Saturday, January 12, 2008

കവിതയ്ക്ക്.

നോക്കുന്നിടത്തെല്ലാം കെട്ടിടങ്ങള്‍ പോലെ പൊട്ടിമുളയ്ക്കുന്ന കവിതകള്‍...
കവിതയും ചെടിക്കും എന്ന ഭീതിതമായ തിരിച്ചറിവ്...
മുമ്പ്..
ചാപിള്ളയായിപ്പിറക്കുന്ന മനോവികാരങ്ങളില്‍ നിന്ന്,
സിഗററ്റുപുകയ്ക്കൊപ്പം ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത വിഹ്വലതകളില്‍ നിന്ന്,
ഓര്‍ക്കാപ്പുറത്ത്,യാത്രപറയാതെ,പടിയിറങ്ങിയ അമ്മയെക്കുറിച്ചുള്ള പടിയിറങ്ങാന്‍ കുട്ടാക്കാത്ത ഓര്‍മ്മകളില്‍ നിന്ന്,
അവളില്‍ നിന്ന്..
ഒക്കെ..
ഞാന്‍ ഒളിക്കാനായി ഓടി വന്നിരുന്നത്,കവിതയിലേക്കായിരുന്നു.
ഇന്ന്..വ്യഭിചരിക്കപ്പെട്ടവളുടെ വിഷാദം പേറുന്ന നിന്റെ മുമ്പില്‍
എന്റെ ദുഖത്തിന്റെ ഭാണ്ഠക്കെട്ടഴിക്കാന്‍ മുതിരാതെ,
ഞാന്‍തിരികെ നടക്കുന്നു.

നന്ദികേടിന്റെ പുതിയ വേദനയും പേറി.

Tuesday, November 20, 2007

ജല്‍‌പനങ്ങള്‍.

രാത്രിയിലെ അവസാനത്തെ മഴപെയ്തൊടുങ്ങുമ്പോള്‍ എന്റെയുള്ളിലും ഒരു പെരുമഴ പെയ്തൊടുങ്ങുകയായിരുന്നു.....
ഈ മഴയൊക്കെയും ആരുടെ കണ്ണുനീരാണ്? ആരുടെ പാദങ്ങളിലാണ് കാ‍ലങ്ങളിലൂടെ ഈ മിഴിനീര്‍ നിരര്‍ഥകമായി തൂവുന്നത്?
ആകാശത്തിന്ന് ആരൊടായിരുന്നു പ്രണയം?
ജനിമൃതികള്‍ക്കതീതമായ, അവസാനിക്കാത്ത കാലത്തിന്റെ ഇടവഴിയില്‍ ഈ പ്രപഞ്ചത്തെ തനിച്ചുവിട്ടിട്ട് ആരാണു മാറിനിന്നു കൈകൊട്ടിച്ചിരിക്കുന്നത്?
അറുതിയില്ലാത്ത കാലത്തിന്റെ കൈകളിലകപ്പെട്ടവന്ന് എന്തു മോക്ഷം?
തമാശകള്‍.....
പ്രപഞ്ചത്തിന്റെ മനശ്ചാഞ്ചല്യങ്ങള്‍ എനിക്കു ൠതുഭേദങ്ങള്‍....
മിഴിനീര്‍ വാര്‍ക്കുമ്പോഴെനിക്കു മഴ...ചിരിക്കുമ്പോഴെനിക്കുവസന്തം...
ഏയ്..കരയരുത്...
ഒരേ വിധിയുടെ പങ്കുകാരാണു നാം.
കാലത്തിന്റെ ദൈര്‍ഘ്യമെന്നത് അനുഭവത്തിലാണെന്നറിയില്ലേ...?
നിന്റെ യുഗങ്ങളും..എന്റെ മണിക്കൂറുകളും..ഉറുമ്പിന്റെ നിമിഷങ്ങളും...
ഒരു നാള്‍ നീതി പുലരുകതന്നെ ചെയ്യും.