
തുടങ്ങും മുമ്പേ എല്ലാം നിര്‍ണ്ണയിക്കപ്പെട്ട കാത്തിരിപ്പിന്റെ കണക്കെടുപ്പാണ് ഇനിയുമൊന്നില്‍. എന്നിട്ടുമെന്തേ? എന്തേ വസ്തുതാപരമായ, പരിപൂര്‍ണ്ണയാഥാര്‍ത്ഥ്യമായവയെയും മറന്ന് വീണ്ടും? നടക്കണ്ടേ? (കാത്തിരിപ്പ്) ഇതിനോട് ചേര്‍ന്നുപോവുന്നു ഓര്‍മ്മക്കുറിപ്പിലെ നിരുപാധികമായ മറവിയുടെ നിരാസം. ഓര്‍മ്മകള്‍, അടര്‍ത്തിമാറ്റുന്തോറും ഇതളുകള്‍ സ്വയം തിരികെയുല്പാദിപ്പിക്കുന്ന വിചിത്രപുഷ്പമായി. കരിഞ്ഞുപോകുന്ന തൊലികള്‍ക്ക് നിമിഷവ്യത്യാസമന്യേ പകരം സൃഷ്ടിക്കപ്പെടുന്ന നരകത്തെ ഓര്‍ത്തുവെങ്കില്‍ ദുഃഖിക്കരുത്. ഉറക്കത്തിന്റെ പിരിയഡില്‍ ടൈംടേബിള്‍ തെറ്റിച്ച് കടന്നുവരികയും, പറഞ്ഞ് തീര്‍ന്നതെത്രയെന്ന ശങ്കയില്‍ ഉഴറി പാതിയില്‍ തിരികെ പകലിന്റെ സ്റ്റാഫ് റൂമില്‍ ഉറക്കത്തിലേക്ക് പോവുകയും ചെയ്യുന്നത്രമാത്രം ബലമുള്ളവയാ‍ണെന്നത്(സ്വപ്നം).
ജീവിതമെന്നതിനെ അരിച്ചരിച്ചെടുത്താല്‍ ബാക്കിയാവുന്നതെന്തെന്ന് തിരയുകയാണ് ‘അങ്ങനെ‘യില്‍. അതിലൂടെ മനുഷ്യന്‍ വീണ്ടും പരിപൂര്‍ണ്ണനഗ്നനാവുകയാണ്, ഈ വസ്ത്രാക്ഷേപം ക്ഷിപ്രസാദ്ധ്യമല്ലതന്നെ, അത്രയ്ക്കുണ്ട് ഒരോരോ അനുപേക്ഷണികതകള്‍ നമ്മളില്‍ തുന്നിച്ചേര്‍ക്കുന്ന പകിട്ടുവസ്ത്രങ്ങള്‍. അല്ലെങ്കിലും അര്‍ധനിര്യാണത്തിന്നും പകലിന്നുമിടയിലെ അനന്തമായ ദോലനം നമ്മോട് പിറുപിറുക്കുന്നത് നചികേതസിന്റെ ശ്രദ്ധയെപ്പറ്റിയാവും, ഒരോ യാത്രയിലും, - നീണ്ട പകലിന്റെ അറുതിയിലും - നമ്മില്‍ പതിച്ചവ അടിഞ്ഞടിഞ്ഞുകൂടി കനംവെച്ചതല്ല അവസാനത്തെ, ഇടവേളകളില്ലാത്ത നിശ്ചലതയെന്നതിന്ന് എന്താണുറപ്പ്? അതാണ് ഏറ്റവും വിശദമായ നിശ്ചലത.(പതിവ്)
ഒറ്റപ്പെട്ട (Secluded/Unalloyed) അനുഭവങ്ങളുടെയും, അതിലൂടെ മനുഷ്യാനുഭവങ്ങളുടെ തന്നെയും അശക്യത(Impossibility) ഒരു വെള്ളിടിപോലെയാണ് ‘വഴുക്ക്‘ വായിക്കുന്നവനില്‍ പതിക്കുക. ഒരുപക്ഷേ പരിസരങ്ങളില്‍നിന്നു വേര്‍പെടുത്തപ്പെട്ട പ്രപഞ്ചവുമായുള്ള മനുഷ്യന്റെ വിനിമയങ്ങള്‍ എന്നത് പരിപൂര്‍ണ്ണമായ മൗഢ്യമെന്നത് വൈകിയായാലും പഠിച്ചിരിക്കേണ്ട - നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട - തത്ത്വമാണ്. ഈ ബ്ലോഗില്‍ മുമ്പൊരിക്കല്‍ ഇതിനുസമാനമായ ഒന്നിനെപ്പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്. വിറ്റ്ഗെന്‍സ്റ്റെയിന്റെ ദാര്‍ശനീകാന്വേഷണങ്ങളെ (Philosophical Investigations) പരാ‍മര്‍ശിക്കുന്നതിന്നിടെ. വഴുക്കലെന്നത് വ്യഭിചാരമോ വ്യതിചലനമോ അല്ല, സംവൃത്തിയുടെ അനിവാര്യഘടകമാണെന്ന തിരിച്ചറിവിലാണ് 'വഴുക്ക് ഒരു വിനിമയമാണ്; പ്രപഞ്ചത്തെക്കുറിച്ച് വേഗത്തിന്റെ ചിഹ്നങ്ങളില്‍ ഭൂഗുരുത്വം തരുന്ന അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍’എന്ന ദര്‍ശനത്തിനു പോലും ചിരിയിലേക്ക് വഴുതി പല്ലുപോവുന്നത്. എല്ലാം, - ഉപാധികളും, ഉപേക്ഷകളുമില്ലാതെ എല്ലാം - ചില്ലിട്ടുവെക്കാനുള്ള വൃഥാവിലാവുന്ന നീക്കങ്ങളാവുന്നത്. പരിപൂര്‍ണ്ണമായും അമൂര്‍ത്തമെന്ന് (abstarct) തോന്നുന്ന ചിന്തയുടെ ഒരു നൂലുപോലും ഈ അനിവാര്യമായ നിയതത്വത്തില്‍നിന്ന് മോചിപ്പിക്കാവതല്ല. [Off: This is my personal favourite. ;)]
നിഘണ്ടുവില്‍ തന്നെ, തന്നെത്തിരഞ്ഞുവെന്നത് ഏറ്റുപറയുന്ന മനസ്സിന്റെ തെളിച്ചത്തിന്ന് കൈകൂപ്പുക, സ്വയം ഒരു തെളിഞ്ഞുപരന്ന കടലാസായി (Oh...aren't you tempted to recall that tabula rasa, those disturbing bunch of English Empiricists?) കിടന്നുകൊടുത്തിട്ടും വാക്കുകള്‍ വ്യഥകളില്‍ പ്രണയമായി മുട്ടിയിട്ടും വ്യഥയുണ്ട്. എല്ലാത്തിനെയും പ്രണയിച്ചിട്ടും (മൂന്ന് പ്രണയകവിതകള്‍)

നാഗരികവത്കരണം വ്യവസ്ഥാബദ്ധമാ‍യ ഷണ്ഡവത്കരണമാണെന്ന് മൃഗശാലയെന്ന കണ്ണാടിയില്‍ സ്വയം പിറുപിറുക്കാം. പരിണാമപഥത്തിലെ എണ്ണമറ്റവയോരോന്നിനെയും ഒരു ഭാവത്തിന്റെ പരകോടി ഘരീഭവിച്ചതെന്ന് വ്യാഖ്യാനിക്കാം. മറ്റൊരിടത്ത് റൊദേനിന്റെ ചിന്തകന്റെ തലയെന്തുകൊണ്ട് കുനിഞ്ഞിരിക്കുന്നു എന്നതിന്ന് വ്യക്തമായ ഉത്തരമുണ്ട് (ഭാരം). അതിന്ന് ഉപാധിയായിട്ടുള്ളത് എത്ര മനുഷ്യര്‍ ‘ആംബുലന്‍സ്’ എന്ന ഉപമ അര്‍ഹിക്കുന്നുണ്ട് എന്നതാണ്. തനിക്കുചെയ്യാവുന്നതും, ചെയ്യേണ്ടിയിരുന്നതും, കയ്യെത്തും ദൂരത്തുള്ളതും സ്പര്‍ശിക്കാതെപോകുന്ന കവിതയുടെ, കവിയുടെ, വായനക്കാരന്റെ ശോചനീയതയാണ്, മൂന്ന് കാണ്ഡങ്ങളിലായി ‘കഥാര്‍സിസ്സാവുന്നത്. ദൌത്യം(?) പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ കവിത ജീവിതത്തെ - ഒന്നും വിട്ടുപോകാതെ, ലോലസ്പന്ദനങ്ങളടക്കം - ആവാഹിക്കുകയും, കവി മൌനത്തെപ്പോലും കവിതയില്‍ ചാലിക്കുകയും, വായനക്കാരന്‍ മോചിപ്പിക്കപ്പെടുകയും ചെയ്തേനെ (Poets are the unacknowledged legislators of the world എന്ന് ഷെല്ലി). പക്ഷേ, വീണ്ടും, ഭേദിക്കാനാവാത്ത ചാക്രികതകളിള്‍ (Vicious Cirlcles - മറ്റൊരു ലെയിറ്റ്മോട്ടീഫ്) പരോളുപോലുമാഗ്രഹിക്കാത്ത, അല്ലെങ്കില്‍ അത് ജനിപ്പിക്കാനാവാത്ത...കാര്യം കാരണത്തെ തീക്ഷ്ണമാക്കുകയും, അതുവഴി കാര്യത്തിന്റെ ഉച്ചത കൂട്ടുകയും ചെയ്യുന്ന അവസ്ഥയെപ്പറ്റി ഓര്‍വെല്‍ എഴുതിയിട്ടുണ്ട്. ചിന്തകളുടെ ഈ ഒറോബറോസ് (Ouroboros) ഇവിടുത്തെ പ്രതിപാദ്യവിഷയങ്ങളെ ആപാദചൂഡം ബാധിക്കുന്നുവെന്ന മുന്നറിയിപ്പാണ്, ബ്ലോഗിന്റെ ടാഗ് ലൈനിലൂടെ കവി നമ്മോട് ഉണര്‍ത്തിക്കുന്നത്.

മനുഷ്യാവസ്ഥ എത്രത്തോളം ഹതാശയമെന്നതിന്ന് ‘സൂചന’ എത്ര വലിയ പ്രമാണമാണ്; തൊട്ടറിഞ്ഞ വ്യാകുലത വാക്കുകളെയും ഗ്രസിച്ചിട്ടുണ്ടാവും. അതാവും ഇത് ഇത്രത്തോളം തിഗ്മ(Austere)മാവുന്നത്. “അസാധ്യതകളുടെ വിരസവ്യംഗ്യം ജീവിതം“ എന്നതിലവസാനിക്കുന്ന ഈ വരികള്‍ കൈയെത്തിച്ചുതൊടുന്നത്, വസ്തുവിന്റെ സത്ത (Thing-in-itself)യെ ഗ്രഹിക്കുകയെന്നത് നേരിടുന്ന വെല്ലുവിളികളെയാണ്. പക്ഷേ, - ഈ പക്ഷേയാണ് പ്രധാനപ്പെട്ടത് - ഈ വിഷയം മനുഷ്യന്റെ പരികല്പനാചരിത്രത്തിന്റെ (History of Ideas) ശൈശവം മുതലുള്ള സനാതനപ്രശ്നം ആയതുകൊണ്ട് കവിതയ്ക്ക് മൌലികത നല്‍കുന്നത് എന്താണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അത് ഇതിലാണ്, ‘വിരസവ്യംഗ്യം’ എന്ന ഉച്ചസ്ഥായിയില്‍. ‘മൂന്നുപ്രണയകവിതകള്‍‘ ഇതിന്റെ മറുകുറിപ്പായും കാണാവുന്നതാണ്. സത്താശാസ്ത്രത്തിന്റെയും(Ontology) ആധിഭൌതികശാസ്ത്രത്തിന്റെയും ഊരാക്കുടുക്കുകളെ തികച്ചും വ്യത്യസ്തമായരീതിയില്‍ സമീപിക്കുന്ന ഒന്നായാണ് മനുഷ്യനിര്‍മ്മിതിയില്‍ ഭാഷയുടെ പ്രാമുഖ്യം, ഫ്രെജെയില്‍ തുടങ്ങി വളര്‍ന്നുവന്നത്. മനുഷ്യനും പ്രപഞ്ചവും ഉള്‍പ്പെടുന്ന എന്തിനെക്കുറിച്ചുമുള്ള ഏത് സിദ്ധാന്തത്തിന്നും ഈയൊരു അഞ്ചാം തലത്തെ അവഗണിക്കുക വയ്യ തന്നെ. വാക്കുകള്‍ മറ്റൊരു ലെയിറ്റ്മോട്ടീഫ് ആവുന്നതെന്തെന്ന് ഇവിടെ വെളിവാകുന്നു.

നമ്മള്‍ തിരികെ മുമ്പേ പറഞ്ഞ സംവേദനക്ഷമതയുടെ പുനര്‍നിര്‍മ്മാണത്തിലേക്ക് എത്തുന്നു. തൊലിപ്പുറത്തിന്റെ കെട്ടുകാഴ്ചകളില്‍ ഭ്രമിച്ച സംവേദനക്ഷമത, ഇത്തരത്തില്‍ കാഴ്ചയെ, ജ്ഞാനശാസ്ത്രത്തെത്തന്നെ(Epistemology) വെല്ലുവിളിക്കുന്ന ഒരു എഴുത്തിനെ എങ്ങനെയാണ് കൈകൊള്ളുക?

അവസാനിക്കുന്നു.‘തീരുന്നില്ല ഒന്നും എന്ന് പറയാനാവാത്തതിന്റെ സങ്കീര്‍ണ്ണ വ്യഥയിലാവാം പൂര്‍ണ്ണവിരാമചിഹ്നം ചുരുങ്ങിച്ചുരുങ്ങി ഇത്രയും ചെറുതായത്‘ എന്ന ഉറച്ചവിശ്വാസത്തോടെ. പൂര്‍ണ്ണവിരാമം. ആ ‘സങ്കീര്‍ണ്ണമായ വ്യഥ‘ ഒരു ഏറ്റുപറച്ചിലിലൂടെ കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്.

പിന്‍വാക്ക്

1. ഈ വായനാക്കുറിപ്പ് പരിപൂര്‍ണ്ണമായും വ്യക്തിബദ്ധമായ (Absolutely Idiosyncratic) ഒന്നാണ്. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ സാധ്യതയുടെ ചക്രവാളങ്ങളെ എഴുതുന്നയാളുടെ ബൌദ്ധികമായ വൈകല്യങ്ങള്‍ ഹനിക്കുന്ന സാഹചര്യങ്ങള്‍ തള്ളിക്കളയാനാവില്ല.
2. എന്റെ വായന വളരെ വേഗത്തില്‍ നടന്ന ഒന്നാണ്. അത് എന്തിനെക്കുറിച്ചെഴുതുന്നുവോ അതര്‍ഹിക്കുന്ന സമയം ലഭ്യമാവാതിരിക്കാന്‍ ഇടവരുത്തിയിട്ടുണ്ടാവാം. Forewarned, forearmed.
3. എല്ലാ വായനാക്കുറിപ്പുകളും കലാസൃഷ്ടിയുടെമേലുള്ള കയ്യേറ്റമാണ്. അടിച്ചേല്‍പ്പിക്കല്‍ ( ‘Read into‘ എന്നത് എനിക്ക് അസഹനീയമായ ഒന്നാണ്.) സംഭവിച്ചിരിക്കാവുന്നതാണ്. കവി ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4. ബുക്ക്-റിപ്പബ്ലിക്ക് ഒരുപാട് വളരുകയും ഒരു ദാര്‍ശനികസംജ്ഞാകോശം(Philosophical Glossary) നിര്‍മ്മിക്കാനുള്ള പദ്ധതി ഏറ്റെടുക്കുകയും ചെയ്യുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു. ഓരോ വാക്കുകള്‍ക്കും അതിന്റെ ആംഗലേയം ആവരണചിഹ്നത്തിനുള്ളില്‍ നല്‍കേണ്ടിവരുന്ന ഗതികേടിന്ന് അറുതി.
5. കവിയുടെ oeuvre-ല്‍ വളരെപ്രാധാനപ്പെട്ടതെന്ന് എനിക്ക് തോന്നുന്ന, പക്ഷേ നിര്‍ഭാഗ്യവശാല്‍, എനിക്കു മനസ്സിലാക്കാനാവാത്ത ചില കവിതകളുണ്ട്. അതിനെക്കുറിച്ച് പറയാനാവാത്തിടത്തോളം ഒന്നും പൂര്‍ണ്ണമാവില്ല.

ബുക്ക് റിപ്പബ്ലിക്ക്

“What's genuine, shall Posterity inherit“

ലാപുടയുടെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം ‘ബുക്ക് റിപ്പബ്ലിക്ക്’ പ്രസിദ്ധീകരിക്കുന്നു. ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍‘ എന്ന പേരില്‍. പ്രകാശനം
ജനുവരി പത്താം തീയതി ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍. വിശദവിവരങ്ങള്‍ക്കും മുന്‍കൂട്ടി കോപ്പികള്‍ ബുക്ക് ചെയ്യാനും ഇവിടം സന്ദര്‍ശിക്കുക.

കവിതകളുടെ മറ്റ് ആസ്വാദനക്കുറിപ്പുകള്‍

കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത് എഴുതിയ ലേഖനം

ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍ എഴുതിയ ലേഖനം

വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍ നടത്തിയ ആസ്വാദനം

വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്

പ്രസക്തമായ മറ്റ് വെബ്-പഥങ്ങള്‍ (ഇനിയും കൂടാനിടയുള്ള വിഭാഗം)

ബുക്ക് റിപ്പബ്ലിക് - ഒരു സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭം : നാട്ടുപച്ചയില്‍ ദേവദാസ്

ബുക്ക് റിപ്പബ്ലിക്ക് ബ്ലോഗ്



Tuesday, December 9, 2008

എന്നോടാ കളി!

ബോംബേ - തീവ്രവാദം - താജ് ഹോട്ടല്‍ - കപ്പല്‍ - കടല്‍ - പാക്കിസ്താന്‍ - ലഷ്കര്‍-ഇ-തൊയ്ബ - ബന്ദികള്‍ - കര്‍മ്മം. മണ്ണാങ്കട്ട. കെടക്കേടെ അറ്റത്തേക്ക് കയ്യെത്തിച്ച് പുസ്തകമെടുത്ത് തുറക്കുന്നു:

ഉദാസീനവദാസീനോ
ഗുണൈര്‍ യോ ന വിചാല്യതേ
ഗുണാവര്‍ത്തന്ത ഇത്യേവ
യോവതിഷ്ഠതി നേങ്ഗതേ.

സമദുഃഖസുഖഃ സ്വസ്ഥഃ
സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയപ്രിയോ ധീരഃ
തുല്യനിന്ദാത്മ സംസ്തുതിഃ

മാനാപമാനയോസ്തുല്യ-
സ്തുല്യോമിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ
ഗുണാതീതഃ സ ഉച്യതേ.

---------------------------------------------

Monday, November 10, 2008

ഞാന്‍ മനസ്സില്‍ പൂര്‍ണ്ണനല്ല

മഹത്തായ കലയുടെ അനന്യമായ ഭാവങ്ങളിലൊന്ന്, അത് നമുക്ക് പിടിതരാതെ ഒഴിഞ്ഞൊഴിഞ്ഞ് പോകുമെന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശാസ്ത്രജ്ഞന്മാര്‍ അടക്കം ചെയ്ത ഈതററിയില്ലേ? അത് കൈപ്പിടിയില്‍ ഒതുക്കുന്നതിന്ന് സമമായ ഒരു അനുഭവമാണ് അവ്യാജമായ കല നമുക്കു നല്‍കുക. ഈ വിഷയത്തെ മറ്റൊരു വിധത്തില്‍ സമീപിക്കുകയാണെങ്കില്‍, ഇത്തരമൊരു സഹചര്യം അനിവാര്യമാവുകയെന്നത് ഒരു കലാസൃഷ്ടിയുടെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമാണെന്ന് ബോദ്ധ്യമാവും. ഒരോ കലാസൃഷ്ടിയും അത് അഭിവ്യഞ്ജിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ, അനുഭവലോകങ്ങളുടെ, അവസ്ഥാവിശേഷങ്ങളുടെ അതുവരെ നിലനിന്നിരുന്ന, മറികടക്കാനാവാത്തതെന്ന് തോന്നിപ്പിച്ചിരുന്ന മൌനത്തിന്നെതിരെയുള്ള ശൈശവത്തിന്റെ നിഷ്കളങ്കത നിറഞ്ഞ കൊഞ്ഞനം കുത്തലുകളാണ്, വെല്ലുവിളിയുടെ പരിഹാസം നിറഞ്ഞ പൊട്ടിച്ചിരിയാണ്. അതുകൊണ്ടുതന്നെ കലാസൃഷ്ടി അതിന്റേതായ ഭാഷയും, നിറങ്ങളും, ശബ്ദവും, വെളിച്ചവും സൃഷ്ടിക്കുന്നുണ്ട്. അസ്വാദകനെനോക്കി കലാകാരന്‍ ഒരോ നിമിഷവും പിറുപിറുക്കുന്നുണ്ട്, ഇത് ഇങ്ങനെയല്ലാതെ ഗ്രസിക്കുക സാദ്ധ്യമല്ല. മുന്നില്‍ വരുന്നതിനെയെല്ലാം ചിന്തയുടെ ചട്ടയിലൊതുക്കാനുള്ള ആസ്വാദകന്റെ ശ്രമം വിജയം കാണാതിരിക്കുന്നതിന്ന് മൂലഹേതു ആസ്വാദകന്റെ അപക്വമായ പ്രപഞ്ചവീക്ഷണമാണ്. അങ്ങനെ വരുമ്പോള്‍ കല നമ്മളറിയാതെ നമ്മില്‍ രൂഢമൂലമായ പരികല്പനകളെ പൊളിച്ചെഴുതുവാനുള്ള വിജ്ഞാപനപത്രമായിമാറുന്നു. വികലമായ വീക്ഷണങ്ങളുടെ മകുടോദാഹരണങ്ങളിലൊന്ന് എന്തിന്നും കാരണം ഉണ്ട് എന്ന മനുഷ്യന്റെ അപഹാസ്യമായ ബോധമാണ്,കാര്യകാരണമെന്നത് ലോകത്തെസമീപിക്കുന്നതിന്ന് മനുഷ്യന്‍ കണ്ടെത്തിയ ഒരു ഉപാധി മാത്രമാണെന്നും, ആധിഭൌതികമായ അടിത്തറയില്ലാത്തതാണെന്നും നമ്മള്‍ പലപ്പോഴും സ്വകര്യപൂര്‍വ്വം മറക്കുകയും, എല്ലാ സാഹചര്യങ്ങള്‍ക്കും അത് അവശ്യമാണെന്ന പിടിവാശി കൈക്കൊള്ളുകയും ചെയ്യുന്നു. അവബോധങ്ങളുടെ അപനിര്‍മ്മിതിയെന്നത് അതുകൊണ്ടുതന്നെ കലയുടെ സാക്ഷാല്‍ക്കാരത്തിന്ന് അത്യന്താപേക്ഷിതമായിത്തീരുന്നു. ‘പലഭാവികള്‍ക്ക്’ എന്ന ബോര്‍ഹേസിയന്‍ തിരിച്ചറിവ് ഇത്തരത്തില്‍ നമ്മില്‍ നിപതിക്കുന്ന ഒന്നാണ്. ‘ആരോഗ്യനികേതനം’ വായിച്ചുതീര്‍ന്ന ഒരു മനുഷ്യന്റെ അവസ്ഥയെന്നത് സ്വന്തം കിടപ്പുമുറിയില്‍ കിടന്നുറങ്ങി, മറ്റൊരു പ്രപഞ്ചത്തില്‍ ഉണര്‍ന്നെഴുന്നേറ്റവന്റേതാവുന്നത് ഇതിന്റെ വ്യക്തമായ ഉദാഹരണമായിക്കാണാവുന്നതാണ്. ഒരോപ്രപഞ്ചവും ഒരോ ഗണം നിയമങ്ങളും, അതില്‍നിന്നുളവാകുന്ന നിയാമകതകളും, അത് മനുഷ്യനില്‍ നിര്‍മ്മിക്കുന്ന പ്രതികരണങ്ങളുടെ ഒരു പട്ടികയും ചേര്‍ന്നതാണ്. കല നമ്മളില്‍ സൃഷ്ടിക്കുന്ന ‘മധുരമായ ആശങ്ക’, വളരെ ക്ഷണഭംഗുരമെങ്കിലും സൂക്ഷ്മമായ അവലോകനത്തില്‍ മുമ്പ് പറഞ്ഞ ഗ്രസിക്കാനുള്ള ദുഷ്കരതയിലേക്ക് വെളിച്ചം വീശുന്നതാണ്. ഒരു മഹത്തായ ആശയത്തെ സാധാരണമായ ആശയത്തില്‍നിന്ന് വ്യത്യസ്തമാക്കുന്നതിന്നെക്കുറിച്ചെഴുതുന്ന മ്യൂസില്‍ ഇങ്ങനെ പറയുന്നു:
"...മഹത്തായ ആശയമെന്നത് ദ്രവമായ അവസ്ഥയില്‍ നിലനില്‍ക്കുകയും, അതിലൂടെ ആത്മാവ് അനന്തമായ ഒരുതലത്തിലേക്ക് പ്രവേശിക്കുകയും, അതേസമയം, പ്രപഞ്ചത്തിന്റെ പരപ്പ് ആത്മാവിലേക്ക് തിരിച്ച് പ്രവേശിക്കുകയും, ആയതിനാല്‍ എത്
അനന്തതയെ പ്രതിനിധാനം ചെയ്യുന്നുവെന്നും, ഏത് ആത്മാവിന്നെ പ്രതിനിധാനം ചെയ്യുന്നുവെന്നും തിരിച്ചറിയാനാവത്ത ഒരു സാഹചര്യം സംജാതമാവുകയും ചെയ്യുന്നു."

(റില്‍ക്കെയ്ക്ക് പിക്കാസ്സോയുടെ ‘La Famille des Saltimbanques‘ന്റെ സാമീപ്യത്തിന്നായി ഫ്രൌ കൊയെനിഗിന്ന്, അവരുടെ വീട്ടില്‍ താമസിക്കാന്‍ അനുവാദം തേടിക്കൊണ്ട് കത്തെഴുതാനും, ആ ചിത്രത്തിനൊപ്പം നാലുമാസം താമസിക്കാനും പ്രേരണയായ മനോഭാവത്തെ പിന്തുടരേണ്ടതുണ്ട്. കപ്പൂസിന്നെഴുതിയ കത്തിലെ ‘കലയ്ക്ക് അതിന്റെ സ്വന്തമായ ജീവിതമുണ്ട്’ എന്ന അദ്ദേഹത്തിന്റെ വാചകത്തെക്കടന്നുപോവുകയാ‍ണ്, നമ്മളിവിടെ.)

എന്താണീ അവസാനിക്കാത്തതെന്ന് തോന്നിപ്പിക്കുന്ന ബൌദ്ധികാതിസാരത്തിന്ന് ഹേതുവെന്ന് അല്ലേ? ഹോണ്ടുരാസുകരനായ ഹൊറേഷ്യോ കാസ്റ്റെല്ലാനോസ് മൊയയുടെ ന്യൂ ഡയറക്ഷന്‍സ് പ്രസിദ്ധപ്പെടുത്തിയ ‘സെന്‍സ് ലെസ്സ്നെസ്സ്‘ എന്ന പുസ്തകമാണ് ഈ പുരാണത്തിന്റെ വൃത്താന്തം. (കാമുകന്‍ കാമുകിയെപ്പറ്റി വിവരിക്കുന്നത് പോലെ, തുടക്കത്തിലേ വിധിനിര്‍ണ്ണയിക്കപ്പെട്ടതാണ് ഈ അപദാനത്തിന്റെ ഭാവി: വാക്കുകളില്‍ ഒതുങ്ങുകയില്ലെന്നല്ല, അവള്‍ വാക്കുകള്‍ക്ക് അപ്രാപ്യമാണെന്ന് ആദ്യനിമിഷത്തില്‍ത്തന്നെ ഒരു വിധികല്‍പ്പിക്കപ്പെടുന്നുണ്ട്. പ്രേമത്തിന്റെ ഭാഷയ്ക്ക് ഈ മുന്‍-നിര്‍ണ്ണയത്തില്‍നിന്ന് മോചനമില്ല.) ഈ ഇന്റര്‍നെറ്റ് മുഴുവന്‍ തപ്പിനടന്നാല്‍ നിങ്ങള്‍ കാണുന്നത് ആ പുസ്തകത്തിന്നെ തൊടാനുള്ള പരിശ്രമമാണ്, കാമുകന്‍ കാമുകിയെ ഗ്രസിക്കാന്‍ ശ്രമിക്കുന്നത് കണക്കെ. മോയ ചിരിക്കുന്നുണ്ടാവണം! ഹേയ് ഇതിങ്ങിനെയല്ലാതെ-ഞാന്‍ ചെയ്തതുപോലെയല്ലാതെ-ഗ്രഹിക്കുക വയ്യ!
'ഞാന്‍ മാ‍നസികമായി പൂര്‍ണ്ണമല്ല' എന്ന റിപ്പോര്‍ട്ടിലെ വാചകത്തില്‍ നിന്നും, ഈ രാജ്യത്തെ മുഴുവന്‍ മനുഷ്യരുമാണ് മാനസികമായി പൂര്‍ണ്ണരല്ലാതിരുന്നത് എന്നതിലൂടെ, എഡിറ്റിങ്ങ് ചെയ്യുന്ന കഥാപാത്രം താനും മാനസികമായി പൂര്‍ണ്ണനല്ല എന്നതില്‍ നിര്‍ത്തുന്നു. പക്ഷെ അവസാ‍നിക്കുന്നില്ല, അവിടെ. വായനക്കാരന്‍ അപ്പോഴേക്കും, മാനസികമായി പൂര്‍ണ്ണനല്ലാതായിത്തീര്‍ന്നിട്ടുണ്ട്. അല്ലെങ്കില്‍ നമ്മള്‍ മാനസികമായി പൂര്‍ണ്ണരായിരുന്നോ, എപ്പോഴെങ്കിലും? വായനക്കിടയില്‍ എപ്പോഴാണ് ഞാനും നിങ്ങളും, പേരറിയാത്ത, നറേറ്ററായി മാറിയത്? എപ്പോഴാണ് സ്ഥലകാലങ്ങളിലെ വ്യതിയാനങ്ങള്‍ നിങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്? ഞാന്‍ മാനസികമായി പൂര്‍ണ്ണനല്ല.
ഞാന്‍ മാനസികമായി പൂര്‍ണ്ണനല്ല.ഇനിയും മറ്റൊരു വിധത്തില്‍ മോയ വായനക്കാരനോട് ചോദിക്കുന്നു. ഹോട്ടല്‍ റുവാണ്ട കണ്ട് നിങ്ങളെന്താണ് ചെയ്തത്? സത്യം, നിങ്ങള്‍ മാനസികമായി പൂര്‍ണ്ണനല്ല. നമ്മളെപ്പോഴാണ് നിശ്ശബ്ദമായ പരിപൂര്‍ണ്ണദഹനം (Silent Holocaust) കാണുന്നത്? പോട്ടെ, നമ്മളെപ്പോഴാണ്, എന്തെങ്കിലും കാണുന്നത്?
ഇത് മക്കോണ്ടോയല്ല, ഗോട്ടിമാലയാണ്, ഇവിടെയെങ്ങും പുഷ്പവര്‍ഷത്തില്‍ തെരുവുനിറയുകയും, അതു നീക്കം ചെയ്യാനാരും പാടുപെടുകയും ചെയ്യുന്നില്ല. ഇനി തിരിച്ചിറക്കത്തിന്റെ പര്‍വ്വമാണ്, കാഴ്ചയുടെ, ബോധത്തിന്റെ സമതലങ്ങളിലേക്ക് തിരിച്ചിറങ്ങുന്നതിന്റെ പര്‍വ്വം. അസ്തിമജ്ജയെഘരീഭവിപ്പിക്കുന്ന വിവരണങ്ങള്‍ നിറഞ്ഞ, ആയിരത്തിഒരുന്നൂറ് പുറമുള്ള ഒരു നരഹത്യാറിപ്പോര്‍ട്ട് എഡിറ്റ് ചെയ്യാ‍നിറങ്ങിയ നറേറ്ററുടെ കയ്യില്‍ ഇരകളുടെ അനുഭവങ്ങള്‍ കാവ്യാംശം തേടാനുള്ള വാചകങ്ങളായി മാറുന്നുവെങ്കില്‍, അല്‍ഭുതപ്പെടരുത്. തിരക്കിനിടയില്‍ കിട്ടുന്ന ഒരോ അവസരവും താന്‍ കണ്ടുമുട്ടുന്ന സ്ത്രീകളെ കിടക്കയിലേക്കെത്തിക്കുന്നതിനേക്കുറിച്ചുള്ള കല്പനകളില്‍ വിനിയോഗിക്കപ്പെടുന്നുവെങ്കില്‍ മൂക്കില്‍ വിരല്‍ വെയ്ക്കേണ്ടതില്ല. തനിക്ക് പണിയാനാവും (Screw) എന്ന് ഉറപ്പിച്ച ഒരു പെണ്ണുമായുണ്ടാവുന്ന സംഗമത്തിന്റെ വിവരണം, അവള്‍ തുടക്കത്തിലേ താങ്കള്‍ക്ക് ഞാന്‍ വായിലെടുത്തുതരണോ, അതോ കൈകൊണ്ടു ചെയ്താല്‍ മതിയോ എന്ന് ചോദിക്കുന്നതിലൂടെ തീര്‍ക്കപ്പെടുന്ന കോമിക്ക് അവസ്ഥ കണ്ടും കണ്ണുതള്ളേണ്ടതില്ല. സത്യം വദിഷ്യാമി.

ഇനി മറ്റൊരു വിധത്തില്‍ അലോചിക്കുക. നിങ്ങള്‍ ഗോട്ടിമാല:നുങ്കാ മാസ് വായിക്കുന്നു, ഒരു ഒഴുവുദിനപ്രാഭാതത്തിന്റെ താഴ്വരയിലിരുന്ന്. ഇടയ്ക്കെവിടെയോവെച്ച് നിങ്ങളുടെ രക്തം കട്ടപിടിച്ചേക്കാം. ഒരു നിമിഷാര്‍ദ്ധത്തേക്ക്. പിന്നീടോ? ഉച്ചഭക്ഷണം. ഉച്ചയുറക്കം. വീട്ടുസാധനങ്ങള്‍ വാങ്ങല്‍.
ഞാന്‍ മാനസികമായി പരിപൂര്‍ണ്ണനല്ല. ആരും ഡോ.റ്യൂക്സായി മാറിയുമില്ല.
ഓടിയോടി യൂറോപ്പിലെത്തിയ പ്രധാനകഥാപാത്രം നിങ്ങളോട് പറയും: നമുക്കൊക്കെ അറിയാം അരാണ് കൊലപാതകിയെന്ന്....

Friday, October 24, 2008

അഖിലലോകവിഷാദവാരാഘോഷം....


പ്രമാണിച്ച്‌ എന്റെ ജീവിതം തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല.
------------------------------------------------------------------

വിഷാദത്തെ തിരിച്ചുപിടിക്കുകയെന്ന മഹത്തായതും അതേസമയം ദുഷ്കരവുമായ ലക്ഷ്യമാണ് നമ്മള്‍ ഏറ്റെടുത്ത്‌ നടത്തേണ്ടത്‌. ഉത്തരമുള്ള ചോദ്യങ്ങളും സാമൂഹികപ്രശ്നങ്ങളും ഈ വിഷയ്ത്തില്‍നിന്ന് നമ്മുടെ ശ്രദ്ധതിരിക്കാന്‍ ഇടയുണ്ട്‌. ഇവിടെ പ്രദിപാദിക്കുന്ന വിഷയം അടിസ്ഥാനപരമായി വിടവുകളെക്കുറിച്ചാണ്. പരിണാമത്തിന്റെ പടവുകള്‍ പരിപൂണ്ണമായും തുടര്‍ച്ചയുള്ളവയല്ല. ആ വിടവുകളെ പിടികൂടുകയും ആത്മാവിനെ ശൂന്യതകൊണ്ട്‌ നിറയ്ക്കുകയും ചെയ്യുക എന്നതിനെ ലക്ഷ്യമാക്കിയുള്ളതാണു ഈ പദ്ധതി. ഷോപ്പിങ്ങ്മാളുകള്‍കൊണ്ടും പൗലോ കൊയിലോയെക്കൊണ്ടും ഈ വിടവുനിറയ്ക്കാമെന്ന് ചിലപ്പോഴെങ്കിലും നമ്മള്‍ വ്യാമോഹിക്കുകയും ധരിച്ച്‌ വശപ്പെടുകയും ചെയ്തേക്കാം. അല്ലെങ്കില്‍ നിര്‍മ്മിക്കാന്‍ പോകുന്ന അണക്കെട്ടുകള്‍ ഭവനരഹിതരാക്കാനിടയുള്ളവര്‍ക്കുവേണ്ടി സമരം ചെയ്താല്‍ ഈ ഒഴിവ്‌ നികത്താനാവുമെന്ന് തെറ്റുദ്ധരിച്ചേക്കാം. അതു കാര്യമാകേണ്ടതില്ല. മൂഢത്തമെന്നത്‌ മനുഷ്യന്റെ ജന്മാവകാശമാണ്. ഒരിക്കലെങ്കിലും, തൊടിയിലെ കുലവെട്ടിക്കഴിഞ്ഞ വാഴ, ഭമിയില്‍ വീണ് ജീര്‍ണ്ണിച്ചലിഞ്ഞില്ലാതാവുന്നത് നോക്കി നിങ്ങള്‍ അസൂയപൂണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ പറയുന്നത്‌ മനസ്സിലാക്കാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ കാലങ്ങളായി അടുത്തടുത്ത്നില്‍ക്കുന്ന രണ്ട്‌ കെട്ടിടങ്ങള്‍ എന്തുകൊണ്ട്‌ പരസ്പരം ആശ്ലേഷിക്കുകയും, ഒരു ചുംബനത്തില്‍ നഷ്ടപ്പെടുകയും ചെയ്യുന്നില്ല എന്ന് അല്‍ഭുതം കൊണ്ടിട്ടുണ്ടെങ്കില്‍ ഇത്‌ മനസ്സിലാവാതിരിക്കില്ല. വിടവുകളുടെ ആകെത്തുകയാണു അസ്തിത്വം എന്നത് അപ്പോള്‍ നിങ്ങളിലേക്ക് കാലംതെറ്റിയ ഒരു മഴയായി ചിനച്ചുപെയ്യും. അതുകൊണ്ടുതന്നെ ഈ ജല്‍പ്പനം ആദ്യം അനുഭവപ്പെട്ടത്രയും ഭ്രാന്തമല്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാവണം. മറ്റൊരു പ്രധാനകാര്യം പ്രപഞ്ചം എന്റെയും നിങ്ങളുടെയും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന കല്ലുസ്ലേറ്റല്ല എന്നതാണ്. എഴുതിയത്‌ കാലമോ സാഹചര്യങ്ങളുടെ ഇഴപിരിക്കാനാവാത്ത സങ്കലനമോ എന്തായാലും വഴിയോരത്തുനിന്ന് പറിച്ചെടുത്ത 'വെള്ളം കുടിയന്‍' കൊണ്ട്‌ ഈ സ്ലേറ്റ്‌ മായ്ക്കാനാവില്ല. ഞാനും ജാലകത്തിലൂടെ പുറത്തേക്കുനോക്കിനില്‍ക്കുമ്പോള്‍ മാത്രം തെളിയുന്ന സ്നിഗ്ദമായ നിമിഷത്തില്‍ അങ്ങനെയൊരു സാദ്ധ്യതയെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ട്‌. ആലോചിക്കുന്നതില്‍ കുഴപ്പമില്ല. പ്രഭാതത്തില്‍ ഒരോ മഞ്ഞുകണവും തന്റെ ചുറ്റുപാടിനെനോക്കി പിറുപിറുക്കുന്നതുകേട്ടിട്ടില്ലേ: ഇത്രയേ ഉള്ളൂ നീ. കണ്ടുവോ നീ എന്നില്‍ ഒടുങ്ങിയത്‌ എന്ന്? അത്രയ്ക്കൊന്നും നമ്മള്‍ അലോചിച്ചില്ലല്ലോ. ഓ നമ്മള്‍ വിഷയത്തില്‍നിന്ന് ഒരുപാടകന്നിരിക്കുന്നു. ഇത്രയെക്കൊത്തന്നെയേ ഉള്ളൂ.