Sunday, September 7, 2008

(ആ)ശങ്ക, കവിതയിലെ കാട് തുടങ്ങിയവ ചേരുന്ന ഒരു ഒഴിവുദിനപ്രഭാതം

മലവെള്ളത്തില്‍ നിറം മാറിയ പുഴയുടെ കരയില്‍ നിന്ന് ചാടണോ വേണ്ടയോ എന്ന ഒരുനിമിഷത്തെ ശങ്കയ്ക്കൊടുവില്‍ ചാടുകതന്നെചെയ്യുമെന്ന് അറിയാമെങ്കിലും ആ ശങ്കയ്ക്കുപകരം വെക്കാന്‍ മറ്റൊന്നുമില്ലെന്ന തിരിച്ചറിയാത്ത അറിവ് മലവെള്ളമായി ഒഴുകി മനസ്സിന്റെ നിറം മാറ്റുന്ന കാലങ്ങള്‍ക്കിപ്പുറമുള്ള മറ്റൊരുനിമിഷത്തില്‍ ഞാന്‍ ഷിംബോര്‍സ്കയുടെ കവിതയിലേക്ക് കുടിയേറിപ്പാര്‍ത്താലോ എന്ന് ശങ്കിക്കുന്നതും;

ചാടിക്കഴിയുകയും എന്നാല്‍ പുഴയുടെ നിസ്സംഗമായ പ്രതലത്തിലെത്തുകയും ചെയ്യുന്നതിനിടയിലെ ഒരു നിമിഷാര്‍ദ്ധം ശതകോടി യുഗങ്ങളായി മാറിയെന്ന അറിവ് മനസ്സില്‍ പതിയും മുന്‍പേ പുഴയില്‍ നെഞ്ചിടിച്ച് നിപതിക്കുന്നത് തിരിച്ചറിവുകളെ മായ്ച്ചുകളയാനുള്ള പ്രപഞ്ചത്തിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാവണമെന്നത് മറ്റൊരുമലവെള്ളപ്പാച്ചിലായി മനസ്സില്‍ പതിക്കുന്നതും;

പുഴയൊഴുകുന്നത് മുറിച്ചുനീന്തുന്നവനുമുമ്പില്‍ പരാജയപ്പെടാതിരിക്കാനുള്ള മറ്റൊരു തന്ത്രത്തിന്റെ വിദഗ്ധമായ സ്ഫുരണമാണെന്ന് ഒരു ചിന്ത നിറയുന്നതും മുമ്പ് നീയെന്നെ തോല്പിച്ചെങ്കിലും ഇന്ന് മലവെള്ളമാണ് നിനക്കെന്നെ തൊടാനാവില്ലെന്ന് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാമെന്നും എല്ലാമെല്ലാം പ്രപഞ്ചത്തില്‍ കള്ളനും പോലീസും കളിക്കുകയാണെന്നും;

ഞാന്‍ മുങ്ങാംകുഴിയിട്ടുവന്ന് അടിത്തട്ടിലേക്കടുക്കുന്തോറൂം പുഴയ്ക്ക് മറ്റാരുമില്ലാത്ത ഉറക്കമുറിയെങ്കിലും വസ്ത്രങ്ങളോരോന്നായി അഴിച്ചഴിച്ച് യോനീപരിസരങ്ങളിലേക്കടുക്കുന്ന കാമുകന്റെ മുന്‍പില്‍ കാമുകിയുടെ ലജ്ജയാണെന്നതിന് അടിയിലേക്ക് പോകുന്തോറും എന്നെ മുകളിലേക്ക് പിടിച്ചുവലിക്കുന്ന ശക്തിതന്നെയാണ് എന്നെ തടയാനുയരുന്ന കാമുകിയുടെ കരങ്ങളെന്നും പ്രപഞ്ചം വിവസ്ത്രമാകുന്നതിനെ പ്രതിരോധിക്കുന്നുവെന്നുമുള്ള;

ഭോഗമല്ല വിവസ്ത്രയാക്കലല്ല അടിത്തട്ടില്‍ ചെരിഞ്ഞുകിടക്കാന്‍ നഷ്ടപ്പെടാന്‍ ഇടം തേടുകയാണെന്ന പതംപറച്ചില്‍ എന്തുകൊണ്ട് ഷിംബോര്‍സ്കയുടെ കവിതയില്‍ നിനക്ക് ചെരിഞ്ഞുകിടന്ന് കൂടാ എന്ന ചോദ്യത്തില്‍ അകപ്പെട്ട് ഉഴറുന്നത്;

കവിതയിലെ പുഴയില്‍ ഗുരുത്വാകര്‍ഷണമുണ്ടാവുകയില്ലേ എന്ന ചോദ്യം അബദ്ധജടിലമാണെങ്കില്‍ എന്തുകൊണ്ട് ഷിംബോര്‍സ്കയുടെ കവിതയില്‍ പോലും കാടും വേട്ടക്കാരും പാതിയില്‍ നിശ്ചലമായ വെടിയുണ്ടകളുമുണ്ടായി എന്നത് മലവെള്ളത്തില്‍ കലങ്ങിയ പുഴയുടെ കുതറുന്ന ഭാവമെന്നോട് മറുപടി നല്‍കുന്നതാണെന്ന് അറിഞ്ഞഭാവം നടിക്കാതിരിക്കാമെന്ന്;

പ്രൈമറിസ്കൂളിലെ ഭൌതികശാസ്ത്രപാഠങ്ങള്‍ ഹൃദയത്തെനോക്കി കൊഞ്ഞനം കുത്തിത്തുടങ്ങുമ്പോള്‍ ഷീംബോര്‍സ്കയുടെ കവിതയിലെ കാട്ടില്‍ കെട്ടിത്തുടങ്ങിയ കുടിലുപൊളിച്ചുമാറ്റി ഞാനിറങ്ങുന്നു...

Saturday, August 23, 2008

തടവ്.

വാക്കുകളില്‍ അകപ്പെട്ടവന്റെ ജീവചരിത്രമാണെന്റേത്.
പറിച്ചെറിഞ്ഞാലും തിരികെയെത്തുന്ന,
ചക്കപ്പശപോലെ പുണരുന്ന,
ഒരു പറ്റം വാക്കുകള്‍.
നിലാവ്, മഞ്ഞ്, മഴ, സ്വപ്നം...
ഒരു നീണ്ട നിര.

ഇതൊരു കൂടാരമാണ്.
മനസ്സിന്റെ
ഒഴിഞ്ഞയിടങ്ങളില്‍
എന്തുചേക്കേറുമെന്ന്:
വിയര്‍പ്പ്, കെട്ടിടങ്ങള്‍,ചര്‍ദ്ദില്‍, വെയിലിലുരുകുന്ന റോഡുകള്‍.
പാടില്ല. ഒഴിഞ്ഞയിടങ്ങള്‍.
സമയകാല*പ്രതലത്തിലെന്നപോലെ,
നിയന്ത്രണം സ്വന്തം കയ്യിലില്ലാത്തവര്‍,
ചലനത്തെക്കുറിച്ച്, എന്താണ് എന്നതിനെക്കുറിച്ച്,
വ്യാകുലരാവരുത്.

ബന്ധനത്തിന്ന് പുറം തിരിഞ്ഞുനിന്നാല്‍,
മോചനമാണ്,
ദിശകളിലാണ്
അവസ്ഥകള്‍.
----
* Spacetime.

Monday, August 18, 2008

വിരസത.

പൈപ്പില്‍ തളച്ചിട്ടതിന്റെ അമര്‍ഷം വ്യഗ്രതയാ‍യി
ഷവറില്‍ നിന്നും വെള്ളം കുതിച്ചു ചാടുന്നു,
നഗ്നതയെപ്പൊതിയുന്നു.

പെരുവിരല്‍നഖം കണ്ണുകളിലേക്ക് തുറിച്ചുനോക്കി ചോദിക്കുന്നു,
‘ഞാനിവിടെ എന്തെടുക്കുകയാണ്?’
കണ്ണിന് അത്ഭുതം.
എന്തേ നീ എന്നോടു ചോദിക്കാന്‍?
ഇതേ ചോദ്യമാണല്ലോ എന്നെയും ചൂഴുന്നത്!

കണ്ണിനും പെരുവിരലിനുമിടയില്‍,
വിരസമായ ആവര്‍ത്തനത്തിന്റെ ശാപം പേറിയവന്‍,
അജ്ഞതയില്‍ നഷ്ടപ്പെട്ടവന്‍,
ഉറങ്ങുന്നു.

തളര്‍ന്ന്, മറ്റെന്തൊക്കെയോ തന്നെവിളിച്ചുണര്‍ത്തുന്നതും കാത്ത്.

Friday, August 1, 2008

ഗായത്രിക്ക്.

നീ
എന്നിലെ ചിന്തകള്‍ക്ക്
മുളച്ചുപൊങ്ങാന്‍ ഒരാകാശം തന്നു;
വേരുകളിറക്കാന്‍ ഒരുതുണ്ട് ഭൂമി തന്നു;
നിലനില്‍ക്കാനൊരിറ്റു വെളിച്ചം തന്നു;

ഓര്‍മ്മകള്‍ സവാരിക്കിറങ്ങുന്ന ഈ
സായംസന്ധ്യയില്‍ നീ എനിക്കുകുറുകെ നടക്കുന്നു;
എങ്കിലും നീ ഒരിക്കലും എന്നെക്കടന്നു പോകുന്നില്ല;
ഞാനീ മുറിവിട്ടുപുറത്തിറങ്ങുന്നുമില്ല.

നീയൊരു കാട്ടരുവിപോലെ സംസാരിച്ചപ്പോഴൊക്കെയും,
ഞാനൊരുതീരം പോലെ ബധിരനായിരുന്നു.
നീയൊരു മാലാഖയെപ്പോലെ നൃത്തം ചെയ്തപ്പോഴൊക്കെയും,
നിനക്കുചുറ്റും ഞാനെന്റെ ചുവടുകള്‍
പെറുക്കിവെക്കുകയായിരുന്നു.

നിന്റെ രൂപം ശിഥിലമെന്ന്,
രൂപരഹിതമെന്ന് ഞാന്‍ ശഠിച്ചു.

എന്റെയുള്ളില്‍ ഒരു പൊട്ടിയ കണ്ണാടിയായിരുന്നു.