Thursday, February 26, 2009

ജനാധിപത്യം - ചിതറിയ ചില പ്രബന്ധങ്ങള്‍

§ 1. ബഹുപൂരിപക്ഷം ആളുകളും സംരക്ഷിക്കാനായി ഒന്നു ചേരുമെന്നതാണ് ജനാധിപത്യത്തിന്ന് അടിസ്ഥാനപരമായി പ്രശ്നങ്ങളുണ്ടെന്നതിന്ന് ഏറ്റവും വലിയ തെളിവ്.

§ 2. ദര്‍ശനങ്ങളുടെ ചരിത്രബദ്ധതയെന്നത് പൊടിപിടിച്ച ഏടുകള്‍ പരതലാവും, എങ്കിലും ചിലപ്പോള്‍ സത്യത്തിലേക്ക് നയിച്ചുകൂടെന്നില്ല.

§ 3. ജനാതിപത്യത്തിന്റെ ഏകാധിപത്യം ഏറ്റവുമധികം ബാധിച്ചത് ഭാവനയുടെ നീരുറവകളെയാണ്. ഇതിനുമപ്പുറം ഒന്നുമില്ലേ എന്ന ചോദ്യത്തിന്റെ മുന, ഭൂതത്തിന്റെ പരിച വെച്ച് ഒടിക്കുന്നത്, ദിശാബോധം നഷ്ടപ്പെടലാണ്, കാരണം ചോദ്യങ്ങള്‍ ഈവിധത്തില്‍ ഒടിയുകയല്ല ചെയ്യുന്നത്, മറിച്ച് , ദിശമാറി കാലത്തിന്നെതിരെയാവുകയാണ്.

§ 4. എന്താണ് നവോത്ഥാനമെന്നതിന്റെ ഉത്തരം1 മനുഷ്യന്‍ യുക്തി ഉപയോഗിക്കുന്ന ജീവി എന്നതിലാണ് അധിഷ്ടിതമായിരിക്കുന്നത്. ഏതെങ്കിലും ഒരു നിമിഷം ഉപയോഗിക്കുന്നില്ലെങ്കിലും‍, ഉപയോഗിച്ചേക്കാം, ഉപയോഗിക്കും, എന്ന ധാരണ. സന്തോഷമാണ് യുക്തി ഉപയോഗിക്കുന്നതിന്റെ പ്രേരകശക്തിയെന്ന് വാദിക്കാവതല്ല. പിന്നെ എന്താണ്?

§ 6. ജനാധിപത്യം ജനങ്ങള്‍ ചിന്തിക്കുവാനും, സ്വയം തീരുമാനമെടുക്കാനും പ്രാപ്തരാണ് എന്ന മുന്നവസ്ഥയിലാണ് നിലകൊള്ളുന്നത്. രണ്ട് ചോദ്യങ്ങള്‍ ഇതില്‍നിന്ന് ഉയര്‍ന്നുവരും. ഒന്ന് ഇന്നത്തെ യന്ത്രവല്‍കരണാനന്തര ലോകസാഹചര്യത്തില്‍ സ്വാതന്ത്ര്യം എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്നത്. മറ്റൊന്ന് ഇനി മനുഷ്യന്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമുള്ള അവസ്ഥയിലാണെങ്കില്‍ത്തന്നെ മനുഷ്യവര്‍ഗത്തില്‍ പിറന്നതുകൊണ്ടുമാത്രം അനുവദിച്ചുനല്‍കുന്ന യുക്തി ഉപയോഗിക്കാന്‍ എത്രത്തോളം സന്നദ്ധനാണെന്നത്. അതുകൊണ്ട് ഈ പ്രസ്ഥാനം ഇനിയും പൂര്‍ത്തികരിച്ചിട്ടില്ലെന്നും, പൂര്‍ത്തികരിക്കാന്‍ എതിരുനില്‍ക്കുന്നത് ബാഹ്യശക്തികളല്ല എന്നുമുള്ള തിരിച്ചറിവ്. അങ്ങനെയെങ്കില്‍ ഇത് നവോത്ഥാനമെന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളുടെ പുനരവലോകനമാണ്.

§ 7. മനുഷ്യസ്വാതന്ത്ര്യമെന്നത്, മരീചികയാണെന്ന് പറഞ്ഞില്ലെങ്കിലും, ഏതെങ്കിലുമൊരു നിമിഷത്തില്‍, രണ്ട് സാദ്ധ്യതകള്‍ക്കുമുമ്പില്‍ നില്‍കുന്ന മനുഷ്യന്‍, അവന്റെ ചരിത്രസാമൂഹികസാംസ്കാരിക (To Infinity) ബോധങ്ങള്‍ക്കതീതനാണെന്നു വാദിക്കുന്നത്, ആദരവോടെ പറഞ്ഞാല്‍, ബുദ്ധിക്ഷയമാണ്. ഇത്തരം പാശ്ചാത്തലങ്ങള്‍ നേരിട്ടറിയാന്‍ പോലുമാവാത്ത കേന്ദ്രങ്ങള്‍ സ്ഥാപിതതാല്പര്യങ്ങള്‍ക്കനുസൃതമായി നിര്‍മിക്കുകയും‍, മനുഷ്യനിലേക്ക് പ്രസരണം നടത്തുകയും ചെയ്യുന്നതാണ്.

§ 8. സ്വപ്നലോകങ്ങളിലേക്ക്2 വഴിനടത്തുന്നതിലൂടെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മനുഷ്യനെ വിദൂരമായി നിര്‍ത്തുക എന്നത് മുതലാളിത്തജീവിതാവസ്ഥയുടെ പ്രഥമമായ രീതിയാണ്. മനുഷ്യനെന്നതിന്റെ ഏറ്റവും കൃശമായ നിര്‍വ്വചനം ‘വാങ്ങുന്നവന്‍’ എന്നതാവുമ്പോള്‍, ഒരോരുത്തനും തന്റെ ‘വാങ്ങല്‍ അളവുകോലിലെ‘ നില നിര്‍ണ്ണയിക്കുന്നതിന്ന് എല്ലാ പ്രത്യേകതകളും ഉപയോഗിക്കുക എന്ന അവസ്ഥയിലേക്കെത്തിച്ചേരും. വൈരുദ്ധ്യം അവിടെയാണ്: ഒരേ സമയം യുക്തിപുര്‍വ്വം പ്രവര്‍ത്തിക്കുന്നവന്‍ (Rational Agent) എന്നത് മുന്‍ ആവശ്യമാവുകയും, അതേ സമയം അങ്ങനെയാവാന്‍ അവശ്യം വേണ്ട ചിന്താശേഷിയും അന്വേഷണബുദ്ധിയും(Critical Approach)മരവിപ്പിക്കുകയും ചെയ്യുന്ന സാമ്പത്തികവ്യവസ്ഥിതി സാധാരണമായി കാണുകയും ചെയ്യുക. ഫെറ്റിഷിസവും, അന്വേഷണത്വരയും ഒന്നിച്ചുപോകുന്നവയല്ലെന്ന് മാത്രമല്ല, ആജന്മശത്രുക്കളുമാണ്.

§ 9. നീതിയെന്നത്, ഭരണസംവിധാനങ്ങളെക്കാള്‍, വളരെയധികം ആഴത്തിലുള്ള ആവശ്യകതയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നീതി എല്ലാവര്‍ക്കും - ചണ്ഢാളന്‍ മുതല്‍ മന്ത്രി വരെ - ലഭിക്കാത്ത ഒരു വ്യവസ്ഥ അക്കാരണം കൊണ്ടുമാത്രം തച്ചുടക്കപ്പെടേണ്ടതാണ്. നീതിയെന്ന സങ്കല്‍പ്പം പോലും തൊട്ടുതീണ്ടാത്തതോ, പലപ്പോഴും പ്രാമുഖ്യം ലഭിക്കാത്തതോ ആയ ജനാധിപത്യം നിലനില്‍ക്കുന്നുവെന്നത് വൈരുദ്ധ്യമോ ഒറ്റപ്പെട്ട വ്യതിചലനങ്ങളോ അല്ല, സാദ്ധ്യതകളുടെ പ്രകടമാവലാണ്.

§ 10. ജനാധിപത്യത്തില്‍ നിരപരാധികളും, നിഷ്കളങ്കരായ പ്രജകളുമില്ല - ജനങ്ങളുടെ മനസ്സ് പ്രകടിപ്പിക്കുന്ന യന്ത്രമാണ് ഭരണകൂടെമെങ്കില്‍. ഇറാഖില്‍ നിരപരാധികളുണ്ടാവും, പക്ഷെ ഇന്ത്യയില്‍ ഉണ്ടാവാന്‍ പറ്റില്ല.

§ 11. ‘ദാര്‍ശനികനായ രാജാവ്’ എന്നത് മനുഷ്യരെല്ലാം, അതുകൊണ്ട് ഭരണാധികാരിയും, ചപലതകള്‍ക്ക് വശംവദനായേക്കാം എന്നതായാലും ഇല്ലെങ്കിലും, ധാര്‍മ്മികത മനുഷ്യന് നൈസര്‍ഗിഗമല്ല, അതിന്ന് ആധിഭൌതികമായ അടിത്തറയുമില്ല. ഒരു പദം മുന്നോട്ട് വെക്കണോ വേണ്ടയോ എന്ന ചോദ്യത്തിന്ന് ചിന്തിക്കുന്നവന്റെ മുന്‍പില്‍, ലെയിബ്നിറ്റ്സിന്റെ പരിപൂര്‍ണ്ണതീരുമാനങ്ങളുടെ അസാദ്ധ്യതയെന്ന3 കടലാണ്. ലോകം രുചിശൂന്യമായ
വസ്തുതകളുടെ ചതുപ്പിനിലങ്ങളാണ്.4

§ 12. ജനാധിപത്യം മനുഷ്യന്‍ എന്ന പ്രെമിസിലല്ല തുടങ്ങുന്നത്, ഏതെങ്കിലുമൊരു ഭൂവിഭാഗത്തില്‍ അധിവസിക്കുന്ന മനുഷ്യരെ ലക്ഷ്യമിട്ടാണ്. അതായത് ജനാധിപത്യം ആന്‍ഡേര്‍സനു മുന്‍പുള്ളതാണ്. മനുഷ്യരാശിയെ ബാധിച്ച മാറാരോഗമായ രാഷ്ട്രം എന്ന സങ്കല്‍പ്പം കുഴിച്ചുമൂടപ്പെടേണ്ടതാണെന്നു മാത്രമല്ല, ലോകത്തിന്റെ ഒരു കോണില്‍ ചലിക്കുന്ന വിരലിന്റെ പ്രതിഫലനം മറുകോണിലിരിക്കുന്നവനെ ബാധിക്കുന്നുവെന്നത് എല്ലാ വ്യവസ്ഥയുടെയും നിര്‍മ്മിതിയില്‍ അടിസ്ഥാനസങ്കല്‍പ്പമാവേണ്ടതാണ്.

§ 13. ഒരു രാത്രിയില്‍ മറ്റേതോ വ്യവസ്ഥിതിയില്‍ക്കിടന്നുറങ്ങി പിറ്റേന്നെഴുന്നേറ്റ് ജനാധിപത്യം കണികാണാനാവുമെന്നത്, ആ സങ്കേതം ഒരു ഉടുപ്പ് പോലെ എടുത്തണിയാമെന്ന വിശ്വാസം നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്. അത്തരമൊരുവ്യവസ്ഥിതി അതിനുകീഴില്‍ അധിവസിക്കുന്ന ജനതയുടെ സമൂലമായമാറ്റം ആവശ്യപ്പെടുകയേ ചെയ്യുന്നില്ല എന്ന മിഥ്യാധാരണ. മറ്റൊരുവിധത്തില്‍പ്പറഞ്ഞാല്‍ ജനാധിപത്യം, വരേണ്യവര്‍ഗം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ജനതയുടെ ആദിമപൌരാണികതയെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്ന5 സാംസ്കാരികചിഹ്നങ്ങള്‍ പോലെ മറ്റൊന്നാവുന്നു എന്ന അറിവ്. ഏതൊരുജനതയും നൈസര്‍ഗികമായ വളര്‍ച്ചാഘട്ടങ്ങളിലൂടെ കടന്നുപോവാം എന്ന വിഷയത്തെ നമ്മള്‍ സ്പര്‍ശിക്കുകപോലും ചെയ്തിട്ടില്ല. പൊതുമണ്ഡലങ്ങള്‍ ഉണ്ടായിട്ടില്ലാത്ത, ഉണ്ടാവാന്‍ വിദൂരസാദ്ധ്യതപോലുമില്ലാത്ത അവസ്ഥയും ആവാം6.

§ 14. സമത്വം എന്ന സംജ്ഞയെപ്പറ്റി നമ്മള്‍ സംസാരിച്ചിട്ടേയില്ല. നിനക്കു നിന്റെ വഴിയെന്ന സുവര്‍ണ്ണനിയമം ഏറ്റുപാടുക. ശരിക്കുമാലോചിച്ചാല്‍ ജനാധിപത്യതത്വസംഹിതയില്‍ അവ്യക്തമായി ഒരു താല്‍ക്കാലികത, അല്ലെങ്കില്‍, മാറാവുന്നത് എന്നുള്ള ഒരു ചിന്താതന്തു എവിടെയോ മിന്നിമായുന്നത് കാണാവുന്നതുപോലെ തോന്നും. അസമത്വം, കാലങ്ങളിലൂടെ പരിഹരിക്കപ്പെടാവുന്ന ഒന്ന് എന്നത്, പരോക്ഷമായെങ്കിലും ബലി എന്ന ആശയത്തെ ഓര്‍മ്മിപ്പിക്കും. ജന്മത്തിന്ന് കോപ്പികളില്ല, ഒരു ജന്മവും പകരം വെക്കാവതല്ല.

~ പിന്‍ വാക്ക് - മറിച്ച് അഭിപ്രായങ്ങള്‍ തോന്നുന്നുവെങ്കില്‍ ഇതിന്റെ തലക്കെട്ട് ഒന്നുകൂടെ ഇരുത്തിവായിക്കാം. ‘പ്രബന്ധങ്ങള്‍’ എന്നത് 'Theses' എന്നതിന്റെ മലയാളമായാണ്.~
------------------------------------------------------------------------------------------------
1. എന്താണ് നവോത്ഥാനം?(Was ist Aufklärung?) - ഇമ്മാനുവല്‍ കാന്റ്.
2. സ്വപ്നലോകം - Phantasmagoria - പാരിസ് ഒരു സ്വപ്നലോകമാവുന്നതിനെപ്പറ്റി ബെഞ്ജമിന്റെ ജിജ്ഞാസ. മാര്‍ക്സും ലൂകാച്ചും വ്യക്തമായി അവതരിപ്പിച്ചത്.
3. Contingency from complexity. അധോലോകത്തുനിന്നുള്ള കുറിപ്പുകള്(Notes from Underground)‍-ലെ കഥാപാത്രത്തിന്റെ ചിന്തകള്‍ ഓര്‍ക്കുക.
4. ധാര്‍മ്മികതയെക്കുറിച്ച് - പ്രഭാഷണം. (Lectures on Morality - Wittgenstein)
5. ഹോബ്സ്ബാം - പാരമ്പര്യങ്ങളുടെ നിര്‍മ്മിതി. (The Invention of Tradition)
6. വീണ്ടും ബുദ്ധിപരമായതിന്റെയെല്ലാം ഉടയോന്മാരായി വര്‍ത്തിക്കുന്നവര്‍ മറ്റൊരു തരത്തില്‍ വാദിച്ചേക്കാം. വാദിക്കും. അതും ആവശ്യമാണ്, ആരുടെ എന്നത് മറ്റൊന്ന്.

2 comments:

Anonymous said...

മൗലികമായ ചിന്തകളും,സുന്ദരമായ എഴുത്തും...
ആശംസകൾ

SunilKumar Elamkulam Muthukurussi said...

janadhipathyam palappozhum oru excuse aayittaaN enikku thonnaaRuLLath.
-S-