Wednesday, May 14, 2008

ചിരഞ്ജീവികളുടെ പട്ടിക

ചിരഞ്ജീവികളുടെ പട്ടിക പുതുക്കിയിരിക്കുന്നു. ഇതിനുമുമ്പെങ്ങോ ചെയ്യേണ്ടിയിരുന്നതായിരുന്നു. പഴയ ഏഴുപേരെക്കൂടാതെ രണ്ടു പുതിയ ആളുകളെക്കൂടി ചേര്‍ക്കുകയായിരുന്നു. ഇന്ത്യ എന്നും, പുതുക്കിയ പട്ടിക എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ കൈക്കൂലിയും മറ്റുതിരിമറികളുമൊക്കെ മനസ്സിലേക്കോടിവന്നിട്ടുണ്ടെങ്കില്‍ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ രണ്ടുപേര്‍ പക്ഷെ അര്‍ഹതകൊണ്ടുമാത്രം ഈ പദവി നേടിയവരാണ്. ഇവരുടെപേരുകള്‍ താഴെ ചേര്‍ക്കുന്നു.
1. ഇയാഗോ.
2. ഹീത്ക്ലിഫ്.
ഈ പട്ടിക ഇപ്പോഴും പൂര്‍ണ്ണമാണെന്ന ബോധ്യമില്ല....

* * *

വാല്‍ക്കഷണം:- നീയാര് പുരാണം തിരുത്താന്‍ എന്ന ഒരു ചോദ്യം ഉയര്‍ന്നുകൂടായ്കയില്ല. പക്ഷെ ചോദ്യങ്ങളുടെ ദിശ തിരിച്ചാല്‍ പലപ്പോഴും ഉത്തരത്തിലേക്ക് പ്രതീക്ഷിക്കാത്ത വേഗതയില്‍ എത്തിയെന്നിരിക്കും. ഒരിക്കലും ആരും വ്യക്തമായി ‘പട്ടിക പൂര്‍ണ്ണമല്ല‘ എന്നു പറഞ്ഞിട്ടില്ല എന്നത് അത് പൂര്‍ണ്ണമാണ് എന്നതിന്ന് തെളിവല്ല. താനെഴുതുന്നത് ജീവിതമെന്ന മഹാല്‍ഭുതത്തിന്റെ ഒരു തരിപോലും ആവുന്നില്ല എന്നു പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും ആരും അത് വെളിപ്പെടുത്തില്ല. അതൊരു അനുപേക്ഷണീയതയാണ്. ഇല്ലെങ്കില്‍ എഴുത്തുകാരനും പുരാണവും സാഹിത്യവുമുണ്ടാവില്ല.

Thursday, May 1, 2008

നേരിന്റെ നിറങ്ങള്‍

ആരൊക്കെ “ഓഫ് ഗ്രമ്മാറ്റോളജി” വായിക്കാന്‍ ശ്രമിച്ച്, പരവശരായി ഒരു മൊന്ത വെള്ളം കുടിച്ചിട്ടുണ്ട്? ഇതെന്ത്,ഇതെന്ത് എന്നു ചോദിച്ചിട്ടുണ്ട്? ആരൊക്കെ “പനോപ്റ്റിക്കോണ്‍” എന്ന സങ്കേതത്തിന് ചുറ്റും കെട്ടിപ്പൊക്കിയ വാക്കുകളുടെ പനോപ്റ്റിക്കോണില്‍ അകപ്പെട്ടിട്ടുണ്ട്? ആരൊക്കെ “മിറര്‍ സ്റ്റേജ്” വായിച്ചുമനസ്സിലാക്കാന്‍ ശ്രമിച്ച് ജീവിതത്തിലൊരിക്കലും കണ്ണാടികാണാത്തവരെക്കുറിച്ച് അത്ഭുതം കൂറിയിട്ടുണ്ട്?...സ്വന്തം ബൌദ്ധികവളര്‍ച്ചയിലും,ആശയങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവിലും, ചെറുതല്ലാത്ത അളവില്‍ നിരാശപൂണ്ട്, ഇനിയെന്തെന്നറിയാതെ മിഴിച്ചു നിന്നിട്ടുണ്ട്? അവര്‍ക്ക് താഴെക്കൊടുത്ത സൂചികയിലുള്ള ലേഖനം വായിച്ച് സംതൃപ്തിയടയാവുന്നതാണ്.

പോസ്റ്റ് മോഡേണിസത്തെപ്പറ്റി പ്രൊഫസര്‍ ചോംസ്കി.

ലേഖനം വളരെ പഴകിയതാണെന്ന് തോന്നുന്നു. പക്ഷെ അതിന് കാലാതിവര്‍ത്തിയായ ഒരു ധര്‍മ്മം നിര്‍വഹിക്കാനുണ്ട്. ഏറ്റവും ചുരുങ്ങിയത് “ഫുക്കോവിന്റെയും മറ്റും സഹായമില്ലാതെ മലയാളത്തില്‍ ഒരു കഥയെഴുതാനാവുമോ എന്നു നോക്കുകയാണ് ഞാന്‍” എന്ന് ഇതിഹാസകാരനെക്കൊണ്ട് പറയിപ്പിച്ച മാനസികാവസ്ഥയ്ക്കെങ്കിലും ഒരു പരിഹാരക്രിയ വേണ്ടേ? വേണം. വാതകപ്പുരകളുമായി കാത്തിരിക്കുന്ന സിദ്ധാന്തങ്ങളെപ്പേടിച്ച് വാക്കുകള്‍ക്കുള്ളില്‍ മുഖം പൂഴ്ത്തുന്ന കവിയുടെ, നോവല്‍കാരന്റെ സത്യസാക്ഷ്യങ്ങള്‍ നമുക്കു നഷ്ടപ്പെടാന്‍ പാടില്ല‍‍.

എന്തുകൊണ്ടിതൊക്കെ പാരീസില്‍ നിന്നു വരുന്നു എന്നതും ഒരു രസകരമായ ചോദ്യമാണ്.

Tuesday, April 22, 2008

“..പിന്നില്‍ നിന്നു എല്ലിന്റെ കിലുക്കം കേള്‍ക്കാം..‍...“*


“ചരിത്രകാരന്‍മാരുടെ വഴക്ക്” നീണ്ടു പോവട്ടെ.
യൂറോപ്പിലാകെ ജൂതവിരോധം കാറ്റുപോലെയോ, മഴപോലെയോ നൈസര്‍ഗികമായിരുന്നു, ഒരുകാലത്ത്. എന്തേ, ജൂതപ്രശ്നം(Judenfrage) ജര്‍മ്മനിയില്‍ മാത്രമൊരു അന്തിമപോംവഴി(Endlösung) എന്നതിലേക്കെത്തിച്ചേര്‍ന്നു?. ഒറ്റനോട്ടത്തില്‍ ഒരുപാടു കുഴക്കുന്ന വിഷയം. പക്ഷെ അതിനുത്തരമുണ്ട്. അല്ലെങ്കിലും പരിപൂര്‍ണ്ണനിവാരണം (Ha-Shoah) പോലൊരുപ്രശ്നത്തില്‍ ഉത്തരമില്ലാത്തതായി ഒന്നും ബാക്കിയുണ്ടാവാന്‍ പാടില്ല. ഒന്നും. നേര്‍രേഖയിലുടെയുള്ള യാത്ര പലപ്പോഴും, വിഷയം ചരിത്രമാണെങ്കില്‍,നമ്മെ സത്യത്തില്‍നിന്ന് അകറ്റുകയാവും ചെയ്യുക. മനുഷ്യരില്‍ നിഷ്പക്ഷരില്ല. അതുകൊണ്ട് വേറൊരു വഴിയെ പോയേ പറ്റൂ.എത്തിച്ചേരുന്നത് എവിടെ? കാന്റ്,മാര്‍ക്സ്,മെര്‍സിഡീസ് ബെന്‍സ്.ഏതൊരു പ്രശ്നവും - ശാസ്ത്രമായാലും, സാമൂഹികമായാലും,സാമ്പത്തികമായാലും,ദാര്‍ശനികമായാലും - വസ്തുനിഷ്ഠമായ,കയ്യിലൊതുങ്ങുന്ന വിധത്തില്‍ സാദ്ധ്യമായ എല്ലാവശങ്ങളും,ഒരു പഴുതുമില്ലാതെ പഠിക്കുക,പരിഹാരമുണ്ടെങ്കില്‍ അതു കണ്ടെത്തുക,അതു നടപ്പിലാക്കുക.
-Endlösung-


* "But at my back in a cold blast I hear
The rattle of the bones, and chuckle spread from ear to ear."
T.S.Eliot

Monday, February 4, 2008

പറയാതില്ലാതായതും,പറഞ്ഞില്ലാതായതും.

“ഗായത്രീ,എനിക്കു വിറ്റിഗെന്‍സ്റ്റൈനെ അശേഷം ഇഷ്ടല്ല..ഓ,നിന്റെ മുടിക്കെന്തു ഒഴുക്കന്‍ ഭാവമാണ്”
“നിനക്കിഷ്ടമാണോ ഇല്ലയോ എന്നത് ആരു ഗൌനിക്കാന്‍ പോണു?“
ശരിയാണ്,എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എത്രയോ അപ്പുറമാണ് കര്യങ്ങള്‍.
“എന്നാലും പറയൂ ബുദ്ധിജീവീ,നിന്നെ ഇത്രക്ക് വെഷമിപ്പിക്കാന്‍ മാത്രം അയാളെന്താ ചെയ്തെ?”
‘ബുദ്ധിജീവി‘ ദേ വരുന്നു അടുത്ത പട്ടം. എന്നെ നാടകള്‍ കൊണ്ട് ചുറ്റിവരിഞ്ഞ് ഭദ്രമായി അടച്ച് പൂട്ടി വെച്ചോളൂ. ഓരോ വിശേഷണങ്ങളും മനുഷ്യനെ മമ്മികളാക്കുന്നു.കാലാന്തരങ്ങള്‍ക്കപ്പുറം,ഏതെങ്കിലും പുരാവസ്തുഗവേഷകന്റെ കണ്ണില്‍ പെട്ടാലായി.
"പറയെടാ.."
"അയാളെഴുതിവെച്ചിരിക്കുവാ, പ്രകടിപ്പിക്കാന്‍ പറ്റുന്ന ഏതൊരു ചോദ്യത്തിന്നും ഉത്തരമുണ്ടെന്ന്." "ആണൊ, അയാള്‍ അങ്ങനെ പറഞ്ഞോ?".
"അതെ,അതായത് ഇപ്പൊ, ഉത്തരം പ്രകടിപ്പിക്കാനാവാത്ത ഒരു ചോദ്യമുണ്ടെങ്കില്‍, പ്രശ്നം ചോദ്യത്തിലാണ്, കാരണം, അങ്ങനെ ഒരു ചോദ്യം ഉണ്ടാവാനേ പറ്റില്ല."
"അയാള്‍ ആളു കൊള്ളാലോ?"
ഈ മറുപടിക്ക് ഇപ്പുറം ഞാനുണ്ട്.
“ആട്ടെ, ഉത്തരമില്ലാതെ കിടന്നു നിന്നെ ഉമിത്തീയില്‍ ദഹിപ്പിക്കുന്ന ഒരു ചോദ്യം പറയൂ..” "സുര്യകിരണം നോക്കി പുഞ്ചിരിച്ച്, സന്ധ്യയാവുമ്പോള്‍ കൊഴിഞ്ഞു വീഴുന്ന ഒരു പൂവിന്റെ അനുഭവസമുദ്രം എവിടെപ്പോകുന്നു?”
“അങ്ങനെയൊരു സംഭവം ഇല്ല ഹൃഷീ..”
വാക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന എന്നെയാണ് ഞാന്‍ നിന്റെ മുന്നില്‍ അര്‍പ്പിക്കാന്‍ നിനച്ചത്. ചോദ്യങ്ങള്‍ പ്രപഞ്ചത്തെക്കാള്‍ വളര്‍ന്ന് എന്നെ വലയം ചെയ്യുന്നു.
“ഹൃഷീ, നീ ഇങ്ങോട്ടു നോക്കൂ...”
“എന്തേ..?”
“നീ ആ സംഭവത്തേക്കുറിച്ചോര്‍ക്കൂ..ആ സംഭവം, മന്ദബുദ്ദീ..”
ഓര്‍മ്മ വന്നു.. ആദ്യമായി ഞാനവളെ ചുംബിച്ച നിമിഷം,അവളുടെ കണ്ണുകള്‍ പാതിയടഞ്ഞത്. അന്നു ഞാന്‍ കണ്ടതല്ല, അനുഭവിച്ചതാണ്. ഉറക്കമില്ലാതെ പിറകെ ഓടുന്ന ചിന്തകന്മാര്‍ക്കു പിടികൊടുക്കാതെ,ഭൂമിമുഴുവന്‍ അലറിക്കരഞ്ഞു നടക്കുന്ന എല്ലാ ചോദ്യങ്ങളും,പരകോടിനക്ഷത്രങ്ങളും,സ്വയം വളര്‍ന്ന്, പൊട്ടിത്തെറിച്ചില്ലാതാവാന്‍ പ്രേരിപ്പിക്കുന്ന പ്രപഞ്ചഹൃദയത്തിലെ അസ്വസ്ഥതയടക്കം, എല്ലാം, ആ പാതികൂമ്പിയ കണ്ണുകളില്‍ ഒടുങ്ങിയില്ലാതാവുന്നത്.

എങ്കിലും.....