Saturday, April 27, 2019

സൗദാദേ, ഹുസൂൻ, റ്റുഗ: വിഷാദത്തിന്റെ അക്ഷാംശവും, രേഖാംശവും


നമ്മളതറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്ന് പയ്യാമ്പലം ബീച്ചിൽ. ചെറിയ പൂന്തോട്ടം കടന്ന്, കുട്ടികളുടെ കളിയുപകരണങ്ങളും, പുൽത്തകിടിയും കടന്ന്, അപ്പുറത്തെ മണലിലേക്ക് നിങ്ങൾ നടന്നെത്തുന്നു. കടലിലേക്ക് കണ്ണയക്കുന്നു. അവിടെയുള്ളവയെല്ലാം ഒരു നീണ്ട പട്ടികയാക്കി നിരത്തിയാൽ ഒന്നും പുതിയതായുണ്ടാവില്ല, ഒരു പക്ഷേ സ്മാരകങ്ങളൊഴികെ. പണ്ട് അവിടെ നിന്ന് ചെങ്കുത്തായ, മുനയുള്ള ചരൽക്കല്ലുകൾ നിറഞ്ഞ വഴിയിലൂടെ, ഇരുവശവും മതിലുകളുള്ള വഴിയിലൂടെ നടന്ന് കയറി, ചുറ്റിപ്പിണഞ്ഞുപോകുന്ന വീതികുറഞ്ഞ റോഡുകളിലൂടെ നടന്ന്, നമുക്ക് കന്റോണ്മെന്റിനപ്പുറത്തുകൂടെ പുറത്തേക്ക് വരാം. ഇതൊന്നും ഒരു തരത്തിൽ ഒരു സവിശേഷതയും ഉള്ളവയല്ല. കടൽ, ചരൽക്കല്ലുകൾ, പുൽത്തകിടികൾ, വാർദ്ധക്യസഹജമായ പാടുകൾ നിറഞ്ഞ മരങ്ങൾ, ഇടുങ്ങിയ വഴികൾ, എല്ലാ കടൽത്തീർങ്ങളിലും കാണുന്ന ചെറിയ ചായക്കടകൾ.  ഒക്കെയും ഇങ്ങനെ നിരത്തുമ്പോൾ പ്രാചീനമായ അതിസാധാരണതകളാണ്. എങ്കിലും. ഇതൊക്കെയും ചേർന്ന് ഒരു ഗൂഡാലോചനയുടെ സ്വഭാവത്തോടെ അവിടെയെത്തിയ നിങ്ങളെ വ്യക്തതയില്ലാത്ത ഒരു വിഷാദത്തിലേക്ക് വലിച്ചെടുത്തിട്ടുണ്ട്. വ്യക്തതയില്ലാത്ത വിഷാദത്തെക്കുറിച്ചാണ്.

അല്ലെങ്കിൽ. നിങ്ങൾ വടക്കേ സ്റ്റാന്റിൽനിന്ന് ബസ്സ് കയറുന്നു, തൃശൂർ, കണ്ണമ്പ്ര, വടക്കാഞ്ചേരി, നെമ്മാറ, കൊല്ലങ്കോട്, മുതലമട - അങ്ങനെ നീണ്ടുപോകുന്ന വഴി. ആ വഴികളിൽ പരന്നുപരന്നുപോകുന്ന പാടങ്ങളിലേക്ക് ബസ്സിന്റെ ജനാലക്കമ്പിയിലേക്ക് മുഖം ചാരിവെച്ച് നോക്കിയിരിക്കുന്നു. കൊയ്ത്തുകഴിഞ്ഞ് ഉണങ്ങി വരണ്ട പാടങ്ങൾ, മഞ്ഞനിറം മണ്ണിലും കച്ചിത്തുമ്പുകളിലും. അറുത്തുമാറ്റിയ നെൽക്കതിരുകളുടെ വിഷാദം, ബാക്കിയായ നെൽക്കക്കറ്റകളിൽ. പാടത്തിന്റെ വശങ്ങളിൽ പാടത്തേക്ക് കണ്ണുനടുന്ന പച്ചപ്പുകൾ. ഉണങ്ങി വരണ്ട കാറ്റ് മുഖത്തേക്ക് വീശുന്നു. വീണ്ടും ഒരു പട്ടികയാണ്, അസാധാരണമായി ഒന്നുമില്ലാത്ത പട്ടിക. പക്ഷേ ഇവയൊക്കെ ചേർന്ന് പല ബലാബലങ്ങൾ നിർമ്മിക്കുന്ന ഒരു വൃന്ദമുണ്ടാവുന്നു. സ്ഥലത്തിൽ, വായുവിൽ, അന്തരീക്ഷത്തിൽ നരച്ചമഞ്ഞ ആവേശിക്കുന്നുവെന്ന് നിങ്ങൾ അറിയുന്നു. നിങ്ങളും ഇവയൊക്കെയും ചേർന്ന് ഒരു കോൺസ്റ്റളേഷൻ നിർമ്മിക്കപ്പെടുന്നു. അതിനെ ബന്ധിപ്പിച്ചുനിർത്തുന്നത് ഈ പേരറിയാത്ത വിഷാദമാണ്, അവ്യക്തത.

ഞാറ്റുപുരയുടെ ജാലകത്തിലേക്ക് രവി എടുത്തുവെച്ച മൂന്ന് പുസ്തകങ്ങളിലൊന്ന് റിൽക്കേയായിരുന്നു,  താഴെ വിശദീകരണമായി കൊടുത്ത വരികൾ: റിൽക്കേ - ജർമ്മൻ വിഷാദകവി. പക്ഷേ അത് വ്യത്യസ്തമാണെന്ന് വിജയനറിഞ്ഞിട്ടുണ്ടാവും. കാരണം വളരെ ലളിതമായിപ്പറയാനാവും. മുകളിൽ പറയാൻ ശ്രമിച്ച അവ്യക്തമായ വിഷാദത്തിന്റെ കടഞ്ഞെടുത്ത സത്തയാണ് ഖസാക്ക്. അത് ഗ്രസിക്കാനുള്ള ഒരു നീണ്ട ശ്രമമായിരുന്നു വിജയന്റെ എഴുത്തു മുഴുവനും എന്ന് വേണമെങ്കിൽ പറയാം.

അല്ലെങ്കിൽ, മറ്റൊരു വഴിയിലൂടെ ഈ കാണാവുന്ന കള്ളുമുഴുവൻ, ലക്ഷക്കണക്കിനു ലിറ്ററുകൾ എന്തിനെയാണ് മുക്കിക്കൊല്ലാൻ നോക്കിയതെന്ന് ആലോചിക്കാം, മുഹമ്മദ് റാഫിയും, മുകേഷും ബസ്സ് സ്റ്റാന്റുകളിൽ സ്വാഭാവികമായത്. സങ്കടങ്ങൾ മാത്രമായി ജീവിതം മാറ്റുന്ന, ഇടതുപക്ഷം എന്ന സ്വപ്നം എന്തുകൊണ്ട് പടർന്നു പിടിച്ചു എന്ന്, അതുമല്ലെങ്കിൽ ഹരിദ്വാറിൽ മണി മുഴങ്ങിയെന്ന് പറഞ്ഞ് എല്ലാം വിട്ട് ഓടിപ്പോവാൻ നോക്കിയ രമേശൻ (ആയിരുന്നോ? ഉറപ്പില്ല. മറവിയാണ്.  I grow old ... I grow old ...I shall wear the bottoms of my trousers rolled.) ഇനിയുമുണ്ടെന്ന്. പട്ടികകൾ. നഷ്ടപ്പെടാനായി നിർമ്മിച്ചെടുത്ത, സായൂജ്യത്തിന് സാധ്യതപോലുമില്ലാത്ത രമണന്മാർ നിറഞ്ഞ പ്രേമകഥകൾ. വടക്കേ ഇന്ത്യയിലേക്ക് കൊണ്ടിരുത്തിയ, മഹാപ്രഹേളികകളുടെ കുന്ദന്മാർ. നൂറായിരക്കണക്കിന്നു പേർ കേട്ട 'മരണമെത്തുന്ന നേരത്ത് നീയെന്നരികിൽ' എന്ന ഷഹബാസ് പാട്ട്.

ഇതൊക്കെയും അവ്യക്തമായ, നൈസർഗികമായ, സ്വതസിദ്ധമായ ഒരു വിഷാദത്തെ ഗ്രഹിക്കാനുള്ള ശ്രമമാണെന്ന് പറയാനാണായുന്നത്. അതായത്, മറ്റുപലപേരുകളിൽ, പട്ടികകളിൽ, വിശദീകരണങ്ങളിൽ നമ്മൾ പലപ്പോഴായി ഒതുക്കുന്ന തനതായ, വിഷാദത്തിന്റെ ഒരു വർഗം. അത് അനന്യമാണെന്ന തിരിച്ചറിവ്.

***

ഒരു തരത്തിൽ പെസ്സോഅ നമ്മളെ ആവേശിച്ചുവെന്ന് പറയാം. പലരും പലപ്പോഴും ബുക്ക് ഓഫ് ഡിസ്ക്യൂറ്റിനെപ്പറ്റി, ലിസ്ബണിൽ പരന്നു നിറഞ്ഞെന്നു തോന്നിക്കുന്ന, തികച്ചും വ്യത്യസ്തമായ ഒരു പെസ്സോവിയൻ വിഷാദത്തിന്റെ മടിയിൽ സ്വയം കിടത്തി, കണ്ണുകൾ പതുക്കെയടച്ചു വൈകുന്നേരങ്ങൾ ചിലവഴിച്ചു. കാലം, ലോകം, സംഭവങ്ങൾ, കണ്ടുമുട്ടലുകൾ, വേർപിരിയലുകൾ, അങ്ങനെ ഒരുപാട് അക്ഷങ്ങളുള്ള ഒരു ക്യാൻ വാസിൽ ഒരു ബിന്ദുവായി ഈ വിഷാദം. അതിനു അതിന്റേതായ, അതിന്റേതുമാത്രമായ നിറം, മണം, രുചി ഒക്കെയുണ്ടായി. അതും കഴിഞ്ഞ് ഒരുപാട് കഴിഞ്ഞു വലേറിയ ലുസേലി 'സൈഡ് വാക്ക്സ്' എഴുതാൻ. ബ്രസീലിയൻ, പോർട്ടുഗീസ് വിഷാദത്തിന്റെ രൂപരേഖകൾ, ചവർപ്പുകൾ, മറ്റുപലതും വാക്കുകളിലാക്കി നമുക്ക് കാണിച്ചുതരാൻ ശ്രമിക്കുന്ന പുസ്തകം. പേരു കിട്ടി. സൗദാദേ. Saudade. കാലങ്ങളിലൂടെ പലർ വിശദീകരിക്കാൻ ശ്രമിച്ച അതേ പദം. അറബിക്ക് സൗദ എന്നതിൽനിന്നാവാം, അതല്ല ലാറ്റിൻ സോലിറ്റേയിറ്റ് എന്നതിൽനിന്ന്. അറബിക്ക് സൗദ എന്നത് വരുന്ന വഴി നോക്കുക: കറുത്ത പിത്തം/Black Bile -> അരിസ്റ്റോട്ടിൽ -> പ്രാചീനവൈദ്യശാസ്ത്രം -> അറബിക്ക് വൈദ്യം -> തുർക്കി ഭാഷയിലെ സെവ്ദ -> ബോസ്നിയൻ സൗദ. അതെന്തായാലും, ഈ വഴി, തിരിച്ചുചെന്ന് വേരുകളിലൂടെ ഇലകളുടെ നിറമറിയുന്ന വഴി, നിരർത്ഥകമാണെന്നാണ് പറഞ്ഞുവരുന്നത് മുഴുവൻ. അറ്റ്ലാന്റിക്ക് സമുദ്രത്തിൽനിന്ന് വീശിയ കാറ്റു നഷ്ടപ്പെടാവതല്ല, പോർട്ടുഗലിന്റെ സൗദാദേയിൽനിന്ന്. ല്യൂസെല്ലി പറയുന്നു:

"സൗദാദേ എന്നത് ഗൃഹാതുരത്വമല്ല, ഇല്ലാത്തതിനെക്കുറിച്ചുള്ള ബോധമോ, ആഗ്രഹമോ അല്ല. ഫിന്നിഷ് ഭാഷയിലെ kaihomielisyys—മൃദുത്വവും, മാധുരിയുമുള്ള ശബ്ദങ്ങളുള്ളവയാണെങ്കിലുംഈ വാക്കിന്റെ തരിശായ ഭാവം മാത്രമേ പ്രകടമാക്കുന്നുള്ളൂ. ജർമനിലെ Sehnsucht-ഉം ഐസ് ലാന്റിന്റെ söknudur-ഉം ഈ പദത്തിന്റെ അർത്ഥം ഊറ്റിക്കളയുന്നു; പോളിഷ് ഭാഷയിലെ tesknota എന്നത് ബ്യൂറോക്രാറ്റിക്ക് ആയി അനുഭവപ്പെടുന്നു; ചെക്ക് ഭാഷയിലെ stesk എന്നത് ചുരുങ്ങുന്നു, കെഞ്ചുന്നു, വണങ്ങുന്നു; എസ്തോണിയൻ igastus അടുത്തെത്തിയേനേ, പിറകോട്ട് വായിക്കാമെങ്കിൽ."

ഇനിയുമൊരുപാട് പറയാനാവും, ഈ വാക്കിനെപ്പറ്റി. പരിഭാഷാശ്രമങ്ങളിൽനിന്ന് കുതറി മാറുന്ന വാശി. ആ വാശിയിലാണ് ഒരു ജനതയുടെ അനന്യമായ, അനുഭവത്തെ ഗ്രഹിച്ചതിന്റെ സാക്ഷ്യമുള്ളത്. അതായത് മറ്റൊരു ഭാഷയിലേക്കും പരിഭാഷപ്പെടുത്താനാവാതിരിക്കുക എന്നതാണ്, അത് തന്നെയാണ് ആ പദത്തിന്റെ അസ്തിത്വത്തിന്ന് ആധാരം. ലൂസെല്ലി പിന്നെയും പറയുന്നു:

"ഗൃഹാതുരത്വമെന്നത് എല്ലായ്പ്പോഴും പോയ്പ്പോയ ഒരു കാലത്തെ ചൊല്ലിയുള്ള ഒരു ഗൃഹാതുരത്വമല്ല. ചിലതുണ്ട്, ഗൃഹാതുരത്വത്തെ മുൻ കൂട്ടി ഉണർത്തുന്നവകാണുമ്പോഴേക്കും നഷ്ടമായെന്നു നമുക്കു തോന്നുന്ന ഇടങ്ങൾനമ്മൾ പിന്നീടൊരിക്കലും ഒരിടത്തും എത്താനിടയില്ലാത്ത വിധം സ്വാസ്ഥ്യം നമുക്കു നൽകുന്ന ഇടങ്ങൾ. അത്തരം സന്ദർഭങ്ങളിൽ നമ്മുടെ ഉള്ള് വളഞ്ഞുതിരിയുന്നു, സ്വയം നിർമ്മിക്കുന്ന ഒരു സങ്കൽപ്പലോകത്ത്, ഈ സമയത്തെ, ഇപ്പോഴിനെ പിൻ കാഴ്ചയായി കാണുന്ന വിധത്തിൽ."

***

ഒരു അവസ്ഥയെ, ഒരു ജനതയുടെ അനന്യമായ ഒരു അവസ്ഥയെ, വികാരപ്രപഞ്ചത്തെ ഒരു സവിശേഷമായ വാക്കിലേക്കൊതുക്കുന്നതിലെന്താണ്? അതിലുണ്ട്. വാക്കുകൾ ഒരു തരത്തിൽ മനുഷ്യൻ, നമ്മൾ, ജീവിതപരിസരം, സംസ്കാരം, കല, സാമൂഹികത, നമ്മുടേത് മാത്രമായ ഭൗതികവസ്തുതകൾ ഒക്കേയും നിർമ്മിക്കുന്ന മനുഷ്യപ്രപഞ്ചമെന്ന് വിളിക്കാവുന്ന ഒന്നിന്ന് കുറുകേ പോകുന്ന ഒരു മണ്ഡലമാണ്. ഇത്തരം മനുഷ്യപ്രപഞ്ചം നമുക്കു നൽകുന്ന അവസ്ഥകൾ എന്നത് മറ്റൊരു മനുഷ്യപ്രപഞ്ചത്തിലുണ്ടാകാവുന്ന അവസ്ഥകൾക്ക് ഒരിക്കലും തുല്യമാവില്ല. പേരിടൽ, അത്തരം അവസ്ഥകൾക്ക് പേരിടൽ എന്നത്, ആ അവസ്ഥയെ ഗ്രഹിക്കാനുള്ള ഉപാധിയാണ്, അതുമായി ചേർന്ന് പരസ്പരധാരണയിലെത്താനുള്ള മാർഗമാണ്, ഔഷധിയാണ്. To have a word to grasp, to represent, to communicate, is to help mediate a unique historical-geographical existence, is to map and archive our unique emotional canvas. It is to leave a history of emotional overtones, timbres.

***

ബൾഗേറിയൻ എഴുത്തുകാരനായ ഗോസ്പോദിനോവിന്റെ 'ഫിസിക്സ് ഓഫ് സോറോ' ഒരു സാഹിത്യസംഭവമാണ്. വിഷാദത്തിന്റെ ഊർജ്ജതന്ത്രം, ഫിസിക്സ് ഓഫ് സോറോ, Physics of Sorrow, Физика на тъгата, Fizika na tŭgata. സൂക്ഷിച്ച് നോക്കുക. 'ഫിസിക്ക ന റ്റുഗാറ്റ' എന്നതിലെ ആ റ്റുഗാറ്റയാണ് സോറോ ആയത്. ആ പദമാറ്റത്തിൽ എന്ത് നഷ്ടപ്പെട്ടോ അതാണീ പുസ്തകം, അതായത് അങ്ങനെ ഒരു വാക്ക്, സോറോ എന്ന വാക്ക് റ്റുഗാറ്റ എന്നതിന്ന് പകരമായി  വെക്കേണ്ടിവരുന്നു എന്നതാണ് ഈ പുസ്തകം എഴുതപ്പെടണമെന്നതിനും, വായിക്കപ്പെടണമെന്നതിന്നും ഏറ്റവും വലിയ കാരണം. രണ്ടായിരത്തിപ്പത്തിൽ എക്കണോമിസ്റ്റ് 'സന്തോഷത്തിന്റെ ഭൂമിശാസ്ത്രം' എന്ന ലേഖനത്തിൽ ബൾഗേറിയറൊമാനിയക്കൊപ്പംലോകത്തിലെ ഏറ്റവും ദുഖഭരിതമായ സ്ഥലമായി അടയാളപ്പെടുത്തി. ഗോസ്പോദിനോവ് ഈ കാര്യം പുസ്തകത്തിൽ പറയുന്നുണ്ട്. പുസ്തകം റിവ്യൂ ചെയ്യുകയല്ല ഇവിടെ, മറിച്ച്, ആ തലക്കെട്ടിലെ 'റ്റുഗ' എന്നത് തുറക്കുന്ന ലോകത്തേക്ക് സഞ്ചരിക്കാനാണ്. അവിടെയുമുണ്ട് രസകരമായ കാര്യം, എന്താണ് റ്റുഗ എന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ പറയുമ്പോൾ ഉദാഹരണമായി പറയുന്ന ഒന്ന് പോർട്ടുഗീസ് സൗദാദേ ആണ്! പക്ഷേ നഷ്ടപ്പെട്ട ഒന്നിനെ പറ്റിയേ അല്ല, അല്ലെങ്കിൽ നഷ്ടപ്പെടുക പോലും ചെയ്യാത്ത ഒന്നിനെപ്പറ്റിയല്ല. മറിച്ച്, ഗോസ്പോദിനോവ് പറയുന്നു:
 
"കഥകളിൽ, പ്രത്യേകിച്ചും പ്രിയപ്പെട്ടവർ പറഞ്ഞുതന്ന കഥകളിൽ, എല്ലായ്പ്പോഴും ഒഴിഞ്ഞ ഒരിടമുണ്ടായിരുന്നു, ക്ഷണികമായ ഒരു ഒഴിവ്, ദുർബ്ബലമായ ഒരു ബിന്ദു, ദുർഗ്രഹമായ ഒരു ദുഖം, നഷ്ടപ്പെട്ട എന്തിനോ വേണ്ടിയുള്ള ആഗ്രഹം, അല്ലെങ്കിൽ ഒരിക്കലും സംഭവിക്കാത്ത ഒന്നിനെക്കുറിച്ച്, അതെന്നെ ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി, പറയാത്തവയുടെ ഇരുട്ടുമൂടിയ പ്രദർശനശാലകളിലേക്ക്. ഇതുപോലെയുള്ള രഹസ്യശാലകളും, ഇടനാഴികളും എല്ലാ കഥകളിലും ഉണ്ടായിരുന്നു."
 
ഈ പുസ്തകം മറ്റൊരു തരത്തിലും നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയുടെ വിശകലനമാണ്, കാരണം ഗോസ്പോദിനോവ് പറയുന്നു, ഈ എഴുത്ത് ഒരു തരത്തിൽ തന്മയീഭാവത്തെക്കുറിച്ചാണ്, എമ്പതിയെന്നതിനെക്കുറിച്ച്. പലരിലേക്ക്, പല ജനതകളിലേക്ക്, ഇടങ്ങളിലേക്ക്, കാലങ്ങളിലേക്ക്, നഗരങ്ങളിലേക്ക്,  പരകായപ്രവേശം നടത്തുന്നതിനെക്കുറിച്ച്. അതോടൊപ്പം റ്റുഗയെ രേഖപ്പെടുത്തുന്നതും. ജീവിതവും ചരിത്രവും മറ്റിടങ്ങളിൽ നടക്കുന്നു എന്നതിനെക്കുറിച്ചുള്ള വിഷാദം. അത്തരത്തിൽ ഇത് സൗദാദേയുടെ പൗരാണികനാണ്, അതിലേറെ മൂർച്ചയുള്ളതാണ്.  ഇവിടെയൊന്നുമില്ല, ബൾഗേറിയയിലില്ല, അതേ സമയം എല്ലാ വിഷാദത്തിലെന്ന പോലെ ഒരു പ്രതീക്ഷയുടെ മറുപുറം. You just cannot have melancholy without at least a conceptual realm of other, of other possibilities, of other worlds, of other conditions.

***

ലോകചരിത്രം കാലിൽ വന്നു പൊതിയുന്നുവെന്ന് തീക്ഷ്ണമായി അനുഭവപ്പെടുന്ന നഗരമാണ് ഇസ്താൻബുൾ. ഒരുപക്ഷേ ചിലസമയത്ത് ഒരു ഭാരം പോലെ, മൂടൽ മഞ്ഞുപോലെ വന്നു ഉള്ളിലേക്ക് പതിക്കുന്ന എന്തോ ഒന്ന്. പല അടരുകളായി, ആ അടരുകൾ കാഴ്ചകളായി. പറഞ്ഞാൽ തീരില്ല. യലികൾ. ബോസ്ഫറസ്. റ്റോപ് കാപ്പി. ഗ്രാന്റ് ബാസാർ. പ്രാചീനമായ മതിൽക്കെട്ടുകൾ. സോഫിയ. ഗലാട്ട - തീരില്ല, അക്ഷരാർത്ഥത്തിൽ.

കണ്ണുകൊണ്ട് നമ്മൾ കാണുന്ന ഈ ഭൗതികവസ്തുക്കൾക്കപ്പുറം നഗരത്തിനെ മൂടുന്ന മറ്റൊന്നുണ്ടെന്നാണ് 'ഇസ്താൻബുൾ: ഓർമ്മകളും നഗരവും' എന്ന പുസ്തകത്തിൽ പാമുക്ക് പറയുന്നത്. അത് ഹുസുൻ ആണ്. Hüzün. അറബിക്ക്, ഇസ്ലാമിക്ക് ഭൂതകാലചരിത്രമുള്ള ഈ വാക്കിനെ പാമുക്ക് ഇഴകീറി നോക്കുന്നു. ലോകത്തിലേ ഒരുപാട് മുങ്ങിവന്റെ വേദന ഒരു ഭാഗത്ത്, മറ്റൊന്ന് ദൈവത്തോട് ഒരുപാട് അടുക്കാനാവാത്തവന്റെ വേദന മറുഭാഗത്ത്. രണ്ടാമത്തേതിൽ ഈ ഭാവം ഒരു നല്ല അവസ്ഥയാണ്, അത് അകലത്തെ അറിയിക്കുന്നു. പാമുക്ക് പറയുന്നു:

"കുഞ്ഞായിരിക്കുമ്പോൾ ഇസ്താൻബുൾ എനിക്കനുഭവിക്കേണ്ടിവന്ന ഹുസൂനിന്റെ തീക്ഷ്ണത പറഞ്ഞറിയിക്കണമെങ്കിൽ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്നുണ്ടായ ഇസ്താൻബുള്ളിന്റെ ചരിത്രം പറയണംഅതിലും പ്രധാനമായിഈ ചരിത്രം നഗരത്തിന്റെ 'മനോഹരമായ' കാഴ്ചകളിലും, മനുഷ്യരിലും എങ്ങനെ പ്രതിഫലിക്കപ്പെടുന്നുവെന്നതും. ഇസ്താൻബുളിന്റെ ഹുസൂൻ എന്നത് അവിടത്തെ സംഗീതവും, കവിതയും ഉണർത്തുന്ന വൈകാരികഭാവം മാത്രമല്ല, മറിച്ച് അത് ജീവിതത്തെ നോക്കിക്കാണുന്ന ഒരു രീതിയാണ്, നമ്മളെയൊക്കെ പങ്കുചേർക്കുന്ന ഒരു രീതി, ആത്മീയമായ ഒരു ഭാവം മാത്രമല്ല, മാനസീകമായ ഒരു ഭാവം കൂടിയാണ്, ജീവിതതെ ആത്യന്തികമായി സ്വീകരിക്കുകയും അതേ സമയം നിരാകരിക്കുകയും ചെയ്യുന്ന ഒരു രീതി.

[…]

എന്റെ തുടക്കം ബാഷ്പം പൊതിഞ്ഞ ഒരു ജാലകത്തിലൂടെ പുറത്തിനെ നോക്കിക്കാണുന്ന ഒരു കുഞ്ഞിനു തോന്നുന്ന വികാരമായിരുന്നു."

ഇത് കഴിഞ്ഞ് പാമുക്ക് ആറു പേജ് നീളുന്ന ഒരൊറ്റ വാചകത്തിൽ ഹുസൂൻ ഉണർത്തുന്ന വസ്തുക്കളുടെ, വസ്തുതകളുടെ, കാഴ്ചകളുടെ, cases in point, നീണ്ട ഒരു പട്ടിക നൽകുന്നുണ്ട്.

***

സൗദാദേ, ഹുസുൻ, റ്റുഗ, മോണോ നോ അവയർ, സെഹ്ൻ സൂഷ്റ്റ് - പ്രപഞ്ചങ്ങളുടെ പേരുകളാണ്.

***

തിരികെ വീണ്ടും. 'രവി ഖസാക്കിൽ പോകുന്നതല്ല, മറിച്ച്, രവി പോകുന്നിടമാണ് ഖസാക്ക്' എന്ന് ഒരാൾ പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ കലയിൽ, എഴുത്തിൽ, സിനിമകളിൽ എമ്പാടും ഇതുവരെ പേരിടാത്ത വിഷാദത്തിന്റെ ഒരു വകഭേദമുണ്ട്. നമ്മളതിനെ ചിലപ്പോൾ ഗൃഹാതുരത്വം എന്നൊക്കെ കളിയാക്കിയും കാര്യമാക്കിയും വിശദീകരിക്കും. ഗൃഹാതുരത്വം ഗൃഹം എന്നതിനെ ഒഴിച്ചുകൂടാത്ത ഒരു വസ്തുതയാക്കുന്നുണ്ട്. അതില്ല. ഇതിലൊന്നും ആർക്കും ഒന്നും നഷ്ടമായിട്ടില്ല. അല്ലെങ്കിൽ മറ്റൊരു ലോകം സാധ്യമാണ്, ഈ ചായയേക്കാൾ നല്ലത് അപ്പുറത്തെ കടയിലേതാവാം, പയ്യാമ്പലത്തെ ബീച്ചിലിരിക്കുകയെന്നാൽ ചെറായിയിലെ ബീച്ചിലിരിക്കാതിരിക്കുക എന്നാണർത്ഥം. അല്ലെങ്കിൽ മാനാഞ്ചിറയിലിരുന്ന് വൈകുന്നേരം മുഴുവൻ മറൈൻ ഡ്രവിലെ പാതയോരത്തെ പടവിലിരുന്നാൽ കാണാവുന്ന വെളിച്ചങ്ങളെക്കുറിച്ച് നമ്മൾ സംസാരിച്ചു.

To be this presupposes not being that; being here presupposes not being there; and on and on and on.

Tuesday, May 8, 2018

ഋതം | ऋतम् | ṛtaṃ

കുറച്ചു നാളായി വിടാതെ പിന്തുടരുന്ന ഒരു വാക്ക്/ആശയം ആണ് ഋതം എന്നത്. സംസ്കൃതത്തിൽ ऋतम् (ṛtaṃ). ഈ വാക്കിന്റെ നിരുക്തം തപ്പിപ്പോയാൽ ṛtá വഴി പ്രോട്ടോ ഇന്തോയൂറോപ്യനിലേക്ക് പോകും. അവസ്താനിൽ ഇതിനു തത്തുല്യമായ പദമുണ്ട്, ആശ/aša. ഒരേ മൂലത്തിൽനിന്നാണു രണ്ടും.
ഋഗ്വേദത്തിലെ 'ദർശനം' എന്നതിന്റെ ആണിക്കല്ലാണിത്. മോണിയർ നോക്കിയാൽ പ്രതിഷ്ഠിതമായതോ, നിശ്ചിതമായതോ ആയ വ്യവസ്ഥ, നിയമം, പ്രമാണം (fixed or settled order , law , rule) എന്നോ അല്ലെങ്കിൽ നന്നായി ഘടിപ്പിക്കപ്പെട്ട (well attached), പവിത്രമായ വ്യവസ്ഥ (holy order) അങ്ങനെയൊക്കെ. അതായത് ജഗദ് നിയമമെന്നോ (Cosmic Order), വ്യവസ്ഥയെന്നോ എന്നൊക്കെപ്പറയാവുന്ന കാര്യം.
ഋഗ്വേദത്തിൽ ഈപ്പറയുന്ന ഋതമെന്നത് ജഗത്തിന്റെ ശരിയായ പ്രവർത്തനത്തിനുള്ള അടിസ്ഥാനമാണ്.

ഉദാഹരണമായി ഋഗ്വേദം 10.190:

"ആളിയ തപസ്സിൽനിന്ന് ഋതവും സത്യവും ഉൽഭവിച്ചു. അതിൽനിന്ന് രാത്രി, അതിൽനിന്ന് അലമാലകളിളകുന്ന കടൽ, ആ കടലിൽനിന്ന് വർഷം, ഈ വർഷം കണ്ണിമയ്ക്കുന്ന എല്ലാവരിലും രാവും, പകലും അവരുടെമേൽ ഇച്ഛയും ഉണർത്തുന്നു. നിശ്ചയിക്കുന്നയാൾ അതതിന്റെ രീതിയിൽ സൂര്യനും ചന്ദ്രനും ആകാശവും ഭൂമിയും അന്തരീക്ഷവും, സൂര്യകിരണങ്ങളും ക്രമപ്പെടുത്തി."
ഈ ഋതം എന്ന സങ്കൽപ്പം എത്രത്തോളം മൂലക്കല്ലാണ് എന്നറിയാൻ ചിത്രം കാണുക.

പ്രപഞ്ചമെന്നതിന്റെ നിലനിൽപ്പിന്റെ ആധാരശിലയാണ് ഋതം. ഋഗ്വേദത്തിലെ പ്രപഞ്ചോൽപ്പത്തി അല്ലെങ്കിൽ കോസ്മോഗോണി അനുസരിച്ച്, പ്രപഞ്ചത്തിനു രണ്ട് തലങ്ങളുണ്ട്. ഒന്നു വെളിച്ചത്തിന്റെ, സൂര്യന്റെ, ജലത്തിന്റെയൊക്കെ മുകൾ ഭാഗം; താഴെ ഒരു 'അധോമണ്ഡലം'. മുകളിൽ മനുഷ്യർ, ദേവതകൾ താഴെ രാക്ഷസന്മാരെന്നു വിളിക്കാവുന്ന കൂട്ടർ. ഇത് മനസ്സിലാക്കാനുള്ള ഒരു വഴിയെന്നത് പ്രപഞ്ചരൂപീകരണത്തിന്റെ പുരാണം നോക്കുകയുന്നെതാണ്. ആദിയിൽ ദൈവികതയുള്ളവർ രണ്ട് തരക്കാരാണ്: ദേവന്മാർ, അസുരന്മാർ. ഈ അസുരന്മാരിൽ ഒരു വിഭാഗം കൊള്ളാവുന്നവർ, മറ്റൊന്ന് പ്രശ്നക്കാർ. നല്ലവർ ആദിത്യർ, മോശക്കാർ ദാനവർ. ഈ ദാനവരിൽനിന്ന് ജഗദ് ജലത്തെ, വെളിച്ചത്തെ ഒക്കെ മോചിപ്പിക്കുന്ന കൂട്ടത്തിലാണ് ഋതവും ഉൽഭവിക്കുന്നത്.



അതായത്, മുകളിലെ ഭാഗമുണ്ട്; 'താഴത്തെ' ഭാഗമുണ്ട്. ഇവ രണ്ടിനുമിടയിൽ വിള്ളലുകളുണ്ട്. താഴെ അനൃതമാണ്, അത് മുകളിലിലെ ഋതബദ്ധമായ ലോകത്തിനൊരു ഭീഷണിയാണ്. ചിത്രത്തിൽ കാണുന്നതുപോലെ, പ്രപഞ്ചം വ്യവസ്ഥാബദ്ധമായി നിൽക്കുന്നതിനാധാരം ഋതം; ആ ഋതത്തിന്റെ പോഷണത്തിന് ദേവതകൾ; ആ ദേവതകളുടെ പോഷണത്തിനു മനുഷ്യർ; ആ ദേവതകൾ മനുഷ്യരെ പോഷിപ്പിക്കുന്നു.
ഇനി ഈ ഋതം എന്ന വ്യവസ്ഥയ്ക്ക് ഒരുപാട് പ്രഭാവങ്ങളുണ്ട്. ഉദാഹരണമായി പ്രഭാതം (read: Dawn) ഋതത്തിന്റെ വഴിയിലൂടെയാണ് ചലിക്കുന്നത്; പ്രഭാതത്തിന്റെ കിരണങ്ങളെ ചേർത്തുനിർത്തുന്നത് ഋതമാണ്; കാറ്റു വരുന്നത് ഋതത്തിൽനിന്നാണ്; ദേവന്മാർ ഋതവുമായി ബന്ധിതരാണ് - ഋതവർദ്ധിതർ (ഋതത്തിനാൽ പോഷിപ്പിക്കപ്പെടുന്നവരോ, ഋതത്തെ പോഷിപ്പിക്കുന്നവരോ); ഋഷിമാർ ആഗ്രഹിക്കുന്നത് ഈ പഥത്തിലൂടെ പോവാനാണ്; ഋതം ബധിരന്റെ കാതുതുറപ്പിക്കുകയും, കണ്ണിൽ വെളിച്ചമെത്തിക്കുകയും ചെയ്യുന്നു. എന്തിനു പറയുന്നു 'വ്രത' എന്ന ഒരോരുത്തരും അവരവരുടെ 'ധർമ്മം' ചെയ്യുക എന്നതുപോലും, അടിസ്ഥാനപരമായി, ഈ ഋതത്തിനു യോജിച്ചത് ചെയ്യുക എന്നതാണ്.**
അതായത് ചുരുക്കത്തിൽ ഈ ഋതം എന്നത് ഒരേ സമയം എന്തിനെയൊക്കെ തൊടുന്നു എന്ന് നോക്കുക: (1) സർവ്വ ഭൗതികലോകത്തിന്റെയും (The complete phenomenal world, so to speak) നിലനിൽപ്പിന്ന് ആലംബനം; (2) സചേതനമായ (സത്) എല്ലാത്തിന്റെയും പ്രവർത്തനത്തിന്ന് ആധാരം (That is, an overarching moral order). ഇത് രണ്ടും ചേർന്നാൽ നമുക്കൊരു ജഗത് വ്യവസ്ഥ കിട്ടും: ഒരു നിയതമായ, അടിസ്ഥാന വ്യവസ്ഥ (In the sense of a 'categorical cosmic order', so to say).
സത്യം (മറ്റൊരു സങ്കീർണ്ണമായ സങ്കൽപ്പം) ഒരവസരത്തിൽ ഋതജാതമാണ്, ഋതത്തിൽനിന്ന് ഉൽഭവിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മിക്കവാറും എല്ലാ പരിഭാഷയിലും, ഋതം എന്നത് സത്യം എന്നാണു പരിഭാഷപ്പെടുത്തുക. വ്യക്തിപരമായി ഇത് രണ്ടും രണ്ടെന്ന് വിശ്വസിക്കുന്നയാളാണു ഞാൻ. മാത്രവുമല്ല, അവ രണ്ടൂം ഭവശാസ്ത്രപരമായി (Ontologically, so to speak) രണ്ട് ഗണത്തിൽപ്പെടുന്നതാണ്.*
മുകളിലെഴുതിയ കാര്യങ്ങളിൽനിന്ന് ഒരു തെറ്റിദ്ധാരണ വരാവുന്നത് ഈ ഋതം എന്ന പ്രാപഞ്ചികനിയമം ഒരു നിർണ്ണായകത്വം (Determinism) ആണെന്നു തോന്നാവുന്നതാണ്; അങ്ങനെ ഒട്ടുമല്ല എന്നതാണ് ഇതിലെ സൗന്ദര്യം.
പിന്നീട് വരുന്ന പല ചിന്തകളും--'സത്യം വദിഷ്യാമി, ഋതം വദിഷ്യാമി', 'പരസ്പരം ഭാവയന്ത, ശ്രേയഃ പരമ വാപ്സ്യഥ'--എന്നൊക്കെ തുടങ്ങി, ഉപനിഷദിലെ 'ബ്രഹ്മം' എന്ത് എന്ന് അന്തം വിട്ട് കുന്തം വിഴുങ്ങിയതിനൊക്കെ വെളിച്ചം വരുന്നത് ഇതറിയുമ്പോഴാണ്.
മുകളിൽ പറഞ്ഞതും, ഇതിനോടൊപ്പമുള്ള പടങ്ങളും വഴി എത്താവുന്ന വളരെ വലിയ സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്, അതിനെക്കുറിച്ചിവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.
ഇനി എന്തുകൊണ്ട് ആദ്യം പറഞ്ഞ, ഈ കാര്യം ഇടക്കിടെ മനസ്സിൽ വരുന്നു എന്നത്. ഈ നാട്ടിലെ ഇപ്പഴത്തെ അവസ്ഥ കാണുമ്പോ, വെറുതെ കോസ്മിക്ക് ഓഡർ എന്നൊക്കെ ഓർത്തുപോവും. ഒരു കാര്യവുമില്ല, എന്നാലും. :(
----------
കുറിപ്പ്
*ഗോണ്ട അപ്പൂപ്പൻ സത്യ എന്നതിനെപ്പറ്റി പറയുന്നത്: "that what is real, true and essential; being in conformity with-,belonging to-, characterized by-, sticking to what is really existent, reality, being, to what is verity; being in agreement with the fundamental being, essence of the universe, of nature, of (one's) nature etc.; truthfulness in mind, speech or action". ഇതിൽ രണ്ട് ഭാവങ്ങളുണ്ട് എന്ന് കാണാം സൂക്ഷിച്ച് നോക്കിയാൽ. ഒന്നാമത് എന്തിന്റെയെങ്കിലും ഒരു ഗുണം; പിന്നെ സത്ത എന്നത്. ഇതുകൊണ്ടാണ് ഋതവും സത്യവും രണ്ടെന്നു ഞാൻ മുകളിലെഴുതിയത്. ഋതം എന്നത് കൂടുതലും ഒരു ബന്ധം, ഓഡർ ഒക്കെയുമായി ചേരുന്നതാണ്.
**താല്പര്യമുള്ളവർക്ക് ഈ സൂക്തങ്ങൾ/ശ്ലോകങ്ങൾ നോക്കാവുന്നതാണ്: 10.65.8, 3.12.7, 4.23.8, 7.36.1, 1.23.5, 1.123, 1.113.2, 4.51.7 (In no particular order). ഒരു പണ്ഡിതൻ എഴുതുന്നത് ഋത എന്നത് ഋഗ്വേദത്തിൽ 450 തവണ വരുന്നുവെന്നാണ്.
അവലംബങ്ങൾ
1. Brown, N. W. 'Duty as Truth in the Rig Veda' in IIndia Maior: Congratulatory Volume Presented to J. Gonda. Brill. 1972
2. Brown, N. W. The Creation Myth of the Rig Veda, JAOS 62, 85–98. 1942
3. Gonda, J. The Vedic God Mitra. Brill. 1972

Thursday, October 19, 2017

പോടുകൾ, പാടുകൾ

എത്രയോ കാലങ്ങളായി പ്രപഞ്ചം ഒരുപാട് ഭംഗിയുള്ള ഏതോ ഒരു നിറക്കൂട്ടന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന്, മറ്റൊരു വൈകുന്നേരം അയാൾ എന്നോട് പറഞ്ഞു. നിറങ്ങൾ പരീക്ഷിക്കാനുള്ള ഒരു കാൻവാസ് മാത്രമായാണ് ആകാശമുണ്ടാക്കിയതെന്നും. നീണ്ട വരാന്തയുടെ വശത്തുള്ള മതിലിലിരുന്ന്, ആകാശത്ത് മാറി മാറി വരുന്ന മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത നിറങ്ങൾ നോക്കി നിൽക്കേ അത് സത്യമാണെന്ന് എനിക്ക് തോന്നാതല്ല. അയാളുടെ മനസ്സ് എന്നും അങ്ങനെയായിരുന്നു; പോടുകളിൽ പാടുകൾ കാണുന്ന മനസ്സ്.
"കമ്പ്യൂട്ടറും, പിന്നെ പലവിധമായ എഴുത്തുപാധികളും മനുഷ്യനെ ചുരുക്കിയിട്ടുണ്ട്."
ഒട്ടും അൽഭുതം തോന്നിയില്ല, ആകാശത്തുനിന്ന് ഒരു നിമിഷാർദ്ധത്തിൽ പൊടുന്നനെ കമ്പ്യൂട്ടറിലേക്കുള്ള ഈ വന്നുചേരലിൽ. അയാളുടെ മനസ്സിന്ന് വല്ലാത്ത വഴക്കമാണ്, ഒരു ആശയത്തിൽനിന്ന് മറ്റൊന്നിലേക്ക് അനായാസമായി.
"ശരിയാണ്. വേഗത നമ്മളെ വല്ലാതെ ഗ്രസിച്ചിരിക്കുന്നു." സംശയിച്ച് സംശയിച്ച് ഞാൻ പതിയെപ്പറഞ്ഞു.
"വേഗതയുടെ കാര്യമല്ല ഞാൻ പറഞ്ഞത്."
മുഖത്തിനു മുന്നിൽ, എന്തൊക്കെയോ രൂപത്തിൽ പടരുന്ന പുകയ്ക്കപ്പുറത്തെ തിളങ്ങുന്ന കണ്ണുകളിൽ ഹാതാശയത്വം. പതിഞ്ഞ ശബ്ദം. പിന്നെയെന്താവുമെന്ന് ഞാൻ സ്വയം ചോദിക്കുന്നു. ഇനിയും, മാധ്യമം എഴുത്തിന്ന് പോകാനുള്ള വണ്ടിയെന്നത് മാറി ഡ്രൈവർ സീറ്റിലാവുന്നതാവുമോ? സംശയം എന്നെ പൊതിയുമ്പോൾ നേർത്ത ശബ്ദം വീണ്ടും.
"വികാരങ്ങൾ കൈമാറാനുള്ള ഒരു തലം ഇല്ലാതായതിനെ കുറിച്ചാണ് ഞാൻ പറയുന്നത്."
ഇപ്പോൾ ശരിക്കും ഞാൻ അങ്കലാപ്പിലാണ്. ഒരുപാട് ദൂരത്തിരുന്ന്, വാക്കുകളിലൂടെ മാത്രം പരസ്പരമറിയുന്നതിലൂടെ, കാണലും, ചേർത്തുപിടിക്കലുമൊക്കെ പിന്നിലേക്ക് മാറിയതാവുമോ? അതായിരുന്നു എന്റെ ധാരണ.
'നീ വൂൾഫിന്റെ ആത്മാഹുതിക്കുറിപ്പ് കണ്ടിട്ടുണ്ടോ?'
വൂൾഫ്? കമ്പ്യൂട്ടറും വൂൾഫും തമ്മിലെന്താണ്? ഇത്ര പരിചയിച്ചിട്ടും, ഇയാളുടെ മനസ്സിന്റെ വഴികൾ എനിക്ക് പിടിതരാതെ, തെന്നിത്തെന്നിപ്പോകുകയാണല്ലോ എന്നോർത്തുകൊണ്ട്, സംശയം നനുനനുപ്പിച്ച വാക്കുകളിൽ, ഞാൻ പറയുന്നു.
"വായിച്ചിട്ടുണ്ട്, ഒരുപാട് ദുഖമാണ്."
എന്റെ പതിഞ്ഞ വാക്കുകൾ ആകാശത്തിന്റെ നിറം മാറ്റിയെന്ന് വെറുതെ തോന്നിയതാവും, വൈകുന്നേരത്തിന്റെ ചാരനിറത്തിലും, ഒറ്റയ്ക്ക് ഒരു മലമുകളിൽ നിൽക്കുന്ന മരത്തിലുമൊക്കെ നിറഞ്ഞുതുളുമ്പുന്ന വിഷാദം അവയ്ക്ക് താങ്ങാനാവാതെ, മനുഷ്യനോട് സഹായം ചോദിച്ചപ്പോഴാണ്, ഈ ദുഖങ്ങൾ വാക്കുകളിൽ പകർത്തി വെക്കാൻ തുടങ്ങിയതെന്ന് അയാൾ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്; വാക്കുകൾ ദുഖങ്ങളെ ഇങ്ങനെ എംബാം ചെയ്ത് തലമുറകളിലൂടെ, പലരിൽ പകർന്ന്, തോത് കുറയ്ക്കുമെന്നും.
"ഞാൻ വായിച്ചിട്ടുണ്ടോ എന്നല്ലല്ലോ ചോദിച്ചത്, കണ്ടിട്ടുണ്ടോ എന്നല്ലേ?"
ഇപ്പോൾ അൽഭുതമൊന്നും തോന്നിയില്ല, ചിന്തകൾക്ക് മരങ്ങളുടെ സ്വഭാവമാണെന്നും, ഉത്തരം സൂര്യനെപ്പോലെയാണെന്നും അയാൾ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഉത്തരങ്ങളാണ് ചിന്തകളുടെ ശാപമെന്നും.
"ഇല്ല, ഞാൻ കണ്ടിട്ടില്ല. വായിച്ചിട്ടേയുള്ളൂ."
ആ കുറിപ്പ് വായിച്ചതിനു ശേഷം ശേഷം എന്റെ കലണ്ടറിലെ ചൊവ്വാഴ്ചകളിൽ വിഷാദച്ഛവി പടർന്നതാണ് എന്റെ മനസ്സിൽ.
"എങ്കിൽ നീ കാണണം."
കാണാം. എന്താണു കാണേണ്ടതെന്നു കൂടെ ഇയാൾ പറഞ്ഞിരുന്നുവെങ്കിലെന്ന് ചിന്ത എന്നെ ചൂഴുമ്പോൾ പതിഞ്ഞ ശബ്ദം വീണ്ടും.
"എഴുത്തിലാണ് നോക്കേണ്ടത്. അർത്ഥത്തിലല്ല."
എനിക്ക് അൽഭുതം വർദ്ധിക്കുന്നു. വൂൾഫിന്റെ വാക്കുകളുടെ അർത്ഥം വിട്ട് എഴുത്തിൽ നോക്കയോ? ബാക്കികൂടെ പറഞ്ഞിരുന്നെങ്കിലെന്ന് ആകാംക്ഷ പടരുന്നു.
"അക്ഷരങ്ങളിൽ, വാക്കുകളിലൊക്കെ അശരണത ആവേശിക്കുന്നത് കാണണം."
ഇപ്പോൾ ഇത്തിരിക്കൂടി തെളിവാവുന്നു. വാക്കുകൾ ചിലപ്പോൾ മുറുകുകയും, പിളരുകയും, പൊട്ടുകയുമൊക്കെ ചെയ്യും--ഭാരത്താൽ, സമ്മർദ്ദത്താൽ ഒക്കെയെന്ന് എലിയറ്റ് പറഞ്ഞതാവും, ഇയാൾ പറയാൻ ശ്രമിക്കുന്നത്.
"വരികളുടെ ചെരിവ്, അക്ഷരങ്ങളുടെ വിളർച്ചൾ, ഞെരിഞ്ഞ പാടുകൾ നീ ശ്രദ്ധിച്ചിട്ടുണ്ടോ?"
ഞാൻ വീണ്ടും അൽഭുതത്തിന്റെ കൈപ്പിടിയിലമരുന്നു. എലിയറ്റ് പറഞ്ഞതൊന്നുമല്ലല്ലോ ഇത്. ഇതെന്താണ്? പുകയ്ക്കപ്പുറത്ത് വ്യക്തമായി കാണാനാവാത്ത കണ്ണുകളിലെ തിളക്കം.
"ഞാൻ പറയുന്നത്…"
എന്താണ്? ആകാംക്ഷ അശാന്തതയായി എന്നെ മുറുക്കുന്നു. എന്താവും?
"വാക്കുകളുടെ അർത്ഥങ്ങൾക്കപ്പുറത്ത്, കൈയ്യെഴുത്തുകൾ പറയുന്ന വികാരങ്ങളെ പറ്റിയാണ്."
"ഉം."
"ഓരോ അക്ഷരവും കയ്യെഴുത്തിൽ മനസ്സിന്റെ അവസ്ഥയുടെ പ്രതിബിംബമായിരുന്നു. അക്ഷരങ്ങളുടെ രൂപം മനസ്സിനൊത്ത്, ഇത്തിരിയെങ്കിലും മാറുന്നുണ്ടായി. ഒരു ചെറിയ വളവ്, ഒരു നീളക്കുറവ്, അക്ഷരങ്ങൾക്കിടയിലെ അകലം, അങ്ങനെയങ്ങനെ. അത് നഷ്ടമായിരിക്കുന്നു."
ഇപ്പോൾ വ്യക്തമാവുന്നു. ഞാൻ തന്നെ തകർന്ന നിമിഷങ്ങളിൽ കുത്തിക്കുറിച്ച ഡയറിക്കുറിപ്പുകളിലെ, വാക്കുകളിലെ അർത്ഥങ്ങൾക്കപുറം, അക്ഷരങ്ങളിലെ രൂപമാറ്റങ്ങൾ. ശബ്ദകോശങ്ങൾ പറയാത്ത വേദനകൾ, വിങ്ങലുകൾ ഒക്കെ തൂർന്ന് പോയിട്ടുണ്ട്. ഈ എഴുത്തിലെ അക്ഷരങ്ങൾ വളഞ്ഞു പുളഞ്ഞതും താളിന്റെ മറ്റേ പുറത്തേക്ക് പാടുകൾ ഉപേക്ഷിക്കുന്നവയുമൊക്കെയായെങ്കിലെന്ന് മനസ്സ് ചിനച്ചിട്ടുണ്ട്.

Tuesday, January 6, 2015

സംവിത്തിസിദ്ധാന്തവും* പുനർവിതരണവും അഥവാ 'റ്റാക്സികൾ എടുക്കാൻ വിസമ്മതിക്കുന്ന ആഫ്രിക്കൻ-അമേരിക്കൻ വാൾസ്റ്റ്രീറ്റ് ബാങ്കറും' 'കമ്പനിയുടെ ലയനസാധ്യതയിൽ ജോലിനഷ്ടപ്പെടുന്ന വിദഗ്ദ്ധ വ്യാവസായികതൊഴിലാളിയായ വെള്ളക്കാരനും'^

മുൻവാക്ക്

ഈ കുറിപ്പിന്റെ പ്രത്യക്ഷമായ ലക്ഷ്യം അവിടെയുമിവിടെയുമായി ഇടത്-സ്വത്വം എന്ന പേരിൽ നടക്കുന്ന വിശേഷസംഭവങ്ങളിൽ അധിഷ്ഠിതമായ ചർച്ചകളാണെങ്കിൽ, ദീർഘദൂരലക്ഷ്യമെന്നത്, ‘സ്വത്വവാദം/സ്വത്വരാഷ്ട്രീയം’ എന്ന വിഷയത്തെസംബന്ധിച്ച് നടക്കുന്ന ദാർശനീകചിന്തകളൂമായി ബന്ധപ്പെട്ട് വന്ന സംവിത്തിസിദ്ധാന്തത്തെ പരിചയപ്പെടുത്തുക എന്നതാണ്.

തുടക്കത്തിൽത്തന്നെ സുവ്യക്തമായി ഒരു കാര്യം പറയാം – ഇതെഴുതുന്നയാൾ നിലനിൽക്കുന്ന ലോകക്രമത്തിലെ രാഷ്ട്രീയധനതത്വവ്യവസ്ഥയിൽ (Political Economy) , അടിസ്ഥാനപരമായ, കാതലായ പ്രശ്നങ്ങൾ ഉണ്ട് എന്നു വിശ്വസിക്കുന്നയാളാണ്. മനുഷ്യന്റെ എല്ലാ ജീവിതവഴികളെയും ഗ്രസിക്കുന്ന വിപണീമൗലീകവാദം1, നിമിഷം പ്രതി വളരുന്ന ധനവിതരണത്തിലെ അസമാനത, പോകെപ്പോകെ ദ്രവിച്ചില്ലാതാവുന്ന ക്ഷേമരാഷ്ട്രമെന്ന സ്വപ്നം, അവനെന്നും അവളെന്നും, നിറമുള്ളവനെന്നും അങ്ങനെയങ്ങനെ അസംഖ്യം തുരുത്തുകളായി മാറുന്ന മനുഷ്യൻ എന്ന വർഗത്തെ മുതലെടുക്കാൻ നോക്കുന്ന നിയോലിബറൽ വഴികൾ…ഒറ്റയ്ക്കിരുന്ന് കരയാൻ കാരണമാവുന്ന മറ്റുപലതും.

പക്ഷെ, ഒരു തരത്തിൽ, മുകളിൽപ്പറഞ്ഞ കാര്യങ്ങളും, സ്വത്വവാദവും തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു/ബന്ധപ്പെടുന്നില്ല എന്നോ, എങ്കിൽ എന്തുകൊണ്ട് എന്നോ മറ്റുമൊക്കെ വ്യക്തമാക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

സ്വത്വവാദവും സംവിത്തിസിദ്ധാന്തവും

ഒരു പക്ഷേ ഈ വിഷയത്തിലെ രസകരമായ ഒരു വശമെന്നത് എന്തുകൊണ്ട് മലയാളഭാഷാസമൂഹത്തിൽ സ്വത്വവാദസംബന്ധിയായ ചർച്ചകൾ മിക്കവാറുമെല്ലായ് പ്പോഴും സ്വത്വവാദം<>ഇടത് എന്ന നിലയിലേക്ക് മാറുന്നു എന്നതാണ്. എങ്ങനെയൊക്കെ ഹരിച്ചും ഗുണിച്ചും നോക്കിയാലും സ്വത്വവാദം എന്നത് ദാർശനീകതലത്തിൽ മറ്റ് പല ആശയസംഹിതകളുമായും പ്രശ്നത്തിലായേ പറ്റൂ – ഹോബ്സായാലും റോൾസായാലും2.കാരണം വളരെ ലളിതമാണ് – മനുഷ്യൻ/മനുഷ്യർ എന്നതിലെ അന്തരം. നീതി(സാമൂഹിക)ദർശനങ്ങൾ മനുഷ്യൻ എന്ന കേവലധാതുവിനെ വേർതിരിച്ചെടുത്താണ് നിർമ്മിക്കുന്നത്. ‘ഒറിജിനൽ പൊസിഷൻ’ എന്നത് എന്റെ തവിട്ടുനിറം കഴുകൽ കൂടിയാണ്. പക്ഷെ അതോടൊപ്പം നമുക്കെല്ലാമറിയാം, തുല്യത/Equality എന്നത് ദാർശനികമായി ഏകരൂപത/Identity അല്ല എന്നത്. നവോത്ഥാനത്തിന്റെ ചോരയിൽ പിറന്ന കുഞ്ഞെന്ന നിലയിൽ മാർക്സിസത്തിന്നും അങ്ങനെയാവാനേ പറ്റൂ.

അതെന്തായാലും പൊതുവെ സ്വത്വവാദവും, സാംസ്കാരികവൈവിധ്യവാദവും (Multiculturalism) പല തലത്തിലുള്ള അടിസ്ഥാനപ്രമാണങ്ങളിൽ അധിഷ്ഠിതമാണ്. ഒരറ്റത്ത് ഒരാളുടെ പൈതൃകമെന്നത് എന്തു വിലകൊടുത്തും നിലനിർത്തിയേ പറ്റൂ എന്നും, അതിലേക്കായി ആ പൈതൃകക്കാരുടേതുമാത്രമായ ഭരണക്രമങ്ങൾത്തന്നെയും വേണമെന്ന് വാദിക്കുകയും ചെയ്യുന്നവർ. ഇത്തരത്തിൽ നോക്കിയാൽ സാംസ്കാരികപൈതൃകമെന്നത് ഒരു വ്യക്തിയുടെ സ്വത്വത്തിന്റെ സത്താപരമായ ഭാഗമാണ്. മറ്റൊരു വശത്ത് സാംസ്കാരികപൈതൃകം മാറാവുന്നതും, ചിലപ്പോഴെങ്കിലും ഈ മാറ്റം നല്ലതാണെന്ന് വാദിക്കുകയും ചെയ്യുന്നവർ. ഇനിയുമൊന്ന് സ്വത്വം എന്നത് സാമൂഹികനിർമ്മിതി/ശിലാസത്ത (Social Construction/Essentialism) എന്നിങ്ങനെ രണ്ട് ദ്വന്ദ്വങ്ങൾക്കിടയിൽ അകപ്പെടാമെന്നതാണ്.

സ്വത്വവാദം എന്നതിനെചുറ്റിപ്പറ്റി വന്ന എഴുത്തുകളിൽ വളരെ പ്രധാനപ്പെട്ടതെന്ന് പറയാവുന്നത് റ്റെയിലറൂടെ ലേഖനമാണ്. സ്വത്വം എന്നതിലെ ദാർശനീകവശത്തെ മുന്നിലേക്കു നിർത്തുകയും, അതിന്റെ ചരിത്രപരമായ പാശ്ചാത്തലങ്ങൾ പരിശോധിക്കയും ചെയ്യുന്നതാണിത്. ‘ഞാനാര്’ എന്ന ചോദ്യത്തിന്നുള്ള ഉത്തരമായി ഒരോരുത്തനും കണ്ടെത്തുന്ന മറുപടിയിൽ ആ മനുഷ്യന്റെ സ്വത്വമുണ്ടാവും. ഇവിടെ റ്റെയിലർ മുന്നോട്ട് വെക്കുന്ന ഒരു സംജ്ഞയാണ് സംവിത്തി അഥവാ Recognition

പഴയലോകക്രമത്തിൽനിന്ന് പുതിയതിലേക്കുള്ള പാതയിൽ വന്ന ഒരു പ്രധാന മാറ്റം 'ശ്രേഷ്ഠത/Honor' എന്നതിൽനിന്ന് 'മാന്യത/Dignity' എന്നതിലേക്കാണ് - ശ്രേഷ്ഠത എല്ലാവർക്കും എത്തിപ്പെടാവുന്ന ഒന്നായിരുന്നില്ലെങ്കിൽ മാന്യത എല്ലാവർക്കും ഒരുപോലെ ചെന്നെത്താവുന്ന ഒന്ന് എന്ന നിലയിലെ മാറ്റം. മറ്റൊരു കാതലായ വ്യതിയാനമായി റ്റെയിലർ പറയുന്നത് മനുഷ്യൻ കണ്ടെത്തുന്ന വാസ്തവികത/Authenticity ആണ്. ഇവിടെയാണ് സംവിത്തി എന്ന സംജ്ഞ അനിവാര്യമാകുന്നത്. എന്തുകൊണ്ടെന്നാൽ ഓരോ മനുഷ്യനും രൂപമെടുക്കുന്നത് ഒരിക്കലും തന്നിലേക്ക് മാത്രം നോക്കുന്ന കണ്ണുകളിലൂടെയല്ല; മറിച്ച്, മനുഷ്യനിർമ്മിതിയിൽ അടിസ്ഥാനപരമായി 'സംവാദപരത/Dialogic' അന്തർലീനമാണ്.  തനിക്കുചുറ്റുമുള്ള മനുഷ്യരുമായുള്ള ഇടപാടുകളിലൂടെയാണ് മനുഷ്യസ്വത്വമല്ല, മനുഷ്യമനസ്സുതന്നെ ആകൃതിയെടുക്കുന്നത്. ഇത് ജീവിതാവസാനം വരെ നീളുന്ന പ്രക്രിയയാണ്. ഇത്തരത്തിൽ ഞാൻ എന്റേതെന്നു കരുതുന്ന സ്വത്വം ചുറ്റുമുള്ള മറ്റുള്ളവരിൽ അധിഷ്ഠിതമാണ്. അതുകൊണ്ട് തന്നെ ഒരാളുടെ സ്വത്വത്തിന്റെ വളർച്ചയെ പരിപോഷിപ്പിക്കാനും, തളർത്തുവാനും സാഹചര്യങ്ങൾക്കാവും എന്ന് വരുന്നു.3
 
ഇതിൽനിന്ന് വളരെ വ്യക്തമായി നമുക്കുമുന്നിൽ രണ്ട് സാധ്യതകളുണ്ട് എന്ന് വരുന്നു. ഒന്ന്, ‘ഭിന്നതാന്ധത/Difference Blind.’,രണ്ട് ‘ഭിന്നതാമൈത്രി/Difference Friendly’. മാന്യതയുടെ രാഷ്ട്രീയം/വ്യത്യാസങ്ങളുടെ രാഷ്ട്രീയം [Politics of Dignity/Politics of Difference] എന്നിങ്ങനെ ഒന്നാമത്തേതിന്നും രണ്ടാമത്തേതിന്നും പേരു നൽകിയാൽ ഒന്നാമത്തേതിൽ അവകാശങ്ങളും, കടമകളും സാർവത്രീകമാണെങ്കിൽ, രണ്ടാമത്തേതിൽ ഓരോരുത്തരുടെയും അനന്യമായ സ്വത്വമാണ് അംഗീകരിക്കാൻ ആവശ്യപ്പെടുന്നത്. ഈ അവസാനത്തെ വാദത്തിന്ന് ഉപോൽബലകമായി തങ്ങളുടെ സ്വത്വത്തെ സമൂഹം നിരാകരിക്കുന്നുവെന്നോ, തങ്ങളെ ഭൂരിപക്ഷത്തിന്റെ സ്വത്വത്തിൽ ലയിപ്പിക്കാൻ ശ്രമിക്കുന്നുവെന്നോ വാദിക്കാവുന്നതാണ്. 4
മുകളിൽപ്പറയുന്ന കാര്യങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് ഇതാണ്: സ്വത്വവാദമെന്നത് അത്രയ്ക്ക് ലളിതമായ വിഷയമല്ല. കുഴിച്ചുപോയാൽ, കാന്റിന്റെ ‘സ്വയംഭരണാധികാരം/Autonomy’ എന്നതിൽ വരെ കൊണ്ടുചെന്നു മുട്ടിക്കാവുന്ന ഒന്ന്.

സംവിത്തിസിദ്ധാന്തത്തിന്ന് ഇന്നു കാണുന്ന രൂപവും പ്രാധാന്യവും നല്കിയത് ആക്സൽ ഹോനത്താണ്. ഹെഗലിന്റെ ‘അംഗീകാരത്തിനുള്ള പ്രയത്നം/Struggle for Recognition’ എന്ന ചിന്താതന്തുവിനെ വികസിപ്പിച്ച്, മീഡിന്റെ ഉൾക്കാഴ്ചകളുമായി ചേത്ത്, സൈക്കോ അനാലിസിസിലെ (Yeah, I know, I know. :)) ഒബ്ജക്റ്റ്-റിലേഷൻസ് സിദ്ധാന്തവുമായി ഇണക്കിയാണ് ഈ സിദ്ധാന്തം രൂപപ്പെടുത്തുന്നത്. ഇത് പരിസരവും ജീവിതസാഫല്യവും എന്നതിനെ സംബന്ധിക്കുന്ന വിശാലമായ ഒരു കാഴ്ചപ്പാടായി വളർന്നിട്ടുണ്ട്.
ലളിതമായി പറഞ്ഞാൽ, തന്റെ ചുറ്റുപാടുമുള്ള, താനിടപെടുന്ന മനുഷ്യപരിസരവുമായി നിരന്തരമായ സംഘർഷത്തിലൂടെയാണ് സ്വത്വനിർമ്മിതിയെന്നത് സംഭവിക്കുന്നത്. ഇതിന്ന് മൂന്നു തലങ്ങളുണ്ട്:

പട്ടിക 1.
Recog

മുകളിലെ പട്ടികയിലെ സംവിത്തിയുടെ ഘടകങ്ങൾ എളുപ്പം മനസ്സിലാക്കാവുന്നതാണ്. ആദ്യത്തേത് ഉറ്റവരുമായ ബന്ധങ്ങളിലെ അംഗീകാരത്തിലും, സ്നേഹത്തിലും, പരിപോഷണത്തിലൂടെയും താനെന്ന വ്യക്തിയെ വേർതിരിച്ചറിയുകയും, അതുവഴി ആത്മവിശ്വാസം കൈവരികയും ചെയ്യുന്ന ഇടമാണ്.

ഇനി രണ്ടാമത്തേത് സാർവത്രീകമായ അവകാശങ്ങളിലൂന്നി, താനെന്ന സ്വയംഭരണാധികാരം സാധ്യമായ വ്യക്തി എന്നതിലധിഷ്ഠിതമായ അംഗീകാരമാണ്. ഇവിടെ തുല്യത അന്തർലീനമാണ്. അതുകൊണ്ടുതന്നെ ഇത് നിയമം എന്നതുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. അല്ലെങ്കിൽ, ഋണാത്മകസ്വാതന്ത്ര്യവുമായി.

മൂന്നാമത്തേത് താനുൾപ്പെടുന്ന സമൂഹത്തിന്റെ മൂല്യങ്ങളുമായി ബന്ധപ്പെട്ട് ഒരാൾക്ക് അയാളുടെ സവിശേഷമായ കഴിവുകളുടെ അടിസ്ഥാനത്തിൽ ആ സമൂഹത്തിന്ന് നൽകുന്ന സംഭാവനകളിലൂടെ ലഭ്യമാവുന്ന അംഗീകാരമാണ്. രണ്ടാമത്തെ അംഗീകാരത്തിൽനിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് രണ്ടാമത്തേതിൽ 'മനുഷ്യൻ' എന്ന കേവലധാതുവിൽ അടിസ്ഥാനമാക്കിയ തുല്യ പരിഗണനയാണെങ്കിൽ, എന്തുകൊണ്ട് ഓരോരുത്തരും വ്യത്യസ്തനാവുന്നു എന്നതിലാണ് ഇതിന്റെ ആണി. യോഗ്യത/Self-esteem എന്നതാണ് ഈ അംഗീകാരം ഒരാൾക്ക് നൽകുന്നത്.
മുകളിൽപ്പറഞ്ഞ ഏതെങ്കിലും തലത്തിലെ സംവിത്തിയുടെ അഭാവം, മൂന്നുതരത്തിലുള്ള അവമാനങ്ങളിലേക്ക് വഴിവെക്കും. വ്യക്തിയുടെ – പരിപൂർണ്ണമായും സാമൂഹികജീവിയെന്ന നിലയിൽ – മനുഷ്യോന്നതി (Human flourishing, so to say) എന്നതിനെ ഇത് ചുഴറ്റിയടിക്കും. ഹോനത്ത് ഈ വിചാരധാരയെ ഒരു സമ്പൂർണ്ണസാമൂഹികവിമർശനദർശനം എന്ന നിലയിലേക്ക് വളർത്താൻ ശ്രമിക്കുന്നുവെങ്കിലും, ഇതിൽ വിട്ടുപോകുന്ന, അല്ലെങ്കിൽ ഒതുങ്ങാത്ത ഒരു വശമുണ്ട്. അതാണ് ഇനിയത്തെ വിഷയം.

സംവിത്തിസിദ്ധാന്തം, സാമ്പത്തീകപുനർവിതരണം – ഇവ തമ്മിലെന്ത്?

സംവിത്തിസിദ്ധാന്തത്തിന്റെ ഏറ്റവും പ്രബലമായ വിമർശം വന്നത് നാൻസി ഫ്രെയിസറിൽ നിന്നാണ്. ഫ്രെയിസറുടെ അടിസ്ഥാനപ്രശ്നം ഈ സിദ്ധാന്തം എങ്ങനെ സാമൂഹികനീതിയുടെ രണ്ട് മേഖലകളെ അഭിമുകീകരിക്കുമെന്നാണ്. ഇവിടെ സാമൂഹികനീതിയുടെ രണ്ട് വശങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒന്ന് അംഗീകാരസംബന്ധിയായ സംവിത്തിയുടെ രാഷ്ട്രീയമാണെങ്കിൽ, രണ്ടാമത്തേത് ധനപുനർവിതരണവുമായി ബന്ധപ്പെട്ട നീതിയാണ്. അവരുടെ വാദം പുനർവിതരണനീതി/Redistributive Justice എന്നതിനെ സംവിത്തീനീതിയിൽ ഒതുക്കാവുന്നതല്ല എന്നതാണ്. അതുകൊണ്ടുതന്നെ അവർ ദ്വിമാനമുഖിയായ ഒരു സമീപനമാണ് ഇന്നത്തെ കാലത്തിന്ന് (സോഷ്യലിസ്റ്റാനാന്തര/Post-Socialist, അവരുടെ തന്നെ പ്രയോഗം) യോജിക്കുക. ഇത് വ്യക്തമാകാൻ താഴെ കൊടുത്ത പട്ടിക കാണുക.

പട്ടിക 2.
redist

ഇതിന്റെ അടിസ്ഥാനങ്ങൾ അവർ ശക്തിയുക്തം വാദിക്കുന്നുണ്ട്. ഒരർത്ഥത്തിൽ ഈ ലേഖനത്തിന്റെ തലവാചകം ഈ സങ്കൽപ്പത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നതാണ്. മറ്റൊരു വസ്തുത, പല സാഹചര്യങ്ങളിലും ഈ രണ്ട് പ്രശ്നങ്ങളും കലർന്നും, ഒന്ന് മറ്റൊന്നിനെ നിലനിർത്തിയും കാരണമായും, ഒന്നിന്നു പരിഹാരമായി ചെയ്യുന്ന നടപടികൾ മറ്റൊന്നിനു കാരണമായി ഭവിക്കുകയും ഒക്കെയുണ്ട്. അവർ തന്നെ പറയുന്നത് പോലെ തീർത്തും ഒന്നു മാത്രമായ അവസ്ഥകൾ (Ideal-typical, വെബറുടെ സംജ്ഞ ഉപയോഗിച്ചാൽ) തുലോം തുച്ഛമായിരിക്കും.

ഇതെഴുതുന്നയാൾ, ഈ രീതി ശരിയാണെന്ന് വിചാരിക്കുന്നയാളാണ്. മാത്രമല്ല, വിതരണനീതി(Distributive Justice) എന്നതിന്ന് ഒരുപാട് കൂടുതൽ പ്രാധാന്യമുണ്ട് എന്നും.

സ്വത്വം, സ്വത്വവാദം, ഞാണിന്മേൽക്കളികൾ
 
സ്വത്വവാദം എന്നതിനോട് പൊതുവായ, സമഗ്രമായ ഒരു സമീപനം സാധ്യമല്ല.  കാരണം സ്വത്വം എന്നതുകൊണ്ട് വിവക്ഷിക്കാവുന്ന വ്യത്യാസങ്ങൾക്ക് രണ്ട് നീണ്ട സ്പെക്ട്രങ്ങളുണ്ട്.   ഒന്ന് എന്ത് ലക്ഷ്യമെന്നതിനെ ആശ്രയിച്ച്. ഇതിൽ ഒരറ്റത്ത് തുല്യത/വ്യത്യാസാന്ധത എന്നതിലേക്ക് ഒരു പ്രത്യേക സ്വത്വവിഭാഗത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യം.  (ഉദാഹരണമായി റിവേർസ്-ഡിസ്ക്രിമിനേഷൻ വഴികളിലൂടെ ജാതിയെ സമീക്കുന്നത്). ഈ ഗണത്തിന്റെ മറ്റേ അറ്റമെന്നത് വേറൊരു ലക്ഷ്യം മുന്നിൽക്കാണുന്ന ചില സ്വത്വവിഭാഗങ്ങളാണ്. അവർക്ക് അവരുടെ സ്വത്വം നിലനിർത്തുകയാണ് വേണ്ടത്. (ഉദാഹരണം ചില രാജ്യങ്ങളിലെ ചില ഗോത്രവിഭാങ്ങൾ.) ഇനി മറ്റൊരു വിധത്തിൽ സ്വത്വവാദികളെ തരം തിരിക്കാം - ഒരറ്റത്ത് ഒരു ജനാധിപത്യസമൂഹത്തിനും ഒരിക്കലും ഉൾക്കൊള്ളാനാവാത്ത ലക്ഷ്യങ്ങളുള്ളവർ, മറുഭാഗത്ത് ശതവർഷങ്ങളോ അതിൽക്കൂടുതലോ ആയി സാമൂഹികനീതി നിഷേധിക്കപ്പെട്ടവർ. അതുകൊണ്ടു തന്നെ സ്വത്വവാദമെന്നതിനെ പൂർണ്ണമായി തള്ളാനോ, പൂർണ്ണമായി ആശ്ലേഷിക്കാനോ ആവില്ല. ഇത്തരം സന്ദർഭങ്ങളിൽ അത്യാവശ്യമായി വേണ്ടത് പൂർൺണവളർച്ചയെത്തിയ പൊതുമണ്ഡലങ്ങളാണ്. ജനാധിപത്യമെന്നാൽ വിരൽത്തുമ്പിൽ ചുട്ടികുത്തലല്ല, മറിച്ച് നിരന്തരമായ ചർച്ചകളിലൂടെ ജൈവമായി നിൽക്കേണ്ട ഒന്നാണെന്നുമുള്ള ബോധം.
 
കുറിപ്പുകൾ

* സംവിത്തി എന്നത് Recognition എന്നതിന്റെ ഭാഷാന്തരമാണ്; സ്വതവേയുള്ള ‘അംഗീകാരം’ എന്നത് ബോധപൂർവ്വം ഒഴിവാക്കുന്നതാണ്. ഒന്നാമത്, അംഗീകാരം എന്നതിന്ന് Rocognition എന്ന സൈദ്ധാന്തികസംജ്ഞയിലെ സത്താപരമായ ഒരു ഗുണമില്ല – പ്രത്യേകമായ നേട്ടവുമായി അംഗീകാരമെന്ന പ്രയോഗം ബന്ധിക്കപ്പെടുന്നുണ്ട്. രണ്ട് ക്ലിപ്തമായ ആശയം പേറുന്ന ഒരു സൈദ്ധാന്തികസംജ്ഞ എന്ന നിലയിലും,  സ്വന്തമായ അസ്തിത്വം ആ സംജ്ഞ ആവശ്യപ്പെടുന്നു എന്ന നിലയിലും.
^ നാൻസി ഫ്രെയിസറുടെ പ്രയോഗം. ‘African-American Wall Street banker who cannot get a taxi to pick him up’  ‘skilled white male industrial worker who becomes unemployed due to a factory closing resulting from a speculative corporate merger’.
1. "To allow the market mechanism to be the sole director of the fate of human beings and their natural environment, indeed, even of the amount and use of their purchasing power, would result in the demolition of society" കാണുക: Karl Polanyi, The Great Transformation (Boston, MA: Beacon Press 2001)
2. സാംസ്കാരികവൈവിധ്യവാദികളുടെ ഒരു വിമർശം ലിബറൽ ജീവിതവീക്ഷണത്തിലെ നിർമമനായ പൗരൻ (Neutral Citizen) എന്നത് യഥാർത്ഥത്തിൽ ഒരു പ്രത്യേകസ്വത്വമാണ് - വെള്ള, പുരുഷൻ, ബുർഷ്വാ, ഭിന്നലൈംഗീകസ്വഭാവം, ശാരീരികവൈകല്യങ്ങളില്ലാത്തവൻ.
3. ഇത് വളരെ സൂക്ഷ്മമായി മനസ്സിലാക്കേണ്ട വസ്തുതയാണ്, കാരണം ഇതിനെ രണ്ട് ദിശയിലേക്കും വലിക്കാൻ പറ്റും – സാമൂഹികനിർമ്മിതിയെങ്കിലെന്ത് ശിലാപരമായ അസ്തിത്വം? ഒരു വിധത്തിൽ ഘടനാവാദാനന്തര പരിസരത്തിൽ ചെന്നുചേരാവുന്ന വഴി.
4. "With the politics of equal dignity, what is established is meant to be universally the same, an identical basket of rights and immunities; with the politics of difference, what we are asked to recognize is the unique identity of this individual or group, their distinctness from everyone else. The idea is that it is precisely this distinctness that has been ignored, glossed over, assimilated to a dominant or majority identity. And this assimilation is the cardinal sin against the ideal of authenticity." Taylor, Charles. ‘The Politics of Recognition’. Multiculturalism: Examining the Politics of Recognition. Ed. Amy Gutmann. Princeton: Princeton University Press. 1994: 25-73

അവലംബം

Fraser, Nancy. Justice Interruptus: Critical Reflections on the “Postsocialist” Condition. New York: Routledge, 1997
Fraser, Nancy and Axel Honneth. Redistribution or Recognition: A Political-Philosophical Exchange. London: Verso, 2003
Honneth, Axel. The Struggle for Recognition: The Grammar of Social Conflicts. Cambridge: Polity, 1995
Taylor, Charles. ‘The Politics of Recognition’. Multiculturalism: Examining the Politics of Recognition. Ed. Amy Gutmann. Princeton: Princeton University Press. 1994
Zurn, Christopher F. Recognition, Redistribution, and Democracy: Dilemmas of Honneth’s Critical Social Theory, in:European Journal of Philosophy 13:1. 2005