Friday, October 24, 2008

അഖിലലോകവിഷാദവാരാഘോഷം....


പ്രമാണിച്ച്‌ എന്റെ ജീവിതം തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല.
------------------------------------------------------------------

വിഷാദത്തെ തിരിച്ചുപിടിക്കുകയെന്ന മഹത്തായതും അതേസമയം ദുഷ്കരവുമായ ലക്ഷ്യമാണ് നമ്മള്‍ ഏറ്റെടുത്ത്‌ നടത്തേണ്ടത്‌. ഉത്തരമുള്ള ചോദ്യങ്ങളും സാമൂഹികപ്രശ്നങ്ങളും ഈ വിഷയ്ത്തില്‍നിന്ന് നമ്മുടെ ശ്രദ്ധതിരിക്കാന്‍ ഇടയുണ്ട്‌. ഇവിടെ പ്രദിപാദിക്കുന്ന വിഷയം അടിസ്ഥാനപരമായി വിടവുകളെക്കുറിച്ചാണ്. പരിണാമത്തിന്റെ പടവുകള്‍ പരിപൂണ്ണമായും തുടര്‍ച്ചയുള്ളവയല്ല. ആ വിടവുകളെ പിടികൂടുകയും ആത്മാവിനെ ശൂന്യതകൊണ്ട്‌ നിറയ്ക്കുകയും ചെയ്യുക എന്നതിനെ ലക്ഷ്യമാക്കിയുള്ളതാണു ഈ പദ്ധതി. ഷോപ്പിങ്ങ്മാളുകള്‍കൊണ്ടും പൗലോ കൊയിലോയെക്കൊണ്ടും ഈ വിടവുനിറയ്ക്കാമെന്ന് ചിലപ്പോഴെങ്കിലും നമ്മള്‍ വ്യാമോഹിക്കുകയും ധരിച്ച്‌ വശപ്പെടുകയും ചെയ്തേക്കാം. അല്ലെങ്കില്‍ നിര്‍മ്മിക്കാന്‍ പോകുന്ന അണക്കെട്ടുകള്‍ ഭവനരഹിതരാക്കാനിടയുള്ളവര്‍ക്കുവേണ്ടി സമരം ചെയ്താല്‍ ഈ ഒഴിവ്‌ നികത്താനാവുമെന്ന് തെറ്റുദ്ധരിച്ചേക്കാം. അതു കാര്യമാകേണ്ടതില്ല. മൂഢത്തമെന്നത്‌ മനുഷ്യന്റെ ജന്മാവകാശമാണ്. ഒരിക്കലെങ്കിലും, തൊടിയിലെ കുലവെട്ടിക്കഴിഞ്ഞ വാഴ, ഭമിയില്‍ വീണ് ജീര്‍ണ്ണിച്ചലിഞ്ഞില്ലാതാവുന്നത് നോക്കി നിങ്ങള്‍ അസൂയപൂണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ പറയുന്നത്‌ മനസ്സിലാക്കാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ കാലങ്ങളായി അടുത്തടുത്ത്നില്‍ക്കുന്ന രണ്ട്‌ കെട്ടിടങ്ങള്‍ എന്തുകൊണ്ട്‌ പരസ്പരം ആശ്ലേഷിക്കുകയും, ഒരു ചുംബനത്തില്‍ നഷ്ടപ്പെടുകയും ചെയ്യുന്നില്ല എന്ന് അല്‍ഭുതം കൊണ്ടിട്ടുണ്ടെങ്കില്‍ ഇത്‌ മനസ്സിലാവാതിരിക്കില്ല. വിടവുകളുടെ ആകെത്തുകയാണു അസ്തിത്വം എന്നത് അപ്പോള്‍ നിങ്ങളിലേക്ക് കാലംതെറ്റിയ ഒരു മഴയായി ചിനച്ചുപെയ്യും. അതുകൊണ്ടുതന്നെ ഈ ജല്‍പ്പനം ആദ്യം അനുഭവപ്പെട്ടത്രയും ഭ്രാന്തമല്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാവണം. മറ്റൊരു പ്രധാനകാര്യം പ്രപഞ്ചം എന്റെയും നിങ്ങളുടെയും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന കല്ലുസ്ലേറ്റല്ല എന്നതാണ്. എഴുതിയത്‌ കാലമോ സാഹചര്യങ്ങളുടെ ഇഴപിരിക്കാനാവാത്ത സങ്കലനമോ എന്തായാലും വഴിയോരത്തുനിന്ന് പറിച്ചെടുത്ത 'വെള്ളം കുടിയന്‍' കൊണ്ട്‌ ഈ സ്ലേറ്റ്‌ മായ്ക്കാനാവില്ല. ഞാനും ജാലകത്തിലൂടെ പുറത്തേക്കുനോക്കിനില്‍ക്കുമ്പോള്‍ മാത്രം തെളിയുന്ന സ്നിഗ്ദമായ നിമിഷത്തില്‍ അങ്ങനെയൊരു സാദ്ധ്യതയെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ട്‌. ആലോചിക്കുന്നതില്‍ കുഴപ്പമില്ല. പ്രഭാതത്തില്‍ ഒരോ മഞ്ഞുകണവും തന്റെ ചുറ്റുപാടിനെനോക്കി പിറുപിറുക്കുന്നതുകേട്ടിട്ടില്ലേ: ഇത്രയേ ഉള്ളൂ നീ. കണ്ടുവോ നീ എന്നില്‍ ഒടുങ്ങിയത്‌ എന്ന്? അത്രയ്ക്കൊന്നും നമ്മള്‍ അലോചിച്ചില്ലല്ലോ. ഓ നമ്മള്‍ വിഷയത്തില്‍നിന്ന് ഒരുപാടകന്നിരിക്കുന്നു. ഇത്രയെക്കൊത്തന്നെയേ ഉള്ളൂ.

Saturday, October 11, 2008

പിഴവുകള്‍

ഇത്തിരിമുമ്പെവീശിയകാറ്റില്‍ ഉലയേണ്ടിവന്നതിനെക്കുറിച്ച്
എന്റെ ജാലകത്തിലൂടെ കാണുന്ന ഒറ്റപ്പെട്ടമരം എത്ര കവിതയെഴുതിയെന്നറിയില്ല,
സമയംതെറ്റിയ കാലവര്‍ഷത്തെചൊല്ലി
ചെടികള്‍ ഏതു ഭാഷയിലാവും നോവലെഴുതുകയെന്നും.

പ്രയോഗങ്ങളുടെ ഭൂതക്കണ്ണാടിക്കടിയില്‍ പര്‍വ്വതരൂപം പ്രാപിച്ച അനുഭവങ്ങളില്‍‍,
കവിതകയറിവീര്‍ത്ത മനസ്സില്‍,
തിരിച്ചറിവിന്റെ സൂചിമുനവീഴുന്ന സായംസന്ധ്യ.

Sunday, September 7, 2008

(ആ)ശങ്ക, കവിതയിലെ കാട് തുടങ്ങിയവ ചേരുന്ന ഒരു ഒഴിവുദിനപ്രഭാതം

മലവെള്ളത്തില്‍ നിറം മാറിയ പുഴയുടെ കരയില്‍ നിന്ന് ചാടണോ വേണ്ടയോ എന്ന ഒരുനിമിഷത്തെ ശങ്കയ്ക്കൊടുവില്‍ ചാടുകതന്നെചെയ്യുമെന്ന് അറിയാമെങ്കിലും ആ ശങ്കയ്ക്കുപകരം വെക്കാന്‍ മറ്റൊന്നുമില്ലെന്ന തിരിച്ചറിയാത്ത അറിവ് മലവെള്ളമായി ഒഴുകി മനസ്സിന്റെ നിറം മാറ്റുന്ന കാലങ്ങള്‍ക്കിപ്പുറമുള്ള മറ്റൊരുനിമിഷത്തില്‍ ഞാന്‍ ഷിംബോര്‍സ്കയുടെ കവിതയിലേക്ക് കുടിയേറിപ്പാര്‍ത്താലോ എന്ന് ശങ്കിക്കുന്നതും;

ചാടിക്കഴിയുകയും എന്നാല്‍ പുഴയുടെ നിസ്സംഗമായ പ്രതലത്തിലെത്തുകയും ചെയ്യുന്നതിനിടയിലെ ഒരു നിമിഷാര്‍ദ്ധം ശതകോടി യുഗങ്ങളായി മാറിയെന്ന അറിവ് മനസ്സില്‍ പതിയും മുന്‍പേ പുഴയില്‍ നെഞ്ചിടിച്ച് നിപതിക്കുന്നത് തിരിച്ചറിവുകളെ മായ്ച്ചുകളയാനുള്ള പ്രപഞ്ചത്തിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാവണമെന്നത് മറ്റൊരുമലവെള്ളപ്പാച്ചിലായി മനസ്സില്‍ പതിക്കുന്നതും;

പുഴയൊഴുകുന്നത് മുറിച്ചുനീന്തുന്നവനുമുമ്പില്‍ പരാജയപ്പെടാതിരിക്കാനുള്ള മറ്റൊരു തന്ത്രത്തിന്റെ വിദഗ്ധമായ സ്ഫുരണമാണെന്ന് ഒരു ചിന്ത നിറയുന്നതും മുമ്പ് നീയെന്നെ തോല്പിച്ചെങ്കിലും ഇന്ന് മലവെള്ളമാണ് നിനക്കെന്നെ തൊടാനാവില്ലെന്ന് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാമെന്നും എല്ലാമെല്ലാം പ്രപഞ്ചത്തില്‍ കള്ളനും പോലീസും കളിക്കുകയാണെന്നും;

ഞാന്‍ മുങ്ങാംകുഴിയിട്ടുവന്ന് അടിത്തട്ടിലേക്കടുക്കുന്തോറൂം പുഴയ്ക്ക് മറ്റാരുമില്ലാത്ത ഉറക്കമുറിയെങ്കിലും വസ്ത്രങ്ങളോരോന്നായി അഴിച്ചഴിച്ച് യോനീപരിസരങ്ങളിലേക്കടുക്കുന്ന കാമുകന്റെ മുന്‍പില്‍ കാമുകിയുടെ ലജ്ജയാണെന്നതിന് അടിയിലേക്ക് പോകുന്തോറും എന്നെ മുകളിലേക്ക് പിടിച്ചുവലിക്കുന്ന ശക്തിതന്നെയാണ് എന്നെ തടയാനുയരുന്ന കാമുകിയുടെ കരങ്ങളെന്നും പ്രപഞ്ചം വിവസ്ത്രമാകുന്നതിനെ പ്രതിരോധിക്കുന്നുവെന്നുമുള്ള;

ഭോഗമല്ല വിവസ്ത്രയാക്കലല്ല അടിത്തട്ടില്‍ ചെരിഞ്ഞുകിടക്കാന്‍ നഷ്ടപ്പെടാന്‍ ഇടം തേടുകയാണെന്ന പതംപറച്ചില്‍ എന്തുകൊണ്ട് ഷിംബോര്‍സ്കയുടെ കവിതയില്‍ നിനക്ക് ചെരിഞ്ഞുകിടന്ന് കൂടാ എന്ന ചോദ്യത്തില്‍ അകപ്പെട്ട് ഉഴറുന്നത്;

കവിതയിലെ പുഴയില്‍ ഗുരുത്വാകര്‍ഷണമുണ്ടാവുകയില്ലേ എന്ന ചോദ്യം അബദ്ധജടിലമാണെങ്കില്‍ എന്തുകൊണ്ട് ഷിംബോര്‍സ്കയുടെ കവിതയില്‍ പോലും കാടും വേട്ടക്കാരും പാതിയില്‍ നിശ്ചലമായ വെടിയുണ്ടകളുമുണ്ടായി എന്നത് മലവെള്ളത്തില്‍ കലങ്ങിയ പുഴയുടെ കുതറുന്ന ഭാവമെന്നോട് മറുപടി നല്‍കുന്നതാണെന്ന് അറിഞ്ഞഭാവം നടിക്കാതിരിക്കാമെന്ന്;

പ്രൈമറിസ്കൂളിലെ ഭൌതികശാസ്ത്രപാഠങ്ങള്‍ ഹൃദയത്തെനോക്കി കൊഞ്ഞനം കുത്തിത്തുടങ്ങുമ്പോള്‍ ഷീംബോര്‍സ്കയുടെ കവിതയിലെ കാട്ടില്‍ കെട്ടിത്തുടങ്ങിയ കുടിലുപൊളിച്ചുമാറ്റി ഞാനിറങ്ങുന്നു...

Saturday, August 23, 2008

തടവ്.

വാക്കുകളില്‍ അകപ്പെട്ടവന്റെ ജീവചരിത്രമാണെന്റേത്.
പറിച്ചെറിഞ്ഞാലും തിരികെയെത്തുന്ന,
ചക്കപ്പശപോലെ പുണരുന്ന,
ഒരു പറ്റം വാക്കുകള്‍.
നിലാവ്, മഞ്ഞ്, മഴ, സ്വപ്നം...
ഒരു നീണ്ട നിര.

ഇതൊരു കൂടാരമാണ്.
മനസ്സിന്റെ
ഒഴിഞ്ഞയിടങ്ങളില്‍
എന്തുചേക്കേറുമെന്ന്:
വിയര്‍പ്പ്, കെട്ടിടങ്ങള്‍,ചര്‍ദ്ദില്‍, വെയിലിലുരുകുന്ന റോഡുകള്‍.
പാടില്ല. ഒഴിഞ്ഞയിടങ്ങള്‍.
സമയകാല*പ്രതലത്തിലെന്നപോലെ,
നിയന്ത്രണം സ്വന്തം കയ്യിലില്ലാത്തവര്‍,
ചലനത്തെക്കുറിച്ച്, എന്താണ് എന്നതിനെക്കുറിച്ച്,
വ്യാകുലരാവരുത്.

ബന്ധനത്തിന്ന് പുറം തിരിഞ്ഞുനിന്നാല്‍,
മോചനമാണ്,
ദിശകളിലാണ്
അവസ്ഥകള്‍.
----
* Spacetime.